ലണ്ടന്‍: ഫ്രീസറിനുള്ളില്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി. ഈസ്റ്റ് ലണ്ടനിലെ കാനിങ് ടൗണിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വാന്‍ഡംക്ലോസിലെ താമസക്കാരനായ സാഹിദ് യൂനിസിനെതിരെയാണ് പൊലീസ് കൊലക്കുറ്റം ചുമത്തിയത്. ഇയാളെ ഫെബ്രുവരി 14ന് വിംബിള്‍ഡണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

2019 ഏപ്രില്‍ 26നാണ് യൂനിസിന്‍റെ ഫ്ലാറ്റില്‍ നിന്നും  ഫ്രീസറിനുള്ളില്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 35കാരിയായ മിഹ്റികാന്‍ മുസ്തഫയെ കാണാതായ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മിഹ്റികാനൊപ്പം 38കാരിയായ ഹെന്‍റീത് സൂക്ക്സിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അനാദരവോടെ മറവു ചെയ്ത കുറ്റം മാത്രമാണ് ആദ്യം യൂനിസിനെതിരെ ചുമത്തിയിരുന്നത്.

Read More: ഭാര്യയെ കൊലപ്പെടുത്തി, അറുത്തെടുത്ത തലയുമായി ഒന്നര കിലോമീറ്റര്‍ നടന്ന യുവാവ് പൊലീസ് പിടിയില്‍

പിന്നീട് വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രണ്ടുപേരുടെയും മൃതദേഹങ്ങളില്‍ മാരകമായ മുറിവുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കൊലപാതകത്തിന്‍റെ കാരണം പുറത്തുവിട്ടിട്ടില്ല.