Asianet News MalayalamAsianet News Malayalam

അന്വേഷണങ്ങള്‍ മുറുകി; ആലപ്പുഴയിലെ വ്യാജ അഭിഭാഷക ദില്ലിയിലേക്ക് കടന്നതായി സൂചന

രാമങ്കരി സ്വദേശി സെസി സേവ്യറിനെതിരെ ആലപ്പുഴ ബാർ അസോസിയേഷന്‍റെ പരാതിയിൽ നോർത്ത് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. 

Working as a lawyer without passing the exam in Alappuzha Bar
Author
Alappuzha, First Published Jul 21, 2021, 12:15 AM IST

ആലപ്പുഴ: വ്യാജ അഭിഭാഷകയ്ക്കെതിരെ നിയമനടപിക്കൊരുങ്ങി സംസ്ഥാന ബാർ കൗൺസിലും. മതിയായ യോഗ്യത ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച ഇവർ, അഭിഭാഷക കമ്മീഷനായും ലീഗൽ സർവീസ് അതോറിറ്റിയിലും ഉൾപ്പെടെ പ്രവർത്തിച്ചത് ഗുരുതര വീഴ്ചയെന്നാണ് വിലയിരുത്തൽ. അതേസമയം, കൂടുതൽ വ്യാജ അഭിഭാഷകർ പ്രാക്ടീസ് ചെയ്യുന്നുണ്ടോയെന്ന സംശയത്തിൽ സമഗ്ര പരിശോധന നടത്താനും കേരള ബാർ കൗൺസിൽ ആലോചിക്കുന്നുണ്ട്.

രാമങ്കരി സ്വദേശി സെസി സേവ്യറിനെതിരെ ആലപ്പുഴ ബാർ അസോസിയേഷന്‍റെ പരാതിയിൽ നോർത്ത് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിനു പുറമെയാണ് സംസ്ഥാന ബാർ കൗൺസിലും ശക്തമായ നടപടിക്കൊരുങ്ങുന്നത്. സിവിൽ കേസുകളിൽ അടക്കം കോടതിക്ക് നേരിട്ട് പോകാൻ കഴിയാത്ത സ്ഥലങ്ങളിൽ അഭിഭാഷക കമ്മീഷനെ നിയോഗിക്കാറുണ്ട്. ഈ രീതിയിൽ സെസി സേവ്യർ പല കേസുകളിലും ഹാജരായിട്ടുണ്ട്. 

ഇതോടൊപ്പം ലീഗൽ സർവീസ് അതോറിറ്റിയിലും പ്രവർത്തിച്ചതായി പറയുന്നു. മതിയായ യോഗ്യത ഇല്ലാത്ത ഇവർ ന‌ൽകിയ റിപ്പോർട്ട് പരിഗണിച്ച് കോടതി വിധി പറഞ്ഞ കേസുകൾ വലിയ നിയമപ്രശ്ങ്ങൾ ക്ഷണിച്ചുവരുത്തുമെന്നാണ് വിലയിരുത്തൽ. ഇതെല്ലാം പരിഗണിച്ചാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വഴി പ്രത്യേകം നിയമനടപിക്ക് ബാർ കൗൺസിൽ ഒരുങ്ങുന്നത്.

ബിരുധ സർട്ടിഫക്കറ്റുകൾ കൃത്യമായി പരിശോധിക്കാതെ സെസി സേവ്യറിന് അംഗത്വം നൽകിയതിന്‍റെ പേരിൽ ആലപ്പുഴ ബാർ അസോസിയേഷനിൽ ഭിന്നത രൂക്ഷമാണ്. അഭിഭാഷക സംഘടനകൾ തമ്മിൽ രാഷ്ട്രീയ പോരും ശക്തമായിട്ടുണ്ട്. ഇക്കഴിഞ്ഞ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ലോയേഴ്സ് കോൺഗ്രസിന്‍റെ പിന്തുണയോടെ മത്സരിച്ച സെസി വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിപിഎം - സിപിഐ സംഘടനകൾ തമ്മിലെ ചേരി പോരും ഇവർക്ക് തുണമായി. ആലപ്പുഴ നോർത്ത് പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ വ്യാജ അഭിഭാഷക ദില്ലിയിലേക്ക് കടന്നെന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios