ന്യൂയോര്‍ക്ക്: സിനിമയിലും അപസര്‍പ്പക കഥകളിലും നടക്കുന്ന സംഭവത്തെ ഓര്‍മിപ്പിക്കുന്നതാണ് അമേരിക്കയിലെ പ്രശസ്തമായ യെല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് പുറത്തുവന്ന റിപ്പോര്‍ട്ട്. പ്രശസ്തനായ സൈക്യാട്രി പ്രൊഫസറായിരുന്നു യൂജിന്‍ റെഡ്മണ്ട്. തന്‍റെ മേഖലയില്‍ കഴിവു തെളിയിച്ചയാള്‍. എന്നാല്‍, 25 വര്‍ഷത്തെ അദ്ദേഹത്തിന്‍റെ ചെയ്തികള്‍ പുറംലോകത്തിന് മുന്നില്‍ അനാവൃതമായിരിക്കുകയാണ്. ആരെയും ഞെട്ടിപ്പിക്കുന്നതാണ് സംഭവം. 

ഗവേഷണത്തിനെന്ന് വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് ഒറ്റപ്പെട്ട കരീബിയന്‍ ദ്വീപുകളിലേക്ക് പ്രൊഫസര്‍ കൊണ്ടുപോകും. പഠിപ്പിക്കുന്ന വിഷയം മനശാസ്ത്രമായതിനാല്‍ ആരും സംശയിച്ചുമില്ല. എന്നാല്‍, ഗവേഷണമൊന്നുമായിരുന്നില്ല പ്രൊഫസറുടെ ഉദ്ദേശ്യം. കൂടെ വന്ന വിദ്യാര്‍ത്ഥികളെ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു അയാളുടെ ലക്ഷ്യം. അതിനായി അക്കാദമിക ഉയര്‍ച്ചയും പണവും വാഗ്ദാനം ചെയ്തു.

യെല്‍ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് മെഡിസിനില്‍ ഫാക്കല്‍റ്റിയായിരുന്നു അന്ന് റെഡ്മണ്ട്. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയടക്കം എട്ടോളം വിദ്യാര്‍ത്ഥികള്‍ പ്രൊഫസറുടെ ലൈംഗിക വൈകൃതത്തിന് ഇരയായി. 1994ലാണ് സംഭവത്തെക്കുറിച്ച് ആദ്യ സൂചനകള്‍ ലഭിക്കുന്നത്. അണ്ടര്‍ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികള്‍ പ്രൊഫസറെക്കുറിച്ച് ഡിപ്പാര്‍ട്ട്മെന്‍റില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇല്ലാത്ത ഗവേഷണത്തിന്‍റെ പേരില്‍ ഇയാള്‍ നിരവധി വിദ്യാര്‍ത്ഥികളെ ദ്വീപിലെത്തിച്ച് ലൈംഗിക ചൂഷണം നടത്തിയെന്ന് കണ്ടെത്തി.  

എന്നാല്‍, കാര്യമായ നടപടിയൊന്നുമുണ്ടായില്ല. യൂണിവേഴ്സിറ്റിയില്‍ ഫാക്കല്‍റ്റിയായി പ്രൊഫസര്‍ തുടര്‍ന്നു. എന്നാല്‍, അദ്ദേഹത്തിന്‍റെ ചലനങ്ങളും പെരുമാറ്റവും യൂണിവേഴ്സിറ്റി നിരീക്ഷിക്കുന്നുണ്ടായിരുന്നു. 2018ലെ മീടൂ കൊടുങ്കാറ്റില്‍ പ്രൊഫസര്‍ക്കെതിരെ വീണ്ടും ആരോപണമുയര്‍ന്നു. പ്രൊഫസര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥി യൂണിവേഴ്സിറ്റിക്ക് പരാതി നല്‍കി. പിന്നാലെ മറ്റൊരു വിദ്യാര്‍ത്ഥിയും പരാതിയുമായി രംഗത്തെത്തി. അതോടെ സ്വതന്ത്ര അന്വേഷണത്തിന് യൂണിവേഴ്സിറ്റി തയ്യാറായി.

പ്രൊഫസര്‍ക്കെതിരെ നിരവധി സമരങ്ങളും നടന്നു. അതിനിടെ 44 വര്‍ഷത്തെ സേവനത്തിന് ശേഷം പ്രൊഫസര്‍ വിരമിച്ചു. ഒടുവില്‍ ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രൊഫസര്‍ കുറ്റക്കാരനെന്ന് യൂണിവേഴ്സിറ്റി കണ്ടെത്തി.  പ്രൊഫസര്‍ക്കെതിരെ 54 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 38 വിദ്യാര്‍ത്ഥികളടക്കം 110 സാക്ഷികളെയാണ് അന്വേഷണ സംഘം വിസ്തരിച്ചത്. എല്ലാ ആരോപണങ്ങളും പ്രൊഫസര്‍ നിഷേധിച്ചു.

അന്വേഷണത്തില്‍ കുറ്റം കണ്ടെത്തിയതോടെ റിട്ട. ഫാക്കല്‍റ്റി അംഗം എന്ന പദവി എടുത്തുകളഞ്ഞു. പെന്‍ഷനടക്കമുള്ള എല്ലാ ആനുകൂല്യങ്ങള്‍ തടയുകയും യൂണിവേഴ്സിറ്റിയിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും ചെയ്തു. പ്രൊഫസറുടെ നടപടിയില്‍ യൂണിവേഴ്സിറ്റി അധികൃതര്‍ മാപ്പ് പറഞ്ഞു.