ഹൈദരാബാദ്: വനത്തില്‍ തൂങ്ങി മരിച്ചനിലയില്‍ യുവതിയുടെയും യുവാവിന്‍റെയും മൃതദേഹം കണ്ടെത്തി. ഏപ്രില്‍ ആറ് മുതല്‍ കാണാതായ തെലങ്കാന കോട്ടപ്പള്ളി സ്വദേശി മഹേന്ദര്‍ (28), ശിവലീല (23) എന്നിവരുടെ മൃതദേഹങ്ങളാണ് മൃഗങ്ങള്‍ മാന്തിക്കീറിയ നിലയില്‍ കണ്ടെത്തിയത്. വിക്രാബാദ് അനന്തഗിരിയിലെ വനത്തിനുള്ളില്‍ കാലികളെ മേയ്ക്കാനായി പോയവരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്.

തുടര്‍ന്ന് വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഇരുവരും ആത്മഹത്യ ചെയ്തതായിരിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്. കെട്ടിട നിര്‍മാണ ജോലിയില്‍ ഒരുമിച്ചേര്‍പ്പെട്ടിരുന്ന മഹേന്ദറും ശിവലീലയും അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹിതയായ ശിവലീലയും ഭാര്യയും കുട്ടികളുമുള്ള മഹേന്ദറും രണ്ട് വര്‍ഷം മുമ്പാണ് പരിചയപ്പെട്ടത്.

ഈ പരിചയം വളര്‍ന്ന് ഇരുവരും പ്രണയത്തിലായി. ഇതിനിടെ ഏപ്രില്‍ ആറിന് ഇരുവരെയും കാണുന്നില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. എന്നാല്‍, സിമ്മും ഫോണും നശിപ്പിച്ചിരുന്നതിനാല്‍ അന്വേഷണം മുന്നോട്ട് പോയില്ല.

കൂടുതല്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ ലഭിച്ചിരിക്കുന്നത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മഹേന്ദറിന്‍റെ ബൈക്കും പേഴ്സും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ, പാലും ബിസ്ക്കറ്റ് പായ്ക്കറ്റുകളും ലഭിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.