കൊച്ചി: ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച യുവതി മരിച്ചു. ചികിത്സാ പിഴവ് മൂലമാണ് മരണം എന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അസ്വഭാവിക മരണത്തിന് കേസെടുത്തതായി ആലുവ പൊലീസ് അറിയിച്ചു.

ആലുവയിലെ മെഡി ഹെവൻ ആശുപത്രിയിൽ ഗർഭ നിരോധന ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച കടുങ്ങല്ലൂർ സ്വദേശിനി സന്ധ്യ മേനോനാണ് മരിച്ചത്. ഓപ്പറേഷന് മുന്പ് നൽകിയ മരുന്ന് മാറിയതാണ് സന്ധ്യയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. വിദേശത്ത് നഴ്സായ സന്ധ്യ തന്നെ ഇക്കാര്യം ബന്ധുക്കളോട് സൂചിപ്പിച്ചിരുന്നതായും പറയപ്പെടുന്നു.

അനസ്തേഷ്യക്കുളള ടെസ്റ്റ് ഡോസ് നൽകിയതിന് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളായി. തുടർന്ന് സമീപത്തെ മറ്റൊരാശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും പോസ്റ്റുമാർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. 

എന്നാൽ അനസ്തേഷ്യക്കുളള ടെസ്റ്റ് ഡോസ് നൽകിയ ഉടൻ തന്നെ യുവതിയുടെ ആരോഗ്യനില വഷളായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.