കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് വിപിനും സംഘവും അഞ്ചൽ തഴമേലുള്ള ഭാര്യ വീട്ടിൽ കയറി അക്രമം നടത്തിയത്. 

കൊല്ലം: ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഭാര്യാ പിതാവിന്‍റെ തല അടിച്ചു പൊട്ടിച്ച സംഭവത്തില്‍ മരുമകനെയും കൂട്ടാളികളേയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചൽ തഴമേൽ ചരുവിള വീട്ടിൽ സുദർശനനെയാണ് മരുമകനും സുഹൃത്തുക്കളും ചേർന്ന് വീട്ടിൽ കയറിയാണ് മർദിച്ചത്.

സംഭവത്തില്‍ കോട്ടുക്കൽ സ്വദേശി വിപിൻ, സുഹൃത്തുക്കളായ ലിജോ, ശ്യാം രാജ്, വിശാൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് വിപിനും സംഘവും അഞ്ചൽ തഴമേലുള്ള ഭാര്യ വീട്ടിൽ കയറി അക്രമം നടത്തിയത്. ഭാര്യ ശിൽപയുമായുള്ള പ്രശ്നങ്ങളുടെ തുടർച്ചയായിരുന്നു അക്രമം.

കമ്പിവടി കൊണ്ടുള്ള അടിയേറ്റാണ് വിപിന്‍റെ ഭാര്യാ പിതാവ് സുദർശനന്‍റെ തല പൊട്ടിയത്. സുദർശനന്‍റെ ഭാര്യ സിന്ധുവിനും പരുക്കേറ്റു. വിപിനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഭാര്യ ശിൽപ കുഞ്ഞുങ്ങളുമായി സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു അക്രമം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona