സംഘത്തില്‍പ്പെട്ട ഒരു യുവാവിന്‍റെ അമ്മയുടെ ചിത്രം ഇത്തരത്തില്‍ എടുത്ത് നവമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ പരസ്പരം ഉണ്ടായ ഏറ്റുമുട്ടലാണ് സംഭവം പുറത്തറിയാന്‍ കാരണം. 

തുറവൂര്‍: സ്ത്രീകളുടെ ചിത്രം എടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല കമന്‍റുകളോടെ സാമൂഹ്യ മധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന യുവാക്കളുടെ സംഘം പിടിയില്‍. തുറവൂര്‍ പഞ്ചായത്തിലെ മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച 22നും പത്തൊന്‍പതിനും ഇടയില്‍പ്പെട്ട അഞ്ച് യുവാക്കളാണ് പിടിയിലായത്.

സംഘത്തില്‍പ്പെട്ട ഒരു യുവാവിന്‍റെ അമ്മയുടെ ചിത്രം ഇത്തരത്തില്‍ എടുത്ത് നവമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ പരസ്പരം ഉണ്ടായ ഏറ്റുമുട്ടലാണ് സംഭവം പുറത്തറിയാന്‍ കാരണം. കളരിക്കല്‍ ഭാഗത്ത് താമസിക്കുന്ന പ്രണവ് (22), ശ്രീദേവ് (19), ആകാശ് (19), ദീപില്‍ (19), അമല്‍ദേവ് (18) എന്നിവരാണ് പിടിയിലായത്. 

ഇവരുടെ ശല്യം ശ്രദ്ധയില്‍ പെട്ടതോടെ സ്ഥലത്തെ സ്ത്രീകള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. പരാതിക്കാരുമായി ബന്ധപ്പെട്ട് മാധ്യമവാര്‍ത്തകള്‍ വന്നതോടെയാണ് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചത്. 

പ്രതികള്‍ താമസിക്കുന്ന പരിസരത്തെ നിരവധി സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും ഫോട്ടോ, ഇവര്‍ നടന്നു പോകുമ്പോള്‍ ഇവര്‍ അറിയാതെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അശ്ലീലമായി ചിത്രീകരിച്ച്, മോശമായ രീതിയില്‍ ശരീരഭാഗങ്ങള്‍ വര്‍ണിച്ച് പരസ്പരം കൈമാറിയിരുന്നതായിരുന്നു ഇവരുടെ രീതി. 

മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്ത് പരിശോധിച്ചതില്‍ പരാതി സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് മൊബൈലുകള്‍ അയച്ചിരിക്കുകയാണെന്ന് കുത്തിയതോട് പോലീസ് പറഞ്ഞു.