സ്വാതന്ത്ര്യദിന പരേഡ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു വിദ്യാര്‍ത്ഥിനിയോടാണ് ആണ് ബൈക്കിലെത്തിയ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയത്.

വൈക്കം: കോട്ടയം തലയോലപറമ്പിൽ പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥിനിക്ക് മുൻപില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടയാര്‍ സ്വദേശി അനന്തു അനില്‍കുമാര്‍ (25) ആണ് തലയോലപ്പറമ്പ് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവാവ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്.

സ്വാതന്ത്ര്യദിന പരേഡ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു വിദ്യാര്‍ത്ഥിനി. ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടിക്ക് മുന്നിലെത്തി നടുറോഡില്‍വച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. പട്ടാപ്പകലാണ് സംഭവം നടന്നത്. ഭയന്ന പെണ്‍കുട്ടി തിരികെ സ്കൂളിലേക്ക് ഓടി. വിവരമറിഞ്ഞ് അധ്യാപകരില്‍ ചിലര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും യുവാവ് ബൈക്കില്‍ കടന്നുകളയുകയായിരുന്നു.

തുടർന്ന് സ്‌കൂള്‍ അധികൃതര്‍ തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് അനന്തു അനില്‍കുമാറാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തലയോലപ്പറമ്പ് സിഐ കെ.എസ്.ജയന്റെ ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. യുവാവിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ഇതിനിടെ എന്‍എസ്എസ് ക്യാമ്പിനെത്തിയ വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നയിടത്ത് ഒളിഞ്ഞു നോക്കിയ അധ്യാപകന്‍റെ ഓഡിയോ സന്ദേശം പുറത്തായി. അധ്യാപകന്‍ പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുന്നതിന്‍റെ ശബ്ദ സന്ദേശമാണ് പുറത്തായത്. ഇടുക്കി കഞ്ഞിക്കുഴിയിലാണ് ആ‍ർഎസ്എസ് ജില്ലാ പ്രചാ‍ർ പ്രമുഖും, ബിജെപി അനുകൂല അധ്യാപക സംഘടയുടെ ജില്ലാ ഭാരവാഹിയുമായ അധ്യാപകന്‍ ഹരി ആര്‍ വിശ്വനാഥാണ് വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയത്. 

കേസെടുത്തതിന് പിന്നാലെ അധ്യാപകന്‍ ക്യാമ്പിലുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിയെ വിളിക്കുന്നതിന്‍റെ ശബ്ദ സന്ദേശമാണ് പുറത്തായത്. 'പോക്‌സോ കേസാണ്, അകത്ത് പോവും, ജീവിതം പോകും. എനിക്കവരെ വിളിക്കാനാവില്ല, അവരെ വിളിച്ച് പ്രശ്‌നമാക്കല്ലെയെന്ന് ഒന്ന് പറയാമോ'യെന്ന് അധ്യാപകന്‍ ചോദിക്കുന്നുണ്ട്. കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ അതി‍ർത്തിയിലുള്ള സ്ക്കൂളിൽ വച്ചാണ് വിദ്യാ‍ത്ഥിനിക്ക് നേരെ അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയത്. പത്തനംതിട്ട സ്വദേശിയാണ് ഹരി ആ‍ർ വിശ്വനാഥ്. 12 മുതൽ 18 വരെ സ്ക്കൂളിൽ നടന്ന എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥിനിക്കാണ് ഹരിയിൽ നിന്നും മോശം അനുഭവമുണ്ടായത്. എന്‍എസ്എസ് ക്യാമ്പിനെത്തിയ പെൺകുട്ടികൾ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിഞ്ഞു നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് ഹരികുമാറിനെതിരെ പൊലീസിന് ലഭിച്ച പരാതി.

Read More :  പൊള്ളാച്ചിയില്‍ മലയാളിയുടെ നോട്ടിരിട്ടിപ്പ് തട്ടിപ്പ്; വ്യവസായിയെ പറ്റിച്ച് തട്ടിയത് 5 ലക്ഷം, അറസ്റ്റ്