തൃശ്ശൂര്‍: മുതലാളി ചമഞ്ഞ് ജ്വല്ലറികളിൽ നിന്നും സ്വർണകോയിനുകൾ തട്ടിയെടുത്ത വിരുതൻ തൃശൂർ സിറ്റി പൊലീസിന്‍റെ പിടിയിൽ. നിരവധി കേസുകളില്‍ പ്രതിയായ കോഴിക്കോട് തിക്കോടി സ്വദേശി വടക്കെപുരയിൽ വീട്ടിൽ റാഹിൽ (28) ആണ് പിടിയിലായത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോന്‍റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പൊലീസ് ആണ് റാഹിലിനെ പൊക്കിയത്. 

പ്രശസ്തമായ ജ്വല്ലറികളിലേക്ക് ഫോണിൽ വിളിച്ച് വലിയ കമ്പനിയുടെ എംഡി യാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. കമ്പനിയുടെ ജീവനക്കാർക്ക് സമ്മാനമായി കൊടുക്കുവാനാണെന്ന് ആവശ്യപെട്ട് ഒരു പവൻ വീതം തൂക്കം വരുന്ന സ്വർണ്ണ കോയിനുകൾ ഓർഡർ ചെയ്യും. പിന്നീട് അടുത്തുള്ള ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തിക്കാന്‍ ജ്വല്ലറി ജീവനക്കാരോട് പറയും. ഓർഡർ പ്രകാരം ജ്വല്ലറിയിൽനിന്ന് സ്വർണ്ണകോയിനുകളുമായി ഹോട്ടലിലെത്തുന്ന ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് കോയിനുകൾ തട്ടിയെടുത്തു മുങ്ങുകയായിരുന്നു ഇയാളുടെ രീതി.

നവംബർ ഏഴാം തീയ്യതി തൃശ്ശൂർ നഗരത്തിലെ ഒരു ജ്വല്ലറിയിലേക്ക് തൃശ്ശൂരിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കുന്നുണ്ടെന്നും, വലിയ കമ്പനിയുടെ എംഡി യാണെന്നും പരിചയപ്പെടുത്തി ഒരു പവൻ വീതം തൂക്കം വരുന്ന ഏഴ് സ്വർണ്ണ കോയിനുകൾ ഓർഡർ ചെയ്യുകയും ഹോട്ടലിലേക്ക് എത്തിക്കുവാനും പറഞ്ഞു. ഓർഡർ പ്രകാരം ജ്വല്ലറിയിൽ നിന്ന് സ്വർണ്ണകോയിനുകളുമായി ഹോട്ടലിലേക്ക് എത്തിയ ജ്വല്ലറി ജീവനക്കാരെ പ്രതിയായ റാഹില്‍ ഹോട്ടലിൽ ലോബിയിലിരുത്തി എംഡിയുടെ പിഎ ആണെന്ന് പറഞ്ഞ് പരിചയപ്പെട്ടു. 

തുടര്‍ന്ന് എംഡി റൂമിൽ ഉണ്ടെന്നും വിശ്വസിപ്പിച്ച് എംഡി യുടെ കയ്യിൽ നിന്ന് പണം വാങ്ങി കൊണ്ടുവരാമെന്ന് പറഞ്ഞ് സ്വർണ്ണകോയിനുകളുമായി ലിഫ്റ്റിൽ കയറിപ്പോയി. ഇയാള്‍ തിരികെ വരാഞ്ഞതോടെയാണ് ജ്വല്ലറി ജീവനക്കാര്‍ പറ്റിക്കപ്പെട്ടെന്ന് മനസിലായത്. തുടർന്ന് തട്ടിപ്പിനിരയായ ജ്വല്ലറി ജീവനക്കാർ തൃശ്ശൂർ ഈസ്റ്റ് പൊലീസിൽ എത്തി പരാതി നൽകുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവരികയുമായിരുന്നു. 

ജയിലിൽ നിന്നിറങ്ങിയിട്ട് അഞ്ച് മാസം, ലക്ഷങ്ങളുടെ തട്ടിപ്പുകൾ

അറസ്റ്റിലായ റാഹിൽ, 2019 ൽ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി തട്ടിപ്പുകേസുകളിൽ ഉൾപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ച് 2022 ആഗസ്റ്റിലാണ് ജയിൽ മോചിതനായത്.. ജയിലിൽനിന്നിറങ്ങിയതിനുശേഷം ജ്വല്ലറികളിൽനിന്നും ലക്ഷങ്ങളുടെ സ്വർണ്ണകോയിനുകളും, മൊബൈൽ ഷോപ്പുകളിൽനിന്നും, ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണുകളുമാണ് തട്ടിയെടുത്തിരിക്കുന്നത്.

പൊലീസിന്റെ പിടിയിലായ റാഹിലിനെ ചോദ്യം ചെയ്തതിൽ നിന്ന് ഇക്കഴിഞ്ഞ നവംബർ മാസം രണ്ടാം തീയ്യതി എറണാകുളം വൈറ്റിലയിലുള്ള പ്രശസ്ത മൊബൈൽ ഷോപ്പിലേക്ക് ഫോണിൽ വിളിച്ച്, കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ എംഡിയാണെന്ന് പരിചയപ്പെടുത്തി പത്തുലക്ഷം രൂപയ്ക് ഐഫോണുകൾ, വാച്ച് എന്നിവ തട്ടിയെടുത്തതായും പ്രതി സമ്മതിച്ചിട്ടുണ്ട്.
ഒക്ടോബർ മാസം പത്താം തീയ്യതി കോഴിക്കോട് ഹോട്ടലിൽ ജോലിക്കാരനായി താമസിച്ച് അവിടെനിന്നും അരലക്ഷത്തോളം രൂപയും, പതിനായിരങ്ങൾ വിലവരുന്ന മൊബൈൽ ഫോണും തട്ടിയെടുത്ത കേസും ഇയാള്‍ക്കെതിരെയുണ്ട്. ഇതുകൂടാതെ ഗൾഫിൽ ജോലി ശരിയാക്കിതരാമെന്ന് പറഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും 85,000 രൂപ കവർന്നതായും ഇയാള്‍ക്കെതിരെ പരാതിയുണ്ട്.

ജയിലിൽ നിന്നിറങ്ങി തട്ടിയെടുത്തത് ലക്ഷങ്ങളുടെ സ്വർണ്ണ നാണയങ്ങളും മൊബൈൽ ഫോണുകളും 

ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ജയിലിൽ നിന്നിറങ്ങിയതിനുശേഷം 7 പവനോളം തൂക്കം വരുന്ന സ്വർണ്ണനാണയങ്ങളാണ് തട്ടിയെടുത്തിരിക്കുന്നത്. ജ്വല്ലറികളിൽനിന്ന് സ്വർണ്ണാഭരണങ്ങൾ ഇത്തരത്തിൽ തട്ടിയെടുത്താൽ വിൽക്കാൻ ബുദ്ധിമുട്ടായതിനാലാണ് ഇയാൾ സ്വർണ്ണനാണയങ്ങൾ മാത്രം തട്ടിയെടുത്തിരുന്നത്. സ്വർണ്ണനാണയങ്ങൾ വിൽപ്പന നടത്തിയാൽ സ്വർണ്ണത്തിന്റെ മുഴുവൻ വിലയും ലഭിക്കുമെന്നതാണ് ഇതിന് കാരണമെന്നാണ് ഇയാൾ പറയുന്നത്.

ആഢംബര ജീവിതം, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസം

വിവിധ ജ്വല്ലറികളിൽനിന്ന് തട്ടിയെടുത്തത് ഏഴ് പവനോളം വരുന്ന സ്വർണ്ണനാണയങ്ങളാണ്. ഇത് പ്രതി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ ജ്വല്ലറികളിലാണ് വിറ്റഴിച്ചിരിക്കുന്നത്. ഇതുകൊണ്ട് നേടിയ ആറേകാൽ ലക്ഷം രൂപയും കഴിഞ്ഞ രണ്ടു മാസം കൊണ്ട് ഇയാൾ ചിലവഴിച്ചു. തട്ടിപ്പു നടത്തി കിട്ടിയ പണം ഉപയോഗിച്ച് പ്രതി താമസിച്ചിരുന്നത് മുംബൈ താജ് റസിഡൻസി, ബാഗ്ലൂർ മാരിയറ്റ് ഹോട്ടൽ എന്നിവിടങ്ങളിലായിരുന്നു. ഒരു ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും മാത്രം മുപ്പതിനായിരം രൂപയാണ് പ്രതി ചിലവഴിച്ചിരുന്നത്. കൊച്ചിയിൽനിന്നും, കണ്ണൂരിൽ നിന്നും മുംബൈ, ബാഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് വിമാനത്തിലാണ് സഞ്ചരിച്ചിരുന്നത്. 

എപ്പോഴും ടാക്സിയിൽ മാത്രമാണ് യാത്ര ചെയ്തിരുന്നത്. വിലകൂടിയ ബ്രാൻറ്ഡ് ഡ്രസ്സുകളും, ചെരിപ്പുകളും, ഷൂകളും മാത്രമാണ് ഉപയോഗിച്ചിരുന്നത്. ആയിരങ്ങൾ വില വരുന്ന സൌന്ദര്യവർദ്ധക വസ്തുക്കളാണ് പ്രതി താമസിച്ചിരുന്ന മുറി പരിശോധിച്ചപ്പോൾ പോലീസ് കണ്ടെടുത്തത്. പതിനായിരങ്ങൾ വില വരുന്ന പെർഫ്യൂമുകളാണ് പ്രതി ഉപയോഗിച്ചിരുന്നത്. ആഢംബരത്തിന്റെ അങ്ങേയറ്റത്ത് ജീവിച്ചിരുന്ന പ്രതി അടുത്ത വലിയൊരു തട്ടിപ്പിന് പദ്ധതി തയ്യാറാക്കി കൊണ്ടിരിക്കുമ്പോഴാണ് കോഴിക്കോട് ആഢംബര ഹോട്ടലിൽനിന്നും തൃശൂർ സിറ്റി ഷാഡോ പോലീസിന്റെ പിടിയിലാകുന്നത്.

അറസ്റ്റിലായ പ്രതിക്ക് മുമ്പ് മലപ്പുറം ജില്ലയിലെ വാഴക്കോട്, എറണാകുളം ജില്ലയിലെ മരട്, അങ്കമാലി, മുളവുകാട് തിരുവനന്തപുരം ജില്ലയിലെ മ്യൂസിയം പോലീസ് സ്റ്റേഷൻ കോഴിക്കോട് ജില്ലയിലെ ചേലാവൂർ, എന്നിവിടങ്ങളിൽ തട്ടിപ്പുകേസുകൾ നിലവിലുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. റിമാൻറ് ചെയ്തു. പ്രതി തട്ടിയെടുത്ത സ്വർണ്ണനാണയങ്ങളും, മൊബൈൽ ഫോണുകളും വിറ്റഴിച്ച സ്ഥലങ്ങളിൽ നിന്നും പൊലീസ് കണ്ടെടുക്കും.

തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ ഐപിഎസിന്‍റെ നിർദ്ദേശാനുസരണം തൃശ്ശൂർ ഈസ്റ്റ് ഇൻസ്പെക്ടർ പി. ലാൽകുമാർ സബ് ഇൻസ്പെക്ടർമാരായ എ.ആർ. നിഖിൽ, കെ. ഉണ്ണികൃഷ്ണൻ, ഷാഡോ പോലീസ് എസ്. ഐ. മാരായ എൻ.ജി.സുവ്രതകുമാർ, പി.എം.റാഫി, കെ. ഗോപാലകൃഷ്ണൻ, പി.രാഗേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, സിവിൽ പോലീസ് ഓഫീസർമാരായ എം.എസ്. ലിഗേഷ്, കെ.ബി. വിപിൻദാസ്, എന്നിവരുൾപ്പെടുന്ന അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. 

Read More : സെക്‌സ് വീഡിയോകളിലൂടെ കോടികളുണ്ടാക്കിയ പോണ്‍ സൈറ്റ് ഉടമ ഒളിവു ജീവിതത്തിനിടെ പിടിയില്‍