ക്യാൻസർ രോഗബാധിതനാണ് പ്രതി. അമ്മായിയമ്മ, ജാനകിയെ ഇഷ്ടമല്ലാതിരുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നാണ്  പൊലീസിന് യുവാവ് മൊഴി നൽകിയത്. 

പത്തനംതിട്ട: പത്തനംതിട്ട കൂടൽ നെടുമൺകാവിൽ വൃദ്ധയെ മരുമകൻ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തി. നെടുമൺകാവ് കൈലാസ കുന്നിൽ കല്ലുവിള വീട്ടിൽ ജാനകിയെയാണ് മരുമകൻ ഉത്തമൻ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ആത്മഹത്യാ ശ്രമം നടത്തിയ ഉത്തമനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. മകൾ പ്രസന്നയുടെ ഭർത്താവ് ഉത്തമനാണ് ജാനകിയെ കൊലപ്പെടുത്തിയത്. ഉച്ചയോടെ ഉത്തമൻ ജാനകിയെ വീട്ടിലെ ജനലിനോട് ചേർത്ത് കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ജോലിക്ക് പോയ ഭാര്യ ഭക്ഷണം കഴിക്കാനായി എത്തിയപ്പോൾ ജാനകിയെ താൻ കൊലപ്പെടുത്തിയെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് ഇയാളുടെ ഭാര്യ സമീപത്തെ അംഗൻ വാടി ടീച്ചറെ വിവരം അറിയിച്ചു. അവർ കൂടൽ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

കൊലപാതകം നടത്തിയതിന് പിന്നാലെ ആത്മഹത്യാ ശ്രമം നടത്തിയ ഉത്തമനെ നാട്ടുകാർ ചേർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇയാൾ ക്യാൻസർ രോഗബാധിതനാണ്. ജാനകിയെ ഇഷ്ടമല്ലാതിരുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് ഉത്തമൻ പൊലീസിന് മൊഴി നൽകിയത്. കൂടൽ പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. 
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജനറൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉത്തമനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.