മുറി അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുകയാണെന്നും നിരവധി തവണ വിളിച്ചിട്ടും തുറന്നില്ലെന്ന് വിശദമാക്കി ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന മറ്റൊരാളാണ് വിവരം പൊലീസിനെ അറിയിക്കുന്നത്
സഹാറൻപൂർ: ഉത്തർ പ്രദേശിൽ വാടകമുറിയിൽ മലയാളി യുവാവിനേയും യുപി സ്വദേശിയായ യുവതിയേയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സഹാറൻപൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ 38 കാരനായ മലയാളിയും 24കാരിയായ യുവതിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയിലാണ് പൊലീസ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. എസ്ബിഐ കോളനിക്ക് സമീപത്തെ വാടക മുറിയിലാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. രണ്ട് പേരുടേയും മൃതദേഹം പൊലീസ് പോസ്റ്റ് മോർട്ടത്തിന് അയച്ചിരിക്കുകയാണ്. ഇരുവരുടേയും ഫോണുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മുറി അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുകയാണെന്നും നിരവധി തവണ വിളിച്ചിട്ടും തുറന്നില്ലെന്ന് വിശദമാക്കി ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന മറ്റൊരാളാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. പൊലീസെത്തി മുറി ബലമായി തുറന്ന് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രണയ ബന്ധവുമായി ബന്ധപ്പെട്ടാണ് മരണങ്ങളെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതി വിഷം അകത്ത് ചെന്ന നിലയിലും യുവാവ് കൈകളിലെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരുടേയും ശരീരത്തിൽ പ്രത്യക്ഷത്തിൽ മറ്റ് പരിക്കുകളില്ലെന്നാണ് പൊലീസ് വിശദമാക്കിയത്. തറയിൽ കിടക്കുന്ന നിലയിലാണ് യുവതിയുടെ മൃതദേഹം കിടന്നിരുന്നത്.
ഫോറൻസിക് സംഘം മുറിയിൽ നിന്ന് തെളിവുകൾ ശേഖരിക്കുകയും ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടാതെ പ്രദേശവാസികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)


