ജല്‍ന: മുന്‍ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള്ളിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി കുറ്റം ഭര്‍ത്താവിന് മേല്‍ ചുമത്താനും ശ്രമം. മഹാരാഷ്ട്രയിലെ ജല്‍നയിലാണ് സംഭവം. മാഡ കോളനിയില്‍ താമസിക്കുന്ന സച്ചിന്‍ ഗെയ്ക്ക്വാഡാണ് സംഭവത്തില്‍ അറസ്റ്റിലായത്.

ഡിസംബര്‍ 21 നാണ് ജല്‍ന സ്വദേശിയായ 20കാരി ദീപ്തിയെ മരിച്ച നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുന്നത്. മൊബൈല്‍ഫോണും സമീപത്തായി ഒരു സ്കൂട്ടറും കണ്ടെത്തിയിരുന്നു. ദീപ്തിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് പിതാവിനയച്ച സന്ദേശത്തില്‍ ഭര്‍ത്താവ് അവിനാഷ് വഞ്ചാരെ തന്നെ പീഡിപ്പിക്കുന്നതായി പറഞ്ഞിരുന്നു. ഇതോടെ ദീപ്തിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ കൂടുതല്‍ അന്വേഷണം നടത്തുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കൊലപാതകം സച്ചിനാണ് നടത്തിയതെന്ന് സൂചന ലഭിച്ചത്. സംഭവം നടന്ന ദിവസം സച്ചിനും ദീപ്തിയും ഒരുമിച്ച് ബൈക്കില്‍ യാത്ര ചെയ്തതായി കണ്ടെത്തിയതോടെ പൊലീസ് ഇയാളെ ചോദ്യം ചെയ്തു. മുമ്പ് ദീപ്തിയുമായി പ്രണയത്തിലായിരുന്നെന്നും സംഭവ ദിവസമുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നും സച്ചിന്‍ പൊലീസിനോട് പറഞ്ഞു. താന്‍ തന്നെയാണ് ദീപ്തിയുടെ ഫോണില്‍ നിന്ന് പിതാവിന് സന്ദേശമയച്ചതെന്നും ഇയാള്‍ സമ്മതിച്ചു.