ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോഷണ സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു

വൈക്കം: കോട്ടയം ജില്ലയിലെ വൈക്കം മേഖലയിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളില്‍ യുവതിയടക്കം രണ്ടു പേര്‍ അറസ്റ്റില്‍. കായംകുളം കൃഷ്ണപുരം സ്വദേശികളായ അന്‍വര്‍ഷായും സരിതയുമാണ് അറസ്റ്റിലായത്. അന്‍വര്‍ഷായ്ക്ക് ഇരുപത്തി മൂന്നും സരിതയ്ക്ക് ഇരുപത്തി രണ്ടും വയസാണ് പ്രായം.
കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് വൈക്കം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്ന് ക്ഷേത്രങ്ങളിലെയും പളളിയുടെ കപ്പേളയിലെയും കാണിക്ക വഞ്ചികള്‍ പൊളിച്ച് പണം മോഷ്ടിച്ചത്. മോഷ്ടാക്കള്‍ എത്തിയ ബൈക്കിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അന്‍വര്‍ ഷായും സരിതയും അറസ്റ്റിലായത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോഷണ സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. മോഷണം നടന്ന സ്ഥലങ്ങളില്‍ പ്രതികളെയെത്തിച്ച് തെളിവെടുത്തു.