നോയിഡ: അത്യാവശ്യ സേവനങ്ങള്‍ക്കായുള്ള നമ്പറില്‍ വിളിച്ച് പ്രധാനമന്ത്രിയെ അപകടത്തില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവഅറസ്റ്റില്‍. തിങ്കളാഴ്ച രാവിലെയാണ് 33 കാരനെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. ഹപിയാന സ്വദേശിയായ ഹര്‍ഭജന്‍ സിംഗ് നോയിഡയിലെ സെക്ടര്‍ 66 ലാണ് താമസിച്ചിരുന്നത്. സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്ന ആളാണ് ഹര്‍ഭജന്‍ സിംഗ് എന്നാണ് നോയിഡ പൊലീസ് വ്യക്തമാക്കുന്നത്. 

ലഹരിയുപയോഗിച്ച് എമര്‍ജന്‍സി നമ്പറായ നൂറില്‍ വിളിച്ചാണ് പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയെ അപകടപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ഇയാള്‍ ഭീഷണിപ്പെടുത്തിയത്. ഫോണ്‍ നമ്പ‍ര്‍ ട്രെയ്സ് ചെയ്തതിലൂടെയാണ് ഹര്‍ഭജന്‍ സിംഗിലേക്ക് എത്തിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അവശ്യ സര്‍വ്വീസ് നമ്പര്‍ ദുരുപയോഗം ചെയ്തതിനും ഭീഷണിപ്പെടുത്തലിനും ലഹരി ഉപയോഗത്തിനുമാണ് യുവാവിനെതിരെ കേസ് എടുത്തിട്ടുള്ളത്. 

ഇയാളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും പ്രഥമദൃഷ്ടിയില്‍ ഇയാള്‍ ലഹരി വസ്തുക്കള്‍ക്ക് അടിമയാണെന്ന് സംശയിക്കുന്നതായും അഡീഷണല്‍ ഡിസിപി അങ്കുര്‍ അഗര്‍വാള്‍ വ്യക്തമാക്കി. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും അഡീഷണല്‍ ഡിസിപി വ്യക്തമാക്കി.