വധശ്രമം, പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പടക്കമെറിഞ്ഞ രണ്ട് പേരെ കൂടി കിട്ടാനുണ്ട്.

ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിൽ പുതുവത്സര ആഘോഷത്തിനിടെ പൊലീസിന് നേരെ പടക്കമെറിഞ്ഞ രണ്ട് പേർ അറസ്റ്റിൽ. അനീഷ്, അജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലുള്ള രണ്ട് പേർക്കായി തെരച്ചിലും ശക്തമാണ്.

ഉടുമ്പൻചോല ടൗണിൽ പുതുവത്സര ആഘോഷത്തിനെത്തിയ ഏതാനും യുവാക്കളാണ് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയത്. സ്ഥലത്ത് അടിപിടിയും ബഹളവും ഉണ്ടെന്നറിഞ്ഞെത്തിയതായിരുന്നു പൊലീസ്. സംഘത്തെ പിരിച്ചുവിടാൻ നോക്കിയപ്പോൾ മദ്യലഹരിയിലായിരുന്ന യുവാക്കൾ പൊലീസിന് നേരെ തിരിയുകയായിരുന്നു. പൊലീസുകാരെ പിടിച്ചു തള്ളി. ബലം പ്രയോഗിച്ച് നീക്കാൻ തുടങ്ങിയപ്പോഴാണ് യുവാക്കള്‍ പടക്കമെറിഞ്ഞത്. 

ഒഴിഞ്ഞുമാറിയതിനാലാണ് അപകടം ഒഴിവായത്. കൂടുതൽ പൊലീസെത്തി രണ്ട് പേരെ പിടികൂടി. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. പിടിയിലായ രണ്ട് പേരും ഉടുമ്പൻചോല സ്വദേശികളാണ്. പടക്കമെറിഞ്ഞ രണ്ട് പേരെ കൂടി കിട്ടാനുണ്ട്. വധശ്രമം, പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ റിമാൻഡ് ചെയ്തു.

"