ഫോറന്‍സിക് പരിശോധനയിൽ ഷിബുവിന്റെ ദേഹത്ത് നിന്ന് തെറിച്ച രക്തത്തുള്ളികൾ പ്രതിയുടെ വീടിന്‍റെ ഭിത്തിയിൽ കണ്ടെത്തി.  

കൊച്ചി: എറണാകുളം പെരുമ്പാവൂരിനടുത്തുള്ള പാണിയേലിയിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അയൽവാസി ആശുപത്രിയിൽ ചികിത്സയിലാണ്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. എറണാകുളം പാണിയേലി സ്വദേശി ഷിജുവാണ് പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഷിജു അയൽവാസി ഷിബുവിനെ ആക്രമിച്ചത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്. അറസ്റ്റിലായ ഷിജു പത്താം തീയതി വെളുപ്പിന് അയൽവാസിയായ ഷിബുവിന്‍റെ വീടിന് പുറകിലുള്ള കുളിമുറിയ്ക്ക് സമീപം ഒളിച്ചുനിന്നു. ഇത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഷിബുവിനോട് സൂചിപ്പിച്ചു. ഷിബു പിറ്റേന്ന് വൈകീട്ട് ഷിജുവിന്‍റെ വീട്ടിലെത്തി ഇതേക്കുറിച്ച് ചോദിച്ചു, ബഹളമായി. ഇതോടെ സമീപത്തുണ്ടായിരുന്ന മീൻ വെട്ടുന്ന കത്തിയെടുത്ത് പ്രതി, ഷിബുവിനെ ആക്രമിക്കുകയായിരുന്നു. നെറ്റിയിൽ കൊണ്ട വെട്ട് ആഴത്തിലായി. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ ഷിബുവിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. 

ഷിബുവിന്‍റെ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് നാട്ടിൽ നിന്ന് തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഫോറന്‍സിക് പരിശോധനയിൽ ഷിബുവിന്റെ ദേഹത്ത് നിന്ന് തെറിച്ച രക്തത്തുള്ളികൾ പ്രതിയുടെ വീടിന്‍റെ ഭിത്തിയിൽ കണ്ടെത്തി. കൊലപാതക ശ്രമം ചുമത്തി കോടതിയിൽ ഹാജരാക്കിയ ഷിജുവിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.