കരമന സ്വദേശി ശിവയെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. 

തിരുവനന്തപുരം: മാനവീയം വീഥിയിലെ നൈറ്റ് ലൈഫിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കരമന സ്വദേശിയെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. 

വെള്ളിയാഴ്ച രാത്രിയാണ് മാനവീയം വീഥിയില്‍ സംഘര്‍ഷങ്ങളുണ്ടായത്. പൊലീസ് ഏയ്ഡ് പോസ്റ്റുണ്ടായിട്ടും രണ്ടിടങ്ങളില്‍ അന്ന് സംഘര്‍ഷമുണ്ടായത്. ആദ്യം പൂന്തുറ സ്വദേശികളെ ഒരു സംഘം മര്‍ദ്ദിച്ചു. പിന്നെ ഇതേ സംഘം ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടാക്കി. രണ്ടാമത്തെ സംഘര്‍ഷത്തിന്റെ ദൃശ്യമാണ് പുറത്തുവന്നത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കരമന സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഉള്‍പ്പെട്ട സംഘമാണ് പൂന്തുറ സ്വദേശികളെയും മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. മര്‍ദ്ദനത്തിരയായ പൂന്തുറ സ്വദേശി ആക്‌സലന്‍ മാത്രമാണ് ഇതുവരെ പരാതി നല്‍കിയത്. ആക്‌സലന്റെ ഭാര്യ ജെയ്ന്‍സിയുടെ മുന്നിലിട്ടായിരുന്നു മര്‍ദ്ദനം. നൃത്തം ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് തന്റെ ഭര്‍ത്താവിന് മര്‍ദ്ദനമേറ്റതെന്ന് ജെയ്ന്‍സി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. തങ്ങളുടെ സ്ഥലത്ത് നൃത്തം ചെയ്യേണ്ടെന്ന് പറഞ്ഞാണ് അക്രമിസംഘം മര്‍ദ്ദിച്ചതെന്നാണ് ജെയ്ന്‍സി പറയുന്നത്.

മാനവീയം വീഥിയില്‍ നൈറ്റ് ലൈഫ് ആരംഭിച്ചതിന് പിന്നാലെ ഇവിടെ സംഘര്‍ഷങ്ങള്‍ പലപ്പോഴായി നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആരും പരാതിയുമായി സമീപിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പരിശോധനകള്‍ പൊലീസ് കടുപ്പിച്ചിരുന്നു. റോഡിന്റെ രണ്ട് വശത്തും ബാരിക്കേഡ് സ്ഥാപിക്കും. ഡ്രഗ് കിറ്റ് കൊണ്ടുഉള പരിശോധന നടത്തും. സംശയമുളളവരെ മാത്രമാകും കിറ്റ് ഉപയോഗിച്ചുള്ള പരിശോധന നടത്തുകയെന്നും എല്ലാവരെയും പരിശോധിക്കില്ലെന്നും പൊലീസ് അറിയിച്ചു. രാത്രി 11 മണിക്ക് ശേഷം രണ്ട് വാഹനങ്ങളില്‍ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കും. സംഘര്‍ഷമുണ്ടായാല്‍ പരാതിയില്ലെങ്കിലും കേസെടുക്കും. മാനവീയം വീഥിയില്‍ കൂടുതല്‍ സിസി ടിവികള്‍ സ്ഥാപിക്കുമെന്നും പൊലീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 

എല്ലാ ഭരണാഘടനസീമകളും സർക്കാർ ലംഘിക്കുകയാണ്,സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നതെന്ന് ഗവര്‍ണര്‍ 

YouTube video player