ഷൊര്‍ണൂര്‍ - നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരിയ്ക്ക് മുമ്പില്‍ പരസ്യമായി ലൈംഗിക വൈകൃതം നടത്തിയ യുവാവ് അറസ്റ്റില്‍. 


മലപ്പുറം: ഷൊര്‍ണൂര്‍ - നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരിയ്ക്ക് മുമ്പില്‍ പരസ്യമായി ലൈംഗിക വൈകൃതം നടത്തിയ യുവാവ് അറസ്റ്റില്‍. വണ്ടൂര്‍ വെളളാമ്പുറം സ്വദേശി പിലാക്കാടന്‍ ശിഹാബുദ്ദീന്‍ എന്ന ഷിബുവിനെയാണ് വണ്ടൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്ത് ജോലി ചെയ്യുന്ന യുവതി വാണിയമ്പലത്തുള്ള ബന്ധുവിന്‍റെ വീട്ടിലേക്ക് വരികയായിരുന്നു. രാത്രി 9.20 ഓടെ ട്രെയിന്‍ തൊടികപ്പുലം സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ കമ്പാര്‍ട്ടുമെന്‍റില്‍ തനിച്ചായ യുവതിയുടെ എതിര്‍വശത്തിരുന്ന പ്രതി അശ്ലീല ചുവയോടെ സംസാരിക്കുകയും പിന്നീട് പരസ്യമായി സ്വയംഭോഗം ചെയ്യുകയുമായിരുന്നു. അടുത്ത ദിവസം യുവതി വീഡിയോ ദൃശ്യങ്ങള്‍ സഹിതം വണ്ടൂര്‍ പൊലീസില്‍ പരാതി നല്‍കി. 

ഇതേ തുടര്‍ന്ന് നിലമ്പൂര്‍ ഡി വൈ എസ് പി സാജു കെ അബ്രഹാമിന്‍റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി റെയില്‍വേ പൊലീസിന് കൈമാറി. എന്‍ പി സുനില്‍, അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, ടി നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരാണ് അന്വേഷണം നടത്തിയത്.