അമ്പലവയല്‍, മീനങ്ങാടി, കല്‍പ്പറ്റ, താമരശ്ശേരി തുടങ്ങിയ സ്റ്റേഷനുകളില്‍ കൊലപാതകം, മോഷണം തുടങ്ങിയ കേസുകളിലും ഇയാള്‍ പ്രതിയായിട്ടുള്ളതായി പൊലീസ് പറഞ്ഞു.

കല്‍പ്പറ്റ: വയനാട്ടില്‍ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി സ്ഥിരം വടുവഞ്ചാല്‍ കല്ലേരി തെക്കിനേടത്ത് ജിതിന്‍ ജോസഫ് (33)നെയാണ് ജയിലിലടച്ചത്. ജില്ലയില്‍ അമ്പലവയല്‍, മീനങ്ങാടി, കല്‍പ്പറ്റ പൊലീസ് സ്റ്റേഷനുകളിലും, കോഴിക്കോട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലും, തമിഴ്‌നാട്ടിലെ ഹൊസൂര്‍ പോലീസ് സ്റ്റേഷനിലും രണ്ട് കൊലപാതക കേസ് ഉള്‍പ്പെടെ മോഷണം, ദേഹോപദ്രവം, പോക്‌സോ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ് ജിതിന്‍ ജോസഫ്. 

അമ്പലവയല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ റൌഡി ലിസ്റ്റിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ആണ് ഉത്തരവിറക്കിയത്. അമ്പലവയല്‍, മീനങ്ങാടി, കല്‍പ്പറ്റ, താമരശ്ശേരി തുടങ്ങിയ സ്റ്റേഷനുകളില്‍ കൊലപാതകം, മോഷണം തുടങ്ങിയ കേസുകളിലും ഇയാള്‍ പ്രതിയായിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച ''ഓപ്പറേഷന്‍ കാവല്‍''ന്റെ ഭാഗമായി ജില്ലയില്‍ മുമ്പും അറസ്റ്റ് നടന്നിട്ടുണ്ട്. 

ഏഴ് വര്‍ഷത്തിനുള്ളില്‍ പതിമൂന്നോളം കേസുകളില്‍ പ്രതിയായ പുത്തന്‍ക്കുന്ന് സ്വദേശി സംജാദ് എന്ന സഞ്ജു (29)വിനെ മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനിലും കുപ്പാടി, തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷനുകളിലുമായി വധശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍, നിയമ വിരുദ്ധമായി ആയുധം കൈവശം വെക്കല്‍, വനത്തില്‍ അതിക്രമിച്ചു കയറി വന്യമൃഗങ്ങളെ വേട്ടയാടല്‍ തുടങ്ങി നിരവധി കേസുകളില്‍ സംജാദ് പ്രതിയായിരുന്നു. ജില്ലയിലെ ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ് അറിയിച്ചു.

Read More : ന്യൂഇയര്‍ ആഘോഷത്തിനിടെ സ്ത്രീകളോടൊപ്പം സെല്‍ഫിക്ക് ശ്രമം ; ഭര്‍ത്താക്കന്മാര്‍ ഉടക്കി, കൂട്ടത്തല്ല്- VIDEO