ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ പന്ത്രണ്ടര ലക്ഷത്തിന്റെ കള്ളനോട്ടുമായി കൊല്ലം സ്വദേശി പിടിയിൽ. കൊല്ലം തടിക്കാട് സ്വദേശി ഹനീഫ് ഷിറോസാണ് അറസ്റ്റിലായത്.  രണ്ടാം ഭാര്യയുടെ മകളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച കേസുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്.

ഹനീഫ് ഷിറോസ് ഏതാനും വർഷങ്ങളായി ഉപ്പുതറ മാട്ടുത്താവളത്താണ് താമസം. ഇവിടെ വെച്ച് രണ്ടാം ഭാര്യയുടെ മകളെ  ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് വീട്ടിൽ നടത്തിയ തെരച്ചിലിനിടെ കുറച്ച് കള്ളനോട്ടുകൾ കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ വാഗമണ്ണിൽ ഹോംസ്റ്റേ വാടകയ്ക്കെടുത്ത് നോട്ടെടിക്കുന്നതായി ഇയാൾ മൊഴി നൽകി. 

ഹനീഫിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഹോം സ്റ്റേയില്‍ നടത്തിയ പരിശോധനയിലാണ് പന്ത്രണ്ടര ലക്ഷത്തിനറെ കള്ളനോട്ട് കണ്ടെത്തിയത്. കുമളയിൽ നിന്ന് നോട്ട് അച്ചടിക്കാനുപയോഗിച്ച പ്രിന്ററും കണ്ടെത്തി.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നോട്ടടിക്കുന്നതിന് ഇയാൾക്ക് കൂട്ടാളികൾ ഉള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. വിശദമായി ചോദ്യം ചെയ്യുന്നതിന് ഉടൻ തന്നെ ഷിറോസിനെ കസ്റ്റഡിയിൽ വാങ്ങും.