ദില്ലി: അടിപിടിക്കിടെ യുവാവിനെ ആറ് പേർ ചേർന്ന് ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു. നോര്‍ത്ത് ദില്ലിയിലെ ജഹാംഗിര്‍പുരിയിലാണ് സംഭവം. ഗൗരവ്(24) എന്ന യുവാവാണ് കൊലപ്പെട്ടത്. ഇയാൾ കൊലക്കേസ് പ്രതിയായിരുന്നുവെന്ന് വെസ്റ്റ് ദില്ലി ഡെപ്യൂട്ടി കമ്മീഷണര്‍ ബിഷം സിങ് പറഞ്ഞു. 

​സംഭവ ദിവസം  ഗൗരവും സുഹൃത്ത് സതീഷും കൂടി പ്രദേശത്തെ റോക്കി, രവി എന്നീ യുവാക്കളുമായി തർക്കത്തിലേർപ്പെട്ടു. തുടര്‍ന്ന് റോക്കിയെയും രവിയെയും ഇവര്‍ കത്തിക്കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ഇതോടെ  റോക്കിയുടെയും രവിയുടെയും സുഹൃത്തുക്കൾ സ്ഥലത്തെത്തി ഗൗരവിനെയും സതീഷിനെയും ആക്രമിക്കുകയായിരുന്നു. ശേഷം ഗൗരവിനെ സംഘം ഇഷ്ടിക കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു.

പ്രതികളെ കുറിച്ച്‌ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും അവരെ എത്രയും വേ​ഗം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.