Asianet News MalayalamAsianet News Malayalam

കൊയിലാണ്ടിയിൽ വീണ്ടും യുവാവിനെ തട്ടിക്കൊണ്ട് പോയി, സ്വർണക്കടത്തെന്ന് സംശയം

മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് ഇന്നലെ രാത്രി 11 മണിയോടെ എത്തിയ സംഘം വീട്ടിലെത്തി തട്ടിക്കൊണ്ട് പോയത്. എവിടെയാണ് ഇയാളെന്ന് സൂചന നൽകുന്ന ഒരു ഫോൺകോളോ മറ്റ് സന്ദേശങ്ങളോ ഒന്നും വീട്ടുകാർക്ക് ഇതുവരെ കിട്ടിയിട്ടില്ല. 

youth kidnapped from koyilandi gold smuggling suspected
Author
Kozhikode, First Published Aug 16, 2021, 8:54 AM IST

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ വീണ്ടും യുവാവിനെ തട്ടിക്കൊണ്ട് പോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് ഒരു സംഘമാളുകൾ ഇന്നലെ രാത്രി വീട്ടിലെത്തി തട്ടിക്കൊണ്ട് പോയത്. സംഘത്തിൽ അഞ്ച് പേരോളം ഉണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിറകിലെന്നാണ് പൊലീസ് സംശയിക്കുന്നത്. എവിടെയാണ് ഇയാളെന്ന് സൂചന നൽകുന്ന ഒരു ഫോൺകോളോ മറ്റ് സന്ദേശങ്ങളോ ഒന്നും വീട്ടുകാർക്ക് ഇതുവരെ കിട്ടിയിട്ടില്ല. 

സ്വർണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഇത്തരത്തിലുള്ള അന്വേഷണമാണ് പൊലീസിപ്പോൾ നടത്തുന്നത്. തട്ടിക്കൊണ്ട് പോയ ഹനീഫ ഏതെങ്കിലും തരത്തിൽ സ്വർണക്കടത്തിനുള്ള ക്യാരിയറായി പ്രവർത്തിച്ചിരുന്നോ എന്ന രീതിയിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. 

നേരത്തേ കൊയിലാണ്ടി ഊരള്ളൂർ സ്വദേശിയായിരുന്ന അഷ്റഫ് എന്നയാളെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് തട്ടിക്കൊണ്ട് പോയിരുന്നു. ഇത് കഴിഞ്ഞ് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ഹനീഫയെ ഒരു സംഘമാളുകൾ ചേർന്ന് തട്ടിക്കൊണ്ട് പോകുന്നത്. അഷ്റഫിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഇത് വരെ മൂന്ന് പേരെ മാത്രമേ അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടുള്ളൂ. പ്രധാന പ്രതികളെ ആരെയും ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 

കൊടുവള്ളി സ്വദേശി പൂമുള്ളന്‍കണ്ടിയില്‍ നൗഷാദ്, കിഴക്കോത്ത് സ്വദേശി താന്നിക്കല്‍ മുഹമ്മദ് സാലിഹ്, നെല്ലാംകണ്ടി സ്വദേശി കളിത്തൊടുകയില്‍ സൈഫുദ്ദീന്‍ എന്നിവരെയാണ് അഷ്റഫിനെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് കൊയിലാണ്ടി സ്വദേശിയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുമോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൊടുവള്ളി സംഘമാണ് കൊയിലാണ്ടിയിലെ അഷ്റഫിനെ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് ഉറപ്പിച്ച് പറയുന്നത്. 

ജൂലായ് 13-ന് രാവിലെയാണ് കൊയിലാണ്ടിയിലെ വീട്ടിൽ നിന്ന് അഷ്റഫിനെ അഞ്ചംഗ സംഘം  തട്ടിക്കൊണ്ട് പോയത്.  അഷ്റഫ് മുമ്പും സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായിട്ടുണ്ട്. രണ്ട് കിലോ സ്വർണം മെയ് മാസത്തിൽ നാട്ടിലെത്തിയപ്പോൾ റിയാദിൽ നിന്ന് അഷ്റഫ് കൊണ്ട് വന്നിരുന്നു. ഈ സ്വർണം മറിച്ചുവിറ്റ് സ്വർണക്കടത്തിനിടെ തട്ടിക്കൊണ്ട് പോയെന്ന് അഷ്റഫ് പറഞ്ഞെന്നാരോപിച്ചാണ് കൊടുവള്ളി സംഘം ഇയാളെ തട്ടിക്കൊണ്ട് പോകുന്നത്. തട്ടിക്കൊണ്ട് പോയ ശേഷം പിറ്റേന്ന് ഗുരുതരമായി പരിക്കേറ്റ നിലയിൽ അഷ്റഫിനെ കണ്ടെത്തുകയായിരുന്നു. അഷ്റഫിനെ ഒരു തടിമില്ലിൽ ഇറക്കി ദേഹമാകെ ബ്ലേഡ് കൊണ്ട് വരഞ്ഞ നിലയിൽ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

തട്ടിക്കൊണ്ട് പോകലിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് ഉറപ്പായ സാഹചര്യത്തില്‍ കസ്റ്റംസ് സംഘം പൊലീസിൽ നിന്ന് വിവരം ശേഖരിച്ചിരുന്നു. ഈ പുതിയ കേസിലും കസ്റ്റംസ് ഇടപെടാനാണ് സാധ്യത. 

Follow Us:
Download App:
  • android
  • ios