തൃശ്ശൂര്‍: മാനസികരോഗിയായ യുവാവ് പിതാവിനേയും മാതാവിന്‍റെ സഹോദരിയേയും തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശി മമ്മസ്രായില്ലത്ത് വീട്ടില്‍ ജമാല്‍ (60), പണിക്കവീട്ടില്‍ ഹസൻ ഭാര്യ ഖദീജ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജമാലിന്റെ മകൻ ഷെഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മാനസികരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച്ച ഉച്ചക്ക് ഒന്നരയോടെ സ്വന്തം വീട്ടിലെത്തിയ ഷെഫീഖ് പിതാവിനെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് വന്ന് മർദ്ദിക്കുകയും കരിങ്കല്ല് കൊണ്ട് തലക്കടിക്കുകയും ചെയ്തു. പിന്നീട്  മുറ്റത്ത് പാഴ്‍വസ്തുക്കൾക്ക് തീയിട്ടശേഷം അതിലേക്ക് പിതാവിനെ തള്ളിയിടുകയായിരുന്നു.

സംഭവം കണ്ട  മാതാവ് കുഞ്ഞി പാത്തു ഷെഫീഖിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും  മാതാവിനെയും മർദ്ദിക്കുകയായിരുന്നു. പിന്നീട് കുഞ്ഞി പാത്തു തൊട്ടടുത്ത് താമസിക്കുന്ന അനിയത്തി ഖദീജയെ വിളിച്ചു കൊണ്ട് വന്ന് പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഖദീജയ്ക്ക്  തലക്കടിയേറ്റത്. ഇതിനിടെ തീയിൽ നിന്ന് ജമാൽ  എണീക്കാൻ ശ്രമിക്കുന്നത് കണ്ട് വീണ്ടും കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു. സ്ത്രീകളുടെ കരച്ചിൽ കേട്ട് തൊട്ടടുത്ത പള്ളിയിൽ നമസ്കാരം കഴിഞ്ഞ് ഇറങ്ങിയവർ ഓടിയെത്തി ഷെഫീഖിനെ പിടികൂടി പൊലീസിന് കൈമാറി.

ജമാലിനെയും ഖദീജയെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി ഷെഫീക്ക് ഇന്ന് രാവിലെ എടമുട്ടത്തുള്ള ഒരു ക്ഷേത്രത്തിൽ കയറി പ്രശ്നമുണ്ടാക്കിയതിന് ഇയാൾക്കെതിരെ ക്ഷേത്രം ഭാരവാഹികൾ വലപ്പാട് പൊലീസിൽ പരാതി നൽകിയിരുന്നു. മൂന്ന് വർഷത്തോളമായി ഇയാൾക്ക് മാനസിക രോഗമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.