പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോൾ ഉടുത്തിരുന്ന മുണ്ട് ഉയർത്തിക്കാട്ടി എന്നാണ് കേസ്. വീട്ടില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം.

മൂന്നാര്‍: ഇടുക്കിയില്‍ യുവാവിന് പോക്സോ കേസില്‍ അഞ്ചു വർഷം തടവും അയ്യായിരം രൂപ പിഴയും വിധിച്ച് കോടതി. ഇടുക്കി സ്വദേശി ബിനോയിയെ ആണ് കോടതി ശിക്ഷിച്ചത്. 2020 ഇടുക്കി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പെണ്‍കുട്ടിയ്ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയതിനാണ് പൊലീസ് ബിനോയ്ക്കെതിരെ കേസെടുത്തത്.

പെൺകുട്ടി തന്‍റെ വീട്ടില്‍ തുണി അലക്കിക്കൊണ്ടിരുന്നപ്പോഴാണ് സംഭവം. വീട്ടിലെത്തിയ ബിനോയ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് വിവാഹഭ്യർത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോൾ ഉടുത്തിരുന്ന മുണ്ട് ഉയർത്തിക്കാട്ടി എന്നാണ് കേസ്. വീട്ടില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം.

പിന്നീട് പെണ്‍കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍‌ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മുമ്പ് പലതവണ ബിനോയ് പെണ്‍കുട്ടിയെ പിന്തുടർന്ന് ശല്യപ്പടുത്തുകയും ചെയ്തിരുന്നു. കുറ്റം തെളിഞ്ഞതോടെ കോടതി ബിനോയിയെ അഞ്ച് വര്‍ഷം തടവിന് വിധിക്കുകയായിരുന്നു. ശിക്ഷ ഒരുമിച്ച് ഒരു വർഷം അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.

Read More : രണ്ടാം ഭാര്യയുടെ മകളായ 15 കാരിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്; ബന്ധുക്കൾ ബലമായി മോചിപ്പിച്ചു

അതേസമയം മൂന്നാറിൽ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷൻ സ്വദേശികളെയാണ് ദേവികുളം പൊലീസ് പിടികൂടിയത്. വയറുവേദനയേ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ദേവികുളം ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ താസമിക്കുന്ന അൻപത്തിയാറുകാരനായ പി വേലുസ്വാമി പത്തൊൻപത് വയസ്സുള്ള് എൻ മുകേഷ് എന്നിവരെയാണ് ദേവികുളം പോലീസ് അറസ്റ്റു ചെയ്തത്. 

മൂന്നാം ക്ലാസിലാണ് പീഡനത്തിനിരയായി പെൺകുട്ടി പഠിക്കുന്നത്. കഴിഞ്ഞദിവസം കുട്ടിക്ക് സ്കൂളിൽ വച്ച് കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് അധ്യാപകർ മാതാപിതാക്കളെ വിളിച്ചു വരുത്തിയ ശേഷം പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത് കണ്ടെത്തിയത്. മാതാപിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകി. 

ചൈൽഡ് ലൈനിന്റെ നിർദ്ദേശപ്രകാരം ദേവികുളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. മാതാപിതാക്കളുടെയും പെൺകുട്ടിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വേലുസ്വാമിയെയും മുകേഷിനെയും അറസ്റ്റു ചെയ്തത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയങ്ങളിലാണ് പ്രതികൾ പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. രണ്ടുതവണ പീഡിപ്പിച്ചിട്ടുണ്ട് എന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത വേലു സ്വാമിയെയും മുകേഷിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു