വീടിനകത്ത് കളിക്കുകയായിരുന്ന കുട്ടിയോട് അമ്മക്കും അനുജത്തിക്കും വാഹനാപകടമുണ്ടായെന്നും അച്ഛൻറെ സുഹൃത്താണെന്നും തന്നോടൊപ്പം വരണമെന്നും യുവാവ് പറഞ്ഞു.
അമ്പലപ്പുഴ: വീട്ടിൽ കളിച്ചുകൊണ്ടിരുന്ന പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞദിവസം രാവിലെ 10ന് കാക്കാഴം സ്വദേശിയായ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ തന്ത്രപരമായ നീക്കം തട്ടിക്കൊണ്ടുപോകല്‍ പൊളിച്ചു. കാക്കാഴം വെള്ളം തെങ്ങിൽ ശരത്-ആസ്മിൻ ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമം നടന്നത്.
ഇളയ കുട്ടിയെ മാതാവ് സ്കൂളിൽ വിടാൻ പോയ സമയത്താണ് സംഭവം. കെഎസ്ഇബി ജീവനക്കാരനായ പിതാവും ജോലിക്കായി പുറത്തേക്ക് പോയിരുന്നു. ഒരു യുവാവ് വീട്ടിലെത്തി. ഈ സമയം വീടിനകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പതിനൊന്നുകാരി. വാതില്‍ അകത്ത് നിന്നും പൂട്ടിയിരുന്നു. കുട്ടിയോട് അമ്മക്കും അനുജത്തിക്കും വാഹനാപകടമുണ്ടായെന്നും അച്ഛൻറെ സുഹൃത്താണെന്നും തന്നോടൊപ്പം വരണമെന്നും യുവാവ് പറഞ്ഞു.
എന്നാല്‍ പെണ്‍കുട്ടി വീടിൻറെ വാതിൽ തുറന്നില്ല. തന്‍റെ പിതാവ് പൊലീസാണെന്നും നമ്പർ തരാം ഫോണിൽ വിളിക്കാനും കുട്ടി പറഞ്ഞു. ഇതോടെ യുവാവ് കടന്നുകളഞ്ഞു. പിന്നീട് മാതാവ് തിരികെയെത്തിയ ശേഷം ആണ് പെണ്‍കുട്ടി വിതില്‍ തുറന്നത്. വിവരം അമ്മയോട് പറഞ്ഞു. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് പിടിയില്‍
അതേസമയം മലപ്പുറം ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാവനൂരില്‍ നിന്നാണ് അസം സ്വദേശിയായ പെണ്‍കുട്ടിയെ ബംഗാള്‍ സ്വദേശിയാ മഹീന്ദ്ര (27) തട്ടിക്കൊണ്ടുപോയത്. പതിനഞ്ചുകാരിയെ ആഗസ്റ്റ് 26നാണ് കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
എറണാകുളത്ത് നിന്നാണ് പ്രതിയോടൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇരുവരും എറണാകുളത്തുണ്ടെന്ന് മനസിലാക്കിയ അരീക്കോട് പൊലീസ് എറണാകുളത്തെത്തി ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി വിളിച്ചിറക്കിക്കൊണ്ടുപോയതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പ്രതി മഹീന്ദ്രന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
