ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഹൗസിലേക്ക് അവസാന അതിഥികളെ അയച്ച് ബിഗ് ബോസ്
ഏഴിന്‍റെ പണി എന്ന ടാഗ് ലൈനും ഒട്ടേറെ പ്രത്യേകതകളുമായി മൂന്ന് മാസം മുന്‍പ് ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 7 ന് നാളെ ഗ്രാന്‍ഡ് ഫിനാലെയോടെ അവസാനം. പണിപ്പുര അടക്കം പല വൈവിധ്യങ്ങളുമായി മുന്നോട്ടുപോയ സീസണ്‍ പ്രേക്ഷകരെ സംബന്ധിച്ച് പല നിലയ്ക്കും പുതിയ അനുഭവമായിരുന്നു. ഏറ്റവുമൊടുവില്‍ ഹൗസില്‍ മത്സരാര്‍ഥികളുടെ അവസാന ദിനത്തില്‍ അവരെ കാണാന്‍ നാല് അതിഥികളും എത്തി. ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിക്കാന്‍ പോകുന്ന രണ്ട് പുതിയ പരമ്പരകളിലെ പ്രധാന അഭിനേതാക്കളാണ് ബിഗ് ബോസ് വീട്ടിലേക്ക് ഇന്ന് എത്തിയത്.
കാറ്റത്തെ കിളിക്കൂട്, അഡ്വ, അഞ്ജലി എന്നീ പരമ്പരകളിലെ അഭിനേതാക്കളായ നിധിന്‍, ടെസ്സ, പാര്‍വതി, കൗശിക് എന്നിവരാണ് മത്സരാര്‍ഥികളെയും ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കും എത്തിയത്. പുതിയ പരമ്പരകള്‍ ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. രണ്ട് സീരിയലുകളുടെയും ട്രെയ്ലറുകള്‍ ലിവിംഗ് ഏരിയയിലെ ടിവിയില്‍ പ്ലേ ചെയ്തു. ഒപ്പം പരമ്പരകളെക്കുറിച്ച് അഭിനേതാക്കള്‍ സംസാരിക്കുകയും ചെയ്തു. അവരോട് മത്സരാര്‍ഥികള്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. എല്ലാവര്‍ക്കുമൊപ്പം ബിഗ് ബോസ് ക്യാമറയിലൂടെ ഫോട്ടോയും എടുത്തിട്ടാണ് അവര്‍ മടങ്ങിയത്. പോകുന്നതിന് മുന്‍പ് വിജയാശംസകള്‍ നേരാനും അഭിനേതാക്കള്‍ മറന്നില്ല. തിങ്കള്‍ മുതല്‍ ഞായര്‍ വരെ രാത്രി 8 മണിക്കാണ് കാറ്റത്തെ കിളിക്കൂട് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുക. അഡ്വ. അഞ്ജലിയാവട്ടെ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 10 മണിക്കും.
അതേസമയം സീസണ്‍ 7 ലെ ഫൈനല്‍ ഫൈവ് ഇന്നാണ് തീരുമാനിക്കപ്പെട്ടത്. ആറ് പേര്‍ ഉണ്ടായിരുന്നതില്‍ നിന്ന് നൂറ പുറത്തായതോടെയാണ് ഷോ ഫൈനല്‍ 5 ലേക്ക് ചുരുങ്ങിയത്. അനുമോള്‍, അനീഷ്, ഷാനവാസ്, നെവിന്‍, അക്ബര്‍ എന്നിവരാണ് സീസണ്‍ 7 ന്‍റെ ഫൈനല്‍ 5. ഇതില്‍ ആര് കപ്പ് ഉയര്‍ത്തുമെന്ന് നാളെ അറിയാം. ഒട്ടേറെ സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സീസണ്‍ 7 ല്‍ മുന്‍ സീസണുകളിലേതുപോലെ ഒരു മത്സരാര്‍ഥിയുടെ അപ്രമാദിത്വം ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ ഫിനാലെ വീക്കിലേക്ക് എത്തിയപ്പോള്‍ ഷോ ആവേശം ഇരട്ടി ആക്കിയിരുന്നു. അതേസമയം ടൈറ്റില്‍ വിജയിയെ അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

