Asianet News MalayalamAsianet News Malayalam

ഈജിപ്തിൽ കളിമൺ പാത്രത്തിനുള്ളിൽ സൂക്ഷിച്ച നിലയിൽ 2600 വർഷം പഴക്കമുള്ള ചീസ്

ഈ പ്രദേശത്തെ പുരാതന ചീസിന്റെ രണ്ടാമത്തെ കണ്ടെത്തലാണ് ഇത്. ആദ്യത്തേത് 2018 -ൽ ഒരു പുരാവസ്തു ഖനനത്തിനിടെ കണ്ടെത്തി, ഇത് 3,200 വർഷം പഴക്കമുള്ളതാണ്.

2600 year old cheese found
Author
First Published Sep 23, 2022, 2:32 PM IST

ഈജിപ്തിലെ പുരാവസ്തു ഗവേഷകർ കളിമൺ പാത്രങ്ങൾക്കുള്ളിൽ നിന്ന് 2,600 വർഷം പഴക്കമുള്ള ചീസ് കണ്ടെത്തി. ഈജിപ്തിലെ ഗിസ ഗവർണറേറ്റിലെ ഒരു സൈറ്റിൽ ജോലി ചെയ്യുന്ന ഗവേഷകരാണ് ഇത് കണ്ടെത്തിയത്.  പ്രസിദ്ധമായ റോസെറ്റ സ്റ്റോണിൽ കണ്ടെത്തിയ പുരാതന ഈജിപ്ഷ്യൻ എഴുത്ത് രൂപമായ ഡെമോട്ടിക് ലിപി കൊണ്ട് അലങ്കരിച്ച പുരാതന കളിമൺ പാത്രങ്ങൾക്കുള്ളിൽ, 2,600 വർഷം പഴക്കമുള്ള വെളുത്ത ചീസ് കട്ടകൾ ആണ് അവർ കണ്ടെത്തിയത്.

ഈജിപ്ത് ടുഡേ പറയുന്നതനുസരിച്ച്, സഖാര നെക്രോപോളിസിൽ നടത്തിയ ഖനനത്തിനിടെയാണ് ചീസ് കണ്ടെത്തിയത്. ഈ സ്ഥലം വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ് എന്നാണ് ഈജിപ്ഷ്യൻ വിനോദസഞ്ചാര, പുരാവസ്തു മന്ത്രാലയം പറയുന്നത്. വിവിധ കാലഘട്ടങ്ങളിലെ അവശിഷ്ടങ്ങളും ശവകുടീരങ്ങളും, ആറാം ഫറോണിക് രാജവംശത്തിലെ ക്ഷേത്രങ്ങളും, നിരവധി മൃഗ പ്രതിമകളും, 32 അടി നീളമുള്ള രണ്ട് പാപ്പൈറികളും ഇവിടെ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.

മരണാനന്തര ജീവിതത്തിൽ അനുഗമിക്കുന്നതിനുള്ള വഴിപാടുകളായി പുരാതന ശവകുടീരങ്ങളിൽ നിരവധി അമൂല്യ വസ്തുക്കൾ ഉപേക്ഷിച്ചതായി സഖാറ പുരാവസ്തു മേഖലയുടെ ഡയറക്ടർ മുഹമ്മദ് യൂസഫ് ഒയാൻ വിശദീകരിച്ചു.  ഇത്തരത്തിൽ നിക്ഷേപിച്ച വസ്തുക്കളുടെ കൂട്ടത്തിലാണ് ചീസ് ഉണ്ടായിരുന്നത്.

പുരാതന ചീസ് ഏകദേശം 26 -ാം ഈജിപ്ഷ്യൻ രാജവംശത്തിന്റെ കാലത്തുള്ളതാണ്. ബി സി 664 -നും 525 കാലഘട്ടത്തിൽ ഉള്ളതായിരിക്കാനാണ് സാധ്യത. പശുവിൻ പാൽ  മിശ്രിതത്തിൽ നിന്ന് നിർമ്മിച്ച പരമ്പരാഗത സൈപ്രിയറ്റ് ചീസ് ആയ ഹാലൂമി ആണ് ഈ ചീസ് എന്ന് ഗവേഷകർ പറഞ്ഞു. 

ഈ പ്രദേശത്തെ പുരാതന ചീസിന്റെ രണ്ടാമത്തെ കണ്ടെത്തലാണ് ഇത്. ആദ്യത്തേത് 2018 -ൽ ഒരു പുരാവസ്തു ഖനനത്തിനിടെ കണ്ടെത്തി, ഇത് 3,200 വർഷം പഴക്കമുള്ളതാണ്. പുരാതന ഈജിപ്ഷ്യൻ ചീസ് ഉൽപാദനത്തിന്റെ ആദ്യ തെളിവ് നൽകിയതിനാൽ ആ  കണ്ടുപിടിത്തം  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios