Asianet News MalayalamAsianet News Malayalam

'തിരുമക്കളെ' പൂജാവിധി പ്രകാരം സംസ്കരിച്ചതെന്തിന്? കുളത്തൂപ്പുഴയിലുള്ളവർ പറയുന്നത്

ഇന്നിപ്പോൾ ട്രോളുന്ന പലരും പലയിടങ്ങളിലുള്ളവരാണ്. പലരും ചെറുപ്പക്കാരാണ്. അവരെയും തെറ്റ് പറയാനാവില്ല. അവർ അവരുടെ കാഴ്ച്ചപ്പാട് വച്ച് ട്രോളുകളും പരിഹസിക്കുകയും ചെയ്യുന്നു. രണ്ട് ദിവസം കഴിയുമ്പോൾ മറ്റൊരു വിഷയം കിട്ടുമ്പോൾ ഇത് അവർ മറക്കുകയും ചെയ്യും. 

about Kulathupuzha Sastha Temple thirumakkal fish viral post
Author
Kulathupuzha, First Published Oct 13, 2021, 12:22 PM IST

കുളത്തൂപ്പുഴ ധർമ്മ ശാസ്താ ക്ഷേത്രം വക ക്ഷേത്രക്കടവിലെ തിരുമക്കൾ എന്ന് വിളിക്കുന്ന മത്സ്യങ്ങളെ പൂജാവിധി പ്രകാരം സംസ്കരിച്ചത് സോഷ്യൽ മീഡിയയിൽ പലവിധത്തിലുള്ള ട്രോളുകളും ചർച്ചകളും ഉണ്ടാക്കിയിരിക്കുകയാണ്. 'Voice Of Punalur പുനലൂരിന്റെ ശബ്ദം' എന്ന ഫേസ്ബുക്ക് പേജിലാണ് ഇതേ കുറിച്ചുള്ള പോസ്റ്റും ചിത്രങ്ങളും പങ്കുവച്ചിരുന്നത്. 

'കുളത്തുപ്പുഴ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം വക ക്ഷേത്രകടവിൽ തിരുമക്കൾ എന്നപേരിൽ വിശ്വാസം അർപ്പിച്ചു ഭക്തിപൂർവ്വം സംരക്ഷിച്ചു വരുന്ന തിരുമക്കൾ എന്നറിയുന്ന ക്ഷേത്ര മൽസ്യങ്ങൾ കഴിഞ്ഞ ദിവസം ശക്തമായ മഴയെ തുടർന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ക്ഷേത്ര പരിസരത്തിലെ കല്ലുകെട്ടുകൾക്കിടയിൽ കുരുങ്ങി ജീവൻ നഷ്ടപ്പെട്ടുപോയ തിരുമക്കളെ ക്ഷേത്ര ആചാരപ്രകാരം പൂജാവിധികളോടെ ഇന്ന് രാവിലെ സംസ്കരിച്ചു.'

എന്നായിരുന്നു പോസ്റ്റ്. എന്നാൽ, പോസ്റ്റിനെ തുടർന്ന് നിരവധിപ്പേരാണ് ഇതോട് വിയോജിച്ചും യോജിച്ചും പരിഹസിച്ചുമെല്ലാം കമന്റുകളുമായി എത്തിയത്. ചിലരെല്ലാം മത്സ്യത്തെ പാകം ചെയ്ത് കഴിക്കേണ്ടുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ മറ്റ് ചിലർ വിശ്വസിക്കുന്നവർ വിശ്വസിച്ചോട്ടെ എന്ന തരത്തിൽ കമന്റുകളുമായെത്തി. 

എന്നാൽ, ക്ഷേത്രവുമായി ചേർന്ന് പ്രവർത്തിച്ചവർക്ക് ഇതേ കുറിച്ച് എന്താണ് പറയാനുള്ളത്? ഏറെക്കാലം ക്ഷേത്രത്തിന്റെ പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്ന ജയചന്ദ്രൻ പിള്ള ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വ്യക്തമാക്കുന്നു. 

ഐതിഹ്യം

അയ്യപ്പനെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി എത്തിയ ഒരു ജലകന്യകയുണ്ടായിരുന്നു. എന്നാൽ, അയ്യപ്പൻ, ആ ജലകന്യകയുടെ വിവാഹാഭ്യർത്ഥന നിരസിച്ചുവത്രെ. താൻ ബാലകനാണ് എന്നും അയ്യപ്പൻ പറഞ്ഞു. ഒപ്പം അന്ന് അയ്യപ്പൻ വേറൊന്ന് കൂടി പറഞ്ഞുവത്രെ. വിവാഹാഭ്യർത്ഥന നിരസിച്ചുവെങ്കിലും ജലകന്യകയെ മത്സ്യമായി തുടരാൻ അനുവദിച്ചു. തന്നെ കാണാനെത്തുന്ന ഭക്തജനങ്ങൾ അവളെ കൂടി കാണും എന്ന് ഉറപ്പും നൽകി. ആ മത്സ്യങ്ങളെയാണ് 'തിരുമക്കൾ' എന്ന് അറിയപ്പെടുന്നത്. 

ട്രോളുകളോട് പരിഭവമില്ല

നേരത്തെയും വേനൽക്കാലങ്ങളിൽ വെള്ളം കുറയുമ്പോൾ ചിലയിനം വണ്ടുകളുടെയും മറ്റും സാന്നിധ്യം കൊണ്ടും 
തിരുമക്കൾ എന്ന് വിളിക്കപ്പെടുന്ന മത്സ്യങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അപ്പോഴും പൂജാവിധി പ്രകാരം തന്നെയാണ് അടക്കിയത്. അത് ഒരു വിശ്വാസത്തിന്റെ ഭാ​ഗമായത് കൊണ്ട് അത് തുടരുന്നു. അന്ന്, ഇതുപോലെ സോഷ്യൽ മീഡിയകളിലെത്താത്തതു കൊണ്ട് അത് അവിടെ ഒതുങ്ങി നിന്നു. അത് ക്ഷേത്രവുമായും അതിനെച്ചുറ്റിപ്പറ്റി നിൽക്കുന്ന വിശ്വാസികളുമായും മാത്രം ബന്ധപ്പെട്ട കാര്യമാണ്. അതിൽ ആരെയും വേദനിപ്പിക്കുന്ന ഒന്നുമില്ല. വിശ്വാസപ്രകാരം അങ്ങനെ ചെയ്യുന്നു എന്ന് മാത്രം. 

ഇന്നിപ്പോൾ ട്രോളുന്ന പലരും പലയിടങ്ങളിലുള്ളവരാണ്. പലരും ചെറുപ്പക്കാരാണ്. അവരെയും തെറ്റ് പറയാനാവില്ല. അവർ അവരുടെ കാഴ്ച്ചപ്പാട് വച്ച് ട്രോളുകളും പരിഹസിക്കുകയും ചെയ്യുന്നു. രണ്ട് ദിവസം കഴിയുമ്പോൾ മറ്റൊരു വിഷയം കിട്ടുമ്പോൾ ഇത് അവർ മറക്കുകയും ചെയ്യും. ഞങ്ങൾ ഇവിടെയുള്ളവരും വിശ്വാസികളും ഇത്തരം കാര്യങ്ങൾ പിന്തുടരുകയും ചെയ്യുന്നു. ക്ഷേത്രങ്ങളിലെ ആന ചെരിഞ്ഞാൽ യഥാവിധി യാത്രയാക്കുന്നവരാണ് നാം. ഇവിടെ 'തിരുമക്കൾ' എന്ന മത്സ്യമാണ് എന്ന് മാത്രം. ഈയിനം മത്സ്യങ്ങളെ മാത്രമേ അത്തരം പൂജാവിധികളോടെ അടക്കാറുള്ളൂ എന്നും ജയചന്ദ്രൻ പിള്ള പറയുന്നു. 

Follow Us:
Download App:
  • android
  • ios