Asianet News MalayalamAsianet News Malayalam

ഗാന്ധിജിയുടെ അഹിംസാമാർ​ഗത്തെ കുറിച്ചുള്ള ഡോക്യുമെന്ററിക്ക് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം

'ഗാന്ധിജിയുടെ ആശയങ്ങൾ തിരികെ കൊണ്ടുവരേണ്ട സമയമാണിതെന്ന് ഞാൻ വിചാരിക്കുന്നു. കാരണം ഇന്ന് ആരും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നില്ല. എല്ലാവരും അക്രമത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്.'

Ahimsa Gandhi: The Power of the Powerless documentary wins top honour
Author
Thiruvananthapuram, First Published Jun 17, 2021, 12:51 PM IST

ലോകചരിത്രത്തിൽ നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ പോലെ ഇത്രയേറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു നേതാവുണ്ടോ എന്ന് സംശയമാണ്. അതിന് കാരണം അദ്ദേഹം ഉയർത്തി പിടിച്ച മൂല്യങ്ങൾ തന്നെയാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നിരവധി സിനിമകളും ഡോക്യുമെന്ററികളും ഇതിനകം തന്നെ ഇറങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഡോക്യുമെന്ററിയാണ് രമേശ് ശർമ സംവിധാനം ചെയ്ത 'അഹിംസ: ഗാന്ധി - പവർ ഓഫ് പവർലെസ്' എന്നത്. ഇന്നിപ്പോൾ അതിന് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2021 -ലെ മികച്ച ഡോക്യുമെന്ററി പുരസ്‌കാരം ലഭിച്ചിരിക്കയാണ്. 

Ahimsa Gandhi: The Power of the Powerless documentary wins top honour

2019 -ൽ ഗാന്ധിജിയുടെ 150 -ാം ജന്മവാർഷികം ലോകം ആഘോഷിക്കുന്ന സമയത്താണ്, അദ്ദേഹത്തിന്റെ ജീവിതവും തത്വങ്ങളും ആഴത്തിൽ പഠിക്കാൻ ശർമ തീരുമാനിക്കുന്നത്. അവിടെ നിന്നാണ് ഈ ഡോക്യുമെന്ററി ജനിക്കുന്നത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇത് ചിത്രീകരിച്ചത്. മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ, അന്തരിച്ച ജോൺ ലൂയിസ്, മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ടേല, ദലൈലാമ എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കളിൽ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം ചെലുത്തിയ സ്വാധീനത്തെ കുറിച്ചാണ് ഇതിൽ പറയുന്നത്. 

'ഇത് വളരെ വലിയ ചിത്രമാണ്. ഞങ്ങൾ ഗാന്ധിജിയെ കുറിച്ച് മാത്രമല്ല പറയാൻ ശ്രമിച്ചത്. ഗാന്ധിജിയുടെ സന്ദേശം ലോകമെമ്പാടും എങ്ങനെയാണ് അലയടിച്ചത് എന്ന് കൂടി ഇതിലൂടെ ഞങ്ങൾ പറയാൻ ശ്രമിച്ചിരിക്കുന്നു. ഇത് കൂടാതെ, ഇന്നത്തെ ലോകത്ത് അഹിംസയുടെ പ്രസക്തിയെ കുറിച്ചും ഈ ചിത്രം ചർച്ച ചെയ്യുന്നു. ഗാന്ധി അനീതിക്കെതിരായ വിയോജിപ്പിന്റെ പ്രകടനമാണ്. അത് മനുഷ്യത്വമില്ലായ്മയോടുള്ള വിയോജിപ്പായിരുന്നു. ഇത് കൂടാതെ, അദ്ദേഹം ആദ്യത്തെ പരിസ്ഥിതി പ്രവർത്തകരിൽ ഒരാളായിരുന്നു. സുസ്ഥിരമായ ജീവിതത്തിൽ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. ഈ ആശയങ്ങളെ എല്ലാം ഞങ്ങൾ ചിത്രത്തിൽ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്' അദ്ദേഹം പറഞ്ഞു.

ഇന്ന് ഗാന്ധിജിയുടെ കഥ വളരേറെ പ്രസക്തമാണെന്ന് അദ്ദേഹം പറയുന്നു. 'ഗാന്ധിജിയുടെ ആശയങ്ങൾ തിരികെ കൊണ്ടുവരേണ്ട സമയമാണിതെന്ന് ഞാൻ വിചാരിക്കുന്നു. കാരണം ഇന്ന് ആരും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നില്ല. എല്ലാവരും അക്രമത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്' അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ചിത്രത്തിലൂടെ അദ്ദേഹം ഇന്ത്യയുടെ ഏറ്റവും വലിയ വ്യക്തിത്വത്തിന് ആദരവ് അർപ്പിക്കുകയാണ് ചെയ്തത്. പ്രശസ്ത ചലച്ചിത്ര, ഡോക്യുമെന്ററി നിർമ്മാതാവും സംവിധായകനുമാണ് രമേശ് ശർമ. ദേശീയ, അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിരവധി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രം 'ദി ജേണലിസ്റ്റ് ആൻഡ് ജിഹാദി - ദി മർഡർ ഓഫ് ഡാനിയൽ പേൾ'  യുഎസ്എയിലെ എമ്മി അവാർഡിന് രണ്ട് പ്രാവശ്യം നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios