Asianet News MalayalamAsianet News Malayalam

മരിച്ചവർക്കൊപ്പം താമസിക്കൽ മുതൽ പാമ്പിന്റെ ചോര കുടിക്കൽ വരെ; ഇന്നും നിലനിൽക്കുന്ന ചില വിചിത്ര ആചാരങ്ങൾ

ജാപ്പനീസ് ഷിന്റോ ബുദ്ധമതക്കാരുടെ ഇടയിലുള്ള ഒരു വിശ്വാസമാണ് ജ്വലിക്കുന്ന തീകുണ്ഠത്തിന് മുകളിലൂടെ നടക്കുക എന്നത്. ഇതിനെ 'ഹിവതാരി ഷിൻജി' എന്നാണ് വിളിക്കുന്നത്.

baby tossing Hiwatari Shinji living with the dead cobra gold weird culture rlp
Author
First Published Aug 27, 2023, 11:41 AM IST

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  ജീവിക്കുന്ന ഓരോ ജനവിഭാഗത്തിനും അവരുടേതായ ചില ജീവിതരീതികളും വിശ്വാസങ്ങളും ഒക്കെയുണ്ട്. എന്നാൽ, അവയിൽ പലതും ഏറെ വിചിത്രവും കേൾക്കുമ്പോൾ തന്നെ ഭയപ്പെടുത്തുന്നതുമാണ്. പക്ഷേ, ഇത്തരം ആചാരങ്ങൾ അനുഷ്ഠിക്കുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അവ തികച്ചും സ്വാഭാവികവും അവരുടെ ജീവിതത്തിന്റെ ഭാഗവുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഇത്തരം ആചാരങ്ങളിൽ പാമ്പിന്റെ രക്തം കുടിക്കൽ മുതൽ മരിച്ചുപോയവർക്കൊപ്പം ജീവിക്കുന്നത് വരെയുണ്ട്.

മരിച്ചവർക്കൊപ്പം താമസിക്കൽ

ഇന്തോനേഷ്യൻ ദ്വീപായ സുലവേസിയിൽ, മരിച്ചവരുടെ മൃതദേഹം ജീവിച്ചിരിക്കുന്നവരോടൊപ്പം സൂക്ഷിക്കുന്നു. കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യങ്ങൾ അനുസരിച്ചാണ് ഇങ്ങനെ എത്രകാലം ജീവിക്കണം എന്നത് തീരുമാനിക്കുന്നത്. ഇത് സാധാരണയായി നിരവധി ആഴ്ചകൾ മുതൽ വർഷങ്ങൾ വരെ നീളുന്നു. ഒടുവിൽ അവർ മൃതദേഹം സംസ്‌കരിക്കുമ്പോൾ, അവരുടെ പൂർവിക വിശ്വാസം അനുസരിച്ച് ഒരു പോത്തിനെ ബലി നൽകും, മരണാനന്തര ജീവിതത്തിലേക്കുള്ള വാഹനമാണ് ഇത്.

ബേബി ടോസ്

നാണയങ്ങൾ ടോസ് ചെയ്യുന്നത് കണ്ടിട്ടില്ലേ? സമാനമായ രീതിയിൽ നവജാത ശിശുക്കളെ ഒരു നിശ്ചിത ഉയരത്തിൽ നിന്നും താഴേക്കേറിയുന്നതാണ് ബേബി ടോസ്. മഹാരാഷ്ട്രയിലെ ചില ആരാധനാലയങ്ങളിൽ കുട്ടികൾക്ക് ഭാഗ്യം ലഭിക്കുന്നതിനായി നടത്തുന്ന ഒരു ചടങ്ങ് ആണിത്. നവജാത ശിശുക്കളെ ദേവാലയത്തിന്റെ 15 മീറ്റർ ഉയരമുള്ള മതിലിന് മുകളിൽ നിന്നും താഴേക്ക് എറിയുന്നു. അപ്പോൾ താഴെ നിൽക്കുന്നവർ വലിച്ച് പിടിച്ചിട്ടുള്ള നെറ്റിൽ കുട്ടിയെ പിടിക്കുന്നതാണ് ബേബി ടോസ്. ഈ രീതിയുടെ ഫലമായി ഗുരുതരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, ഇന്ത്യയിൽ ഇത് നിരോധിക്കണമെന്ന ആവശ്യം ശക്തമാണ്.

ഫുക്കറ്റ് വെജിറ്റേറിയൻ ഉത്സവം

ഈ പേര് കേൾക്കുമ്പോൾ പച്ചക്കറികൾ കൊണ്ടുള്ള എന്തെങ്കിലും ആഘോഷമാണെന്ന് തോന്നിയേക്കാം എങ്കിലും അങ്ങനെയല്ല. ഒരുപക്ഷേ ലോകത്തിൽ നിലനിൽക്കുന്ന ഏറ്റവും ശാരീരിക വേദന നിറഞ്ഞ പാരമ്പര്യങ്ങളിൽ ഒന്നാണിത്. തായ്‌ലന്റിലാണ് ഈ ആചാരം നടത്തിവരുന്നത്. ചൈനീസ് കലണ്ടറിലെ ഒമ്പതാം ചാന്ദ്ര മാസത്തിൽ ആളുകൾ മാംസാഹാരം വർജ്ജിക്കുകയും ഒരു പ്രത്യേക വ്രതത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇതിൻറെ ഭാഗമായി കവിളുകളിൽ സാധിക്കാവുന്നിടതോളം ലോഹ കമ്പികൾ തുളച്ചു കയറ്റുന്നു. ഈ സമയം പ്രത്യേക വ്രതാനുഷ്ഠാനത്തിൽ ആയതിനാൽ വേദന അവർക്ക് അനുഭവപ്പെടില്ലെന്നാണ് വിശ്വാസം.

ഹിവതാരി ഷിൻജി 

ജാപ്പനീസ് ഷിന്റോ ബുദ്ധമതക്കാരുടെ ഇടയിലുള്ള ഒരു വിശ്വാസമാണ് ജ്വലിക്കുന്ന തീകുണ്ഠത്തിന് മുകളിലൂടെ നടക്കുക എന്നത്. ഇതിനെ 'ഹിവതാരി ഷിൻജി' എന്നാണ് വിളിക്കുന്നത്. എല്ലാ ഡിസംബറിലെയും രണ്ടാമത്തെ ഞായറാഴ്ച അകിബാസൻ എൻറ്റ്സു-ജി ദേവാലയത്തിലാണ് ഇത് ആഘോഷിക്കുന്നത്. ഒരു പുരോഹിതൻ ജ്വലിക്കുന്ന തീക്കനലുകൾക്ക് മുകളിലൂടെ നടക്കും. ഈ ആചാരം ആത്മീയ ശുദ്ധീകരണവും മനശാന്തിയും പ്രദാനം ചെയ്യുന്നു എന്നാണ് ഒരു പൊതു വിശ്വാസം.

കോബ്ര ഗോൾഡ്

കോബ്ര ഗോൾഡ്' ഒരു വാർഷിക  ക്യാമ്പ് പോലെയാണ്. തായ്‌ലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, സിംഗപ്പൂർ, ഇന്തോനേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 13,000 സൈനിക അംഗങ്ങളുണ്ട് ഇതിൽ. മരുഭൂമിയെ അതിജീവിക്കാൻ സൈനികരെ സജ്ജമാക്കുകയാണ് ലക്ഷ്യം. മൂർഖൻ പാമ്പിനെ വേട്ടയാടി അതിന്റെ രക്തം കുടിക്കുക, പല്ല് മാത്രം ഉപയോഗിച്ച് കോഴിയുടെ തല കടിച്ചു കീറാൻ പഠിക്കുക, തേളിനെ തിന്നുക തുടങ്ങിയ വിചിത്രമായ അഭ്യാസങ്ങൾ ഈ കാലയളവിൽ ഇവർ നടത്തുന്നു.
 

Follow Us:
Download App:
  • android
  • ios