Asianet News MalayalamAsianet News Malayalam

അലങ്കാര തൊങ്ങലുകള്‍ കൊണ്ട് മൂടാനാവില്ല, നഴ്‌സുമാരുടെ ജീവിതമുറിവുകള്‍

ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസ ജോസഫ് എഴുതുന്നു. മാലാഖക്കഥകള്‍ക്കു പുറത്ത് ഞങ്ങളുടെ ജീവിതം  

Between angel and soldier a nurses experiences by Theresa Joseph
Author
Thiruvananthapuram, First Published Jul 1, 2020, 4:23 PM IST

സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങുന്ന കാലം മുതല്‍ നഴ്സുമാരുടെ സ്വപ്നങ്ങളുടെ അവകാശികള്‍ മറ്റാരൊക്കെയോ ആണ്. വിദേശത്തു ജോലി കിട്ടണം വീട്ടിലെ സാമ്പത്തിക ബാധ്യത മാറണം. മാതാപിതാക്കളുടെ സ്വപ്നം. പഠനവും നല്ല ജോലിയും ഇളയവരുടെ സ്വപ്നങ്ങള്‍. ഇതിനിടയില്‍ അവള്‍ക്കു സ്വന്തമായി സ്വപ്നങ്ങള്‍ എവിടെ? ഒരു പ്രായം കഴിഞ്ഞാല്‍ സ്വന്തം കുഞ്ഞിന്റെ വിസര്‍ജ്യം വൃത്തിയാക്കാന്‍ അമ്മ പോലും ഒന്ന് മടിച്ചേക്കാം. മൂക്കുപോലും ഒന്ന് ചുളിക്കാതെ നിങ്ങളുടെ വിസര്‍ജ്യങ്ങള്‍ അളന്നു കുറിച്ച്, സ്രവങ്ങള്‍ വൃത്തിയാക്കി പരിചരിക്കുന്ന നഴ്സിന് നിങ്ങള്‍ എന്ത് വിലയിടും? 

 

Between angel and soldier a nurses experiences by Theresa Joseph

 

''എടാ സുനിലേ വാ നമുക്ക് ആശൂത്രി കളിക്കാം.''

നാലുമണിക്ക് സ്‌കൂള്‍ വിട്ടു വന്ന ഞാന്‍ സുനിലിന്റെ കൈയില്‍ പിടിച്ചു വലിച്ചു. 'വേണ്ട നമുക്ക് കബഡികളിക്കാം.' അവന്‍ നെഞ്ചും വിരിച്ചു നിന്ന് പറഞ്ഞു.

''അയ്യടാ എന്നിട്ട് വേണം നിനക്കെന്റെ കാലേല്‍ പിടിച്ചു വീഴിക്കാന്‍. അങ്ങനിപ്പം വേണ്ട. ഇന്ന് നമുക്ക് ആശൂത്രികളിക്കാം. നാളെ കബഡി.'' ഞാനവനെ സോപ്പിടാന്‍ നോക്കി.

അവന്‍ ഒരു തരത്തിലും അടുക്കുന്ന മട്ട് കാണുന്നില്ല . ഞാന്‍ അവസാനത്തെ ആയുധമെടുത്തു. 'എന്നാ ഇന്ന് സ്‌കൂളില്‍ വച്ചു നീ സിന്ധൂനെ ഉന്തിയിട്ട കാര്യം ഞാന്‍ നിന്റച്ഛനോട് പറേം. പിന്നെ ഇന്നലെ ഞാന്‍ തന്ന കല്ലുപേന തിരിച്ചു തന്നേക്ക്'-ഇരട്ട ഭീഷണി മുഴക്കി നില്‍ക്കുന്ന എന്റെ മുന്‍പില്‍ ഒരു രക്ഷയുമില്ലാതെ അവന്‍ ആയുധം വച്ചു കീഴടങ്ങി. അച്ഛന്റെ അടിയേക്കാള്‍ ഭേദം എന്റെ കൂടെ ആശൂത്രി കളിക്കുന്നതാണെന്ന് അവന്‍ വിചാരിച്ചു കാണും.

'എന്നാ ഞാന്‍ ഡോക്ടറാകാം'-അവന്‍ പറഞ്ഞു. 'വേണ്ട, വേണ്ട. നീ നഴ്സ്, ഞാനാ ഡോക്ടര്‍'.

സിന്ധൂന്റെ കാര്യം പറഞ്ഞു ഞാനവനെ പിന്നെയും ഭീഷണിപ്പെടുത്തി. അവന്റെ ദയനീയ മുഖം കണ്ടിട്ട് എനിക്ക് അല്‍പ്പവും അലിവ് തോന്നിയില്ല.

ഞങ്ങള്‍ കളി തുടങ്ങി. മുറ്റത്തെ മണലില്‍ നിര നിരയായി കുഞ്ഞു കുഴികള്‍ കുത്തിയിട്ടുണ്ട് . രോഗികളുടെ വായാണ് അത്. ബാക്കി ശരീര ഭാഗങ്ങള്‍ ഒന്നും ഞങ്ങള്‍ക്ക് വേണ്ട. ഡോക്ടര്‍ രോഗിയെ പരിശോധിച്ചു മരുന്നെഴുതും. നേഴ്സ് വാ തുറന്നുനില്‍ക്കുന്ന കുഴിയിലേക്ക് മരുന്നെന്ന പേരുള്ള വെള്ളമൊഴിക്കും. കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയില്‍ പല തരത്തിലുള്ള ചെറിയ കല്ലുകള്‍ പെറുക്കി വെച്ചിട്ടുണ്ട് . അതാണ് ഗുളിക. ഒരു കയറിന്റെ അറ്റത്തു കൊരുത്തിട്ടിരിക്കുന്ന കല്ലാണ് 'സ്റ്റെതസ്‌ക്കോപ്പ്'. 

ഡോക്ടര്‍ ആയത് കൊണ്ട് എനിക്ക് കളിക്കാന്‍ നല്ല ഉത്സാഹം. സുനിലാണെങ്കില്‍ മനസ്സില്ലാ മനസ്സോടെയാണ് കൂടെ നില്‍ക്കുന്നത്. കളി പുരോഗമിക്കും തോറും സുനിലിന്റെ അരിശം കൂടിക്കൂടി വന്നു. ഒടുവില്‍ സഹികെട്ട ഒരുനിമിഷത്തില്‍ ബാക്കിയുണ്ടായിരുന്ന ഗുളിക മുഴുവന്‍ ഒരു പാവം പിടിച്ച രോഗിയുടെ വായിലേക്ക് ഇട്ടിട്ട് കുറേവെള്ളവും ഒഴിച്ചു. കുഴി കവിഞ്ഞു വെള്ളമൊഴുകി.

''എടാ നീ എന്റെ അപ്പച്ചനെ കൊന്നോ?'' ഞാനൊരൊറ്റ അലര്‍ച്ച. അവന്‍ പേടിച്ചു പോയി. 

എന്റെ കാറിച്ചയും കൂവിച്ചയും കേട്ട് അമ്മ അടുക്കളയില്‍ നിന്നിറങ്ങി വന്നു. ''എന്നാടീ ഇവിടെ ഒരു ബഹളം'' എന്ന് ചോദിച്ചു വടിയുമായി വരുന്ന അമ്മച്ചിയെ കണ്ടതും അടുത്ത റബര്‍ തോട്ടത്തിലേക്ക് സഹായിയായ നഴ്സിനെയും ഉപേക്ഷിച്ച് ഒരൊറ്റയോട്ടം. പൊങ്ങി നിന്ന റബര്‍ മരത്തിന്റെ വേരില്‍ തട്ടി അന്തരീക്ഷത്തിലേക്ക് എന്റെ ഈര്‍ക്കില്‍പോലത്തെ ശരീരം പറക്കുന്നതാണ് ബോധ മണ്ഡലത്തില്‍ അവസാനം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഗതി.

അതായിരുന്നു ഓര്‍മ്മയിലെ ആദ്യത്തെ ആശൂത്രിക്കഥ.

 

Between angel and soldier a nurses experiences by Theresa Joseph

 

മാലാഖേ, ഇനി ഇതാണ് നിന്റെ ജീവിതം

ഓര്‍മ്മപ്പൂക്കള്‍ വീണ്ടും വിടരുന്നത് നഴ്സിംഗ് സ്‌കൂളിന്റെ മുറ്റത്താണ് . ഡോക്ടറാകാനുള്ള കപ്പാസിറ്റി നമുക്കില്ലെന്ന് ഉറപ്പായപ്പോള്‍ അടുത്ത പിടി പിടിച്ചതാണ്. കൂടെ സുനിലില്ല. പകരം മൂക്കള ഒലിപ്പീര് ഇപ്പൊ തീര്‍ന്നതേയുള്ളു എന്ന മട്ടില്‍ നില്‍ക്കുന്ന കുറേ പെണ്‍പിള്ളേര്‍. ഇന്റര്‍വ്യൂ തകര്‍ത്തടിച്ചു നടക്കുന്നു. കൂടെയുള്ള ഓരോരുത്തരുടെയും കണ്ണില്‍ അമ്പരപ്പുണ്ട്. സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട്.

സ്വപ്നങ്ങള്‍, ആശകള്‍...ഇവറ്റകളൊന്നും ബുദ്ധന്‍ പറഞ്ഞത് കേട്ടിട്ടില്ലാന്ന് തോന്നുന്നു. ആശയാണ് എല്ലാദു:ഖങ്ങളുടെയും മൂലകാരണം കുട്ടികളേ...

അങ്ങനെ, ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്.

വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോള്‍ തോന്നുന്നു, അത് വേറൊരു ലോകമായിരുന്നെന്ന്. പുറം ലോകത്തെ ചലനങ്ങള്‍ അത്ര കാര്യമായി അറിയാതെ, മാസത്തില്‍ ഒന്നോ മറ്റോ മാത്രം വീട്ടില്‍ പോയി ഒരുതരം ഡിറ്റാച്ച്ഡ് ജീവിതം. രോഗികള്‍, അവരുടെ ബന്ധുക്കള്‍.. അങ്ങനെയങ്ങനെ ജീവിതം ഒരു മൗള്‍ഡിനുള്ളില്‍ ആകുകയാണ്. മാലാഖേ, ഇനി ഇതാണ് നിന്റെ ജീവിതം. നീ പഠിച്ചു വന്നിട്ട് വേണം, ഛേ പിന്നെയും സ്വപ്‌നങ്ങള്‍.

മാതാപിതാക്കന്മാരുടെ സ്വപ്നം, കൂടപ്പിറപ്പുകളുടെ സ്വപ്നം, മസ്‌കറ്റില്‍ പോയി ബിസ്‌ക്കറ്റ് കൊണ്ടുവരണമെന്ന അവളുടെ സ്വന്തം സ്വപ്നം.

ഇതെഴുതുന്നതിന് മുന്‍പ് പലവട്ടം ആലോചിച്ചു. ഇപ്പോള്‍ ഇങ്ങനെയൊക്കെ ആയിരിക്കുമോ? വര്‍ഷങ്ങള്‍ ഒരുപാട്കഴിഞ്ഞു, ഇപ്പോള്‍ ഒരുപക്ഷെ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ടാകും. കുട്ടികളുടെ പ്രതികരണ ശേഷിയും മെച്ചപ്പെട്ടിട്ടുണ്ടാവും. എന്നാല്‍, പലരോടും സംസാരിക്കുമ്പോള്‍ മനസ്സിലാവുന്നത് ഒരൊറ്റ കാര്യമാണ്, വഞ്ചി ഇപ്പോഴും തിരുനക്കരയില്‍ നിന്ന് അധികമൊന്നും പോന്നിട്ടില്ല. 

 

Between angel and soldier a nurses experiences by Theresa Joseph

 

വൃത്തി എന്ന ഒബ്‌സഷന്‍

നഴ്സുമാര്‍ ഇപ്പോഴും പല വിധത്തില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ഗവ. ആശുപത്രികളില്‍ ഒരു പക്ഷെ സ്വകാര്യ ആശുപത്രികളേക്കാള്‍ സ്ഥിതി അല്‍പം മെച്ചമായേക്കാം. പക്ഷെ പൊതുവെ നമ്മുടെ നഴ്സുമാര്‍ അവര്‍ അര്‍ഹിക്കുന്നതിലും ഒരുപാട് താഴെയാണ് ഇപ്പോഴും.

കേരളത്തിലെ ഏറ്റവും നല്ല നഴ്സിംഗ് സ്‌കൂളിലാണ് പഠിച്ചത്. അന്ന് കിട്ടിയ പരിശീലനം പിന്നീട് പല സന്ദര്‍ഭങ്ങളിലും സഹായിച്ചിട്ടുമുണ്ട്. എങ്കിലും ചിലതൊക്കെ അനാവശ്യമായ പരിശീലനങ്ങള്‍ തന്നെആയിരുന്നു.

കുറച്ചു ദിവസം മുന്‍പ് ഒരു പോസ്റ്റ് എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞ് വാട്സാപ്പില്‍ ലാന്‍ഡ് ചെയ്തു. വളരെമനോഹരമായ ഒരു പോസ്റ്റ്. ഒരു നഴ്സിന്റെ ഭര്‍ത്താവ് എഴുതിയതാണ്. ഒരു ഭര്‍ത്താവിന്റെ മാത്രമല്ല, ഒരു പാട്‌പേരുടെ ചിന്തകളും നിരീക്ഷണങ്ങളും ആണതില്‍. നഴ്സിന്റെ വൃത്തിയെക്കുറിച്ചു നര്‍മ്മം കലര്‍ത്തി മനോഹരമായി അദ്ദേഹം അത് പറയുന്നുണ്ട്. സത്യത്തില്‍ ഒരു തരം ഒബ്‌സെഷന്‍ പോലെ നഴ്സുമാരുടെ കൂടെയുള്ള ഈ വൃത്തിയുടെ (ഭ്രാന്തിന്റെ ) തുടക്കം നഴ്സിംഗ് സ്‌കൂളുകളില്‍ നിന്നാണ്. ആദ്യമായി കൈയില്‍ കിട്ടിയ തുണിക്കഷ്ണം കൊണ്ട് ജനലുകള്‍, രോഗികളുടെ കട്ടിലുകള്‍ ഇതൊക്കെ വൃത്തിയാക്കിയിരുന്ന കാലത്തുനിന്ന് ഒരു തരം ബാധ പോലെ കയറിയതാണത്. 

പക്ഷേ ഓര്‍മ്മകള്‍,  ലോഷന്‍ ഒഴിച്ച് ഓപ്പറേഷന്‍ തിയേറ്ററിന്റെ തറ തുടച്ചിരുന്ന ഒരു കാലത്തേക്ക് എത്തുമ്പോള്‍ എന്തോ അരുതായ്ക. പതിനേഴോ പതിനെട്ടോ വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടി. അവള്‍ ഒരു നഴ്സിംഗ് സ്റ്റുഡന്റ് ആണ്. കുറേ ചെറുപ്പക്കാരായ ഡോക്ടര്‍മാര്‍ നിരന്നിരിക്കുന്നതിന്റെ മുന്‍പിലൂടെ അവള്‍ തറ തുടച്ചു കൊണ്ട് നീങ്ങുന്നതിലെ അശ്ലീലം വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ പറ്റില്ല.

പഠന സമയത്തിന്റെ നല്ലൊരു ഭാഗവും ക്ലീനിംഗ് പഠിപ്പിക്കാനാണ് ചിലവഴിക്കുന്നത്. ഒരു പരിധി വരെ അത് നല്ലതാണ് താനും. താന്‍ പരിചരിക്കുന്ന രോഗിയുടെ ചുറ്റുപാടുകള്‍ വൃത്തിയായി വെക്കേണ്ടതിന്റെ ആവശ്യകത ഓരോ നഴ്സും അറിഞ്ഞിരിക്കണം. പക്ഷെ ക്ലീനിങ് ക്ലാസുകളുടെ പ്രധാന ലക്ഷ്യം ചൂഷണമാണെന്ന് തന്നെ ഞാന്‍ പറയും.

ഓര്‍മ്മയില്‍ ഒരു ഓക്കാനമുണ്ട്. കൂടെയുള്ള കൂട്ടുകാരി ഓക്കാനിച്ചതാണ്. നാശം പെണ്ണിന് ഓക്കാനിക്കാന്‍ കണ്ട നേരം. അതും ഇത്രയും ശബ്ദത്തില്‍! ഒള്ള കഞ്ഞീം സാമ്പാറും മുഴുവന്‍ കഴിച്ചു കാണും. അരിശം വന്നു നോക്കിയ എന്നോട് ദയനീയമായി അവള്‍ പറഞ്ഞു. 'എടീ എല്ലാം ചെയ്യാം, പക്ഷെ ഈ സിങ്ക് കഴുകല്‍, അതും ഗ്ലൗസ് ഇല്ലാതെ'. 

ഇവള്‍ ശരിക്കും അഹങ്കാരി തന്നെ, ഞാന്‍ മനസ്സിലോര്‍ത്തു. ഇത്രയും വര്‍ഷം മുന്‍പ് ഗ്ലൗസിനെപ്പറ്റി ചിന്തിക്കാന്‍ ഇവള്‍ക്കെങ്ങനെ ധൈര്യം വന്നു!

അന്നേരം, എന്നോട് അവള്‍ പറഞ്ഞു. 'സാരമില്ലെടീ, സിങ്ക് കഴുകി കഴിഞ്ഞു. നമുക്ക് വെള്ളം തിളപ്പിക്കാന്‍പോകാം.' തെറ്റിദ്ധരിക്കല്ലേ, കൈ അണു വിമുക്തമാക്കാനല്ല, ഈ ചൂട് വെള്ളം, റൗണ്ട്സ് കഴിഞ്ഞു വരുന്ന ഡോക്ടര്‍ക്ക് gargle ചെയ്യാനാണ്'.

ഒരു ഗ്ലാസ് വെള്ളം എടുത്തു കൊടുക്കാന്‍ പോലും നഴ്സിനെ വിളിക്കുന്ന മഹാന്മാരായ ഡോക്ടര്‍മാര്‍ഉണ്ടായിരുന്നു അന്ന് (ഇന്നും?)

ഗോവക്കാരിയായ ഒരു സഹപ്രവര്‍ത്തക ഉണ്ടായിരുന്നു. വെള്ളം ചോദിച്ച ഡോക്ടറോട് അവള്‍ ഒരു ദിവസംപറഞ്ഞു , ''You also have got two hands, go get it''. എന്നിട്ട് തലയുയര്‍ത്തിപ്പിടിച്ചു നടന്നു പോയി.

ആണ്‍കോയ്മയുടെ പത്തിയില്‍ കിട്ടിയ ആദ്യത്തെ പ്രഹരമായതു കൊണ്ടാവണം, പിന്നെ അയാള്‍ അധികം നാള്‍അവിടെ നിന്നില്ല.

 

Between angel and soldier a nurses experiences by Theresa Joseph


 

ആശുപത്രികളിലെ വിവേചനങ്ങള്‍

ജോലിക്ക് ചെന്നു തുടങ്ങുന്ന അന്ന് മുതല്‍ ഒരു തരം ചൂഷണത്തില്‍ കൂടിയാണ് പലപ്പോഴും നഴ്സുമാര്‍ കടന്നുപോകുന്നത്. മേലാളന്മാരെന്ന് സമൂഹം കരുതിയിരിക്കുന്ന ഡോക്ടര്‍മാരെ സംരക്ഷിക്കാനാവും മാനേജ്മെന്റിന് എപ്പോഴും താല്പര്യം.

ഹോസ്പിറ്റലിന് ലാഭമുണ്ടാക്കിക്കൊടുക്കുന്ന ഡോക്ടര്‍മാരെയും പരാതി പറയുന്ന നഴ്സിനെയും തൂക്കിനോക്കുമ്പോള്‍ നഴ്സിന്റെ തട്ട് ഉയര്‍ന്നു തന്നെയിരിക്കും.

ഡോക്ടര്‍മാര്‍ ബഹുമാനിക്കപ്പെടേണ്ടവര്‍ ആണെന്നും നഴ്സുമാര്‍ അടിമ വര്‍ഗമാണെന്നും ഉള്ള തോന്നല്‍ സമൂഹത്തില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. നമ്മള്‍ ചിരിച്ചാസ്വദിച്ച പല സിനിമകളും കോമഡി ഷോകളും ഒക്കെ ഈ തോന്നലിന് ആക്കം കൂട്ടിയിട്ടുമുണ്ട്.

നമ്മുടെ എത്ര നഴ്സിംഗ് സ്‌കൂളുകളില്‍ കുട്ടികളെ സ്റ്റെതെസ്‌കോപ്പ് ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നുണ്ട്? ബിപി നോക്കാനല്ലാതെ ആ ഉപകരണത്തിന് വേറെയും ഉപയോഗമുണ്ടെന്ന് അറിയുന്നവര്‍ ചുരുക്കമായിരിക്കും.

പഴയ കഥകള്‍ പറഞ്ഞിരുന്ന കൂട്ടത്തില്‍ ഒരു കൂട്ടുകാരി പറഞ്ഞു, ഒരു പ്രശസ്തനായ നേത്രവിദഗ്ധന്റെ കാര്യം. വളരെ ദയാലുവാണ്. എല്ലാ നഴ്സിംഗ് സ്റ്റുഡന്റ്‌സിനെയും Ophthalmoscope  (കണ്ണ് ചെക്ക് ചെയ്യുന്ന ഉപകരണം) ഉപയോഗിക്കുന്നത് പഠിപ്പിക്കും. വളരെ വിശദമായിത്തന്നെ. പഠിപ്പിക്കല്‍ കഴിയുമ്പോള്‍ ശിഷ്യയുടെ ശരീരഭാഗങ്ങളില്‍ ഗുരുകടാക്ഷം നല്ല വണ്ണം കിട്ടിയിട്ടുണ്ടാകും. അദ്ദേഹം ഇന്നും കേരളത്തില്‍ ജോലി ചെയ്യുന്നുണ്ട്. പഠിപ്പിയ്ക്കല്‍ മുറയ്ക്ക് നടക്കുന്നുണ്ടാവും.

പരാതിപ്പെട്ടാല്‍ എന്ത് തെളിവുണ്ട്? ഇത്രയും അടുത്ത് നിന്ന് ജോലി ചെയ്യുമ്പോള്‍ 'അറിയാതെ' തൊട്ടതാകും, പാവം. അല്ല, അറിയാതെയല്ല , തന്റെ നേരെ നീണ്ടു വരുന്ന അനാവശ്യമായ ഒരു നോട്ടം പോലും സ്ത്രീക്ക്തിരിച്ചറിയാനാവും. പ്രകൃതി അവള്‍ക്ക് കൊടുത്തിരിക്കുന്ന വരമാണത് (അതോ ശാപമോ)

കൂട്ടത്തിലൊരാളുടെ കണ്ണുകള്‍ ചുവന്ന് കലങ്ങിയിരുന്നത് കണ്ടപ്പോള്‍ 'എന്ത് പറ്റി' എന്ന് തിരക്കി. കിട്ടിയ മറുപടി ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ആരുടെയൊക്കെയോ നേരെ കാര്‍ക്കിച്ചു തുപ്പാനാണ് തോന്നുന്നത്. സര്‍ജറി ടേബിളില്‍കിടന്ന ചെറുപ്പക്കാരനായ രോഗി, അവളെ അപമാനിക്കുന്ന രീതിയില്‍ സ്പര്‍ശിച്ചു. അനസ്തേഷ്യ കാത്തുകിടക്കുന്ന അവന്‍ ആ നിമിഷവും പിശാചായി. ഓപ്പറേഷന്‍ ടേബിളില്‍ കിടന്ന് അവന്‍ മരിച്ചു പോകണേയെന്ന്എന്ന് അവള്‍ ആഗ്രഹിച്ചെങ്കില്‍ ആര്‍ക്കവളെ കുറ്റപ്പെടുത്താനാവും? ഒരുപക്ഷേ, നേഴ്സ് എന്ന ലേബലാകാം അവന് ആ ധൈര്യം കൊടുത്തത് . ഇങ്ങനെയൊന്നും സംഭവിക്കില്ല എന്ന് പറയാന്‍ വരട്ടെ. എനിക്ക് സംഭവിക്കാത്തത് മറ്റുള്ളവര്‍ക്ക് സംഭവിക്കില്ല എന്ന് പറയാന്‍ നമ്മളാര്? എല്ലാ തൊഴിലിടങ്ങളിലും, ഇങ്ങനെഓരോ അനുഭവങ്ങള്‍ ഉണ്ടാകും. 

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു, ഒരുപക്ഷെ സാഹചര്യങ്ങള്‍ കുറെയൊക്കെ മാറിയിരിക്കും. ഇപ്പോള്‍ ഇങ്ങനെയൊന്നും ഉണ്ടാവില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നതും ആഗ്രഹിക്കുന്നതും.

 

Between angel and soldier a nurses experiences by Theresa Joseph
 

സംഘടന ഉണ്ടാവുന്നത് 
ഇങ്ങനെ എഴുതുമ്പോഴും മനസ്സിലേക്ക് കടന്നു വരുന്ന ഒരു പാട് നല്ല മുഖങ്ങളുണ്ട്. ഒരു രോഗിയെ ആദ്യമായിintubate ചെയ്യാന്‍ പഠിപ്പിച്ച ഡോ. വിക്ടര്‍. വല്ലായ്മ തോന്നിക്കാതെ ഒരു ചെറുപ്പക്കാരന് യൂറിനറി കത്തീറ്റര്‍ ഇടാന്‍ സഹായിച്ച ഡോ. വിന്‍സെന്റ് , മക്കളെപ്പോലെ ഞങ്ങളെ കരുതിയിരുന്ന ഡോ. അലക്സാണ്ടര്‍ അങ്ങനെ എത്രയോ പേര്‍.

മെലിഞ്ഞ കൈകള്‍ക്ക് താങ്ങാനാവാത്ത ഭാരം വീല്‍ച്ചെയറില്‍ ഉന്തിക്കൊണ്ട് പോകുമ്പോള്‍ സഹായിച്ചിരുന്നവര്‍, രുചിയായിട്ട് എന്തെങ്കിലും കഴിക്കാന്‍ വല്ലാതെ കൊതി തോന്നുമ്പോള്‍ വാഴയിലയില്‍ പൊതിഞ്ഞ മീനും ചോറുമായി വന്നു കാത്തു നില്‍ക്കുന്ന ഒരു മുഖം. അങ്ങനെ കുറേപ്പേര്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ആ കാലം മുന്‍പോട്ട് പോയത്.

പഠനം തീര്‍ന്ന് ജോലി കിട്ടി പിന്നെയും എത്രയോ നാളുകള്‍ കഴിഞ്ഞാണ് തലയുയര്‍ത്തി നിന്ന് എന്തെങ്കിലും പറയാന്‍ ധൈര്യം കിട്ടിയത്!
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നഴ്സുമാര്‍ അവകാശങ്ങളെക്കുറിച്ചു ചിന്തിക്കാനും പ്രതികരിക്കാനുംതുടങ്ങിയിട്ടുണ്ട്. യു എന്‍ എ പ്രസിഡന്റ് ജാസ്മിന്‍ ഷാ യുടെ ഒരു ഇന്റര്‍വ്യൂ കണ്ടതോര്‍ക്കുന്നു. പല തരത്തിലുള്ള ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടും ലക്ഷ്യത്തിലെത്താന്‍ അവര്‍ നടത്തിയ പരിശ്രമങ്ങള്‍ അഭിനന്ദനംഅര്‍ഹിക്കുന്നതാണ്. മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടും, നഴ്‌സുമാര്‍ക്ക് വേണ്ടി ഒരു സംഘടന എന്ന ലക്ഷ്യത്തില്‍ നിന്ന് അവര്‍ പുറകോട്ട് പോയില്ല. 'ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാല്‍ .......' എന്നൊന്നും അലറി വിളിക്കാനല്ല. പിടിച്ചു നില്ക്കാന്‍ പറ്റാതെ വരുമ്പോള്‍, ആത്മഹത്യയിലേക്ക് മുറിഞ്ഞുപോകാന്‍ ഒരുങ്ങുമ്പോള്‍ ഒക്കെ താങ്ങായി കുറേ കൂട്ടുകാര്‍ ഉണ്ടെന്നൊരു ബലമാണ് അത്.  ശക്തികാണിക്കാനല്ല, ശക്തി ചോരുമ്പോള്‍ പരസ്പരം താങ്ങാവുന്ന ഒരേ തൂവല്‍ പക്ഷികളുടെ ഒരു കൂട്ടമാണ്.

അള മുട്ടിയാല്‍ ചേരയും കടിക്കും എന്ന അവസ്ഥയിലാണ് ഈ പ്രതികരണങ്ങള്‍ ആരംഭിച്ചത്. കാരണം എങ്ങനെയും പിടിച്ചു നിന്നേ പറ്റൂ. ഒരു തിരിച്ചു പോക്ക് ചിന്തകളില്‍ കടന്ന് വരുന്നേയില്ല. കനത്ത പലിശയ്ക്ക് എടുത്തിരിക്കുന്ന ബാങ്ക് ലോണിന്റെ പലിശ അടച്ചു തീരാന്‍ പോലും മതിയാവില്ല, കിട്ടുന്ന ശമ്പളം.  പഠിച്ചിറങ്ങുന്ന പല നഴ്സുമാരുടെ ചുമലിലും സാമ്പത്തിക ബാധ്യതകള്‍ ഒരിക്കലും ഇറക്കി വെക്കാന്‍ പറ്റാത്തൊരു മാറാപ്പുപോലെ കാണും. പിന്നെ ഒരു തുഴച്ചിലാണ്. മരുഭൂമിയിലേക്ക്, മറ്റു വിദേശ രാജ്യങ്ങളിലേക്ക്. സ്വന്തം വേരുകള്‍ പറിച്ചെറിഞ്ഞു പോവുകയാണ്. അമ്മ രുചികള്‍, മഴത്തണുപ്പ്, ഇത്ര നാള്‍ നടന്ന വഴികള്‍, വീടിന്റെ മണം അങ്ങനെ പ്രിയപ്പെട്ടത് പലതും പിന്നില്‍ ഉപേക്ഷിച്ചാണ് ഈ പോക്ക്. വേറൊരു മണ്ണില്‍ വേരുറപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. പറിഞ്ഞു പോരുന്നതും, വീണ്ടും വേരുറക്കുന്നതുമൊക്കെ നോവുന്ന അനുഭവങ്ങള്‍ തന്നെയാണ്. ചെന്നനാട്ടില്‍ വരത്തന്‍, പിറന്ന നാട്ടില്‍ പ്രവാസി. ഇതിനിടയിലെ ഇത്തിരി വട്ടത്തിലാണ് ജീവിതം കരുപ്പിടിപ്പിക്കേണ്ടത്.

ചുമലിലെ ഭാരം വല്ലാതെ കൂടുമ്പോള്‍ പിറന്ന മണ്ണില്‍ തിരിച്ചെത്തണമെന്ന് ഉള്ളു പറഞ്ഞാലും അവള്‍ കേള്‍ക്കില്ല. പിന്നെ അവള്‍ ഗള്‍ഫുകാരിയായി, അമേരിക്കക്കാരിയായി...ഭാരങ്ങള്‍ ഏറുന്നതേയുള്ളു. മാതാപിതാക്കളോഅടുത്ത ബന്ധുക്കളോ ഒക്കെ മരിച്ചാല്‍ പോലും അവസാന നേരത്തു കൂടെയിരിക്കാനോ കാണാനോ പോലുംപറ്റാതെ...നഷ്ടങ്ങളുടെ കണക്കുകളാണ് ഏറെയും.

ഇതിനിടയില്‍ ഏജന്റ് ചതിച്ച കഥകള്‍, അന്യായമായി ഈടാക്കിയ തുകകള്‍, പറഞ്ഞ ശമ്പളം കിട്ടാത്ത അവസ്ഥകള്‍. അങ്ങനെ എത്രയോ കഥകള്‍. സൗദിയില്‍ ജോലി ചെയ്തിരുന്ന കാലത്തു കൂടെ ഒരു അക്ക ഉണ്ടായിരുന്നു. ഓരോ പ്രാവശ്യവും പറയും, ഇനി കോണ്‍ട്രാക്ട് പുതുക്കുന്നില്ല. പക്ഷേ വര്‍ഷങ്ങളായി അക്ക അത് പുതുക്കിക്കൊണ്ടേയിരുന്നു. അല്ലെങ്കില്‍ അതിനായി നിര്‍ബന്ധിക്കപ്പെടുന്നു.

 

Between angel and soldier a nurses experiences by Theresa Joseph
 

അലങ്കാരത്തൊങ്ങലുകളുടെ ഭാരം 

പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട് . അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്. പക്ഷേ വിയോജിപ്പുണ്ട്, 'മനസ്സിനക്കരെ' എന്ന സിനിമയിലെ ഒരു ഭാഗത്തോട്. കൊച്ചുമക്കളെ നോക്കാന്‍ അമേരിക്കയിലേക്ക് പോകാന്‍ ഒരുങ്ങുന്ന വല്യമ്മച്ചി. ശമ്പളമില്ലാതെ ഒരു വേലക്കാരിയായാണ് തന്നെ കൊണ്ട്‌പോകുന്നതെന്ന നൊമ്പരം ആ അമ്മച്ചിയുടെ വാക്കുകളില്‍ ഉണ്ട്. അവരെ സംബന്ധിച്ച് അത് നൊമ്പരമാണ്താനും. പക്ഷേ ഇതിനൊരു മറുപുറമുണ്ട്. എന്തുകൊണ്ടാണ് നാട്ടില്‍നിന്ന് ആരെയെങ്കിലും കൊണ്ടുവരാന്‍ നിര്‍ബന്ധിതരാവുന്നതെന്ന്. രാത്രിയിലെ ജോലി കഴിഞ്ഞു വന്ന് ഉറങ്ങാതെ കിടക്കുന്ന പകലുകള്‍. ഭര്‍ത്താവ് ജോലിക്ക് പോയിരിക്കുകയാണ്. തീരെ ചെറുതായ കുഞ്ഞുങ്ങളെ കണ്ണ് ചിമ്മാതെ നോക്കിയിരിക്കണം. പിന്നെ രാത്രിയില്‍ വീണ്ടും ജോലിക്ക് പോകണം. ശരീരത്തിന്റെ താളക്രമങ്ങള്‍ ആകെ തെറ്റുകയാണ്. ഒപ്പം ചിലപ്പോഴെല്ലാം മനസ്സിന്റെയും.  ആരെങ്കിലും ഒരു കൈ സഹായിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് മനസ്സ് വല്ലാതെ കൊതിച്ചു പോകും. ഡേകെയറില്‍ കുഞ്ഞുങ്ങളെ വിടുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ മടുപ്പിച്ചു കളയുമ്പോഴാവും നാട്ടില്‍ നിന്ന് ആരെയെങ്കിലും കൊണ്ടുവരാന്‍ ആലോചിക്കുന്നത്. 

നഴ്സുമാരുടെ ജീവിതത്തിന്റെ രണ്ടറ്റങ്ങളും ഒരിക്കലും കൂട്ടിമുട്ടാറേയില്ല, കാരണം അതൊരു ചക്രം പോലെ കറങ്ങിക്കൊണ്ടേയിരിക്കുന്നു. പലര്‍ക്കും പറയാനുണ്ടാവും ഒരുപാട്. പരാജയത്തിന്റെ, നന്ദികേടിന്റെ, അപൂര്‍വ്വമായി വിജയങ്ങളുടെയും കഥകള്‍. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മിക്കവാറും നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട ജോലി സാഹചര്യങ്ങള്‍ ഉണ്ടാവും. നേഴ്‌സ് എന്ന പ്രൊഫഷനോട് ആളുകള്‍ക്ക് കുറച്ചു കൂടി ബഹുമാനവും ഉണ്ടാവും. അതിന് ആഗ്രഹം ഉണ്ടെങ്കിലും പല സാഹചര്യങ്ങളാല്‍ കഴിയാത്ത എത്രയോ പേര്‍.

സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങുന്ന കാലം മുതല്‍ നഴ്സുമാരുടെ സ്വപ്നങ്ങളുടെ അവകാശികള്‍ മറ്റാരൊക്കെയോ ആണ്. വിദേശത്തു ജോലി കിട്ടണം വീട്ടിലെ സാമ്പത്തിക ബാധ്യത മാറണം. മാതാപിതാക്കളുടെ സ്വപ്നം. പഠനവും നല്ല ജോലിയും ഇളയവരുടെ സ്വപ്നങ്ങള്‍. ഇതിനിടയില്‍ അവള്‍ക്കു സ്വന്തമായി സ്വപ്നങ്ങള്‍ എവിടെ? ഒരു പ്രായം കഴിഞ്ഞാല്‍ സ്വന്തം കുഞ്ഞിന്റെ വിസര്‍ജ്യം വൃത്തിയാക്കാന്‍ അമ്മ പോലും ഒന്ന് മടിച്ചേക്കാം. മൂക്കുപോലും ഒന്ന് ചുളിക്കാതെ നിങ്ങളുടെ വിസര്‍ജ്യങ്ങള്‍ അളന്നു കുറിച്ച്, സ്രവങ്ങള്‍ വൃത്തിയാക്കി പരിചരിക്കുന്ന നഴ്സിന് നിങ്ങള്‍ എന്ത് വിലയിടും? 

പുരാതന കാലം മുതല്‍ സ്ത്രീക്ക് സമൂഹം ചാര്‍ത്തിക്കൊടുത്ത കുറേ തൊങ്ങലുകളുണ്ട്. ഭൂമിദേവി, ക്ഷമയാധരിത്രി അങ്ങനെ പലതും. പറിച്ചെറിയാന്‍ പറ്റാത്ത ആ അലങ്കാരങ്ങളില്‍ കുടുങ്ങി മനസ്സും ശരീരവും തളര്‍ന്ന എത്രയോ ജന്മങ്ങള്‍! സ്ത്രീകള്‍ കൂടുതലുള്ള ഒരു തൊഴിലിടത്തില്‍ ജോലി ചെയ്യുമ്പോള്‍ സ്വാഭാവികമായും ഇത്തരം വിശേഷണങ്ങള്‍ കൂടെപ്പോരും. പകര്‍ച്ച വ്യാധികള്‍ വരുമ്പോള്‍ മാത്രം പൂജിക്കപ്പെടുന്ന ഒരു ബിംബംപോലെ സമൂഹം ചാര്‍ത്തിക്കൊടുത്ത പലതരം തൊങ്ങലുകള്‍ അണിഞ്ഞു നില്‍ക്കുകയാണ് ഓരോ നഴ്സും. ചിലപ്പോള്‍ ഏറിയ പുകഴ്ത്തലുകളില്‍ പൊങ്ങിപ്പറന്ന്... മറ്റു ചിലപ്പോള്‍ ചുമക്കേണ്ട ഭാരം താങ്ങാനാവാതെ... എങ്കിലും അവള്‍ മുന്നോട്ട് തന്നെ നടക്കുകയാണ്.

ഇനിയെങ്കിലും ഈ വിശേഷണങ്ങള്‍ അവളില്‍ ചാര്‍ത്താതിരിക്കുക. പുകഴ്ത്തലുകളുടെ ഭാരം താങ്ങാനാവാതെ അവള്‍ ചിലപ്പോള്‍ തളര്‍ന്ന് വീണേക്കാം. ആ വീഴ്ച്ചയ്‌ക്കൊപ്പം നിങ്ങളും വീഴും.

അവള്‍/ അവന്‍ പോരാളിയോ മാലാഖയോ അല്ല. സമൂഹം അണിയിച്ച ആടയാഭരണങ്ങളും അലങ്കാരങ്ങളും അഴിച്ചു വച്ചാല്‍, അതിജീവനത്തിനായി പൊരുതുന്ന നിങ്ങളെപ്പോലെ മറ്റൊരാള്‍ മാത്രം.

Follow Us:
Download App:
  • android
  • ios