ഇന്ത്യൻ ഭാഷകൾ പഠിക്കാൻ അവസരമൊരുക്കുകയാണ് ഭാഷാഫൈ എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം. സ്ഥാപകരുടെ സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്ത്യയിലെ ഭാഷാ പഠനത്തിനുള്ള പരിമിതികൾ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം തുടങ്ങിയത്.

നവംബർ 1.. ഇന്ന് കേരളപ്പിറവിയും കർണാടക രാജ്യോത്സവയുമാണ്. സംസ്കാരങ്ങൾ തമ്മിൽ ഒരുപാട് സാമ്യതകളുള്ള രണ്ട് ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും കർണാടകയും. ഒരുപാട് മലയാളികളെ സംബന്ധിച്ച് സെക്കന്റ് ഹോം എന്ന് പറയാവുന്ന ഒരിടം കൂടിയാണ് കർണാടക. അവിടെയും നേരത്തെ പറഞ്ഞ ഭാഷയാണ് ഒരു ചെറിയ തടസമായി നിൽക്കുന്നത്. എന്നാൽ, ഇനി അക്കാര്യത്തിൽ ഒരു ടെൻഷൻ വേണ്ട. പല നാടുകളിൽ നിന്ന് ബാംഗ്ലൂർ അടക്കമുള്ള വിവിധ നഗരങ്ങളിൽ താമസിക്കുന്നവർക്ക് അടിസ്ഥാനമായി വേണ്ട ഭാഷ പഠിപ്പിക്കുകയാണ് ഭാഷാഫൈ.

രാജ്യത്ത് ത്രിഭാഷ നയം നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ചകളും എതിർപ്പുകളും നടന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഏഴോളം ഭാഷകൾ പഠിപ്പിക്കുകയാണ് ഭാഷാഫൈ എന്ന സ്ഥാപനം. ഇന്ത്യയിലെ വിവിധ ഭാഷകളെ സ്നേഹിക്കുന്നവർക്കും, ജോലിയുടെ ഭാഗമായോ മറ്റോ ഭാഷ പഠിക്കാൻ താൽപര്യമുള്ളവർക്കും ഇത് വളരെ ഉപകാരപ്രദമാണ്. ക്ലാസുകൾ മുഴുവൻ ഓൺലൈൻ ആയതിനാൽ ലോകത്തെ ഏത് സ്ഥലത്തിരുന്നും, ഏത് സമയത്തും ഇന്ത്യൻ ഭാഷകൾ പഠിക്കാമെന്നതാണ് ഭാഷാഫൈയെ മറ്റ് അക്കാഡമിക് കോഴ്സുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും. നിലവിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഗുജറാത്തി, മറാഠി തുടങ്ങിയ ഭാഷകൾ ആണ് ഭാഷാഫൈയിൽ പഠിപ്പിക്കുന്നത്. ഉറുദു, ബംഗാളി, പഞ്ചാബ്, ആസാമീസ് തുടങ്ങിയ ഭാഷകളും ഉടൻ തുടങ്ങാനിരിക്കുകയാണ്. ആഗോള തലത്തിൽ വിദഗ്ദരായ ഇൻസ്ട്രക്ടർമാരെ വച്ച് കോഴ്സുകൾ പഠിപ്പിക്കുന്ന യുഡെമിയിലും, ലൈവ് ക്ലാസുകളായും, വെബ്സൈറ്റിലും (https://bhashafy.com/), ആപ്ലിക്കേഷനിലും കോഴ്സുകൾ ലഭ്യമാണ്. ജീവിത പങ്കാളികളായ അഭിഷേക് പ്രകാശ്, ലേഖ ഗുണശേഖർ എന്നിവരാണ് ഭാഷാഫൈയുടെ സ്ഥാപകർ. പതിനായിരത്തിൽപ്പരം ആളുകളാണ് ഇവരിലൂടെ നിലവിൽ ഭാഷ പഠിക്കുന്നത്.

സ്വന്തം ജീവിതാനുഭവത്തിൽ നിന്നാണ് ഇത്തരമൊരു ആശയം മനസിലേക്ക് വന്നതെന്ന് ഭാഷാഫൈ സഹ സ്ഥാപകനായ അഭിഷേക് പ്രകാശ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. തെലങ്കാനയിൽ ആണ് ജനിച്ചതെങ്കിലും വളർന്നത് മുംബൈയിൽ ആയിരുന്നു. പിന്നീട് ബെംഗളൂരുവിലും തമിഴ് നാട്ടിലും പഞ്ചാബിലുമായി ജോലിക്കായി യാത്ര ചെയ്യേണ്ടി വന്നു. എന്നാൽ അന്നാണ് ഭാഷകളാണ് ഓരോ നാടിനെയും അവിടത്തെ സംസ്കാരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതെന്ന് താൻ മനസിലാക്കിയത്. ഭാഷകൾ പഠിക്കാൻ ശ്രമിച്ചപ്പോഴാണ് അതത് നാടുകളിലെ റിസോഴ്സുകൾ വളരെ പരിമിതമാണെന്ന് മനസിലായത്. ഇന്ത്യയിൽ ഇരുന്ന് ഫ്രഞ്ച്, ജ‍ർമൻ പോലുള്ള വിദേശ ഭാഷകൾ എളുപ്പത്തിൽ നമുക്ക് പഠിക്കാൻ സാധിക്കുമ്പോഴും നമ്മുടെ ഭാഷകൾക്ക് പരിമിതികളുണ്ടെന്ന് മനസിലാക്കിെയെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഹോബി പോലെ ആളുകൾ ഭാഷകൾ പഠിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഭാഷ വളരെ രസകരമായും തമാശകളിലൂടെയും പഠിക്കേണ്ടതാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് അഭിഷേക് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. വിദേശ ഭാഷകൾ പോലെ ഇന്ത്യൻ ഭാഷകളെയും വളർത്തുകയും എല്ലാവരിലേക്കും ഭാഷകൾ എത്തിക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം. നിലവിൽ ഭാഷ പഠിക്കുന്നവരിൽ 50 ശതമാനവും ഇന്ത്യക്കാർ തന്നെയാണ്. ബാക്കിയുള്ളതിൽ എൻആ‍ർഐകളുടെ കുട്ടികളും, ഇന്ത്യൻ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാരും ഉണ്ട്. 2023 അവസാനത്തിലാണ് ഭാഷാഫൈ സ്ഥാപിതമാകുന്നത്. മുന്നോട്ട് പോകുന്തോറും എല്ലാ ഇന്ത്യൻ ഭാഷകളെയും ഒരു കുടക്കീഴിൽ കൊണ്ടു വന്ന് എല്ലാവരിലേക്കും എത്തിക്കാനാണ് തന്റെ സ്ഥാപനം പ്രയത്നിക്കുന്നതെന്ന് അഭിഷേക് പറയുന്നു.