അന്റോണിന ഡേവിഡോവ ഒരു ബ്യൂട്ടീഷ്യൻ ആണ്. മോസ്‌കൊയിൽ ഫാർമസിസ്റ്റ് ആകാനുള്ള കോഴ്സ് പഠിച്ചുകൊണ്ടിരിക്കെ പാർട്ട് ടൈം ആയിട്ടാണ് അന്റോണിനയുടെ ബ്യൂട്ടീഷ്യൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഈ രണ്ടു പ്രധാന പ്രവർത്തനങ്ങളിൽ നിന്നും ഒഴിവുകിട്ടുന്ന നേരത്ത് 'സ്റ്റാൻഡപ് കോമഡി' ചെയ്യാൻ ഇഷ്ടമാണ് അന്റോണിനയ്ക്ക്. 

പല കാര്യങ്ങളുടെയും കൂടെ 'മാറ്റർ' എന്ന് ചേർത്തുള്ള നിരവധി പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും ഇന്ന് സജീവമാണല്ലോ. അക്കൂട്ടത്തിൽ അന്റോണിന തുടങ്ങിയിട്ടുള്ള പുതിയ പ്രസ്ഥാനമാണ് 'ബിഗ് ടിറ്റ്‌സ് മാറ്റർ' എന്നത്. ഇംഗ്ലീഷിൽ 'ടിറ്റ്‌സ്' എന്ന പദത്തിന്റെ അർഥം 'സ്തനങ്ങൾ' എന്നാണ്. തനിക്ക് സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ള സ്തനങ്ങളുണ്ട് എന്നവകാശപ്പെടുന്ന അന്റോണിനയ്ക്ക് തന്റെയീ പുതിയ പ്രസ്ഥാനത്തിന്റെ പേരിൽ നിരവധി പുതിയ ഫോളോവേഴ്സിനെ കിട്ടിയിട്ടുണ്ട് എങ്കിലും, ഇത് അന്റോണിനയുടെ 'അറ്റൻഷൻ സീക്കിങ് ഡിസോർഡർ' ആണെന്ന് അവളെ വിമർശിക്കുന്നവരും കുറവല്ല. എന്നാൽ തന്റെ ഈ ദൗത്യത്തിന് പിന്നിൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി വലിപ്പമേറിയ സ്തനങ്ങൾ ഉണ്ടായിപ്പോയി എന്നതിന്റെ പേരിൽ മാത്രം സമൂഹത്തിന്റെ അശ്ലീലച്ചുവയോടുള്ള തുറിച്ചുനോട്ടങ്ങൾക്കും, പരിഹാസങ്ങൾക്കും ഇരയാകുന്ന തന്നെപ്പോലുള്ളവർക്കു വേണ്ടി ശബ്ദിക്കുക എന്നത് മാത്രമാണെന്ന് അന്റോണിന പറയുന്നു. 

 

 

"നമുക്ക് സഹിഷ്ണുതയുടെ ആത്മതത്വം നുണയാം സഖാക്കളേ... സമത്വത്തിന്റെ സുഖദമായ പ്രാണവായു നമുക്കെല്ലാം ഒരുപോലെ ഉള്ളിലേക്കെടുക്കാം. സമൂഹത്തിന്റെ വാർപ്പുമാതൃകകളിൽ നിന്ന് വ്യത്യസ്തമായിപ്പോയി എന്നതുകൊണ്ടുമാത്രം ആർക്കും സമൂഹത്തിന്റെ ബന്ധനങ്ങൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടിവരരുത്." എന്നാണ് തന്റെ ക്യാമ്പെയിനിനു തുടക്കമിട്ടുകൊണ്ട്, തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റർ വീഡിയോയുടെ കാപ്ഷനായി, അന്റോണിന കുറിച്ചത്.  

2013 -ലാണ് അന്റോണിന യുക്രെയിനിൽ നിന്ന് മോസ്കോയിലേക്ക് കുടിയേറിപ്പാർക്കുന്നത്. സൗന്ദര്യ വർദ്ധകവസ്തുക്കളുടെ ഓൺലൈൻ പ്രൊമോഷൻ നടത്തിയും, ഓൺലൈൻ ആയി ഡയറ്റിംഗ് ടിപ്പുകൾ നല്കിക്കൊണ്ടുമാണ് അന്റോണിന മോസ്കോയിലെ തന്റെ ജീവിതം സ്പോൺസർ ചെയ്യുന്നത്. ഇതിനൊപ്പം, ഉക്രെയിനിലെ ഒരു മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ഫാർമസിയിൽ കറസ്പോണ്ടൻസ് പഠനവും അന്റോണിന നടത്തുന്നുണ്ട്. മേല്പറഞ്ഞതിനൊക്കെ പുറമെയാണ് ഒഴിവുകിട്ടുമ്പോൾ സ്വന്തമായി സ്റ്റാൻഡ് അപ്പ് കോമഡി സ്ക്രിപ്റ്റ് എഴുതി അവതരിപ്പിക്കാനും അവൾ സമയം കണ്ടെത്തുന്നത്. 

അമേരിക്കയിൽ ഇപ്പോൾ പുകഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന 'ബ്ലാക്ക് ലൈവ്സ് മാറ്റർ' എന്ന പ്രക്ഷോഭത്തെപ്പറ്റി തന്റെ സ്നേഹിതരോട് സംസാരിക്കുന്നതിനിടെയാണ് ഇങ്ങനെയൊരു മുന്നേറ്റത്തിനുളള സാധ്യത അന്റോണിന തിരിച്ചറിയുന്നത്. സമൂഹത്തിലെ ഭൂരിഭാഗം പേരിൽ നിന്നും വ്യത്യസ്തമായ ഫീച്ചറുകൾ, അത് സ്തനങ്ങൾ തന്നെ ആവണമെന്നില്ല, നിറമോ, ലൈംഗികതയോ, മുടിയുടെ നിറമോ, വലിപ്പമോ ഒക്കെ ആയാലും മതി, ഉണ്ടായാൽ അതിന്റെ പേരിൽ വ്യക്തികൾ പരിഹാസങ്ങൾക്ക് വിധേയമാവുന്നത് ഇപ്പോൾ വളരെ സാധാരണമായിട്ടുണ്ട്. അന്റോണിനയുടെ കാര്യത്തിൽ അത് അവളുടെ ജന്മസിദ്ധമായുള്ള 'അസെറ്റുകൾ' ആണെന്നാണ് അവൾ പറയുന്നത്. അതിന്റെ പേരിൽ മാത്രം അവളെക്കുറിച്ച് വളരെ വിചിത്രമായ പല വിലയിരുത്തലുകളും, വിധിയെഴുതലുകളുമൊക്കെ ആദ്യദർശനത്തിൽ തന്നെ പലരും നടത്തിക്കളയുന്നു. ഇത് തന്നെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട് പലപ്പോഴും എന്ന് അന്റോണിന പറയുന്നു. അങ്ങനെ, ഈ വിഷമങ്ങളെപ്പറ്റി ഒരു സൗഹൃദസദസ്സിൽ നടന്ന ചർച്ചക്കിടെയാണ്, അവിടെ ഇങ്ങനെ ജന്മനാൽ അനുഗൃഹീതമായ സ്തനങ്ങൾ ഉള്ളവർക്ക്, അവ ബാധ്യതയാവുകയല്ല ചെയ്യേണ്ടത്, ഒരിക്കലും അതിന്റെ പേരിൽ അപമാനബോധം അനുഭവിക്കുകയാണ് വേണ്ടത്, അഭിമാനമാണുണ്ടാകേണ്ടത് എന്നൊരു അഭിപ്രായം പൊന്തിവന്നത്. അതിനുവേണ്ടി 'ബ്ലാക്ക് ലൈവ്സ് മാറ്റർ' മോഡലിൽ എന്തുകൊണ്ട് ഒരു മുന്നേറ്റം ഉണ്ടാവുന്നില്ല എന്നൊക്കെ അഭിപ്രായങ്ങൾ ഉയർന്നുവന്നു. ആ നിർദേശങ്ങൾ സാർത്ഥകമാക്കിയാണ് അന്റോണിന തന്റെ പുതിയ പ്രസ്ഥാനം തുടങ്ങുന്നത്. 

തുടക്കത്തിൽ റഷ്യയിൽ മാത്രം പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചാണ് തുടങ്ങിയത് എങ്കിലും താമസിയാതെ reddit പോലുള്ള അമേരിക്കൻ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിൽ നിന്നൊക്കെ തനിക്ക് കാര്യമായ പിന്തുണ കിട്ടിയെന്ന് അന്റോണിന പറയുന്നു. തന്റെ ഈ പ്രസ്ഥാനത്തോട്, സ്തനങ്ങളുടെ ജന്മനാലുള്ള വലിപ്പക്കൂടുതലിന്റെ പേരിൽ നൂറ്റാണ്ടുകളായി പരിഹാസങ്ങളും ദുസ്സൂചന കലർന്ന സംഭാഷണങ്ങളും മറ്റും തൊഴിലിടങ്ങളിലും, പൊതുസമൂഹത്തിലും നിന്ന് നേരിടേണ്ടി വരുന്ന ആഫ്രിക്കൻ-അമേരിക്കൻ സ്ത്രീകൾക്ക് വളരെ പെട്ടെന്ന് സമരസപ്പെടാനായി എന്നും അന്റോണിന പറയുന്നു. 

 

 

സ്തനങ്ങളെ സ്ത്രീകളുടെ ഒരു അവയവം മാത്രമായി കാണാൻ പുരുഷന്മാർ ശീലിക്കേണ്ടതുണ്ട് എന്ന് അന്റോണിന അഭിപ്രായപ്പെടുന്നു. ഒരു സാധാരണ ടിഷർട്ട് ധരിച്ചുകൊണ്ട് പുറത്തിറങ്ങിയാൽ ഇന്നും അവൾക്ക് അപരിചിതരിൽ നിന്ന് തുറിച്ചു നോട്ടങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. അവളുടെ മാറിടത്തിലേക്ക് വിരൽചൂണ്ടിക്കൊണ്ട് ഇന്നും പുരുഷന്മാർ അത്ഭുതംകൂറി നോക്കി നിൽക്കാറുണ്ട്. സമൂഹം സ്റ്റീരിയോ ടൈപ്പുകൾ മനസ്സിൽ സങ്കല്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം എന്നാണ് അവൾ ആവശ്യപ്പെടുന്നത്. ഇപ്പോൾ, മറ്റുള്ളവർ എന്തുചിന്തിക്കും എന്നുള്ള ആകുലതകളെയൊക്കെ മനസ്സിൽ നിന്ന് നീക്കി, തന്റെ പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം മനസ്സിൽ ഉറപ്പിച്ച്, അവനവന് സൗകര്യപ്രദം എന്ന് തോന്നുന്ന വസ്ത്രം ധരിച്ച് നിശ്ചിന്തയായി പുറത്തിറങ്ങി നടക്കാനാണ് അന്റോണിന ശ്രമിക്കാറുള്ളത്. അങ്ങനെ ഒരു സ്വാഭാവികത സമൂഹത്തിൽ കൊണ്ടുവരിക എന്നതാണ് അന്റോണിന ഡേവിഡോവയുടെ  'ബിഗ് ടിറ്റ്‌സ് മാറ്റർ' (#BTM) എന്ന  മുന്നേറ്റത്തിന്റെ പ്രഖ്യാപിത ലക്ഷ്യവും.