Asianet News MalayalamAsianet News Malayalam

Birsa Munda : ബിര്‍സ മുണ്ട: ബ്രിട്ടീഷുകാരെ വിറപ്പിച്ച അമ്പുംവില്ലും, കൊന്നുകളയുമ്പോള്‍ പ്രായം 25!

ഇന്ന് ബിര്‍സാ മുണ്ടയുടെ ഓര്‍മ്മ ദിനമാണ്. 122 വര്‍ഷം മുമ്പ് ഈ ദിവസമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി ധീരമായി പെരുതിയ ഈ മഹാവിപ്ലവകാരിയെ ബ്രിട്ടീഷുകാര്‍ ഇല്ലാതാക്കിയത്. പി ആര്‍ വന്ദന എഴുതുന്നു
 

Birsa Munda Death Anniversary 2022 remembering tribal revolutionary who wage war against the British empire
Author
Uttarakhand, First Published Jun 9, 2022, 3:37 PM IST

ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഒരേയൊരു ഗോത്ര നേതാവിന്റെ ചിത്രമേയുള്ളു. ബിര്‍സാ മുണ്ടയുടേത്.  ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്വത്തിനും എതിരെ മധ്യേന്ത്യയിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഉയര്‍ന്ന വിപ്ലവവീര്യമാണ് ബിര്‍സ മുണ്ട. ഇരുപത്തിയഞ്ചാംവയസ്സില്‍, 1900 ജൂണ്‍ ഒമ്പതിനാണ് ബിര്‍സ മുണ്ട മരിച്ചത്. അന്ന് ജയിലിലായിരുന്നു ബിര്‍സ. കോളറ ബാധിച്ചാണ് മരണമെന്ന ബ്രിട്ടീഷ് ഭരണാധികാരികളുടെ പറച്ചില്‍ അന്നും ഇന്നും അവിശ്വാസത്തിന്റൊ പുകമറയിലാണ്. 

ഇന്നത്തെ ഝാര്‍ഖണ്ഡിലെ ഉളിഹത്ത് ഗ്രാമത്തില്‍ മുണ്ട ഗോത്രവര്‍ഗത്തില്‍ 1875 നവംബര്‍ 15-നാണ് ബിര്‍സ മുണ്ട ജനിക്കുന്നത്. കൊടിയ ദാരിദ്ര്യത്തിലായിരുന്നു ശൈശവവും ബാല്യവും. മധ്യപൂര്‍വ ഇന്ത്യയിലെ ഉള്‍വനങ്ങളിലേക്ക് ബ്രിട്ടീഷുകാര്‍ ദുരമൂത്ത് കയറിത്തുടങ്ങിയിരുന്ന കാലമായിരുന്നു അത്. ഗോത്രവര്‍ഗക്കാരുടെ സ്വന്തം കാര്‍ഷികസമ്പ്രദായമായിരുന്ന ഖുന്ത്കട്ടി മാറ്റി ബ്രിട്ടീഷുകാര്‍ സെമീന്ദാരി ഭരണം കൊണ്ടുവന്നു. വട്ടപ്പലിശക്കാരും കരാറുകാരും ജന്മിമാരും എത്തി. മിഷനറിമാരെത്തി. കാടിന്റെ ഉള്ളറകളില്‍ ഗോത്രവര്‍ഗക്കാര്‍ കാത്തുസൂക്ഷിച്ചിരുന്ന ശീലങ്ങളും പതിവുകളും എല്ലാം മാറ്റിയെഴുതപ്പെട്ടു കൊണ്ടേയിരുന്നു. അവകാശങ്ങളും സമ്പ്രദായങ്ങളും നിലനിര്‍ത്തണമെന്നും തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് പരാതികള്‍ അയച്ചുകൊണ്ടുള്ള പ്രതിഷേധസമരം ബ്രിട്ടീഷ് ഭരണാധികാരികള്‍ അവഗണിച്ചു. ഭൂഉടമകളായിരുന്ന ഗോത്രവര്‍ഗക്കാര്‍ കൂലിത്തൊഴിലാളികളായി. ഇതെല്ലാം കണ്ടുംകേട്ടും അനുഭവിച്ചുമാണ് ബിര്‍സ വളര്‍ന്നത്. പ്രതിഷേധത്തിന്റെ കനല്‍ ഉള്ളിലിട്ടു നടന്നത്.   മധ്യേന്ത്യയിലെ ആദിവാസികളുടെ സംഘടിതവിപ്ലവത്തിന്റെ വിത്തുകള്‍ പാകിയത് അവിടെ നിന്നാണ്. 
  
മതപരവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു മൗലിക രാഷ്ട്രീയ പദ്ധതിയാണ് ബിര്‍സ വിഭാവന ചെയ്തത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരും മിഷണറിമാരും ജന്മിമാരും എല്ലാം ഉള്‍പ്പെടുന്ന സ്വാധീനസമ്മര്‍ദ്ദശക്തികളുടെ കീഴില്‍ നിന്ന് മുക്തമാവുകയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നും തനത് ശൈലിയില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുക എന്നും ബിര്‍സക്ക് ബോധ്യമായിരുന്നു. അതിനൊപ്പം ഗോത്രവര്‍ഗക്കാരുടെ മുന്നേറ്റത്തിനും പുരോഗമനത്തിനും ആദ്യം വേണ്ടത്  അന്ധവിശ്വാസങ്ങളില്‍ നിന്നും ദുരാചാരങ്ങളില്‍ നിന്നുമുള്ളവിടുതലാണെന്നും ബിര്‍സ തിരിച്ചറിഞ്ഞു.  നാട്ടുകാരായ  ആദിവാസികളുടെ മതവിശ്വാസങ്ങളെ പുനര്‍നിര്‍മിച്ചുള്ള 'സര്‌നര' എന്ന് വിളിക്കുന്ന പുതിയ മതത്തിന്റെ പ്രവാചകനായി അദ്ദേഹം സ്വയം മാറി.  പിന്നാലെ  ആദിവാസികള്‍, മുണ്ഡകള്‍,  ഒറാഓണ്‍, ഖാരിയകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ ബിര്‍സായെ 'ദര്‍ത്തി അബ' അഥവാ ദൈവമെന്ന് വിളിക്കാന്‍ തുടങ്ങി. ഈ ഘട്ടത്തിലാണ്  ഭീം ഭോയി, ഗാസി ദാസ്, ഫൂലേ തുടങ്ങിയ വിപ്ലവകാരികളുമായി ബിര്‍സ അടുക്കുന്നതും.

 

Birsa Munda Death Anniversary 2022 remembering tribal revolutionary who wage war against the British empire

 

ആദിവാസി ജനത പിന്തുരടര്‍ന്നു  പോന്നിരുന്ന തനതായ ജീവിതരീതിയും സംസ്‌കൃതിയും എല്ലാം എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാന്‍ പ്രാപ്തമായിരുന്നു ബ്രിട്ടീഷ് ഇന്ത്യാ സര്‍ക്കാര്‍ പാസാക്കിയ വനനിയമം. നിയമത്തെ എതിര്‍ത്ത് ആദിവാസിഗോത്രജനതയുടെ ചെറുത്ത് നില്‍പിന് നേതൃത്വം നല്‍കുമ്പോള്‍ ബിര്‍സക്ക് 19 വയസ്സായിരുന്നു പ്രായം.   

ഇംഗ്ലീഷുകാരുടെ തോക്കിനും പീരങ്കിക്കും മുമ്പില്‍ ഗറില്ലാപോരാട്ടവീര്യം. തുണയായത് അമ്പുംവില്ലും വാളും.   

ക്രിസ്ത്യന്‍ മിഷണറി സ്‌കൂളില്‍ തേര്‍ഡ് ഫോറത്തില്‍ പഠിച്ചുകൊണ്ടിരുന്ന ബിര്‍സ, മുണ്ട ആദിവാസികള്‍ക്കെതിരായി അധ്യാപകര്‍ അധിക്ഷേപം നിറഞ്ഞ ഭാഷ ഉപയോഗിച്ചതിന്റെ പേരിലാണ്  വിദ്യാഭ്യാസം തന്നെ ഉപേക്ഷിച്ചത്. അവിടെനിന്ന്  സ്വപ്രയത്‌നത്തിലൂടെയും അഭിമാനബോധത്തിലൂടെയും ആണ് പോരാട്ടവീര്യവുമായി  ആദിവാസി ജനതയുടെ നേതൃത്വത്തിലേക്ക് ബിര്‍സ ഉയര്‍ന്നുവന്നത്.   

ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കും അധികാരകേന്ദ്രങ്ങള്‍ക്കും ജമീന്ദാര്‍മാരും വട്ടപ്പലിശക്കാരുമെല്ലാം ഉള്‍പെടുന്ന ചൂഷകര്‍ക്കും എതിരെ   ജംഗള്‍ മഹല്‍ പ്രദേശത്ത് (ഛോട്ടാനാഗ്പൂര്‍) വ്യാപകമായ പ്രതിഷേധ പരിപാടികള്‍ക്ക്  ബിര്‍സ തുടക്കമിട്ടു. ''അബുവാ രാജ് സ്‌തേ ജാനാ, മഹാറാണി രാജ് താണ്ടു ജാനാ'' (മഹാറാണിയുടെ ഭരണം അവസാനിക്കട്ടെ, നമ്മുടെ ഭരണം പുനഃസ്ഥാപിക്കട്ടെ). ഇതായിരുന്നു ആഹ്വാനം  .   സ്വാധീനമുള്ള പ്രദേശങ്ങളില്‍ 'ജംഗ്‌ളാരാജ്' പ്രഖ്യാപിച്ചായിരുന്നു ബിര്‍സായുടെ നേതൃത്വത്തിലുള്ള സായുധപ്രക്ഷോഭത്തിന്റെ തുടക്കം. കരമടക്കാതെയുള്ള പ്രതിഷേധപരിപാടികള്‍ കൂടിയായതോടെ    ബ്രിട്ടീഷ് സര്‍ക്കാര്‍ ആദിവാസികള്‍ക്കെതിരെ സൈന്യത്തെ ഉപയോഗിക്കുവാന്‍ നിശ്ചയിച്ചു. 1895 ആഗസ്ത് ഒന്നിന് അച്ഛന്‍ സുഗുണ മുണ്ടക്കും മറ്റ് നിരവധി കൂട്ടാളികള്‍ക്കുമൊപ്പം ബിര്‍സയെ പോലീസ് അറസ്റ്റു ചെയ്തു. രണ്ട് വര്‍ഷത്തെ തടവും 40രൂപ പിഴയും കോടതി വിധിച്ചു. 


1897-ല്‍ ജയില്‍ മോചിതനായ ബിര്‍സ പിന്നെയും പോരാട്ടത്തിന് ഇറങ്ങി. ആയിരക്കണക്കിന് ആദിവാസി യുവാക്കളാണ്  ബിര്‍സക്കൊപ്പം ചേരാനെത്തി. 1898 ഫെബ്രുവരിയില്‍ ഗോണ്ട് വനമേഖലയില്‍ ഒത്തുകൂടിയ അവര്‍   'ജംഗിള്‍ രാജിനായി പോരാടാന്‍ ശപഥം ചെയ്തു. ആദ്യം സര്‍ക്കാരിന് മുന്നറിയിപ്പ് കൊടുത്തു. അവരത് അവഗണിച്ചു. പിന്നെ കണ്ടത് ആക്രമണം. പൊലീസ് സ്റ്റേഷനുകളും പള്ളികളും ഒക്കെ ആക്രമിക്കപ്പെട്ടു കഴിഞ്ഞിട്ടേ അധികാരികള്‍ സംഗതി അറിഞ്ഞുള്ളൂ. 1899 ക്രിസ്തുമസ് കാലത്തായിരുന്നു അത്. തിരിച്ചടിക്കാന്‍ മുതിര്‍ന്ന  ബ്രിട്ടീഷ് സേനക്ക് വനമേഖലയില്‍ ആദിവാസികര്‍ക്കുള്ള പരിചയവും ഒളിപ്പോരിലുള്ള പ്രാഗത്ഭ്യവും തലവേദനയായി. 

1900 ജനുവരി ആദ്യം ബ്രിട്ടീഷ് സേന സര്‍വവസന്നാഹങ്ങളുമായെത്തി. സ്ത്രീകളും കുട്ടികളുമൊക്കെയുള്ള ഗ്രാമങ്ങള്‍ വളയുകയും വെടിവെക്കുകയും ചെയ്തു. പുക തീരാത്ത തോക്കുകള്‍ക്ക് മുന്നില്‍ അവസാന അമ്പ് തീരുംവരെ ആദിവാസികള്‍ പോരാടി. ഹുംബാരി ബുരുജ് കൂട്ടക്കൊലയില്‍ നൂറുകണക്കിനാളുകള്‍ മരിച്ചു. ഫെബ്രുവരിയില്‍ ബിര്‍സയെയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തു. ജയിലിലായിരിക്കെ ബിര്‍സ മരിച്ചു. മരണത്തിനിപ്പുറവും ബിര്‍സ ആദിവാസികള്‍ക്കിടയിലെ ഉണര്‍ത്തുപാട്ടായി. വിപ്ലവക്കാറ്റായി. 

പ്രക്ഷോഭമുണ്ടാക്കിയ പരിക്കുകള്‍ ഉണക്കാനും ആദിവാസികര്‍ക്കിടയില്‍ വിശ്വാസം വീണ്ടെടുക്കാനും  ബ്രിട്ടീഷ് സര്‍ക്കാര്‍ എന്തൊക്കെയോ ചെയ്തു.  1908-ലെ ഛോട്ടാ നാഗ്പൂര്‍ ടെനന്‍സി ആക്ട് ഈ ശ്രമങ്ങളുടെ ഭാഗമായിരുന്നു. 

ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ വേണ്ടത്ര തിളക്കത്തില്‍ രേഖപ്പെടുത്താതെ പോയതാണ് ഗോത്രവര്‍ഗവിഭാഗങ്ങളുടെ പോരാട്ടം. പക്ഷേ അവരുണ്ടാക്കിയ വീര്യത്തിന്റെ ചരിത്രകഥ തലമുറകള്‍ കൈമാറിയെത്തും. കാരണം വഴിയോരത്ത് വെറുതെ നിന്നവരല്ല അവര്‍. അതുകൊണ്ടുതന്നെ

വാല്‍ക്കഷ്ണം: ബംഗാളി സാഹിത്യകാരി മഹാശ്വേതാദേവി രചിച്ച ആരണ്യര്‍ അധികാര്‍              (സാഹിത്യ അക്കാദമി അവാര്ഡ്- 1979)   എന്ന നോവല്‍ മുണ്ടാ ജനതവിഭാഗത്തെ സംഘടിപ്പിച്ച് ബിര്‍സാ മുണ്ട നടത്തിയ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രാഖ്യായിക ആണ്.
 
 

Follow Us:
Download App:
  • android
  • ios