Asianet News MalayalamAsianet News Malayalam

കുട്ടികളുടെ പീഡനം, കൂട്ടക്കൊല, മതംമാറ്റം; കത്തോലിക്ക സഭ മാപ്പുപറഞ്ഞു

1863 - 1970 കാലത്ത് തദ്ദേശീയ ഗോത്രവര്‍ഗത്തില്‍ പെട്ട കുട്ടികളെ വംശഹത്യയ്ക്ക് വിധേയമാക്കിയ സംഭവത്തില്‍ കാനഡയിലെ കത്തോലിക്ക സഭ മാപ്പുപറഞ്ഞു.

Canadas Catholic bishops apologised for abuses of Indigenous children
Author
Ottawa, First Published Sep 25, 2021, 2:59 PM IST

1863 - 1998 കാലത്ത് തദ്ദേശീയ ഗോത്രവര്‍ഗത്തില്‍ പെട്ട കുട്ടികളെ വംശഹത്യയ്ക്ക് വിധേയമാക്കിയ സംഭവത്തില്‍ കാനഡയിലെ കത്തോലിക്ക സഭ മാപ്പുപറഞ്ഞു. തദ്ദേശീയ ജനവിഭാഗങ്ങളില്‍പ്പട്ട കുട്ടികളെ സ്വന്തം വീടുകളില്‍നിന്നും പിടിച്ചുകൊണ്ടുവന്ന് റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ താമസിപ്പിച്ചശേഷം, മതം മാറ്റുകയും സ്വന്തം സംസ്‌കാരത്തില്‍നിന്നു പുറത്തുവരാനാവശ്യപ്പെട്ട് ശാരീരികവും മാനസികവും ലൈംഗികവുമായി പീഡിപ്പിക്കുകയും ചെയ്തതടക്കമുള്ള സംഭവങ്ങളെ മുന്‍നിര്‍ത്തിയാണ്  കത്തോലിക്ക ബിഷപ്പുമാരുടെ ദേശീയ സമിതി മാപ്പു പറഞ്ഞത്. കത്തോലിക്ക സഭയിലെ ചിലര്‍ നടത്തിയ വൈകാരികവും ആത്മീയവും സാംസ്‌കാരികവും ലൈംഗികവുമായ അതിക്രമങ്ങള്‍ക്ക് അസന്ദിഗ്ധമായ മാപ്പ് പറയുന്നതായി കനേഡിയന്‍ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.2008-ല്‍ കനേഡിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ ഈ സംഭവങ്ങളില്‍ മാപ്പു പറഞ്ഞിരുന്നു. 

തദ്ദേശീയ ഗോത്ര വര്‍ഗത്തില്‍പ്പെട്ട കുട്ടികളെ കനേഡിയന്‍ സംസ്‌കാരവുമായി ചേര്‍ക്കുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി സഭ നടത്തിയ റെസിഡന്‍ഷ്യന്‍ സ്‌കൂളുകളിലാണ് നൂറ്റാണ്ടിലേറെ കാലം സാംസ്‌കാരിക വംശഹത്യ നടന്നത്.  കാനഡയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കോമ്പൗണ്ടുകളില്‍നിന്ന് ആയിരത്തിലേറെ കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഈയിടെ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സഭയ്ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. സംഭവം അന്വേഷിച്ച പ്രത്യേക സമിതി മാര്‍പ്പാപ്പ  മാപ്പ പറയണം എന്നതടക്കമുള്ള 94 ശുപാര്‍ശകള്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാര്‍പ്പാപ്പയ്ക്ക് മാപ്പ് പറയാനാവില്ലെന്ന് 1994-ല്‍ ബിഷപ്പ്‌സ് കോണ്‍ഫ്രന്‍സ് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോഴത്തെ മാപ്പു പറച്ചില്‍. ജൂണ്‍ മാസത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് മാര്‍പ്പാപ്പ ദു:ഖം രേഖപ്പെടുത്തിയിരുന്നു. 

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ ബ്രിട്ടീഷ് കൊളംബിയയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ മെയ് മാസം കണ്ടെത്തിയിരുന്നു. തദ്ദേശീയ ഗോത്രവര്‍ഗക്കാരുടെ കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന കാംലൂപ്സ് ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ കോമ്പൗണ്ടിലാണ് കുട്ടികളെ കൂട്ടമായി അടക്കം ചെയ്തതിന്റെ തെളിവുകള്‍ പുറത്തുവന്നത്.  ബ്രിട്ടീഷ് കൊളംബിയയുടെ ഭാഗമായി പ്രവര്‍ത്തിച്ചതാണ് ഈ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍.  അതിനു പിന്നാലെ ഇതിനടുത്തുള്ള ക്രാന്‍ബ്രൂക്കിലെ സെന്റ് യൂജിന്‍സ് മിഷന്‍സ് സ്‌കൂളിന് സമീപം 182 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. അതിനു ശേഷം നടന്ന തെരച്ചിലുകളില്‍ റെസിഡന്‍ഷ്യ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച  മറ്റു സ്ഥലങ്ങളിലും കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. ഇതുവരെ ആയിരത്തോും കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. 

ഇതിനെ തുടര്‍ന്ന് കാനഡയില്‍ കത്തോലിക്ക സഭയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. വിക്‌റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രാജ്ഞിയുടെയും പ്രതിമകള്‍ കനേഡിയന്‍ ദിനമായ ജൂലൈ ഒന്നിന് കാനഡയിലെ തദ്ദേശീയര്‍ തകര്‍ത്തെറിഞ്ഞു.  

1,50,000 തദ്ദേശീയരായ കുട്ടികള്‍ ഇത്തരം റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ എത്തിയതായാണ് കണക്ക്. കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സമീപത്ത് നിന്ന് നിര്‍ബന്ധിതമായി പിടിച്ച് കൊണ്ട് വന്നാണ് കത്തോലിക്കാ സഭ നടത്തുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പാര്‍പ്പിച്ചിരുന്നത്. തദ്ദേശീയ ഭാഷ സംസാരിക്കാന്‍ കുട്ടികളെ അനുവദിച്ചിരുന്നില്ല. മാതാപിതാക്കളെ കാണാനും അനുവാദമുണ്ടായിരുന്നില്ല.  തദ്ദേശീയ ഭാഷ ഉച്ചരിച്ചാല്‍ അതികഠിനമായ ശിക്ഷാ വിധികളാണ് നേരിടേണ്ടി വന്നിരുന്നത്. ഇത്തരം ശിക്ഷാവിധികളെ തുടര്‍ന്ന് ആയിരക്കണക്കിന് കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ശാരീരികവും മാനസികവും ലൈംഗികവും സാംസ്‌കാരികവുമായ പീഡനങ്ങളാണ് ഈ കുട്ടികള്‍ അനുഭവിക്കേണ്ടി വന്നിരുന്നത. 

Follow Us:
Download App:
  • android
  • ios