Asianet News MalayalamAsianet News Malayalam

'ഭാരതത്തിന്‍ ശാസ്ത്ര ശക്തി... തെയ് തെയ് തക തെയ് തെയ് തോം'; വൈറലായി നീലംപേരൂർ പടയണിയിലെ ചന്ദ്രയാൻ കോലം !

 ചന്ദ്രയാന്‍ മൂന്നിന്‍റെ ആകൃതിയില്‍ തീര്‍ത്ത കോലം പൂക്കളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. പടയണിക്കോലങ്ങള്‍ എഴുന്നെള്ളിക്കുമ്പോള്‍ പരമ്പരാഗതമായ പാട്ടുകള്‍ ഭക്തര്‍ പാടാറുണ്ട്. ഇതിന് സമാനമായി ചന്ദ്രയാന്‍ കോലം എത്തിയപ്പോഴും പാട്ടുകളുണ്ടായിരുന്നു.

Chandrayaan Kolam of Neelamperoor Padayani went viral bkg
Author
First Published Sep 16, 2023, 1:09 PM IST


രോ പ്രദേശത്തെയും തനത് ഉത്സവാഘോഷങ്ങളില്‍ പാരമ്പര്യത്തോടൊപ്പം വര്‍ത്തമാന കാലത്തെ സംഭവങ്ങളും കൂടി ഉള്‍പ്പെടുത്തുന്ന പതിവ് കേരളത്തില്‍ സാധാരണമാണ്. അത് ഓണാഘോഷമായാലും മറ്റ് പ്രാദേശിക ആഘോഷമായാലും ഇത്തരം ചില കൂടിചേരലുകള്‍ നമ്മള്‍ മുമ്പും കണ്ടിട്ടുണ്ട്. കൊവിഡിന്‍റെ വ്യാപനത്തിന് ശേഷം ലോക്ഡൗണ്‍ പിന്‍വലിച്ച് സാമൂഹിക അകലം പോലുള്ള നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞപ്പോള്‍, വടക്കന്‍ കേരളത്തിലെ തെയ്യക്കോലങ്ങളോട്, പ്രത്യേകിച്ചും പൊട്ടന്‍, മുത്തപ്പന്‍ പോലുള്ള തെയ്യക്കോലങ്ങളോട് ഭക്തര്‍ 'കൊവിഡ് രോഗം ലോകത്ത് നിന്ന് മാറ്റിത്തരാമോ' എന്ന് ചോദിക്കുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നേരത്തെ വൈറലായിരുന്നു. ഇതിന് സമാനമായി ആലപ്പൂഴ ജില്ലയില്‍ കഴിഞ്ഞ ദിവസം കഴിഞ്ഞ നീലംപേരൂര്‍ പടയണിയില്‍ അവതരിപ്പിക്കപ്പെട്ടത് 'ചന്ദ്രയാന്‍ കോലം'. 

ഇന്ത്യയുടെ ചാന്ദ്രയാന്‍ മൂന്ന് പദ്ധതി വിജയകരമായതിന്‍റെ സന്തോഷത്തിലാണ് ഇത്തരമൊരു കോലം പടയണിക്കിടെ അവതരിപ്പിക്കപ്പെട്ടത്.  ചന്ദ്രയാന്‍ മൂന്നിന്‍റെ ആകൃതിയില്‍ തീര്‍ത്ത കോലം പൂക്കളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. പടയണിക്കോലങ്ങള്‍ എഴുന്നെള്ളിക്കുമ്പോള്‍ പരമ്പരാഗതമായ പാട്ടുകള്‍ ഭക്തര്‍ പാടാറുണ്ട്. ഇതിന് സമാനമായി ചന്ദ്രയാന്‍ കോലം എത്തിയപ്പോഴും പാട്ടുകളുണ്ടായിരുന്നു. ക്ഷേത്രോത്സവത്തിനെത്തിയ ഭക്തര്‍ ചന്ദ്രയാന്‍ കോലമെടുത്ത് ആഘോഷപൂര്‍വ്വം ക്ഷേത്രത്തിന് വലം വെയ്ക്കുമ്പോഴാണ് പാട്ടുകള്‍ പാടിയിരുന്നത്. 

അത് ഇങ്ങനെയായിരുന്നു. 

"തെയ് തെയ് തെയ് തെയ് തെയ് തെയ് തോം...
ഭാരതത്തിന് ശാസ്ത്ര ശക്തി 
തെയ് തെയ് തക തെയ് തെയ് തോം. 
ഭാരതത്തിന് ശാസ്ത്ര ശക്തി 
തിത്തി തെയ് തക തെയ് തെയ് തോം 
ഭാരതത്തിന് ശാസ്ത്ര ശക്തി
ലോകമാകെ തെളിയിച്ചു (2)
തെയ് തെയ് തെയ് തെയ് തെയ് തെയ് തോം...
തികിലോ തിത്തോ തികിലോ തോം... 
സൂര്യനിലും ചന്ദ്രനിലും 
തെയ് തെയ് തക തെയ് തെയ് തോം' (2)

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ചന്ദ്രയാന്‍ കോലത്തിന്‍റെ വീഡിയോ ഭക്തരുടെയും ശാസ്ത്ര കുതുകികളുടെയും ശ്രദ്ധ ഒരു പോലെ നേടി.  ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന വാര്‍ഷികാഘോഷമാണ് നീലംപേരൂര്‍ പടയണി. മറ്റ് പടയണികളില്‍ നിന്നും വ്യത്യസ്തമായി അന്നങ്ങളുടെയും ആനകളുടെയും കോലങ്ങളുമാണ് ഇവിടെ എഴുന്നള്ളിക്കുന്നത്. കേരളത്തിലെ മധ്യകാല ചേര രാജാവായ ചേരമാന്‍ പെരുമാളിന്‍റെ ഐതിഹ്യവുമായും ഈ ക്ഷേത്രത്തിന് ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Follow Us:
Download App:
  • android
  • ios