Asianet News MalayalamAsianet News Malayalam

കോടീശ്വരന്മാരുടെ പറുദീസയായ ഒരു ​ഗ്രാമം!

റോഡിലൊന്നും ആരെയും കാണാൻ സാധിക്കില്ലെന്നും, അതുകൊണ്ട് തന്നെ കണ്ണടച്ചും വേണമെങ്കിൽ വണ്ടി ഓടിക്കാമെന്നും ചിരിച്ചുകൊണ്ട് നോർമൻ പറയുന്നു. 

Cwm yr Eglwys  millionaires second home
Author
Cwm yr Eglwys, First Published Jun 11, 2021, 4:58 PM IST

അവധിക്കാലത്ത് പണക്കാർ നഗരങ്ങൾ ഉപേക്ഷിച്ച് ഗ്രാമങ്ങളിലേക്ക് ചേക്കേറുന്നത് പതിവാണ്. ഇതിനായി പലരും പ്രശാന്തസുന്ദരമായ ഗ്രാമങ്ങളിൽ സ്വന്തമായി ഭൂമി വാങ്ങാറുമുണ്ട്. അത്തരത്തിൽ കോടീശ്വരന്മാർക്ക് പ്രിയപ്പെട്ട ഒരിടമായി മാറുകയാണ് പെനിൻസുലയുടെ തെക്ക്-കിഴക്കുള്ള Cwm-yr-Eglwys എന്ന ഗ്രാമം. നിറയെ കടൽത്തീരങ്ങളും, കുന്നുകളും, സുഖകരമായ കാലാവസ്ഥയുമുള്ള ഈ ഗ്രാമം കോടീശ്വരന്മാരുടെ പറുദീസയാണ്. 

അതുകൊണ്ട് തന്നെ അവിടെ നാട്ടുകാരായി ആരും തന്നെയില്ല ഇപ്പോൾ. അവിടത്തെ ഭൂമി മുഴുവൻ ഇപ്പോൾ പുറത്ത് നിന്ന് വന്നവരുടെ കൈയിലാണ്. അവരാകട്ടെ, മഞ്ഞുകാലമാകുമ്പോൾ ആ ഗ്രാമം വിട്ട് നഗരങ്ങളിലേയ്ക്ക് പോവുകയും ചെയ്യും, അതോടെ ആ സ്ഥലം ഒരു പ്രേതഗ്രാമമായി തീരുകയും ചെയ്യും. ഇപ്പോൾ അവിടെ ആകെയുള്ള ഒരു സ്ഥിരതാമസക്കാരൻ 88 -കാരനായ നോർമൻ തോമസാണ്.  

55 വർഷം മുമ്പാണ് ഈ മനോഹരമായ തീരദേശ ഗ്രാമത്തിലേക്ക് അദ്ദേഹം താമസം മാറിയത്. അന്ന് ഫാമുകളും കടകളും തിരക്കേറിയ അഞ്ച് പബ്ബുകളും ഉള്ള ഒരു വലിയ സമൂഹമായിരുന്നു അത്.  ഇപ്പോൾ വേനൽക്കാലം തീരുമ്പോൾ, അദ്ദേഹത്തിന്റെ അയൽക്കാർ അവരുടെ പട്ടണത്തിലുള്ള വീടുകളിലേക്ക് മടങ്ങുന്നു. അതുകൊണ്ട് തന്നെ വർഷത്തിൽ ഭൂരിഭാഗം സമയവും ആ ഗ്രാമം വിജനമാണ്, പ്രത്യേകിച്ച് മഞ്ഞുകാലത്ത്. 

Cwm yr Eglwys  millionaires second home

ആ ഗ്രാമത്തിന്റെ പാരമ്പര്യവും, സംസ്കാരവും നശിക്കുമോ എന്നും, വെറുമൊരു അവധിക്കാല കേന്ദ്രമായി ചുരുങ്ങുമോ എന്നും ഇപ്പോൾ ഭരണകൂടം ആശങ്കപ്പെടുന്നു. “പത്ത് വർഷം മുൻപാണ് ഗ്രാമം ഒറ്റപ്പെടാൻ തുടങ്ങിയത്. ആളുകൾ ഗ്രാമം വിട്ട് പട്ടണത്തിലേക്ക് കുടിയേറാൻ തുടങ്ങിയത് അപ്പോഴാണ്. രാത്രികളിൽ വീടുകളിൽ വെളിച്ചം ഉണ്ടാകില്ല. ശൈത്യകാലത്ത് ചുറ്റിലും വല്ലാതെ ഇരുട്ടും, തണുപ്പും മാത്രമായിരുന്നു ഉണ്ടായിരുന്നത്" നോർമൻ പറഞ്ഞു.

റോഡിലൊന്നും ആരെയും കാണാൻ സാധിക്കില്ലെന്നും, അതുകൊണ്ട് തന്നെ കണ്ണടച്ചും വേണമെങ്കിൽ വണ്ടി ഓടിക്കാമെന്നും ചിരിച്ചുകൊണ്ട് നോർമൻ പറയുന്നു. കടൽത്തീരത്തെ മനോഹരമായ ഒരു വീട്ടിലാണ് നോർമൻ താമസിക്കുന്നത്. അവിടെ അദ്ദേഹം ഭാര്യയോടൊപ്പം താമസിക്കുന്നു. 1960 മുതൽ അദ്ദേഹം അവിടെയുണ്ട്. ഭാര്യയുടെ കുടുംബവീടായ അതിന് 100 വർഷത്തിലേറെ പഴക്കമുണ്ട്. ഇപ്പോൾ, ആ ഗ്രാമത്തിൽ അമ്പതോളം ഭൂമികൾ മാത്രമേ ഉള്ളൂ. അവയിൽ പലതും ഒരു ദശലക്ഷത്തിലധികം പൗണ്ട് വില വരുന്ന അവധിക്കാല വസതികളാണ്. അതിലൊന്ന് ഒരാൾ അടുത്തിടെ 1.3 ദശലക്ഷം ഡോളറിന് വിറ്റുവെന്നും അദ്ദേഹം പറഞ്ഞു. നിർഭാഗ്യവശാൽ, വന്നവരാരും വെൽഷ് സംസാരിക്കുന്നവരല്ല.  

ഇവിടെ മുൻപ് 62 ഫാമുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അവിടങ്ങളിൽ ഒന്നും പാൽ ഉൽപാദനമില്ല. ആളുകൾ അവയെല്ലാം ഉപേക്ഷിച്ചു. ഗ്രാമത്തിൽ നാലോ അഞ്ചോ പലചരക്ക് കടകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടെണ്ണം മാത്രമേ ഉള്ളൂ. ഇവിടെ ഒരു ഇരുമ്പുപണിക്കാരൻ ഉണ്ടായിരുന്നു, ഇപ്പോൾ അയാളും ഇല്ലെന്ന് നോർമൻ സങ്കടത്തോടെ പറഞ്ഞു. ഇന്ന് അവിടത്തുകാർക്ക് തിരികെ വരാൻ വിചാരിച്ചാലും സാധിക്കാത്ത അവസ്ഥയാണ്. കാരണം ഭൂമിയ്ക്ക് തീ പിടിച്ച വിലയാണ്. ഒരു സാധാരണക്കാരൻ വിചാരിച്ചാൽ ഒന്നും നടക്കില്ല. 

“സർക്കാരിന്റെ ചുമതലയാണ് ഇത്. ഈ പ്രവണത തടയാൻ അവർ എന്തെങ്കിലും ചെയ്യണം. നാട്ടുകാർക്കും ഭൂമി വാങ്ങാൻ അവസരം നൽകണം. ഇപ്പോൾ ഇവിടത്തെ വീടുകളെല്ലാം ഇംഗ്ലീഷ് ആളുകൾക്ക് വിറ്റു കഴിഞ്ഞു" നോർമൻ പറഞ്ഞു. ഇങ്ങനെ പോയാൽ ഗ്രാമം നശിക്കുമെന്ന് അദ്ദേഹം പറയുന്നു. അതിന്റെ നൂറ്റാണ്ടുകളായുള്ള പാരമ്പര്യവും, സംസ്കാരവും ഇല്ലാതായി, ചരിത്രത്തിന്റെ താളുകളിൽ ഒരു ഓർമ്മ മാത്രമായി ആ ഗ്രാമം അവശേഷിക്കുമോ എന്ന് നോർമൻ ഭയക്കുന്നു.  

Follow Us:
Download App:
  • android
  • ios