Asianet News MalayalamAsianet News Malayalam

Malayalam Film songs : മഴത്തുള്ളിയുടെ പെണ്ണുടല്‍ സഞ്ചാരങ്ങള്‍, മലയാള സിനിമാപ്പാട്ടുകളിലെ ശൃംഗാര, രതി ഭാവങ്ങള്‍

വെണ്ണ തോല്‍ക്കുമുടലുകള്‍. പെണ്ണുടലുകളെ ഉറ്റുനോക്കിയ മലയാള സിനിമാ ഗാനങ്ങളെക്കുറിച്ചുള്ള കുറിപ്പിന്റെ രണ്ടാം ഭാഗം. വിനോദ് കുമാര്‍ തള്ളശ്ശേരി എഴുതുന്നു
 

erotic film songs in Malayalm by vinod kumar thallassery
Author
Thiruvananthapuram, First Published Feb 10, 2022, 4:39 PM IST


സിനിമയും സിനിമാപാട്ടുകളും സ്ത്രീ ശരീരത്തിന്റെ നേര്‍ക്ക് നോക്കിയത് കേവലം ആരാധനയോടെ മാത്രമല്ല, ആ നോട്ടത്തില്‍ പലപ്പോഴും ആസക്തികളും കാമവുമുണ്ടായിരുന്നു. കേവല നോട്ടത്തിനപ്പുറം പെണ്ണുടലുകളെ കൃത്യമായ ലൈംഗിക ചുവയോടെ നോക്കിയ പാട്ടുകളും മലയാള സിനിമാ പാട്ടുകളുടെ ചരിത്രത്തില്‍ ധാരാളം.

എല്ലാ സൗന്ദര്യാസ്വാദനത്തിലും ലൈംഗിക തൃഷ്ണ ഏറിയോ കുറഞ്ഞോ ഉണ്ട്. എങ്കിലും കേവല കാല്‍പനികതയ്ക്കപ്പുറം ഉടലിന്റെ നേര്‍ക്ക് കണ്ണെറിഞ്ഞ പാട്ടുകള്‍. അതുപോലെ, പെണ്ണുടലിന്റെ മാത്രം പ്രത്യേകതകളിലേയ്ക്ക് നോക്കിയ പാട്ടുകള്‍. അത്തരം പാട്ടുകളാണ് ഇവിടെ പരാമര്‍ശിക്കുന്നത്. 

<>


ശൃംഗാര പഞ്ചാമൃതം

അവള്‍ പുരുഷനെ പോലെ വെറും മനുഷ്യജീവി അല്ലെന്നും അവളുടെ ചിരി പുരുഷന്റെ മനോനില തെറ്റിക്കാന്‍ ത്രാണിയുള്ളതാണെന്നൊക്കെ നമ്മുടെ പാട്ടുകളിലുണ്ട്. 'ഈ മനോഹര തീരം' എന്ന സിനിമയിലെ പാട്ട് കാണൂ...

കടമിഴിയിതളാല്‍ കളിയമ്പെറിയും
പെണ്ണൊരു പ്രതിഭാസം അവള്‍
പുരുഷന്റെ രോമാഞ്ചം
ചിരികൊണ്ട് മനസ്സിന്റെ സമനില മാറ്റും
ശൃംഗാര പഞ്ചാമൃതം

അവളുടെ മാറില്‍ മധുചഷകമാണുള്ളത് എന്നും അരയില്‍ അരഞ്ഞാണം കിലുങ്ങുന്ന രതിനടനമാണവളുടെതെന്നും ചരണങ്ങളില്‍. ഒരു കാബറേ നൃത്തത്തിന്റേതാണ് പാട്ട്. ബിച്ചു തിരുമല ജി. ദേവരാജന്‍ ടീമിന്റെ പാട്ട് യേശുദാസ് പാടിയിരിക്കുന്നു.    

മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എഴുതിയ ഒരു പാട്ടുണ്ട് 'സൗന്ദര്യപൂജ' എന്ന സിനിമയില്‍. ഈണമിട്ടിരിക്കുന്നത് എം. എസ്. ബാബുരാജ്. പാടിയത് യേശുദാസ് .

ആപാദചൂഡം പനിനീര്
അണിമുത്തുക്കുടങ്ങളിലിളനീര്
കാദംബരീ നിന്‍ കദളീ ദളത്തില്‍
കടിച്ചാല്‍ നിറച്ചും കരിമ്പ് നീര്

ഇളനീര്‍ വഹിക്കുന്ന മുത്തുക്കുടങ്ങളും കദളീദളവും കരിമ്പ് നീരുമൊക്കെ സൂചിപ്പിക്കുന്നത് സ്ത്രീശരീരത്തിന്റെ പ്രത്യേകതകള്‍ തന്നെ. കാദംബരീ എന്ന വിളിയ്ക്കുമുണ്ട് പ്രത്യേകത. 'കാദംബരി' അതേ പേരിലുള്ള ബാണഭട്ടന്റെ ശൃംഗാരപ്രധാനമായ കഥയിലെ നായികയാണ്. (കാദംബരം ഒരു തരം മദ്യവുമാണ്. ആ മദ്യത്തിന്റെ ലഹരി കൊടുക്കുന്നവളേ എന്നാണ് കാമുകിയെ വിളിക്കുന്നത്. രതി ഏറ്റവും വലിയ ലഹരിയാണല്ലോ.)

ആലിലയ്‌ക്കൊത്തൊരു അണിവയറില്‍ നിറയുന്നത് ആതിര ചന്ദ്രികയുടെ കുളിരുള്ള ചാറ്. 'മന്ദസ്മിതത്തിന്‍ ഈറനുടുക്കുമ്പോള്‍' എന്നാണ് അടുത്തവരിയില്‍. കാമുകിയുടെ മന്ദസ്മിതം തന്നെ വശ്യം. മന്ദസ്മിതം ഈറനുടുത്താല്‍ വശ്യത പതിന്മടങ്ങാകും.  

അംഗോപാംഗങ്ങള്‍ തടവുമ്പോള്‍ നിന്റെ
ഗന്ധര്‍വവീണയില്‍ തഴുകുമ്പോള്‍
ഇതള്‍വിരിഞ്ഞീടുമെന്നാത്മാവില്‍
ഇതുവരെ അറിയാത്ത രോമാഞ്ചം

പ്രണയത്തിന്റെ ദേവനാണ് ഗന്ധര്‍വന്‍. അവന് തഴുകാനുള്ള വീണ അത്രയും സുന്ദരമാകാതെ തരമില്ല. മനോഹരമായ ആ വീണയില്‍ തഴുകുമ്പോള്‍ അതുവരെ അറിയാത്ത രോമാഞ്ചം അനുഭവിക്കുന്നു എന്ന് കാമുകന്‍. വയലാര്‍ എഴുതിയ ഒരു പാട്ടില്‍ സ്ത്രീയെ ഭര്‍ത്താവ് 'ഒരു വികാരവീണയാക്കി' എന്നെഴുതിയിട്ടുണ്ട്. 'കരിനിഴല്‍' എന്ന സിനിമയിലെ 'വല്ലഭന്‍ പ്രാണവല്ലഭന്‍' എന്ന് തുടങ്ങുന്ന പാട്ടില്‍.  

 

 

മന്മഥന്റെ കൊടിയടയാളം

'സൗന്ദര്യപൂജ' എന്ന സിനിമ ഇറങ്ങുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ വേറൊരു പാട്ടില്‍ സ്ത്രീയുടെ നിതംബത്തെ ഉപമിക്കുന്നത് തംബുരുവിനോടാണ്. 1966-ല്‍ പുറത്തിറങ്ങിയ 'കരുണ' എന്ന സിനിമയ്ക്ക് വേണ്ടി ഒ.എന്‍.വി എഴുതിയ പാട്ടില്‍. വര്‍ണിക്കുന്നത് വാസവദത്ത എന്ന അതിസുന്ദരിയായ അഭിസാരികയെ. 

ജി. ദേവരാജന്‍ ഈണമിട്ട് യേശുദാസ് പാടിയിരിക്കുന്നു.

വാര്‍ തിങ്കള്‍ തോണിയേറി വാസന്തരാവില്‍ വന്ന
ലാവണ്യദേവതയല്ലേ നീ വിശ്വ
ലാവണ്യദേവതയല്ലേ

നിന്റെ പീലി പൂമുടി കണ്ടാല്‍ നീലമേഘങ്ങള്‍ നാണിക്കും എന്നും തിന്റെ തിരുനെറ്റിയിലെ കസ്തൂരി കുറി കണ്ടാല്‍ പഞ്ചമി തിങ്കള്‍ പോലും നാണിച്ചുപോകും എന്നൊക്കെ പറഞ്ഞശേഷം പാട്ട് എത്തുന്നത് അവളുടെ  ഉടല്‍വളവുകളില്‍.

മാരന്റെ കൊടികളില്‍ നീന്തിക്കളിക്കും
പരല്‍ മീനുകളല്ലെ നിന്റെ നീള്‍മിഴികള്‍
പിന്തിരിഞ്ഞു നീ നില്‍ക്കേ കാണ്മൂ ഞാന്‍
മണി തംബുരു 
ഇത് മീട്ടാന്‍ കൊതിച്ചു നില്‍പ്പൂ
കൈകള്‍ തരിച്ചു നില്‍പൂ

 


ഒ എന്‍ വി പാട്ടിലെ ശൃംഗാരരസം

നിന്റെ നീള്‍മിഴികള്‍ വെറും പരല്‍മീനല്ല, പ്രണയത്തിന്റെ ദേവനായ മന്മഥന്റെ കൊടിയടയാളമായ പരല്‍മീനുകളാണ്.

ഒ എന്‍.വി ഇങ്ങനെ തുറന്നെഴുതിയ പാട്ടുകള്‍ വളരെ വിരളമാണ്. പ്രണയത്തിന്റെ കാല്പനിക സൗന്ദര്യം വഴിഞ്ഞൊഴുകുമ്പോഴും ശൃംഗാരവും രതിയും പാട്ടുകളില്‍ നിന്ന് ഒഴിച്ചു നിര്‍ത്തിയിട്ടുണ്ട് അദ്ദേഹം. അതില്‍ നിന്ന് വ്യത്യസ്തമാണ് ഈ പാട്ട്. ഇക്കാലത്ത് അദ്ദേഹം പാട്ടുകള്‍ എഴുതിയിരുന്നത് ബാലമുരളി എന്ന പേരിലായിരുന്നു. ഈ പാട്ടിന്റെ അടുത്ത ചരണം കുറച്ചു കൂടി തുറന്നെഴുത്താണ്.

ഇത്തിരി വിടര്‍ന്നൊരീ ചെഞ്ചൊടികളില്‍ നിന്നും
മുത്തും പവിഴവും ഞാന്‍ കോര്‍ത്തെടുക്കും
താമര തേന്‍ നിറഞ്ഞൊരീ മലര്‍ക്കുടങ്ങളെ
ഓമനേ മുകര്‍ന്ന് ഞാന്‍ മയങ്ങിവീഴും 
നിന്റെ മടിയില്‍ വീഴും

'ഒരു കൊച്ചു സ്വപ്നം' എന്ന സിനിമയില്‍ ഓ.എന്‍. വി എഴുതിയ ഒരു പാട്ടുണ്ട്. എം. ബി. ശ്രീനിവാസന്‍ ഈണമിട്ട് യേശുദാസ് പാടിയത്. 

മാറില്‍ ചാര്‍ത്തിയ മരതക കഞ്ചുക
മഴിഞ്ഞുവീഴുന്നു
മാരകരാംഗുലി കളഭം പൂശി
പൂവുടലുഴിയുന്നു

വളരെ നേര്‍ത്ത കാറ്റ് തലോടുന്നതുപോലെയുള്ള ഈണം. കഞ്ചുകമഴിയുന്നതിനെ കുറിച്ചും പൂവുടല്‍ ഉഴിയുന്നതിനെ കുറിച്ചും വരികളിലുണ്ടെങ്കിലും സിനിമാകാഴ്ചയില്‍ പ്രണയികളുടെ ചലനങ്ങള്‍ രതിചേഷ്ടകളുടെതല്ല. പരസ്പരമുള്ള സ്പര്‍ശനം പോലും വളരെ പരിമിതമായേ സംഭവിക്കുന്നുള്ളു.

നഖക്ഷതങ്ങള്‍ സുഖകരമായൊരു
വേദന പകരുന്നൂ
സഖീ നീ അടിമുടി ഉരുകും സ്വര്‍ണ
തകിടായ് മാറുന്നൂ

വരികളില്‍ ഓ. എന്‍. വി സ്പര്‍ശം ഉണ്ടെന്ന് പറയാനാകില്ല. അവന്റെ ദാഹം തീര്‍ക്കാന്‍ അവള്‍ തേനുറവാകുന്നതും അവന്റെ ചൊടികളില്‍ അലിയാന്‍ അവള്‍ മാമ്പൂവായി ഉരുകുന്നതും ഒക്കെയാണ് അടുത്ത ചരണത്തില്‍.  

ഓ. എന്‍. വി ഇതുപോലെ പെണ്ണുടലും ശൃംഗാര കേളിയും സ്പര്‍ശിച്ചുപോയത് 'നമുക്ക് പര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന സിനിമയിലെ ഒരു പാട്ടിലാണ്. ജോണ്‍സണ്‍ ഈണമിട്ട് യേശുദാസ് പാടിയ 'പവിഴം പോല്‍ പവിഴാധരം പോല്‍' എന്ന പാട്ടില്‍. പാട്ടിന്റെ രണ്ടാമത്തെ ചരണം ഇങ്ങനെ.

നിന്നനുരാഗമിതെന്‍ സിരയില്‍
സുഖഗന്ധമെഴും മദിരാസവമായ്
ഇളമാനിണനിന്‍ കുളിര്‍ മാറില്‍ സഖീ
തരളാര്‍ദ്രമിതാ തലചായ്ക്കുകയായ്
വരു സുന്ദരി എന്‍ മലര്‍ശയ്യയിതില്‍

ധ്വനിപ്രധാനമായി എഴുതുന്നതിലാണ് ഓ. എന്‍. വി എന്നും നമ്മെ അതിശയിപ്പിച്ചിട്ടുള്ളത്. ആദ്യ കാലത്ത് നാടക ഗാനങ്ങളില്‍ തനി നാടന്‍ ശീലുകള്‍ എഴുതിയതൊഴിച്ചാല്‍ പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ വരികള്‍ സംസ്‌കരിച്ച മലയാളത്തിലാണെന്ന് കാണാന്‍ കഴിയും. അതിലും തുറന്നെഴുത്തുകള്‍ വളരെ കുറച്ച് മാത്രം.

 

 

തിരണ്ടുനില്ക്കുന്ന താരുണ്യം

രവിവര്‍മ ചിത്രത്തിന്‍ രതിഭാവമേ
രഞ്ജിനി രാഗത്തിന്‍ രോമാഞ്ചമേ
സര്‍പ്പസൗന്ദര്യമേ നിന്നിലെന്‍ പൗരുഷം
സംഗമ പൂവിടര്‍ത്തും പ്രേമത്തിന്‍
കുങ്കുമ പൂ വിടര്‍ത്തും

'രാജു റഹീം' എന്ന ചിത്രത്തിലെ പാട്ടാണിത്. ആര്‍. കെ. ദാമോദരന്‍ എഴുതി എം. കെ. അര്‍ജുനന്‍ സംഗീതം കൊടുത്ത് യേശുദാസ് പാടിയിരിക്കുന്നു. 'സര്‍പ്പസൗന്ദര്യത്തിന്റെ ഉള്ളില്‍ പൗരുഷം സംഗമ പൂ വിടര്‍ത്തും' എന്ന് പറയുമ്പോള്‍ വെറും സൗന്ദര്യ വര്‍ണനയിലുപരി ശാരീരിക ബന്ധത്തിലേക്കാണ് സൂചന. പാട്ടിന്റെ ചരണം സ്ത്രീ സൗന്ദര്യത്തിന്റെ മറ്റ് സവിശേഷതകളിലേക്കെത്തുന്നു.

തിരണ്ടുനില്ക്കുന്നൊരു താരുണ്യമേ നിന്റെ
തിരുവുടല്‍ ഭംഗി ഞാനാസ്വദിക്കും
വെണ്മണിശ്ലോകത്തിന്‍ നഗ്‌നശൃംഗാരത്തില്‍
പെണ്മണി ഞാന്‍ പെയ്തിറങ്ങും
രതിദേവി നീയല്ലേ രാധിക നീയല്ലേ
പതിനേഴില്‍ പൂക്കുന്ന പൗര്‍ണമിയും

തിരണ്ടു നില്ക്കുന്ന താരുണ്യത്തിന്റെ ഉടല്‍ ഭംഗി ആസ്വദിക്കുന്നതിനെ കുറിച്ചാണ് കവി എഴുതുന്നത്. 'തിരണ്ടുനില്‍ക്കുക' എന്ന പ്രയോഗം ഒരു മലയാള സിനിമാ ഗാനത്തില്‍ അതിന് മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. 'ഋതുമതിയാവുക' എന്നത് പലരും ഉപയോഗിച്ചിട്ടുണ്ട്. പതിനേഴില്‍ പൂക്കുന്ന പൗര്‍ണമി, വെണ്മണി കവിതകളിലെ നഗ്‌ന ശൃംഗാരം, അങ്ങനെ സൂചനകള്‍ കൃത്യമായി രതി സങ്കല്പങ്ങളിലേക്ക് തന്നെ. ഉടലിലെ പൂവുകള്‍ അടര്‍ത്തുന്നതിനെ കുറിച്ചും അവളിലേക്ക് പെയ്തിറങ്ങുന്നതിനെ കുറിച്ചുമാണ് അടുത്ത ചരണത്തില്‍.

പെണ്‍കുട്ടി ഃഋതുമതിയാവുന്നതിന്റെ ആഘോഷത്തില്‍ പാടുന്ന ഒരു പാട്ടുണ്ട് 'തുലാവര്‍ഷം' എന്ന ചിത്രത്തില്‍. പി. ഭാസ്‌കരന്‍ എഴുതി വി. ദക്ഷിണാമൂര്‍ത്തി ഈണമിട്ട് എസ്. ജാനകിയും സെല്‍മാ ജോര്‍ജും സംഘവും ചേര്‍ന്ന് പാടിയ പാട്ട്.

പാറയിടുക്കില്‍ മണ്ണുണ്ടോ
ചെമ്മണ്ണുണ്ടോ മാളോരേ
ചെമ്മണ്ണല്ല പൂവാണേ ഇത്
തെച്ചിപ്പൂവാണെ ഇത് തെച്ചിപ്പൂവാണേ

ചെമ്മണ്ണും തെച്ചി പൂവുമൊക്കെ സൂചിപ്പിക്കുന്നത് വളരെ വ്യക്തം. പാട്ടിനൊത്ത് സ്ത്രീകള്‍ കൈകൊട്ടിയും കുമ്മിയടിച്ചും നൃത്തം ചെയ്യുന്നതായാണ് സിനിമയില്‍. പാട്ടിന്റെ ഈണവും ചുവടുകള്‍ക്കനുസരിച്ച് മാറുന്നുണ്ട്.

തെച്ചിപ്പൂവില്‍ തേനുണ്ടോ
മധുരത്തേനുണ്ടോ
തേനുണ്ടേ പൂമ്പൊടിയുണ്ടേ
ചോണനുറുമ്പുണ്ടേ

ഇങ്ങനെ പോകുന്നു ചരണം. ഈ അവസരത്തില്‍ പെണ്‍കുട്ടിയ്ക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രത്യേകതകളിലേയ്ക്ക് തന്നെയാണ് പാട്ടിന്റെ വരികള്‍ വിരല്‍ ചൂണ്ടുന്നത്. ഏഴുവെളുപ്പിന് പോന്ന വഴിയില്‍ ചോപ്പ് പരന്നതും അത് കുരുതിപ്പാടാണെന്നതും കുന്ന് മുളച്ചതുമൊക്കെ സൂചിപ്പിക്കുന്നതും അത് തന്നെ.

 


യൗവനത്തിന്‍ നഖലാളനങ്ങള്‍

'നാലാം കുളി കഴിഞ്ഞെത്തുന്ന പെണ്ണിന് നേരം വെളുക്കുമ്പം വേളി' എന്ന് ഒരു പാട്ടില്‍ എഴുതിയിട്ടുണ്ട് വയലാര്‍. 'ഏണിപ്പടികള്‍' എന്ന സിനിമയിലെ 'ഒന്നാം മാനം പൂമാനം' എന്ന പാട്ടില്‍. 

'അക്കരക്കാട്ടില്‍ ആരമല മേട്ടില്‍ ആതിരക്കന്നിയ്ക്ക് 'ഋതുശാന്തി' എന്നെഴുതിയത് കാവാലം നാരായണപണിക്കര്‍. 'വാടകയ്‌ക്കൊരു ഹൃദയം' എന്ന സിനിമയിലെ 'പൂവാങ്കുഴലി പെണ്ണിനുണ്ടൊരു' എന്ന പാട്ടില്‍. രണ്ട് പാട്ടിനും സംഗീതമൊരുക്കിയത് ദേവരാജന്‍ മാഷ്. പാടിയത് യേശുദാസും.

പ്രിയമുള്ള ചേട്ടന്‍ അറിയുവാന്‍
പ്രിയയെഴുതും പരിദേവനം

'അക്ഷയപാത്രം' എന്ന സിനിമയിലെ പാട്ടാണിത്. ശ്രീകുമാരന്‍ തമ്പി എഴുതി എം. എസ്. വിശ്വനാഥന്‍ ഈണമിട്ട് പി. സുശീല ശൃംഗാരരസം നിറച്ചുകൊണ്ട് തന്നെ പാടിയിരിക്കുന്നു. തന്റെ പ്രിയതമന്‍ അടുത്തില്ലാത്ത വേളയില്‍ അവനോടൊത്തുള്ള രതികേളികള്‍ ഓര്‍ത്തെടുത്ത് അവനെ കേള്‍പ്പിക്കാനുള്ള പരിദേവനം എന്നരീതിയിലാണ് പാട്ട്. വരികളില്‍ പെണ്ണുടലിന്റെ വര്‍ണനകള്‍ തന്നെ പ്രധാനമായും.

കരിമീനിണകളെന്നവിടുന്ന് ചൊല്ലും
കണ്ണുകള്‍ മറന്നുപോയ് മയക്കം
ഉരുകാത്ത വെണ്ണയെന്നവിടുന്ന് കളിയാക്കും
നിറമാറിലറിയാത്തൊരിളക്കം

അവന്‍ ചുംബിക്കാനരികിലില്ലെങ്കില്‍ ചുണ്ടുകള്‍ക്ക് രാഗവും നഖം കൊണ്ട് തെളിയാത്ത പടം വരയ്ക്കുന്നില്ലെങ്കില്‍ കവിളിന് തിളക്കവും എന്തിനെന്നാണ് തുടര്‍ന്ന് ചോദിക്കുന്നത്. നിന്റെ മുഖം മറക്കാനല്ലെങ്കില്‍ എന്തിനാണ് എന്റെ കൂന്തല്‍ നീലിഭൃംഗാദി തേച്ച് മിനുക്കുന്നതെന്നും തുടര്‍ന്ന്.

പുഷ്പദളങ്ങളാല്‍ നഗ്‌നത മറയ്ക്കും
സ്വപ്ന സുന്ദരീ പ്രകൃതീ സര്‍പ്പസുന്ദരീ
നിന്നരക്കെട്ടില്‍ കൈ ചുറ്റി നില്‍ക്കും
നിലാവിനെന്തൊരു മുഖപ്രസാദം

'വിഷ്ണുവിജയം' എന്ന സിനിമയ്ക്കു വേണ്ടി വയലാര്‍ ദേവരാജന്‍ ടീമൊരുക്കിയ ഒരു പാട്ടാണിത്. പാടിയിരിക്കുന്നത് യേശുദാസ്. നായികയും നായകനും (അല്ലെങ്കില്‍ പ്രതിനായകന്‍) ഒരു കാറില്‍ പോകുമ്പോള്‍ നായകന്‍ പാടുന്നതായാണ് പാട്ട്. കമലഹാസനും ഷീലയും രംഗത്ത്. കമലഹാസന്റെ കഥാപാത്രം ഷീലയുടെ ഭര്‍ത്താവിന്റെ എസ്റ്റേറ്റിലെ ജോലിക്കാരനായ പയ്യന്‍.

പ്രിയയൗവനത്തിന്‍ നഖലാളനങ്ങള്‍
കവിളില്‍ കുറിക്കും ശ്ലോകങ്ങള്‍
ഗൂഢാര്‍ത്ഥ ശൃംഗാര കാവ്യത്തിലെ ഒരു
പ്രൗഢനായികയാക്കി നിന്നെ
പ്രൗഢനായികയാക്കി
ആ കാവ്യത്തിന്‍ അലങ്കാരമാകാന്‍
ആവേശം എനിക്കാവേശം

വരികള്‍ പ്രകൃതിയെ കുറിച്ചുള്ളതാണെങ്കിലും അത് തന്റെ കൊച്ചമ്മയെ കൂടി മനസ്സില്‍ കണ്ട് പാടുന്നതായാണ് സിനിമയില്‍. കൃത്യമായി പ്രണയത്തിന്റെ അനിവാര്യമായ പരിണതിയായ ശാരീരിക ബന്ധത്തിന്റെ സൂചനകള്‍ തന്നെയാണ് വരികളില്‍. പൗരുഷത്തിന്റെ പരിരംഭണങ്ങളും രോമാഞ്ച മഞ്ചവും കാമസായകവും ഒക്കെയാണ് അടുത്ത ചരണത്തില്‍.

 

 

മഴത്തുള്ളിയുടെ സഞ്ചാരങ്ങള്‍

ഇതുപോലെ 'ലോറാ നീ എവിടെ' എന്ന ചിത്രത്തിലെ ഒരു പാട്ടില്‍ വെണ്ണിലാവിനെ സ്ത്രീയോട് ഉപമിച്ചെഴുതിയ ഒരു പാട്ടുണ്ട്.

കിഴക്കേ മലയിലെ വെണ്ണിലാവൊരു
കൃസ്ത്യാനി പെണ്ണ്
കഴുത്തില്‍ മിന്നും പോന്നും ചാര്‍ത്തിയ
കൃസ്ത്യാനി പെണ്ണ്

അവളുടെ മൃദുമെയ്യില്‍ നിറയെ അചുംബിത കലകളാണെന്നും ഒന്ന് പുണര്‍ന്നോട്ടെ എന്നും ചരണത്തില്‍ ചോദിക്കുന്നു. അവളുടെ മണിയറ വിളക്കുകള്‍ കെടുത്തട്ടേ എന്നും മടിയില്‍ കിടത്തട്ടേ എന്നും അടുത്ത ചരണത്തില്‍. വയലാറിന്റെ വരികള്‍ക്ക് ബാബുരാജ് ഈണമിട്ട് എ. എം. രാജയും ബി. വസന്തയും ചേര്‍ന്ന് പാടിയിരിക്കുന്നു.

അധരം മധുചഷകം
ഹൃദയം അമൃതകലശം
നയനം പുഷ്പബാണം
സഖീ നീയൊരു പ്രേമകാവ്യം

'പ്രീതി' എന്ന സിനിമയ്ക്ക് വേണ്ടി ഡോ. പവിത്രന്‍ രചിച്ച് എ. ടി. ഉമ്മര്‍ ഈണമിട്ട് യേശുദാസ് പാടിയ പാട്ട്. നീ പകരുന്ന രാഗസുധാരസ ലഹരിയില്‍ വാക്കുകള്‍ നിരര്‍ത്ഥകമാകുന്നതും മൗനം വാചാലമാകുന്നതുമൊക്കെയാണ് ആദ്യചരണത്തില്‍. അടുത്ത ചരണം ഇങ്ങനെ.

ഈ മൃദുപാണികള്‍ താമരവളയങ്ങള്‍
ഓമനേ എന്നെ പുണരുമ്പോള്‍
ആയിരമായിരം മിന്നല്‍ പിണരുകള്‍
രോമഹര്‍ഷമായ് വിരിയുന്നൂ

രോമഹര്‍ഷമായ് വിരിയുന്നത് മിന്നല്‍ പിണരുകളാണെന്നാണ് കവി എഴുതുന്നത്. ആ മിന്നല്‍പിണരുകള്‍ ഉണ്ടാകുന്നത് കാമുകി പുണരുമ്പോഴാണെന്നതാണ് പ്രത്യേകത.

നടന്നാല്‍ നീയൊരു സ്വര്‍ണഹംസം
പൂത്തുവിടര്‍ന്നാല്‍ നീയൊരു പാരിജാതം
നിറച്ചാല്‍ നീയൊരു പാനപാത്രം
അടുത്തിരുന്നാല്‍ നീയൊരു രോമഹര്‍ഷം

'തെറ്റ്' എന്ന സിനിമയ്ക്ക് വേണ്ടി വയലാര്‍ ദേവരാജന്‍ യേശുദാസ് ടീമിന്റെ ഒരു പാട്ടാണിത്. സ്ത്രീ ശരീരത്തിന്റെ വര്‍ണനതന്നെ. അവള്‍ സ്വര്‍ണഹംസവും, പാരിജാതവും പാനപാത്രവും രോമഹര്‍ഷവുമാകുന്നു. അവള്‍ കിടക്കുമ്പോള്‍ കട്ടില്‍ നിറയുന്ന മുടിയില്‍ വിരലോടിക്കുന്നതും അവളെ മടിയിലിരുത്തുന്നതുമൊക്കെ ചരണങ്ങളില്‍.

പനിനീര്‍ മഴ പൂമഴ തേന്‍മഴ
മഴയില്‍ കുതിരുന്നൊരഴകേ
നനയുന്നത് കഞ്ചുകമോ സഖീ
നിന്നെ പൊതിയും യൗവനമോ

'ഭൂമിദേവി പുഷ്പിണിയായി' എന്ന സിനിമയ്ക്ക് വേണ്ടി വയലാര്‍ എഴുതി ദേവരാജന്‍ സംഗീതം കൊടുത്ത് യേശുദാസ് പാടിയ വശ്യസുന്ദരമായ ഗാനം.

കണ്‍പീലികളില്‍ തങ്ങി ചുണ്ടിലെ
കമലക്കൂമ്പുകള്‍ നുള്ളി
മാറില്‍ പൊട്ടി തകര്‍ന്ന് ചിതറി
മൃദുരോമങ്ങളിടറി
പൊക്കിള്‍ ചുഴിയൊരു തടാകമാക്കിയ
പവിഴ മഴത്തുള്ളി

പാട്ട് മഴയെ കുറിച്ചുള്ളതാണെങ്കിലും വിവരണം പെണ്ണുടലിനെക്കുറിച്ച് തന്നെ. മഴ എങ്ങനെ അവളെ കൂടുതല്‍ സുന്ദരിയാക്കുന്നു എന്നതായി മാറുന്നു. കുമാരസംഭവത്തില്‍ പരമശിവനെ പ്രീതിപ്പെടുത്താന്‍ തപസ്സ് ചെയ്യുന്ന പാര്‍വതിയുടെ ഉടലിലൂടെയുള്ള ഒരു മഴത്തുള്ളിയുടെ സഞ്ചാരത്തിന്റെ കാളിദാസ വര്‍ണനയുണ്ട്. അതിന്റെ മലയാള ഭാഷ്യമാണിത്.

 

 

അരഞ്ഞാണ ചരടിലെ ഏലസുകള്‍

ഇതുപോലെ സ്ത്രീ സൗന്ദര്യത്തെ വര്‍ണിച്ചുകൊണ്ടുള്ള ഒരു മുഴുനീള പാട്ടുണ്ട് 'ദേവരാഗം' എന്ന സിനിമയില്‍. എം. ഡി. രാജേന്ദ്രന്‍ എഴുതി കീരവാണി ഈണമിട്ട് പി. ജയചന്ദ്രന്‍ പാടിയിരിക്കുന്നു.

കരിയരി വണ്ടുകള്‍ കുറുനിരകള്‍
കുളിര്‍നെറ്റി മുകരും ചാരുതകള്‍
മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
നീലോല്പലങ്ങള്‍ നീള്‍മിഴികള്‍

ഇതാണ് പാട്ടിന്റെ പല്ലവി. ചരണങ്ങളില്‍ സ്ത്രീയുടെ അംഗോപാംഗ വര്‍ണനയാണ്. അധരവും കവിളുകളും നുണക്കുഴികളും ഒക്കെ കടന്ന് പോകുന്നുണ്ട് പാട്ട്. 'നിറമാറില്‍ യൗവന കലശങ്ങള്‍' എന്നും 'മൃദുരോമരാജി തന്‍ താഴ്വരകള്‍' എന്നും ഒരു ചരണത്തില്‍.

അരയാലിന്നിലകളോ അണിവയറോ
ആരോമല്‍ പൊക്കിള്‍ ചുഴി പൊയ്കയോ
പ്രാണഹര്‍ഷങ്ങള്‍ തന്‍ തൂണീരമോ
നാഭീ തട വനനീലിമയോ

ഇതാണ് അടുത്ത ചരണം. പിന്നഴകോ മണി തംബുരുവോ എന്നും പൊന്‍ താഴ്മപൂ മൊട്ടോ കണങ്കാലോ എന്നും പാട്ടില്‍. പെണ്ണുടലിനെ ഇത്രയും സൂക്ഷ്മമായും സുന്ദരമായും പിന്തുടര്‍ന്ന് വര്‍ണ്ണിച്ച വേറൊരു പാട്ടുണ്ടൊ എന്ന് സംശയമാണ്.

തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന
തായ് മാസ തമിഴ് പെണ്ണേ
നിന്റെ അരഞ്ഞാണ ചരടിലെ ഏലസ്സിനുള്ളില്‍
ആരേയും മയക്കുന്ന മന്ത്രമുണ്ടോ
അനംഗമന്ത്രമുണ്ടോ

സിനിമ 'ഗായത്രി'. ടീം വയലാര്‍ ദേവരാജന്‍ യേശുദാസ്. പത്മതീര്‍ത്ഥത്തിലെ പാതിവിരിഞ്ഞ താമരയെന്നും അഗ്രഹാരത്തിലെ ആരും കൊതിക്കുന്ന അഴകിന്‍ വിഗ്രഹമെന്നും അവളെ വര്‍ണ്ണിക്കുന്നു. അവളുടെ മേനിയില്‍ ഒരു പൂണൂലായ് പറ്റിക്കിടക്കാന്‍ ആഗ്രഹിച്ചു എന്നും വരികളില്‍.

നിന്‍ പാദം ചുംബിച്ചൊരുന്മാദം കൊള്ളുമീ
ചെമ്പകപ്പൂവായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍
നിന്നംഗ സൗഭഗം വാരിപ്പുണരുമീ
മന്ദസമീരനായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍
എങ്കില്‍ ഞാന്‍ ചക്രവര്‍ത്തീ
ഒരു പ്രേമ ചക്രവര്‍ത്തീ

'അംഗനമാര്‍ മൗലേ അംശുമതി ബാലേ' എന്ന പാട്ടിലെ വരികളാണിത്. ചിത്രം 'അങ്കത്തട്ട്' വയലാര്‍ ദേവരാജന്‍ ടീമിന്റെ പാട്ട് പാടിയിരിക്കുന്നത് യേശുദാസ്. നിന്‍ മെയ്യെടുത്ത് മടിയില്‍ വെയ്ക്കുന്ന വള്ളിയൂഞ്ഞാലായ്, നിന്റെ ചുണ്ടത്ത് ചേര്‍ക്കുന്ന തെങ്ങിളനീരായ് ജനിച്ചിരുന്നെങ്കില്‍ എന്നൊക്കെയാണ് തുടര്‍ന്നുള്ള വരികളില്‍. കാമുകിയുടെ ഉടലിനോട് ചേരാനുള്ള തീവ്രമായ ആഗ്രഹം തന്നെയാണ് വരികളില്‍.  

സീമന്തിനി നിന്റെ ചൊടികളിലാരുടെ
പ്രേമമൃദുസ്‌മേരത്തിന്‍ സിന്ദൂരം
ആരുടെ കൈനഖേന്ദു മരീചികളില്‍
കുളിച്ചാകെ തളിര്‍ത്തുനിന്‍ കൗമാരം

ചിത്രം 'അതിഥി'. വയലാര്‍ ദേവരാജന്‍ യേശുദാസ് ടീം തന്നെ. ആരുടെ കൈനഖ പാടുകളുടെ ചാന്ദ്ര പ്രകാശത്തില്‍ കുളിച്ചാണ് നിന്റെ കൗമാരം ഇത്ര തളിര്‍ത്തത് എന്നാണ് വയലാര്‍ ചോദിക്കുന്നത്.

പ്രാവുകളുടേതുപോലുള്ള പദങ്ങളുമായി നീ മെല്ലെ നടക്കുമ്പോള്‍ ഭൂമി താനേ പാടുന്നൊരു മണ്‍വീണയായി മാറുന്നു എന്നാണ് തുടര്‍ന്നെഴുതുന്നത്. ആ വീണയുടെ ഇഴകളാകാനും ആ പാട്ടിന്റെ പല്ലവി ആകാനുമുള്ള ആഗ്രഹം തുടര്‍ന്നുള്ള വരികളില്‍.    


വെള്ളത്താമര മൊട്ടുപോലെ
വെണ്ണക്കല്‍ പ്രതിമ പോലെ
കുളിക്കാനിറങ്ങിയ പെണ്ണെ
നിന്റെ കൂടെ ഞാനും വന്നോട്ടെ

സിനിമ 'തിരിച്ചടി'  വയലാര്‍ എഴുതി ആര്‍. സുദര്‍ശനം ഈണമിട്ട് യേശുദാസ് പാടിയിരിക്കുന്ന്. നിന്റെ കൂടെ കുളിക്കാന്‍ ഞാനും വന്നോട്ടേ എന്നാണ് കാമുകനെ കൊണ്ട് വയലാര്‍ ചോദിപ്പിക്കുന്നത്. അറുപതുകളിലെ സിനിമയാണ് തിരിച്ചടി എന്നും ഓര്‍ക്കുക.

കാമുകിയുടെ 'നെഞ്ചിലൊന്ന് നോക്കിപ്പോയാല്‍ കണ്ണിന്ന് തേരോട്ടം' എന്നെഴുതിയത് തിക്കുറിശ്ശിയാണ്. 'ഉര്‍വശി ഭാരതി' എന്ന സിനിമയിലെ 'കാര്‍കൂന്തല്‍ കെട്ടിലെന്തിന് വാസന തൈലം' എന്ന പാട്ടില്‍. ദക്ഷിണാമൂര്‍ത്തിയുടെ സംഗീതവും യേശുദാസിന്റെ ശബ്ദവും.

ഇതര ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യരില്‍ സ്ത്രീയ്ക്കാണ് സൗന്ദര്യം എന്ന് കാലങ്ങളായി സാഹിത്യവും കലയും സാക്ഷ്യപ്പെടുത്തുമ്പോള്‍ സിനിമാ പാട്ടുകളില്‍ ഇത്തരം വര്‍ണനകള്‍ അസ്വാഭാവികമായി കാണാന്‍ കഴിയില്ല. ആ കാലഘട്ടത്തിലെ സിനിമകളുടെ വാണിജ്യപരമായ ആവശ്യകത കൂടി ഇത്തരം പാട്ടുകളുടെ സൃഷ്ടിയില്‍ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്നത്തെ തലമുറ ഇത്തരം പാട്ടുകളുടെ വരികള്‍ ശ്രദ്ധിക്കുമ്പോള്‍ അവര്‍ക്ക് അല്‍ഭുതം തോന്നുന്നുണ്ടെന്നുള്ളതും ശരിയാണ്.

പാട്ടുകളിലെ രതിബിംബങ്ങളും തീവ്ര ശൃംഗാര കല്പനകളും ഇനിയുള്ള കാലത്ത് ഉണ്ടാകാന്‍ സാദ്ധ്യതയില്ല. പാട്ടുകള്‍ തന്നെ സിനിമയില്‍ അപ്രസക്തമാകുന്ന കാലഘട്ടം കൂടിയാണല്ലോ ഇത്.

 

Read More:  പാവാട പ്രായത്തില്‍ മൊട്ടായും സാരിക്കാലത്ത് പൂവായും; സിനിമാപ്പാട്ടിലെ പെണ്ണുങ്ങള്‍

Follow Us:
Download App:
  • android
  • ios