Asianet News MalayalamAsianet News Malayalam

ഏത് ലിപ്‍സ്റ്റിക് വേണം, എന്തുതരം വസ്ത്രം ധരിക്കണം, എങ്ങനെ മുടികെട്ടാം; സര്‍ക്കാര്‍ തീരുമാനിക്കും

''മിക്ക സ്ത്രീകള്‍ക്കും വീട്ടില്‍ നിന്നോ, സ്‍കൂളില്‍ നിന്നോ, അല്ലെങ്കില്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്നോ ഒക്കെത്തന്നെ 'വൃത്തിയും വെടിപ്പുമുള്ള' വസ്ത്രം ധരിക്കാനും 'നന്നായി നടക്കാനും' ഉള്ള ഉപദേശം കിട്ടുന്നു.'' 

fashion life in north korea
Author
Korea, First Published Aug 14, 2020, 1:54 PM IST

ഉത്തര കൊറിയയില്‍ നിന്നുള്ള അഭിനേത്രി നാരാ കാംഗ് ഇപ്പോഴുള്ളത് ദക്ഷിണ കൊറിയയിലാണ്. അവളിപ്പോള്‍ കടും ചുവപ്പ് നിറത്തിലുള്ള ലിപ്‍സ്റ്റിക് ഇടുകയും മുഖം മിനുക്കുകയും മുടി ഇഷ്‍ടത്തിന് വെട്ടുകയുമെല്ലാം ചെയ്യും. എന്നാല്‍, സ്വന്തം നാടായ ഉത്തരകൊറിയയിലെ ഹാം‌യോങില്‍ അവള്‍ക്കിതിനൊക്കെ കഴിയുമെന്ന് കരുതണ്ട. ''കടുംചുവപ്പ് ലിപ്‍സ്റ്റിക് ഇടുകയെന്നത് ഉത്തരകൊറിയയില്‍ ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. ചുവപ്പ് നിറം പ്രതിനിധീകരിക്കുന്നത് മുതലാളിത്തത്തെയാണ്. അതുകൊണ്ട് തന്നെ അവിടെ കടും ചുവപ്പ് നിറം ധരിക്കുന്നത് കുറ്റമാണ്'' നാരാ പറയുന്നു. 

നാരാ ഇപ്പോള്‍ ദക്ഷിണകൊറിയയിലെ സിയോളിലാണ് ജീവിക്കുന്നത്. എങ്ങനെ മുടി കെട്ടണം, എന്ത് വസ്ത്രം ധരിക്കണം തുടങ്ങി തന്‍റെ വ്യക്തി സ്വാതന്ത്ര്യത്തിലെല്ലാം രാജ്യം ഇടപെടുന്നുവെന്ന് മനസിലായപ്പോള്‍ 2015 -ലാണ് അവള്‍ ദക്ഷിണകൊറിയയിലേക്ക് പോയത്. നാരായുടെ ജന്മദേശത്തുള്ളവര്‍ക്ക് ഇളം പിങ്ക് പോലെ വളരെ ഇളംനിറത്തിലുള്ള ലിപ്‍സ്റ്റിക്കുകള്‍ മാത്രമേ ചുണ്ടിലണിയാന്‍ കഴിയൂ. അതുപോലെ നീളന്‍ മുടി നന്നായി കെട്ടിവയ്ക്കുകയോ അല്ലെങ്കില്‍ പിന്നിയിടുകയോ ചെയ്യണമെന്നും നാരാ പറയുന്നു. പലപ്പോഴും നാട്ടില്‍ അവിടുത്തെ അറിയപ്പെടുന്ന 'ഫാഷന്‍ പൊലീസി'ന്‍റെ കണ്ണില്‍ പെടാതിരിക്കാനായി പ്രധാന വഴികളില്‍ നിന്നും മാറി യാത്ര ചെയ്യുന്നതിനെക്കുറിച്ചും നാരാ ഓര്‍ക്കുന്നു. 

fashion life in north korea

''എപ്പോഴൊക്കെ ഞാന്‍ മേക്കപ്പിടുന്നോ അപ്പോഴൊക്കെ നാട്ടിലെ പ്രായമായവര്‍ പറയുന്നത്, ഞാന്‍ മുതലാളിത്തവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു മോശക്കാരിയാണ് എന്നാണ്. അതുപോലെ അവിടെ ഓരോ 10 മീറ്ററിനുള്ളിലും കാല്‍നടയാത്രക്കാരെ ശ്രദ്ധിക്കാനും അവര്‍ നാട്ടിലെ നിയമങ്ങള്‍ക്കനുസരിച്ച് തന്നെയാണോ വേഷവിധാനവും മേക്കപ്പും ഇട്ടിരിക്കുന്നത് എന്നറിയാനും പ്രത്യേകം പട്രോള്‍ യൂണിറ്റ് തന്നെ ഉണ്ട്'' -നാരാ പറയുന്നു. അവളുടെ കയ്യിലെ വെള്ളി മോതിരവും ബ്രേസ്‍ലെറ്റുകളും കാണിച്ച് ഇത്തരത്തിലുള്ള ആഭരണങ്ങള്‍ ധരിക്കാന്‍ പോലും അവിടെ അനുവാദമില്ലെന്നും അവള്‍ വിശദീകരിക്കുന്നു. തീര്‍ന്നില്ല, മുടി കളര്‍ ചെയ്യുവാനോ അഴിച്ച് വിടര്‍ത്തിയിടാനോ ഒന്നും പറ്റിയെന്ന് വരില്ല. 

രാജ്യത്തിന്‍റെ ഇത്തരം അടിച്ചമര്‍ത്തല്‍ നയങ്ങളോട് പ്രതിഷേധിച്ച് രാജ്യം വിട്ട രണ്ട് ഡിഫെക്ടര്‍മാരോട് സിഎന്‍എന്‍ സംസാരിച്ചിരുന്നു. 2010-2015 കാലത്ത് ഉത്തരകൊറിയ വിട്ടവരാണ് അവരിരുവരും. മിനി സ്‍കര്‍ട്ട്, സ്‍കര്‍ട്ട്, ഇംഗ്ലീഷ് അക്ഷരങ്ങള്‍ പ്രിന്‍റ് ചെയ്‍ത വസ്ത്രങ്ങള്‍, ഇറുകിയ ജീന്‍സ് തുടങ്ങിയ 'വളരെ പാശ്ചാത്യ രീതിയിലുള്ള' വസ്ത്രം ധരിച്ചു എന്നതിന്‍റെ പേരില്‍ പിഴയീടാക്കിയിരുന്നതായി അവര്‍ പറയുന്നു. പിഴയും ശിക്ഷയുമെല്ലാം ഓരോ പ്രവിശ്യയിലും വ്യത്യസ്‍തമാണ്. ശിക്ഷകള്‍ പലപ്പോഴും കുറ്റകൃത്യത്തെ ആശ്രയിച്ചോ പട്രോള്‍ യൂണിറ്റിനെ ആശ്രയിച്ചോ മാറിക്കൊണ്ടിരുന്നു. ഇങ്ങനെ വസ്ത്രം ധരിക്കുകയോ മേക്കപ്പ് ചെയ്യുകയോ ചെയ്‍തതിന് ചിലരെ നഗരത്തിലെ ഒരിടത്ത് ഏറെനേരം നിര്‍ത്തുകയും ഓഫീസര്‍മാരുടെ നിര്‍ത്താതെയുള്ള അവഹേളനത്തിന് വിധേയരാക്കുകയും ചെയ്‍തു. ചിലരെയാകട്ടെ കഠിനമായ ജോലികള്‍ ചെയ്യിച്ചു. 

''മിക്ക സ്ത്രീകള്‍ക്കും വീട്ടില്‍ നിന്നോ, സ്‍കൂളില്‍ നിന്നോ, അല്ലെങ്കില്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്നോ ഒക്കെത്തന്നെ 'വൃത്തിയും വെടിപ്പുമുള്ള' വസ്ത്രം ധരിക്കാനും 'നന്നായി നടക്കാനും' ഉള്ള ഉപദേശം കിട്ടുന്നു.'' കൊറിയ യൂണിവേഴ്‍സിറ്റിയിലെ നോര്‍ത്ത് കൊറിയന്‍ സ്റ്റഡീസ് പ്രൊഫസറായ നാം സൂംഗ് വൂക്ക് പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും കാര്‍ക്കശ്യം വച്ചുപുലര്‍ത്തുന്ന രാജ്യങ്ങളിലൊന്നാണ് ഉത്തരകൊറിയ. എന്നാല്‍, രാജ്യത്തിന് പുറത്ത് തങ്ങളുടെ ഫാഷന്‍ ഇഷ്‍ടങ്ങള്‍ പിന്തുടരുകയാണ് തന്നെ പോലുള്ളവരെന്നാണ് നാരാ പറയുന്നത്. 

ബ്ലാക്ക് മാര്‍ക്കറ്റ് സംസ്‍കാരം

പഴങ്ങളും വസ്ത്രങ്ങളും ഗാര്‍ഹിക ഉത്പന്നങ്ങളുമടക്കം വില്‍ക്കപ്പെടുന്ന ജംഗ്മദാംഗ് (Jangmadang) ഉത്തര കൊറിയയിലെ പ്രധാന മാര്‍ക്കറ്റാണ്. 1990 -കളിലെ ക്ഷാമസമയത്ത് റേഷന്‍ കൊണ്ടുമാത്രം നിലനില്‍ക്കാനാവില്ലെന്ന ഘട്ടത്തിലാണ് ഈ മാര്‍ക്കറ്റ് വളര്‍ന്നുവന്നത്. ഇപ്പോഴും മിക്ക ഉത്തര കൊറിയക്കാരും ഇവിടെനിന്നും സാധനങ്ങള്‍ വാങ്ങുന്നവരാണ്. എന്നാല്‍, സാധാരണ ഉത്പന്നങ്ങള്‍ക്ക് പുറമെ നിയമവിരുദ്ധമായ ചില സാധനങ്ങളെല്ലാം ഇവിടെ കിട്ടും. മറ്റ് രാജ്യങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവരുന്നതാണ് ഇവ. അതില്‍ സിനിമകള്‍, മ്യൂസിക് വീഡിയോകള്‍ എന്നിവയെല്ലാം പകര്‍ത്തിയ യുഎസ്‍ബി ഡ്രൈവുകളും സിഡികളുമടക്കം പെടുന്നു. ഇവയില്‍ മിക്കതും ദക്ഷിണ കൊറിയയില്‍ നിന്നോ ചൈനയില്‍ നിന്നോ എത്തിക്കുന്നവയാണെന്ന് സൗത്ത് കൊറിയന്‍ യൂണിഫിക്കേഷന്‍ അതോറിറ്റി പറയുന്നു. ഭരണകൂടത്തെ വെല്ലുവിളിച്ച് മനുഷ്യാവകാശലംഘനങ്ങളുടെ വാര്‍ത്തകള്‍ പുറത്തെത്തിക്കാന്‍ പല മനുഷ്യാവകാശ സംഘടനകളും സ്വീകരിക്കുന്നതും ഈ മാര്‍ഗം തന്നെയാണ്. 

fashion life in north korea

'ഉത്തരകൊറിയയിലെ യുവാക്കള്‍ പലപ്പോഴും മറ്റ് രാജ്യങ്ങളിലെ സംസ്‍കാരത്തെ കുറിച്ച് അറിവ് നേടിയെടുക്കുന്നുണ്ട്' എന്ന് ഉത്തരകൊറിയയിലെ മനുഷ്യാവകാശ ഗ്രൂപ്പായ ലിബർട്ടിക്ക് വേണ്ടിയുള്ള ഗവേഷണ-തന്ത്രത്തിന്‍റെ ദക്ഷിണ കൊറിയൻ ഡയറക്ടർ സൊകീല്‍ പാര്‍ക്ക് പറയുന്നു. ദക്ഷിണ കൊറിയയിലെ ടിവി പ്രോഗ്രാമുകളും സിനിമകളും മറ്റും കാണുന്നതിലൂടെ അവരിലേക്ക് അവിടെയുള്ളതരം ഹെയര്‍ സ്റ്റൈലുകളും ഫാഷന്‍ ട്രെന്‍ഡുകളും എത്തിച്ചേരുന്നുവെന്നും സ്വന്തം ഹെയര്‍ സ്റ്റൈലും വസ്ത്രധാരണവുമെല്ലാം മാറ്റാന്‍ ഉത്തരകൊറിയക്കാരും അതുവഴി ആഗ്രഹിക്കാറുണ്ടെന്നും പാര്‍ക്ക് പറയുന്നു. 

2010 -ലാണ് രാജ്യത്ത് നിലനില്‍ക്കുന്ന കാര്‍ക്കശ്യങ്ങളോട് വിയോജിപ്പ് തോന്നി ജൂ യാംഗ് രാജ്യം വിട്ടത്. ഇപ്പോള്‍ ജ്വല്ലറി ഡിസൈനറായി ജോലി നോക്കുന്ന ജൂ യാംഗ് പറയുന്നത് രാജ്യം വിടുന്നതിന് മുമ്പുള്ള കാലത്ത് താനും സുഹൃത്തുക്കളും ആ 'ബ്ലാക്ക് മാര്‍ക്കറ്റി'ലെത്തി ദക്ഷിണ കൊറിയയിലെ പ്രധാന മ്യൂസിക് വീഡിയോകളും മറ്റും കിട്ടുന്ന യുഎസ്ബി ഡ്രൈവുകള്‍ വാങ്ങാറുണ്ട് എന്നാണ്. ഉത്തര കൊറിയയിലെ സംസ്‍കാരം മടുത്തിരിക്കുന്ന യുവാക്കളോട് നിയമവിരുദ്ധ വസ്‍തുക്കളെത്തിക്കുന്ന സ്ത്രീകള്‍, സിയോള്‍ ആക്സെന്‍റോടെയാണ് സംസാരിച്ചിരുന്നത്. അതുപോലെ അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനും വ്യത്യസ്‍തതരം വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളുമെല്ലാം കാണിച്ചുതരാനും ഈ 'കള്ളക്കടത്തുകാരികള്‍' ഉത്സാഹിച്ചിരുന്നുവെന്നും ജൂ യാംഗ് പറയുന്നു. ദക്ഷിണ കൊറിയന്‍ കോസ്മെറ്റിക്സുകള്‍ ഉത്തര കൊറിയയുടെയോ ചൈനയുടെയോ സൗന്ദര്യ വര്‍ധക വസ്‍തുക്കളേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി വില കൂടുതലുള്ളവയാണെന്നും ജൂ യാംഗ് കൂട്ടിച്ചേര്‍ക്കുന്നു. 

എത്രയോ പേരാണ് ഈ ബ്ലാക്ക് മാര്‍ക്കറ്റുകളിലെത്തുന്നത്. അവര്‍ അറിയപ്പെടുന്നത് തന്നെ 'ജംഗ്മദാംഗ് തലമുറ' എന്നാണ്. Jangmadang generation എന്ന പേരില്‍ പാര്‍ക്ക് ഒരു ഡോക്യുമെന്‍ററി തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഉത്തര കൊറിയന്‍ യുവാക്കളുടെ ജീവിതത്തില്‍ ഈ ബ്ലാക്ക് മാര്‍ക്കറ്റ് ചെലുത്തുന്ന സ്വാധീനമാണതിന്‍റെ പ്രമേയം. 'ജംഗ്മദാംഗ് തലമുറയിൽ പലരും അക്ഷരാർത്ഥത്തിൽ ഈ മാർക്കറ്റുകളിൽ ഷോപ്പിംഗ് നടത്തുന്നവരാണ്. മുൻതലമുറകളേക്കാൾ മുതലാളിത്തത്തെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്‍ചയുണ്ട് ഈ പുതുതലമുറക്കെ'ന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഉത്തര കൊറിയന്‍ സൗന്ദര്യ വിപണി

ഇന്‍റര്‍നാഷണല്‍ തലത്തില്‍ തിരിച്ചറിയപ്പെടുന്ന കോസ്മെറ്റിക് ബ്രാന്‍ഡുകളൊന്നും തന്നെ ഉത്തര കൊറിയക്കില്ല. എന്നാല്‍, ഉത്തര കൊറിയയുടെ സ്റ്റേറ്റ് മീഡിയയായ കെ.സി.എന്‍.എ പറയുന്നത് അവരുടെ കോസ്മെറ്റിക് രംഗം അഭിവൃദ്ധി പ്രാപിക്കുന്നുണ്ട് എന്നാണ്. നവംബറില്‍ പ്യോംങ്യാംഗ് -ല്‍ ഒരു നാഷണല്‍ കോസ്മെറ്റിക് ഷോ സംഘടിപ്പിച്ചിരുന്നു. അവിടെ, 137,000 സൗന്ദര്യ വര്‍ധക വസ്‍തുക്കള്‍ പ്രദര്‍ശിപ്പിച്ചു. അതില്‍, 'ചർമ്മത്തിൽ നിന്നും മാലിന്യങ്ങൾ നീക്കംചെയ്യാൻ സഹായിക്കുന്ന പുതിയ സോപ്പുകൾ, രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വസ്‍തുക്കള്‍, മറ്റ് സൗന്ദര്യവർദ്ധക വസ്‌തുക്കൾ, ആന്‍റി-ഏജിംഗ് സൗന്ദര്യവർദ്ധകവസ്‍തുക്കൾ' എന്നിവയെല്ലാം ഉണ്ടായിരുന്നുവെന്ന് കെ‌സി‌എൻ‌എ അഭിപ്രായപ്പെടുന്നു.

fashion life in north korea

പ്യോംങ്യാംഗ് കോസ്മെറ്റിക് ഫാക്ടറി സന്ദര്‍ശിക്കുന്ന കിം ജോങ് ഉന്‍

1949 -ല്‍ രാജ്യത്തെ ആദ്യ കോസ്മെറ്റിക്സ് ഫാക്ടറി സ്ഥാപിക്കുന്നത് കിം ജോംഗ് ഉന്നിന്‍റെ മുത്തച്ഛനായ കിം ഇല്‍ സുംഗ് ആണ്. സൗന്ദര്യത്തിന് ആളുകളില്‍ ഇടപെടാന്‍ കഴിവുണ്ട് എന്ന് മനസിലാക്കിയ അദ്ദേഹം ജപ്പാനുമായുള്ള യുദ്ധത്തിൽ പങ്കെടുക്കുന്ന മഞ്ചൂറിയയിലെ വനിതാ സൈനികരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിന് അവരെ സൗന്ദര്യവർദ്ധക വസ്‍തുക്കൾ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചിരുന്നുവത്രെ. ഏതായാലും അതിനെ പ്രേരകശക്തിയായി ഉള്‍ക്കൊണ്ടുകൊണ്ട്  'ലോകത്തിലെ ഏറ്റവും മികച്ച സൗന്ദര്യവർദ്ധക വസ്‌തുക്കൾ' വികസിപ്പിക്കുന്നതിനായി കിം, സർക്കാർ ബ്രാൻഡുകളായ ഉൻഹാസു, ബോമ്യാംഗി എന്നിവയിൽ നിക്ഷേപം നടത്തുന്നുവെന്ന് സ്റ്റേറ്റ് വാർത്താ ഏജൻസി കെസി‌എൻ‌എ 2017 -ൽ റിപ്പോർട്ട് ചെയ്‍തു.

എന്നാല്‍, നിലവിലെ രാഷ്‍ട്രീയ സാഹചര്യത്തില്‍ ഇത്തരം വസ്‍തുക്കള്‍ നിര്‍മ്മിക്കാനുള്ള അസംസ്‍കൃത വസ്‍തുക്കള്‍ ഇറക്കുമതി ചെയ്യുന്നത് ഉത്തര കൊറിയയ്ക്ക് എളുപ്പമാവാന്‍ വഴിയില്ലെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സൂചിപ്പിക്കുന്നുണ്ട്. ഉത്തര കൊറിയ, ദക്ഷിണ കൊറിയയെ അനുകരിക്കുന്നുണ്ടോ എന്ന സംശയവും ഇവര്‍ പ്രകടിപ്പിക്കുന്നു. 

സൗന്ദര്യം സ്വാതന്ത്ര്യമാകുമ്പോള്‍

രാജ്യത്തിനകത്ത് നിര്‍മ്മിക്കുന്ന സൗന്ദര്യ വര്‍ധക വസ്‍തുക്കള്‍ ഇപ്പോഴും അവിടെ ലഭ്യമാണ്. എന്നാല്‍, ഒരേതരത്തിലുള്ള ഈ ഉത്പന്നങ്ങളും രീതിയുമെല്ലാം ആളുകളില്‍ മടുപ്പുളവാക്കുന്നുണ്ട്. വിദേശ നിര്‍മ്മിത ഉത്പന്നങ്ങള്‍ കടത്തിക്കൊണ്ടുവന്ന് ധരിക്കുന്നതിലൂടെ സ്വന്തം രാജ്യം നിരോധിച്ച വസ്‍തുക്കള്‍ ഉപയോഗിക്കുന്നതിലെ സ്വാതന്ത്ര്യം കൂടി അവര്‍ അനുഭവിക്കുന്നു. അത് ഒരുതരത്തിലുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണെന്നും പാര്‍ക്ക് പറയുന്നു. 

നാരാ പറയുന്നതും അതാണ്, ആദ്യമായി ദക്ഷിണ കൊറിയയിലെ കോസ്മെറ്റിക്സ് ഷോപ്പില്‍ പോയപ്പോള്‍ നിറയെ കളിപ്പാട്ടങ്ങളുള്ള ഒരു കടയിലെത്തിയ പോലെ തോന്നി. ഉത്തര കൊറിയയില്‍ തനിക്ക് ധരിക്കാനാവാത്തത് ദക്ഷിണ കൊറിയയില്‍ ധരിക്കാം. മേക്കപ്പ് ഉപയോഗിക്കാം. എന്‍റെ സൗന്ദര്യം എന്‍റെ സ്വാതന്ത്ര്യം കൂടിയാണ് എന്നും നാരാ പറയുന്നു. 'ഉത്തര കൊറിയയിലെ സര്‍ക്കാര്‍ തങ്ങളെ ബ്രെയിന്‍ വാഷ് ചെയ്‍തിരിക്കുകയാണ്. നമുക്കിപ്പോഴും നമ്മുടെ സുപ്രീം ലീഡറിനെ ഇഷ്‍ടമാണ്. പക്ഷേ, ഭംഗിയായി ഒരുങ്ങി നടക്കാനുള്ള നമ്മുടെ ആഗ്രഹങ്ങളും വേറൊരു ഭാഗത്തുണ്ട്' എന്നും അവള്‍ പറയുന്നു. 'എന്തുകൊണ്ട് എനിക്കത് ചെയ്‍തുകൂടാ' എന്ന നിഷേധപരമായ ചോദ്യം രാജ്യത്തിലെ സര്‍ക്കാരിന് നേരെ ഉയരുന്നത് അവിടെയാണെന്നും അവള്‍ പറയുന്നു. 

അടിച്ചമര്‍ത്തുന്നതിനു പകരം സര്‍ക്കാര്‍ വളര്‍ന്നുവരുന്ന തലമുറയുടെ ഇഷ്‍ടാനിഷ്‍ടങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം എന്ന് തന്നെയാണ് ഇവര്‍ ഓരോരുത്തരും പറയുന്നത്.  

Follow Us:
Download App:
  • android
  • ios