ഇത് ആരുടേതാണ് എന്നോ എപ്പോഴുള്ളതാണോ എന്നതിനെ കുറിച്ച് അനുമാനങ്ങളിൽ എത്തിയിട്ടില്ല. പണ്ടുകാലങ്ങളിൽ മതപരമായ ചില കാരണങ്ങളാൽ ആളുകൾ നിധി കുഴിച്ചിട്ടിരുന്നു. എന്നാൽ, അതിൽ പലതും പിൽക്കാലത്ത് കുഴിച്ചെടുക്കപ്പെട്ടു.
പർവതത്തിലേക്കുള്ള യാത്രയിൽ അപ്രതീക്ഷിതമായി ഹൈക്കർമാർ കണ്ടെത്തിയത് 7.5 മില്ല്യൺ ചെക്ക് ക്രൗൺ (ഏകദേശം 2 കോടി രൂപ) വിലമതിക്കുന്ന നിധി. പോഡ്കർകോനോസി പർവതനിരകളിലേക്ക് യാത്രക്കിറങ്ങിയ സംഘമാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയത്. സ്വർണ്ണ നാണയങ്ങൾ, ആഭരണങ്ങൾ, സിഗരറ്റ് പെട്ടികൾ, ഏഴ് കിലോഗ്രാം ഭാരമുള്ള മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ യൊക്കെയാണത്രെ സംഘം കണ്ടെത്തിയത്.
ഫെബ്രുവരിയിലാണ് നിധി കണ്ടെത്തിയതെങ്കിലും, അടുത്തിടെയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്ത് വരുന്നത്. ഹൈക്കർമാരുടെ കണ്ണിൽ ആദ്യം പെട്ടത് ഒരു അലുമിനിയം ക്യാനാണ്. അതിനകത്തായി കറുത്ത തുണിയിൽ പൊതിഞ്ഞ 598 സ്വർണ്ണ നാണയങ്ങൾ ഉണ്ടായിരുന്നു എന്ന് പറയുന്നു. സമീപത്തായി, 16 സ്നഫ് ബോക്സുകൾ അടങ്ങിയ ഒരു ഇരുമ്പുപെട്ടി, കൂടാതെ സ്വർണ്ണത്തിൽ നിർമ്മിച്ച 10 ബ്രേസ്‍ലെറ്റുകൾ, ഒരു വയർ ബാഗ്, ഒരു ചീപ്പ്, ഒരു ചെയിൻ, ഒരു പൗഡർ കോംപാക്റ്റ് എന്നിവ നിറച്ച ഒരു ഇരുമ്പ് പെട്ടിയും ഉണ്ടായിരുന്നു.
ഈസ്റ്റ് ബൊഹീമിയ മ്യൂസിയത്തിലെ പുരാവസ്തു വിഭാഗം മേധാവി മിറോസ്ലാവ് നൊവാക് മാധ്യമങ്ങളോട് പറഞ്ഞത്, ആ പെട്ടി തുറന്ന് കാണിച്ചപ്പോൾ താനാകെ അമ്പരന്നുപോയി എന്നാണ്. 7.5 മില്ല്യൺ ചെക്ക് ക്രൗൺ ആണ് ഇതിന്റെ ആകെ മൂല്ല്യം വരുന്നത്. എന്നാൽ, അതിന്റെ ചരിത്രപരമായ മൂല്ല്യം അതിനേക്കാൾ ഒക്കെ വലുതാണ് എന്നും നൊവാക് പറയുന്നു.
എന്നാൽ, ഇത് ആരുടേതാണ് എന്നോ എപ്പോഴുള്ളതാണോ എന്നതിനെ കുറിച്ച് അനുമാനങ്ങളിൽ എത്തിയിട്ടില്ല. പണ്ടുകാലങ്ങളിൽ മതപരമായ ചില കാരണങ്ങളാൽ ആളുകൾ നിധി കുഴിച്ചിട്ടിരുന്നു. എന്നാൽ, അതിൽ പലതും പിൽക്കാലത്ത് കുഴിച്ചെടുക്കപ്പെട്ടു.
ആരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ നിധിയെന്ന് അറിയുക പ്രയാസകരമാണെന്നാണ് മ്യൂസിയം ഡയറക്ടർ പീറ്റർ ഗ്രുലിച്ചും പറയുന്നത്. 1938 -ലെ നാസി അധിനിവേശ സമയത്ത് ഏതെങ്കിലും ചെക്ക് വംശജൻ ഒളിപ്പിച്ചു വച്ചതായിരിക്കാം. 1945 -ന് ശേഷം ഒരു ജർമ്മൻകാരൻ ഭയം കൊണ്ട് മറച്ചുവെച്ചതായിരിക്കാം, അതുമല്ലെങ്കിൽ ഏതെങ്കിലും ജൂതരുടെ സ്വർണമായിരിക്കാം എന്നും ഗ്രുലിച്ച് പറയുന്നു.


