Asianet News MalayalamAsianet News Malayalam

'വഷളനായ' ചെല്ലപ്പനാശാരിയെ കാണാതിരിക്കാന്‍  'തകര' കാണാതിരുന്ന ഒരുവള്‍

നാട്ടുതാളങ്ങളുടെ കാര്യത്തില്‍, അഭ്യസിക്കാത്ത അഭ്യാസി ആയിരുന്നു അദ്ദേഹം. നാദശരീരന്‍ എന്ന് ക്ലാസ്സിക്കല്‍ സംഗീതം അഭ്യസിക്കാത്ത എസ് പി ബാലസുബ്രഹ്മണ്യത്തെ വിളിയ്ക്കാമെങ്കില്‍ താളത്തിന്റെ കാര്യത്തില്‍ താളശ്ശരീരന്‍ എന്ന് തന്നെ നെടുമുടി വേണുവിനെ പറയാം- നെടുമുടിയെക്കുറിച്ച് സരിത മോഹനന്‍ ഭാമ

homage to  Nedumudi  Venu by Saritha Mohanan Bhama
Author
Thiruvananthapuram, First Published Oct 12, 2021, 2:22 PM IST

ഐസിയുവിലെ അവസാന പന്ത്രണ്ടു മണിക്കൂര്‍ അദ്ദേഹം അര്‍ദ്ധബോധാവസ്ഥയിലായിരുന്നുവത്രേ. 'ശ്വാസവായു കേവലം കാറ്റായി മാറുമ്പോള്‍',  അത് ഡോക്യുമെന്ററി ചെയ്ത ഭിഷഗ്വരന്‍ ഡോ. പോള്‍ കലാനിധിയെപ്പോലെ ,  അവസാനശ്വാസത്തിലും തന്റെ ശ്വാസത്തിലെ ഓര്‍ക്കസ്ട്രയ്ക്കു അദ്ദേഹം കാതോര്‍ത്തിട്ടുണ്ടാവുമോ ആവോ!

 

homage to  Nedumudi  Venu by Saritha Mohanan Bhama

 

മീശയില്ലാതെ കിളുന്തായും കട്ടിയുള്ള ഒട്ടുമീശയുമായും കട്ടിയുള്ള ഒട്ടുപുരികവുമായും കണ്ടിട്ടുണ്ട് അദ്ദേഹത്തെ. എഴുപതുകളുടെ നടുക്കോ മറ്റോ ആണെന്ന് തോന്നുന്നു നെടുമുടി വേണുവേട്ടന്‍ വീട്ടില്‍ ആദ്യം വന്നു തുടങ്ങിയത് .കുടുംബസുഹൃത്തായിരുന്നു, എങ്ങിനെയെന്നറിയില്ല. മോഹനേട്ടന്‍ എന്നാണ് അച്ഛനെ വിളിച്ചിരുന്നത്. 'അവനവന്‍കടമ്പ'യുടെയും 'ദൈവത്താരുടെ'യുമൊക്കെ കൊടിയേറ്റകാലമായിരുന്നു അത് . നാടകവേഷങ്ങളിലുള്ള പകര്‍ന്നാട്ടങ്ങളില്‍, പോരുകോഴിയെപ്പോലെ തുള്ളിപ്പറക്കുന്ന ലഘുശരീരവും സ്പ്രിങ് പോലെ മോഡ്യുലേഷന്‍  ചുരുങ്ങുകയും പൊങ്ങിയുയരുകയും ചെയ്യുന്ന ശാരീരവുമായിരുന്നു വേണുവേട്ടന് അന്ന്. (ശബ്ദത്തിനു  പിന്നീടും സാരമായ മാറ്റം ഉണ്ടായില്ല).

അന്നൊക്കെ, ഞങ്ങളുടെ പൂമുഖത്ത് അരച്ചിരിയും താളം പിടിയ്ക്കലുമായി അരവിന്ദമ്മാമന്‍ (ജി അരവിന്ദന്‍) ഉണ്ടാവാറുണ്ട്. ഉത്സാഹിപ്പിച്ചു കൊണ്ട് അച്ഛനുണ്ടാവും. അച്ഛന്‍ കിഴക്കേയിന്ത്യയില്‍ നിന്ന് കൊണ്ട് വന്ന ഒരു തോല്‍വാദ്യം (നട്ടുവമദ്ദളം പോലെ ഒന്ന്) വീട്ടിലുണ്ട്. അതില്‍ പ്രയോഗിച്ച് എന്തെങ്കിലും സംഗീതം വരുത്തുന്നത് നെടുമുടി  വേണുവേട്ടനല്ലാതെ ആര്‍ക്കും സാധ്യമായി കണ്ടിട്ടില്ല.

ഒരിക്കല്‍, ഉറക്കെ  കവിത ചൊല്ലുന്ന വടിവ് കേട്ട്, അത് ചൊല്ലുന്ന യുവാവിനെ പരിചയപ്പെടാന്‍ മുത്തശ്ശി (ലളിതാംബിക അന്തര്‍ജ്ജനം) അകത്തുനിന്ന്, ഉച്ചമയക്കം കഴിഞ്ഞു വന്നു . സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ ഞാന്‍ കണ്ടത്, അരവിന്ദമ്മാമന്റെ വെളുത്ത ലാംബര്‍ട്ട സ്‌കൂട്ടറെടൂത്ത് നെടുമുടി വേണുവേട്ടന്‍ പെട്ടെന്ന് സ്‌കൂട്ടാവുന്നതാണ്. എന്നിട്ട്, പിന്നീടൊരിക്കല്‍ പറഞ്ഞു 'അടുത്ത് വന്നാല്‍, പകല്‍ കഴിച്ച പല തരം മദ്യങ്ങളുടെ മണം കിട്ടുമെന്ന് പേടിച്ചിട്ടാ.. ശരിക്കും എനിക്ക് അന്ന് അമ്മയോട് സംസാരിച്ച് അനുഗ്രഹം മേടിക്കണം എന്നുണ്ടായിരുന്നു.'

 

....................................................

പിന്നീടൊരിക്കല്‍ പറഞ്ഞു 'അടുത്ത് വന്നാല്‍, പകല്‍ കഴിച്ച പല തരം മദ്യങ്ങളുടെ മണം കിട്ടുമെന്ന് പേടിച്ചിട്ടാ.. ശരിക്കും എനിക്ക് അന്ന് അമ്മയോട് സംസാരിച്ച് അനുഗ്രഹം മേടിക്കണം എന്നുണ്ടായിരുന്നു.

homage to  Nedumudi  Venu by Saritha Mohanan Bhama
 

വഴുതക്കാട്ട് നികുഞ്ജം വെടിവട്ടത്തിലേയ്ക്ക്, ചിലപ്പോഴൊക്കെ, പോയിരുന്നത് ഞങ്ങളുടെ വീട്ടില്‍ നിന്നാണ്. കലാകൗമുദിയില്‍ ജോലിചെയ്തിരുന്നതും ആയിടയ്ക്ക് ആയിരുന്നു എന്ന് തോന്നുന്നു. സിനിമയില്‍ ചുവടുറച്ചതോടെ, ജോലിത്തിരക്കുകളില്‍പ്പെട്ട്, വീട്ടില്‍ വരവ് കുറഞ്ഞു. എങ്കിലും, വല്ലപ്പോഴുമൊക്കെ  ഒരു ഫോണ്‍കോളകലത്തില്‍ ആ പ്രിയശബ്ദം ഊഷ്മളമായ ഗ്രാമീണത ചൊരിഞ്ഞു കൊണ്ടിരുന്നു.

യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുമ്പോള്‍, ഒരു ലിറ്റററി അസോസിയേഷന്‍ ചടങ്ങില്‍ അതിഥിയായി നെടുമുടി വേണുവേട്ടനെ എനിക്ക് എത്തിക്കാനായി. ആ ചടങ്ങില്‍ ഞങ്ങളുടെ അധ്യാപകനായ നരേന്ദ്രപ്രസാദ് സാറും ഉണ്ടായിരുന്നു . ഉദ്ഘാടകന്‍ അയ്യപ്പപ്പണിക്കര്‍ സാര്‍ ആയിരുന്നു. പോരേ കാവ്യമേളത്തിന്റെ  ചേരുവകള്‍!

നാടന്‍പാട്ടുകളുടെ തീരാക്കലവറയാണ് വേണുവേട്ടന്‍ എന്ന് ആര്‍ക്കാണറിയാത്തത്! നിര്‍ത്താതെ പാടാനുള്ള സ്റ്റാമിനയുമുണ്ട്.  കവിത ചൊല്‍ക്കെട്ടായി അവതരിപ്പിക്കും, ചുറ്റുമുള്ളവരെ ഒപ്പം പാടാന്‍, വായ്ത്താരിയെങ്കിലും കൊടുക്കാന്‍ പ്രേരിപ്പിക്കും. പാടാത്ത തൂണുകളും ഒപ്പം പാടിപ്പോവും. 

 

....................................................

എന്റെ മനസ്സിലിപ്പോഴും,  കൈവീശലും, ചാഞ്ഞു ചുഴിയലും, മെയ്യും വാക്കും നോക്കുമൊരുമിക്കുന്ന നടനവുമായി അരങ്ങു വാഴുന്ന 'പാട്ടുപരിഷ' ആയാണ് നെടുമുടി വേണു എന്ന ചലച്ചിത്രം ഓടുന്നത്.

homage to  Nedumudi  Venu by Saritha Mohanan Bhama

 

'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ' (അയ്യപ്പപണിക്കര്‍) എന്ന് വിനയചന്ദ്രനോടൊത്ത് ജുഗല്‍ബന്ദി നടത്തും.  'പലവഴിയില്‍ പെരുവഴി നല്ലൂ, പെരുവഴി  പോ ചങ്ങാതീ' (കക്കാട്) എന്ന് അകലേക്ക് കൈ ചൂണ്ടും.  ചുറ്റുപാടും താളമടിക്കുന്ന കാമ്പസ്‌ക്കൂട്ടങ്ങളുടെ പൊടിപടലമുയരും. ഇതൊക്കെ പതിവായിരുന്നു.

അതിനിടെ, ആ കാമ്പസിലൂടെ ഒരു സമരജാഥ കടന്നുപോയി. അപ്പോഴുണ്ട്  വേണുവേട്ടന്‍ അവരുടെ നേരെ ചൂണ്ടുകയായി - 'എല്ലാത്തിലും ഒരു താളമുണ്ട്, വൃത്തം പോലുമുണ്ട് - കേട്ടോ, ആ മുദ്രാവാക്യം - 'വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്' - അത് ഊനകാകളിവൃത്തത്തിന്റെ ഒരു വകഭേദമല്ലേ, കേട്ട് നോക്കൂ.'

അതേസമയം,  ഗ്രന്ഥജടിലമായ ഒരു ജാര്‍ഗണും ഇല്ലാതെ,  ജനപ്പെരുപ്പം, നഗരവല്‍ക്കരണം, വികസനം, ജലവിനിയോഗം, കാലാവസ്ഥാവ്യതിയാനം എന്നീ സങ്കീര്‍ണ്ണവിഷയങ്ങളില്‍  സാധാരണക്കാരുടെ ഭാഷയില്‍ , വെള്ളം പോലെ സംസാരിക്കുമായിരുന്നു.  'എനിക്ക് നെടുമുടിയിലുള്ള വീട്ടില്‍ കാറില്‍ എത്താന്‍ റോഡ് വേണം. റോഡ് വന്നതില്‍  സന്തോഷമുണ്ട്. പക്ഷെ, ആ റോഡിന്റെ വരവ് കുട്ടനാട്ടിലെ വെള്ളത്തിന്റെ തനത് ഒഴുക്കിനൊക്കെ തടയായി.  വെള്ളം കെട്ടി നില്‍ക്കുന്നത്, കുന്നിന്റെയും തോടിന്റെയും സമനില തെറ്റിച്ചു. താളം തെറ്റിച്ചു. എന്റെ മനസ്സിലുള്ള കുട്ടനാട് ഇപ്പോള്‍ മനസ്സിലുള്ള കുട്ടനാട് മാത്രമാണ്. അത് ഇല്ല. ആ ഇന്നലെയുടെ സ്വപ്‌നത്തില്‍ ഉണരാതെ ജീവിക്കുന്നു ഞാന്‍ എന്ന് ഞാന്‍ ഇന്ന് പറയുന്നത് വളരെ മോശമായേക്കും. ഓണംകേറാമൂലകളിയ്ക്ക് റോഡ് വേണ്ട എന്നും ഞാന്‍ പറയില്ല. പക്ഷെ, കാറ്റും വെള്ളവും മേഘവുമൊക്കെ സ്വച്ഛമായി ഒഴുകി നടക്കുന്ന പഴയ കാലമാണ് എന്റെ ഇപ്പോഴത്തെ ഊര്‍ജ്ജം എന്ന് എനിക്ക് പറഞ്ഞേ ഒക്കൂ.'-ഒരു പരിസ്ഥിതി സെമിനാറില്‍ അദ്ദേഹം വിഷയമവതരിപ്പിച്ചതിങ്ങിനെയാണ്.

 

...................................................

തന്റെ ഏതെങ്കിലും സിനിമ  വിദേശചലച്ചിത്ര ഫെസ്റ്റിവലിനു പോവുകയും, എന്തെങ്കിലും അവാര്‍ഡിനായി ഒറ്റയ്ക്ക് എയര്‍പോര്‍ട്ടുകള്‍ താണ്ടി, വിമാനങ്ങള്‍ മാറിക്കേറി അപരിചിതമഹാനഗരങ്ങളിലെ മഹാഹോട്ടലുകളില്‍ രാപ്പാര്‍ക്കാന്‍ പോവേണ്ടി വരും എന്നത് ഒരു വലിയ  ദുസ്വപ്നമാണ് എന്ന് മൂക്ക്ചുളിയ്ക്കാറുണ്ട് അദ്ദേഹം.

homage to  Nedumudi  Venu by Saritha Mohanan Bhama

 

സമീപകാലത്ത്, ഒരിക്കല്‍, എന്‍.മോഹനന്‍ അനുസ്മരണപ്രഭാഷണം ചെയ്യാനും നെടുമുടി വേണുവേട്ടന്‍  എത്തുകയുണ്ടായി. അച്ഛന്റെ 'പെരുവഴിയിലെ കരിയിലകള്‍' എന്ന കഥ ശ്യാമപ്രസാദ് ദൂരദര്‍ശനില്‍ ടെലിഫിലിം ആക്കിയപ്പോള്‍, നരേന്ദ്രപ്രസാദ് ചെയ്ത റോള്‍ ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നത് എന്ന് അന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അച്ഛന്‍ എഴുതിയ 'അവസ്ഥാന്തരങ്ങള്‍' എന്ന കഥ കൈരളി ടിവിയില്‍ ടെലിസീരിയല്‍ ആയി വന്നപ്പോള്‍, തിലകന്‍ ചെയ്യണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്ന പ്രധാന റോള്‍ ചെയ്തത് നെടുമുടി വേണുവേട്ടന്‍ ആണല്ലോ എന്ന്, ഞാന്‍ അപ്പോള്‍ വെറുതെ ഓര്‍ത്തു.

അധികവും അവനവന്റെ പ്രായത്തെക്കാള്‍ മുതിര്‍ന്ന കഥാപാത്രങ്ങളെയാണ് നെടുമുടി വേണു എന്ന നടന്‍ പേറിയിരുന്നത് . ജര്‍മന്‍ എഴുത്തുകാരന്‍ ഏലിയാസ് കനെറ്റി, ഒരു കൃതിയില്‍, രാപ്പകല്‍ തുരങ്കനിര്‍മ്മാണതൊഴിലാളിയായി  പണിയെടുക്കുന്ന ഒരു 19 -കാരനെ കണ്ടതിനെക്കുറിച്ച് വിവരിക്കുന്നു. കണ്‍പീലികളിലും മുടിയിലുമൊക്കെ സിമന്റ് പൊടിയുമായി നില്‍ക്കുന്ന ആ ടീനേജര്‍ ചോദ്യത്തിനുത്തരമായി 'എനിക്ക് ഒരു നൂറു വയസ്സായ പോലെ തോന്നുന്നു' എന്ന് പറയുന്നു.  അരങ്ങില്‍ അഭിനേതാവിന്റെ  കിരീടഭാരവും ഏതാണ്ടിങ്ങനെ തന്നെയാവണം.

വൈവിദ്ധ്യമുള്ള  കഥാപാത്രങ്ങള്‍ നേടുന്ന കാര്യത്തില്‍ അല്‍പസ്വല്പം മത്സരബുദ്ധിയൊക്കെ ഉണ്ടായിരുന്നെങ്കിലും , അവാര്‍ഡ്, വിദേശയാത്ര എന്നീ കാര്യങ്ങളില്‍ വേണുവേട്ടന്  സാമാന്യം ഉദാസീനത തന്നെയുണ്ടായിരുന്നു. തന്റെ ഏതെങ്കിലും സിനിമ  വിദേശചലച്ചിത്ര ഫെസ്റ്റിവലിനു പോവുകയും, എന്തെങ്കിലും അവാര്‍ഡിനായി ഒറ്റയ്ക്ക് എയര്‍പോര്‍ട്ടുകള്‍ താണ്ടി, വിമാനങ്ങള്‍ മാറിക്കേറി അപരിചിതമഹാനഗരങ്ങളിലെ മഹാഹോട്ടലുകളില്‍ രാപ്പാര്‍ക്കാന്‍ പോവേണ്ടി വരും എന്നത് ഒരു വലിയ  ദുസ്വപ്നമാണ് എന്ന് മൂക്ക്ചുളിയ്ക്കാറുണ്ട് അദ്ദേഹം.

'വിടപറയും മുമ്പേ' എന്ന സിനിമയില്‍ സേവ്യര്‍ എന്ന കഥാപാത്രം മരിച്ചു കിടക്കുന്നത്, നെടുമുടിയിലെ ഓല മേഞ്ഞ സിനിമാക്കൊട്ടകയില്‍ വച്ച് കണ്ട അദ്ദേഹത്തിന്റെ അമ്മ മകനെയോര്‍ത്ത് പൊട്ടിക്കരഞ്ഞു പോയി എന്ന് കേട്ടിട്ടുണ്ട് .  ഒരു  നടന്‍ വെള്ളിത്തിരയില്‍ മരിക്കുന്നതു കണ്ട് പതറുന്ന ശീലമൊന്നുമില്ലെങ്കിലും,  വേണ്ടപ്പെട്ട ഒരാള്‍ (നെടുമുടി വേണു ഏതൊരാള്‍ക്കും അങ്ങിനെ തന്നെയാവുമല്ലോ), വെള്ളിത്തിരയിലായാലും അരുതാത്തതൊന്നും ചെയ്യുന്നത് കാണാന്‍ പാങ്ങില്ല എന്ന് വരാം. അത് കൊണ്ട്, വഷളനായ 'ചെല്ലപ്പനാശാരിയെ' കാണാതിരിക്കാന്‍ വേണ്ടി, ഞാന്‍ 'തകര' കാണാതിരുന്നിട്ടുണ്ട്. 

പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ 'വേണ്ടപ്പെട്ട ഒരാള്‍' എന്ന തോന്നല്‍' അഭിനയം ആസ്വദിക്കാന്‍ കഴിയാത്ത ഒരു വഴിമുടക്കിരോഗം പോലെ പിടികൂടുന്നത് എന്നെ മാത്രമാവുമോ? 

2021 തുടക്കത്തില്‍ പുറത്ത് വന്ന 'ആണും പെണ്ണും' എന്ന ആന്തോളജി സിനിമയില്‍ 'റാണി' എന്ന ഭാഗത്തില്‍ ,  ഉദരവായുഫലിതങ്ങള്‍ പറഞ്ഞ് ഇളിയ്ക്കുന്ന ഒരു പെര്‍വെര്‍ട്ട് മുതുക്കന്‍ ആയി അദ്ദേഹം അഭിനയിപ്പിച്ച് പൊലിപ്പിക്കുന്നതു  കണ്ടിരുന്നു. എങ്കിലും , ഒക്ടോബര്‍ 11 ന് അദ്ദേഹം എന്നെന്നേക്കുമായി കണ്ണടച്ചപ്പോള്‍, മനസ്സില്‍ ആദ്യമുണ്ടായത് അഭ്രപാളിയില്‍ അദ്ദേഹത്തിന്റെ അവസാന ചിത്രം ആ ഡേര്‍ട്ടി ഓള്‍ഡ് മാന്‍ ആയിട്ടാവുമോ എന്ന വല്ലാത്ത ഭയം ആയിരുന്നു. അല്ല, ഇനിയും സിനിമകള്‍ പുറത്ത് വരാനുണ്ട്, എന്നത് എന്തൊരു ആശ്വാസം!

നെടുമുടി വേണുവിനെക്കുറിച്ച് ഏതോ ഒരു മഹാനടന്‍ എന്നല്ല, നമുക്ക് പ്രിയമുള്ള ഒരാള്‍ എന്ന തോന്നലുള്ള ഏതൊരാളും, ചിലതൊന്നും കാണാന്‍ കൂട്ടാക്കാത്ത ഇത്തരം ഒരു  അണ്‍പ്രൊഫഷണല്‍ പ്രേക്ഷക(ന്‍) ആയിപ്പോവും എന്ന കാര്യത്തില്‍ സംശയമില്ല.

 

...................................................

ഘടമായാലും, മിഴാവായാലും, കാണ്ടാമൃഗത്തിന്റെ മുതുകായാലും, ഒരു സംഗീതസ്‌കൂളിലും പഠിയ്ക്കാത്ത നെടുമുടി വേണുവിന്റെ വിരലുകളുയരുമ്പോള്‍ ഹെഡ്മാഷെ കണ്ട വികൃതിക്കുട്ടികളെപ്പോലെ പഞ്ചപാവങ്ങളായി, ഒതുങ്ങികൊടുത്തു കൊണ്ടിരുന്നു.   

homage to  Nedumudi  Venu by Saritha Mohanan Bhama

 

ഏറ്റവും മുഴുത്ത  കോമിക് ഐറണി എന്തെന്നോ?  കല തൊട്ടു തെറിക്കാത്ത കലാമണ്ഡലം സെക്രട്ടറിയായി 'കമലദള'ത്തില്‍ ഈ സകലകലാവല്ലഭന്‍ അഭിനയിക്കുന്നതു തന്നെ. കല-കല-മാത്രം എന്ന ആ അവനവന്‍തരം അടിമുടി  ഉറയൂരിക്കളഞ്ഞ് അരസികരില്‍ അരസികനായി അഭിനയിക്കുന്നതിലും വലിയ സാരസ്യമുണ്ടോ! 

നാട്ടുതാളങ്ങളുടെ കാര്യത്തില്‍, അഭ്യസിക്കാത്ത അഭ്യാസി ആയിരുന്നു അദ്ദേഹം. നാദശരീരന്‍ എന്ന് ക്ലാസ്സിക്കല്‍ സംഗീതം അഭ്യസിക്കാത്ത എസ് പി ബാലസുബ്രഹ്മണ്യത്തെ വിളിയ്ക്കാമെങ്കില്‍ താളത്തിന്റെ കാര്യത്തില്‍ താളശ്ശരീരന്‍ എന്ന് തന്നെ നെടുമുടി വേണുവിനെ പറയാം. 

ഘടമായാലും, മിഴാവായാലും, കാണ്ടാമൃഗത്തിന്റെ മുതുകായാലും, ഒരു സംഗീതസ്‌കൂളിലും പഠിയ്ക്കാത്ത നെടുമുടി വേണുവിന്റെ വിരലുകളുയരുമ്പോള്‍ ഹെഡ്മാഷെ കണ്ട വികൃതിക്കുട്ടികളെപ്പോലെ പഞ്ചപാവങ്ങളായി, ഒതുങ്ങികൊടുത്തു കൊണ്ടിരുന്നു.   

ഐസിയുവിലെ അവസാന പന്ത്രണ്ടു മണിക്കൂര്‍ അദ്ദേഹം അര്‍ദ്ധബോധാവസ്ഥയിലായിരുന്നുവത്രേ. 'ശ്വാസവായു കേവലം കാറ്റായി മാറുമ്പോള്‍',  അത് ഡോക്യുമെന്ററി ചെയ്ത ഭിഷഗ്വരന്‍ ഡോ. പോള്‍ കലാനിധിയെപ്പോലെ ,  അവസാനശ്വാസത്തിലും തന്റെ ശ്വാസത്തിലെ ഓര്‍ക്കസ്ട്രയ്ക്കു അദ്ദേഹം കാതോര്‍ത്തിട്ടുണ്ടാവുമോ ആവോ!

താളം എന്ന തനത് പാട്ടുപരിഷ മീറ്ററിലാണ് അദ്ദേഹം തന്റെ ക്യാമറാക്കോണും, ഡയലോഗ് ഡെലിവറിയുമൊക്കെ എപ്പോഴും അളന്നു കുറിച്ചിരുന്നത്. സംവിധായകനായപ്പോഴും, തിരക്കഥാകൃത്തായപ്പോഴും താളം എന്ന ആധാരശ്രുതി കൈവിട്ടില്ല. നിര്‍ലോഭം  വിബ്രാറ്റോയുള്ള (vibrato ) സ്വനതന്തുക്കളായിരുന്നു അദ്ദേഹം. ഉടുക്ക് തന്നെയായിരുന്നു അദ്ദേഹം.

ചെല്ലപ്പനാശാരിയും മിന്നാമിനുങ്ങിലെ മാഷും, ഇഷ്ടത്തിലെ റൊമാന്റിക്ക് അച്ഛനും, ചാമരത്തിലെ അച്ചനുമൊക്കെയായിരിക്കാം നെടുമുടിയെ ചലച്ചിത്ര ആര്‍ക്കൈവ്‌സില്‍ അമൂല്യപുരാരേഖയാക്കാന്‍ പോവുന്നത്. എന്നാലും, എന്റെ മനസ്സിലിപ്പോഴും,  കൈവീശലും, ചാഞ്ഞു ചുഴിയലും, മെയ്യും വാക്കും നോക്കുമൊരുമിക്കുന്ന നടനവുമായി അരങ്ങു വാഴുന്ന 'പാട്ടുപരിഷ' ആയാണ് നെടുമുടി വേണു എന്ന ചലച്ചിത്രം ഓടുന്നത്. ആ നാടന്‍  നാടകച്ചേല് നേരില്‍ കണ്ടിട്ടുള്ളവര്‍ക്കൊക്കെ അങ്ങിനെയേ ആവൂ.

 

Follow Us:
Download App:
  • android
  • ios