Asianet News MalayalamAsianet News Malayalam

ഡിസംബര്‍ എന്ന വാക്കിനര്‍ത്ഥം ഫിലിം ഫെസ്റ്റിവല്‍ എന്നായിരുന്നു!

എല്ലാത്തിനും അര്‍ത്ഥം മാറുന്ന കാലത്ത് ഡിസംബറിനും അര്‍ത്ഥം മാറിയിരിക്കുന്നു. തിരശ്ശീലയിലൂടെ ഞരമ്പിലേക്ക് പാഞ്ഞുകയറിയ ലോകസിനിമകളിലേതിലൊക്കെയോ കണ്ട, എല്ലാറ്റിനെയും വിറപ്പിക്കുന്ന മഞ്ഞുകാലം മാത്രമായി പൊടുന്നനെ അതു മാറിപ്പോയിരിക്കുന്നു.

IFFK during  covid pandemic by kunhikkannan vanimal
Author
Thiruvananthapuram, First Published Dec 20, 2020, 1:36 PM IST

നല്ല സിനിമകളെ സ്‌നേഹിക്കുന്ന മലയാളി സിനിമാ പ്രേക്ഷകന് ഡിസംബര്‍ എന്നാല്‍, ഐ എഫ് എഫ് കെ ആണ്. കേരളത്തിന്റെ സ്വന്തം രാജ്യാന്തര ചലച്ചിത്രമേള. എല്ലാ വര്‍ഷവും ഡിസംബറില്‍ നടക്കാറുള്ള മേള ഇത്തവണയില്ല. കൊവിഡ് കാലം തിരശ്ശീലകളും അടച്ചുവെച്ചിരിക്കുന്നു. 2021 ഫെബ്രുവരിയില്‍ നടത്താമെന്ന് ചലച്ചിത്ര അക്കാദമി പ്രതീക്ഷ നല്‍കുമ്പോഴും, മേള ഇല്ലാതെ പോയൊരു വര്‍ഷത്തിന്റെ നഷ്ടബോധമുണ്ട് സിനിമാ പ്രേമികളില്‍. ആഴത്തിലുള്ള ആ നഷ്ടബോധമാണ് ഈ കുറിപ്പില്‍. ആദ്യ ചലച്ചിത്രമേള മുതല്‍ ഡെലിഗേറ്റ് ആയിരുന്ന, ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ എഴുതുന്നു 

 

IFFK during  covid pandemic by kunhikkannan vanimal

 


കൊവിഡ് മഹാമാരി ലോകത്തെ തലകീഴായി മറിച്ചിടും മുമ്പുള്ള, ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം, എന്റെ ജീവിതത്തില്‍ ഡിസംബര്‍ എന്ന വാക്കിന് ഒരര്‍ത്ഥമേ ഉണ്ടായിരുന്നു-ഫിലിം ഫെസ്റ്റിവല്‍. അതെന്റെ മാത്രം അനുഭവമായിരുന്നില്ല, നല്ല സിനിമയെ സ്‌നേഹിക്കുകയും അത് കാണാന്‍ കഴിയുന്ന അപൂര്‍വ്വം അവസരങ്ങളൊന്നും നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യുന്ന ഒരു പാട് മനുഷ്യര്‍ക്ക് ഡിസംബര്‍ എന്നാല്‍ മറ്റൊന്നുമായിരുന്നില്ല. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നീ നഗരങ്ങളില്‍ തുടങ്ങി, തിരുവനന്തപുരത്ത് വേരുറച്ച കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള അത്രയ്ക്ക് മനുഷ്യഹൃദയങ്ങളുമായി ചേര്‍ന്നു നിന്നിരുന്ന ഒന്നാണ്. ലോക സിനിമയിലേക്ക് മലയാളികളെ വലിച്ചടുപ്പിച്ച ഉല്‍സവമായിരുന്നു അത്. എഴുത്തും വായനയുമൊക്കെയായി ജീവിതത്തിന്റെ പല ഇടങ്ങളില്‍ കഴിഞ്ഞുപോരുന്ന ആളുകളുടെ മണ്ഡലകാലം തന്നെയായിരുന്നു ഡിസംബര്‍. ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും തീവ്രമായി ചിന്തിക്കുകയും ആകുലപ്പെടുകയും ചെയ്ത് സ്വന്തം ഇടങ്ങളില്‍ കാലുപൊള്ളി നടക്കുന്നവര്‍ക്ക്, സമാനമനസ്‌കരുമായി ഒത്തുചേരാനുള്ള അപൂര്‍വ്വ അവസരവും. സിനിമ മാത്രം ശ്വസിക്കുന്ന ആ ദിവസങ്ങള്‍ നമ്മുടെ സാംസ്‌കാരിക അവബോധത്തെ മാറ്റിമറിച്ചത് അത്രയ്ക്കായിരുന്നു. 

എന്നാല്‍, ഇത് കാലം വേറെയാണ്. കൊവിഡാണ് ചുറ്റിലും. ഒന്നനങ്ങിയാല്‍, സുരക്ഷാ മാസ്‌കുകള്‍ പണിമുടക്കിയാല്‍, സാനിറ്റൈസറുകളെ അവഗണിച്ചാല്‍ പണി കിട്ടും. എല്ലാം അടഞ്ഞുപോയൊരു കാലമാണ്. നോര്‍മല്‍ എന്നു നാം കരുതിയ കാര്യങ്ങളെല്ലാം മാറുകയും പുതിയ നോര്‍മല്‍ അവസ്ഥകള്‍ മുന്നിലെത്തുകയും ചെയ്ത കാലം. ഫിലിം ഫെസ്റ്റിവലിലേക്ക് ആളൊഴുക്കുണ്ടാവുന്ന ഡിസംബറില്‍ തിരുവനന്തപുരം ഉറഞ്ഞുകൂടിയിരിക്കുമ്പോഴും സംഭവിക്കുന്നത് അതാണ്. ഒട്ടും സാധാരണമല്ലാത്ത അവസ്ഥ.  എല്ലാത്തിനും അര്‍ത്ഥം മാറുന്ന കാലത്ത് ഡിസംബറിനും അര്‍ത്ഥം മാറിയിരിക്കുന്നു. തിരശ്ശീലയിലൂടെ ഞരമ്പിലേക്ക് പാഞ്ഞുകയറിയ ലോകസിനിമകളിലേതിലൊക്കെയോ കണ്ട, എല്ലാറ്റിനെയും വിറപ്പിക്കുന്ന മഞ്ഞുകാലം മാത്രമായി പൊടുന്നനെ അതു മാറിപ്പോയിരിക്കുന്നു. സിനിമാ കാഴ്ചയും ചര്‍ച്ചയും ഒത്തുചേരലുമൊക്കെയായി ഊഷ്മളമായ അനുഭവം പകര്‍ന്നിരുന്ന അതേ ഡിസംബറാണിപ്പോള്‍ തണുപ്പു മാത്രമായി ഉള്ളില്‍ നിറയുന്നത്. 

 

IFFK during  covid pandemic by kunhikkannan vanimal


സിനിമയിലേക്കുള്ള വഴികള്‍
സിനിമയുടെ കാഴ്ചയിലേക്ക് മനസ്സ് പതിഞ്ഞത് കുട്ടിക്കാലത്തുതന്നെയായിരുന്നു. നാട്ടിലെ,  കല്ലാച്ചി സുന്ദര്‍ ടാക്കീസില്‍ വരുന്ന പുരാണചിത്രങ്ങളും വടക്കന്‍കഥകളും കാണാന്‍ അമ്മയുടെയും അമ്മയുടെ സഹോദരിയടെയും കൈപിടിച്ച് പോയ നാളുകളില്‍ വെള്ളിത്തിരയിലെ അടിപിടിയും തമാശകളും കണ്ട് കയ്യടിക്കുക എന്നതില്‍ കവിഞ്ഞുള്ള ബോധത്തിനപ്പുറം ഒന്നുമുണ്ടായിരുന്നില്ല. പീന്നീട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തനിയെ ടാക്കീസില്‍ പോയി സിനിമ കാണാന്‍  അനുവാദം കിട്ടി.  വീട്ടില്‍ പാട്ടുകള്‍ക്കാന്‍ റേഡിയോയോ, വെളിച്ചത്തിന് വൈദ്യുതിയോ ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള കുട്ടിക്കാലത്തിന്റെ അനുഭവങ്ങളില്‍ നിന്നുകൊണ്ടു മാത്രമേ പുതിയ കാലത്തിന്റെ സിനിമാപാഠങ്ങളിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ.

തനിച്ച് ടാക്കീസില്‍ പോയി സിനിമ കാണാന്‍ തുടങ്ങിയപ്പോള്‍ കറുപ്പും വെളുപ്പും മാറിക്കഴിഞ്ഞിരുന്നു. കളറില്‍ പ്രേംനസീറും ഷീലയും മധുവും ശാരദയും  കെ.പി ഉമ്മറും ജയനും സുകുമാരനും സോമനും ബാലന്‍ കെ നായരും ജോസ്പ്രകാശും ജയഭാരതിയും വിധുബാലയും അടൂര്‍ഭാസിയും ബഹദൂറും പട്ടം സദനും കുഞ്ചനും കുതിരവട്ടം പപ്പുവും എല്ലാം കണ്ണിലും മനസ്സിലും കൗതുകം തീര്‍ത്തും. അക്കാലത്ത് മലയാളത്തില്‍ സ്വാമി അയ്യപ്പനും ആലിബാബയും തുമ്പോലാര്‍ച്ചയും കണ്ണപ്പനുണ്ണിയും ആവേശത്തോടെ കണ്ടു. തമിഴില്‍ ഇഷ്ടതാരമായി ശിവാജി ഗണേശനും ജെമിനി ഗണേശനും എം.ജി.ആറും ആനന്ദനും നിറഞ്ഞു. ശോഭന്‍ ബാബുവിന്റെ സിനിമയ്ക്കും ഇഷ്ടക്കാരനായി. കാഴ്ചയുടെ സംസ്‌കാരത്തിലേക്കോ, സിനിമയുടെ പിന്നിലെ ഘടകങ്ങളെക്കുറിച്ചോ ധാരണയില്ലാത്ത നാളുകള്‍. ടാക്കീസില്‍ വരുന്നതെന്തും കണ്‍നിറയെ ഉള്‍ക്കൊള്ളുകയായിരുന്നു.

എട്ടാം കാസ്സില്‍ പഠിക്കുമ്പോഴാണ് തിക്കുറിശ്ശി നായകവേഷത്തില്‍ അഭിനയിച്ച ജീവിതനൗക കാണുന്നത്. ദാരിദ്ര്യത്തിന്റെ കഥ പറയുന്ന ആ സിനിമ അക്കാലത്ത് വലിയ ആവേശത്തോടെയാണ് കണ്ടത്. തിക്കുറിശ്ശിയെ മാത്രമേ സിനിമയില്‍ കണ്ട് പരിചയമുണ്ടായിരുന്നുള്ളൂ. ജീവിതനൗക കാണാന്‍ അവസരം കിട്ടിയതും പില്‍ക്കാലത്ത് കൗതുകമായി തോന്നി. ഞങ്ങളുടെ രസതന്ത്രം അധ്യാപകന്‍ എന്‍.പി. കുഞ്ഞമ്മദ് മാസ്റ്ററാണ് ജീവിതനൗക കാണാനുള്ള ടിക്കറ്റ് നല്‍കിയത്. എന്റെ സിനിമയുടെ ഗുരുനാഥന്‍ ആരെന്ന് ചോദിച്ചാല്‍, ആദ്യത്തെ പേര് കക്കട്ടിലെ കുഞ്ഞമ്മദ് മാഷുടേതാണ്. അന്ന് ജീവിതനൗക മലയാളത്തിലെ ആദ്യത്തെ ജനപ്രിയ ചിത്രമാണെന്നോ മറ്റോ അറിയില്ല. കുഞ്ഞമ്മദ് മാഷ് ടിക്കറ്റ് തന്നു. ഞാന്‍ കല്ലാച്ചി സുന്ദര്‍ ടാക്കീസില്‍ പോയികണ്ടു. ഏതോ ഫിലിം സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം പ്രദര്‍ശിപ്പിച്ച സിനിമയുടെ ടിക്കറ്റ്  മാഷക്ക് ലഭിച്ചതായിരുന്നു.  അമ്പതുകളില്‍ മലയാളസിനിമയുടെ ചരിത്രം മാറ്റിയ ചിത്രമാണ് ജീവിതനൗകയെന്ന് പിന്നീട് മനസ്സിലാക്കി. കറുപ്പിലും വെളുപ്പിലും കവിതകൊണ്ട് ജീവിതമെഴുതിയ ജീവിതനൗക കാഴ്ചയുടെ ഓര്‍മ്മയില്‍ ഇപ്പോഴുമുണ്ട്.  

കോളജ് വിദ്യാഭ്യാസകാലത്താണ് ലോകക്ലാസിക്കുകളിലേക്കുള്ള പ്രവേശനം കിട്ടുന്നത്. വടകരയും മാഹിയിലും തലശ്ശേരിയും അക്കാലത്ത് നിരവധി ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ ക്ലാസിക്കുകള്‍ കാണാന്‍ അവസരം കിട്ടിയത് മാഹിയില്‍ സംഘടിപ്പിക്കപ്പെട്ട മേളകളില്‍ നിന്നായിരുന്നു. ചാപ്ലിന്‍ ചിത്രങ്ങള്‍ മനസ്സുനിറയെ കാണാന്‍ കഴിഞ്ഞു. ഐ ഷണ്‍മുഖദാസ് മാഷുടെ വിദ്യാര്‍ത്ഥിയായതോടെ സിനിമയെക്കുറിച്ചുള്ള ബാലപാഠങ്ങള്‍ തിരിച്ചറിയാന്‍ അവസരം കിട്ടി. ലോകസിനിമയുടെ വികാസപരിണാമങ്ങളും സാങ്കേതികതയുടെ കലയും തിരിച്ചറിയുന്ന പുസ്തകങ്ങള്‍ ഷണ്‍മുഖദാസ് മാസ്റ്ററില്‍നിന്ന് കിട്ടി. തൃശൂരില്‍ സംഘടിപ്പിക്കപ്പെടുന്ന മേളകളില്‍ നിന്നും  മാസ്റ്റര്‍പീസുകള്‍ കാണാനുള്ള അവസരവും ലഭിച്ചു.

നാട്ടിന്‍പുറങ്ങളില്‍ എഴുപതുകാലത്തെ മലയാളസിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജി.അരവിന്ദന്റെയും അടൂര്‍ ഗോപാലകൃഷ്ണന്റെയും പി.എ ബക്കറിന്റെയും കെ.ജി.ജോര്‍ജ്ജിന്റെയും ചിത്രങ്ങളിലൂടെ മലയാളത്തിലെ നവവസന്തം തൊട്ടറിഞ്ഞു. അധ്യാപകനായിരുന്ന എം.എ.റഹ്മാന്റെ 'ബഷീര്‍ ദ മാന്‍' എന്ന ഡോക്യുമെന്ററി കാണുകയും വിവിധ പ്രദേശങ്ങളില്‍ കാണിക്കുകയും ചെയ്തു. ഒരു സിനിമയുടെ പ്രിന്റ് ആദ്യമായി തൊടുന്നത് അപ്പോഴാണ്. 

 

..........................................
Read more: സിനിമാപ്രേമികള്‍ക്ക് ഇത് ഉത്സവകാലം നഷ്ടപ്പെട്ട ഡിസംബര്‍ 

IFFK during  covid pandemic by kunhikkannan vanimal
 

ചലച്ചിത്രമേളക്കാലം 
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള ആദ്യകാലത്ത് തന്നെ ജീവിതത്തിന്റെ ഭാഗമായി. മേളയുടെ ആദ്യകാലം തിരുവനന്തപുരം മേളയായിരുന്നു. പിന്നീട് കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലും മാറിമാറി സംഘടിപ്പിച്ചു. ആദ്യവര്‍ഷം മുതല്‍ അതിന്റെ കാഴ്ചക്കാരനായി പങ്കെടുത്തു. മേളയുടെ ആദ്യനാളുകളില്‍ ഡെലിഗേറ്റ് പാസിനുവേണ്ടി മാസങ്ങള്‍ക്ക് മുമ്പേ അന്വേഷണം തുടങ്ങും. സിനിമയുമായുള്ള ബന്ധം സൂചിപ്പിക്കുന്ന എന്തെങ്കിലും ലേഖനങ്ങളോ, മറ്റോ  അപേക്ഷയോടൊപ്പം സമര്‍പ്പിച്ചവര്‍ക്കുമാത്രമായിരുന്നു അക്കാലത്ത് ഡെലിഗേറ്റ് പാസ് ലഭിച്ചിരുന്നത്. അക്കാലത്ത് പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി എഴുതിയ ലേഖനങ്ങളുടെ കോപ്പികളുമായിട്ടായിരുന്നു പാസുകള്‍ക്കുവേണ്ടി അപേക്ഷ നല്‍കിയത്.

യാത്രക്കുള്ള തയാറെടുപ്പും മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങും. ചലച്ചിത്രമേളക്ക് പോകുന്നതും ലോകസിനിമ കണ്ടു എന്ന് പറയുന്നതും ജീവിതത്തില്‍ വലിയ സംഭവമായിരുന്നു കാലം. തര്‍ക്കോവ്‌സ്‌കിയും കുറസോവയും ബര്‍ഗ്മാനും ഒഷിമയും ബുനുവലും ക്രിസ്മാര്‍ക്കറും ഫെല്ലനിയും ഐസന്‍സ്റ്റീനും പോലെ സത്യജിത് റേയും മൃണാള്‍സെന്നും കുമാര്‍സാഹ്നിയും എല്ലാം ജീവിതത്തിന്റെ പാഠപുസ്തകങ്ങളായി മാറി. ലോകസിനിമയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ മന:പാഠമാക്കി.

മേളയില്‍ പങ്കെടുക്കുമ്പോള്‍ എന്നാല്‍ ഉള്‍ഭയമായിരുന്നു കൂടുതല്‍. പ്രദര്‍ശനശാലകളില്‍ വലിയ ഷര്‍ട്ടും നീട്ടിവളര്‍ത്തിയ മുടിയും താടിയുമുള്ള ഡെലിഗേറ്റുകളുടെ നിര. അതിലേറെയും പ്രശസ്തര്‍. അവരിലൊരാളായി ചിത്രങ്ങള്‍ക്ക് മുന്നിലിരിക്കുമ്പോള്‍ ശ്വാസമടക്കിപ്പിടിച്ചു. തിരുവനന്തപുരത്ത് മേള സ്ഥിരം വേദിയാക്കിയതോടെ ഡിസംബര്‍ അനേകം മനുഷ്യര്‍ക്ക് തീര്‍ത്ഥാടന കാലമായി. വര്‍ഷത്തില്‍ ഒരു സിനിമാ തീര്‍ത്ഥാടനം. മേളക്കെത്തിയില്ലെങ്കില്‍ ജീവിതത്തില്‍ എന്തോ നഷ്ടപ്പെടുന്നതുപോലെ അനുഭവപ്പെടാന്‍ തുടങ്ങി. അതിനാല്‍ മുടക്കം കൂടാതെ കേരളത്തിന്റെ ഇരുപത്തിനാല് മേളകളിലും എത്തി.

 

IFFK during  covid pandemic by kunhikkannan vanimal

 

മാറ്റങ്ങളുടെ മേള 
ഓരോ മേള പിന്നിടുമ്പോഴും കാണികള്‍ മാറി. ബുദ്ധിജീവികളുടെ കാലം കഴിഞ്ഞു. അച്ചടക്കത്തിന്റെ മേളകള്‍ രൂപപ്പെട്ടു. സിനിമകളെപ്പറ്റി മുഖ്യവേദിയായ കൈരളിയുടെ പടികളില്‍ ഇരുന്ന് തര്‍ക്കിക്കാനും ഉറങ്ങാനും കഴിയാത്തതായി. ഇപ്പോള്‍ കൈരളിയും ആകെ മാറി. എവിടെയും അച്ചടക്കം. പോലീസും നിയമാവലിയും. ന്യൂ തിയേറ്ററില്‍ സംഘടിപ്പിച്ച ഓപ്പണ്‍ഫോറവും അപ്രത്യക്ഷമായി. മേള ഇരുപത്തിനാലിലെത്തിയപ്പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളായി കാണികള്‍ മാറിയതായാണ് അനുഭവം.

ലോകത്തിന്റെ തിരനോട്ടത്തില്‍ മാറ്റങ്ങള്‍ ഏറെ വന്നു. സാങ്കേതികത മാറി. എല്ലാം ഡിജിറ്റലായി. സിനിമയുടെ കാഴ്ചയിലും മാറ്റമുണ്ടായി. തര്‍ക്കോവ്‌സ്‌കിയും പസ്സോളിനിയുമെല്ലാം നിറഞ്ഞ തിരശീലയില്‍ പുതിയ സിനിമാ അവബോധം പടര്‍ത്തി, ചെറുപ്പക്കാര്‍ നിരന്നു. 
 
മേളയുടെ ആദ്യകാലത്തേക്ക് കണ്ണയക്കുമ്പോള്‍ കോഴിക്കോടന്‍ മേളയാണ് ഓര്‍മ്മയില്‍ നിറയുന്നത്.  ഇറാന്‍ ചിത്രങ്ങളും പസ്സോളിനിയുമായിരുന്നു ആ മേളയുടെ ഓര്‍മ്മ. തിരുവനന്തപുരത്ത് ഒരിക്കലത് അറബ് വസന്തമായിരുന്നു. അന്നും ഇന്നും ഇറാന്‍ചിത്രങ്ങള്‍  പ്രേക്ഷകഹൃദയത്തില്‍ കവിത രചിക്കുന്നു. മിററും സ്റ്റാക്കറും ബൈസിക്കിള്‍ തീവ്സും ബാറ്റില്‍ഷിപ്പ് പോതംകിനും കാണുകയും ചര്‍ച്ചചെയ്ത് രാവുറങ്ങാതെ പോയ നാളുകള്‍. പില്‍ക്കാലത്ത് സെനഗലും ചാഡും മെക്സിക്കോയും വന്നു. തുര്‍ക്കിയും മഗ്രിബും പുതിയ തിരഭാഷകളിലൂടെ ഡെലിഗേറ്റുകളുടെ പ്രിയംനേടി.

മേളയിലെത്തുന്ന ചിത്രങ്ങള്‍പോലെ അണിയറ പ്രവര്‍ത്തനത്തിലും സംഘാടനത്തിലും മാറ്റം വന്നു. പവലിയനുകള്‍, തിയേറ്ററുകള്‍  മാറി. ടാഗോര്‍ ഉയിര്‍ത്തെഴുന്നേറ്റു,  മുഖ്യവേദിയായി. കൈരളിയും നിളയും ശ്രീയും മാത്രമല്ല, ന്യൂതിയേറ്ററിലെ ഓപ്പണ്‍ഫോറവും സ്റ്റാളുകളും മാറി. നിശാഗന്ധി  ഓപ്പണ്‍ തിയേറ്ററായി. ഡെലിഗേറ്റുപാസുകളും സീറ്റുകളും ഓണ്‍ലൈനായി. ഇങ്ങനെ കാലംപോലെ മേളയും മാറി.

കേരളത്തിന്റെ വടക്കേ അറ്റത്തുനിന്നും തിരുവനന്തപുരത്തേക്കു സിനിമാ പ്രേമികള്‍ സഞ്ചരിക്കുന്ന നീണ്ടൊരു ട്രെയിനായിരുന്നു ഫിലിം ഫെസ്റ്റിവല്‍. അതില്‍ ഇടം കിട്ടുക എളുപ്പമായിരുന്നില്ല. ഇടം കിട്ടിയാല്‍ ഇറങ്ങിപ്പോവുന്നതും. ഓരോ മേളയും കൂടുതല്‍ ജീവിതത്തുടിപ്പുകളാണ് തന്നത്. അടിമുടി മാറിയ ഒരാളായിട്ടായിരുന്നു ഓരോ മടക്കയാത്രയും. മനസ്സിലും കണ്ണിലും നിറയെ കണ്ട സിനിമകളായിരുന്നു. അതില്‍നിന്നും ഉള്ളിലേക്ക് ചേക്കേറിയ കാഴ്ചകള്‍. ശബ്ദങ്ങള്‍. അറിയാത്ത നഗരങ്ങളിലെ നെഞ്ചിടിപ്പുകള്‍. എല്ലാ വര്‍ഷത്തെയും മേളയില്‍ പങ്കെടുക്കാനുള്ള മോഹം ഇത്തവണ കൊവിഡിനു മുന്നില്‍ പൊലിഞ്ഞു. മേളയുടെ ആരവമില്ലാതെ ഈ ഡിസംബര്‍. എന്നിട്ടും തീര്‍ത്ഥാടനകാലത്തിന്റെ തണുപ്പ് മനസ്സില്‍ നിറയുന്നു.

 

Follow Us:
Download App:
  • android
  • ios