Asianet News MalayalamAsianet News Malayalam

ഇവിടെ ഭൂരിഭാ​ഗം പുരുഷന്മാരും പാചകക്കാരാണ്, തമിഴ്നാട്ടിലെ പാചക​ഗ്രാമത്തെ കുറിച്ചറിയാം!

അതേസമയം പാചകം പഠിക്കുക എന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. കാലയൂർ ഗ്രാമത്തിൽ ഒരു പാചകക്കാരന്റെ പരിശീലനം 12 -ാമത്തെ   വയസിൽ ആരംഭിക്കുന്നു. 

kalayur village of cooks
Author
Kalayur, First Published Apr 19, 2021, 2:10 PM IST

പണ്ട് സ്ത്രീകൾക്ക് മാത്രമായി ഒഴിച്ചിട്ടിരുന്ന ഒരിടമായിരുന്നു അടുക്കള. സ്ത്രീകൾ അതിനകത്ത് പണിയെടുത്ത് കഷ്ടപ്പെടുമ്പോൾ പുരുഷന്മാർ മുൻവശത്തിരുന്ന് സൊറ പറയുകയായിരിക്കും. എന്നാൽ, ഇന്ന് ഏറെക്കുറെ സാഹചര്യങ്ങൾ മാറിക്കഴിഞ്ഞു. പുരുഷന്മാർ ഇന്ന് പുതിയ വിഭവങ്ങൾ പരീക്ഷിക്കാനും, പാചകം പഠിച്ചെടുക്കാനും കൂടുതലായി മുന്നോട്ട് വരുന്നതായി നമുക്ക് കാണാം. എന്നിരുന്നാലും അതൊരു ജീവിതമാർ​ഗമായി തെരഞ്ഞെടുക്കുന്ന പുരുഷന്മാർ കുറവായിരിക്കും. പലപ്പോഴും വിനോദത്തിനുമായിട്ടാണ് അവർ പാചകം ചെയ്യുന്നത്. അതേസമയം ഭൂരിഭാഗം പുരുഷന്മാരും ഉപജീവനമാർ​ഗം പാചകമായി തെരഞ്ഞെടുത്ത ഒരു ഗ്രാമം നമ്മുടെ രാജ്യത്ത് ഉണ്ടെങ്കിലോ? അതും നമുക്ക് തൊട്ടടുത്താണ്. 

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ കലായൂർ ഗ്രാമമാണ് അത്. ഗ്രാമത്തിലേയ്ക്ക് കടക്കുന്ന നിമിഷം, സുഗന്ധവ്യഞ്ജനങ്ങളുടെ സുഗന്ധം നിങ്ങളുടെ മൂക്കിൽ തുളച്ചു കയറും. ഭക്ഷണപ്രേമികൾക്ക് വളരെ പ്രിയമുള്ള ഒരിടമാണ് കലായൂർ. 356 വീടുകളുള്ള അവിടെ 1450 -ൽ താഴെ ജനസംഖ്യയുണ്ട്. 65.94% സാക്ഷരതയുള്ള ഈ ഗ്രാമത്തിൽ 200 -ൽ അധികം പുരുഷ പ്രൊഫഷണൽ പാചകക്കാരുണ്ട്. അതുകൊണ്ട് തന്നെ ഈ ഗ്രാമം 'പാചകക്കാരുടെ ഗ്രാമം' എന്നറിയപ്പെടുന്നു. ഏകദേശം 500 വർഷങ്ങൾക്ക് മുമ്പാണ് തമിഴ്‌നാട്ടിലെ റെഡ്ഡിയാർ സമൂഹം പാചകം ചെയ്യാനായി വന്നിയാർ സമുദായത്തിലുള്ളവരെ നിയമിക്കുന്നത്. അപ്പോൾ മുതലാണ് ഈ  പാരമ്പര്യം ആരംഭിക്കുന്നത്. പരമ്പരാഗതമായി മത്സ്യത്തൊഴിലാളിയായ വന്നിയാർമാർ വളരെ രുചികരമായ ഭക്ഷണം പാകം ചെയ്യാറുണ്ടായിരുന്നു. ആ പാചകമികവ് പിന്നീട് തലമുറകളായി കൈമാറി പോന്നു. അത് ഇന്നും തുടരുന്നു. 

ഗ്രാമത്തിലെ ഏറ്റവും പ്രായം ചെന്ന പാചകക്കാരനാണ് ആർ. ബലറാം. 'എന്റെ പിതാവിന്റെ കാലത്ത്, പാചകത്തിൽ താൽപ്പര്യമുള്ള ഒരാൾ ഇത് ഒരു തൊഴിലായി സ്വീകരിച്ച് ഒരു ടീം രൂപീകരിക്കുന്നു. കൃഷി ബുദ്ധിമുട്ടായതിനാൽ, ജോലി ഏറ്റെടുക്കാൻ പരിശീലനം ലഭിച്ച ഞങ്ങളിൽ പലരും പാചകക്കാരായി മാറി അതിൽ ചേരുന്നു. നാല് 'ഹെഡ് കുക്കുകളിൽ' ഒരാളാണ് ഞാൻ' -65 വയസ്സുള്ള അദ്ദേഹം പറഞ്ഞു. ഗ്രാമത്തിന്റെ നേട്ടങ്ങളിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഗുണനിലവാരമുള്ളതും ആരോഗ്യകരവും രുചികരവുമായ ഭക്ഷണം നൽകുന്നതിനാൽ അവിടത്തെ ഭക്ഷണത്തിന് ആവശ്യക്കാരേറെയാണ്. ഒത്തുചേരലുകൾക്കും പാർട്ടികൾക്കും വിവാഹങ്ങൾക്കും അവർ പാചകം ചെയ്യുന്നു. ജന്മദിനങ്ങൾ, വിവാഹങ്ങൾ, മറ്റ് പരിപാടികൾ എന്നിവയ്ക്കുള്ള ബുക്കിംഗ് ആറ് മാസം മുമ്പേ ചെയ്യേണ്ടതുണ്ട്.

അതേസമയം പാചകം പഠിക്കുക എന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. കാലയൂർ ഗ്രാമത്തിൽ ഒരു പാചകക്കാരന്റെ പരിശീലനം 12 -ാമത്തെ   വയസിൽ ആരംഭിക്കുന്നു. പച്ചക്കറികൾ അരിയുക എന്ന എളുപ്പമുള്ള ജോലിയോടെയാണ് ഇത് ആരംഭിക്കുന്നത്. ചേരുവകളുടെ പുതുമ ഉറപ്പ് വരുത്താൻ, പാചകക്കാർ ഈ പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ വയലിൽ നിന്നാണ് ശേഖരിക്കുന്നത്. കാലക്രമേണ, ഈ പാചകക്കാർ കൂടുതൽ കൂടുതൽ പാചകക്കുറിപ്പുകളും പാചകരീതികളും പഠിക്കുന്നു. ചേരുവകൾ മുതൽ പാചകക്കുറിപ്പ് വരെ എല്ലാ വിശദാംശങ്ങളും മുതിർന്ന പാചകക്കാരാണ് അവരെ പഠിപ്പിക്കുന്നത്. ഒരു അമച്വർ പാചകക്കാരൻ പ്രൊഫഷണലായി മാറുന്നതിന് ശരാശരി 10 വർഷമെടുക്കും!  

ഇന്ന് പാരമ്പര്യ തൊഴിലുകൾ അന്യം നിന്ന് പോകുമ്പോൾ, ഇവിടെ ചെറുപ്പക്കാർ തങ്ങളുടെ കുലത്തൊഴിൽ ഏറ്റെടുക്കാൻ ഒരു മടിയും കാണിക്കുന്നില്ല. ഇവിടുത്തെ യുവാക്കൾക്ക് ഈ തൊഴിൽ ഒരു ഉപജീവനമാർഗം മാത്രമല്ല, അവർ ഉൾപ്പെടുന്ന കുടുംബവുമായി സമ്പർക്കം പുലർത്താനുള്ള ഒരു അവസരം കൂടിയാണ്. ഇന്ന്, കാലയൂരിലെ പുരുഷ പാചകക്കാർ ആറുമാസക്കാലം ദക്ഷിണേന്ത്യയിലുടനീളം സഞ്ചരിച്ച് ആഹാരം ഉണ്ടാക്കി നൽകുന്നു. മറ്റ് ദിവസങ്ങളിൽ, അവർ വിവാഹ, ജന്മദിന വിരുന്നുകൾ ഒരുക്കുന്നു. എല്ലാ ചേരുവകളും നൽകിയാൽ, പാചകക്കാർ വെറും മൂന്ന് മണിക്കൂറിനുള്ളിൽ ആയിരം പേർക്കുള്ള ആഹാരം ഉണ്ടാക്കുന്നു. ഈ പുരുഷന്മാർ പാചകത്തിൽ അഗ്രഗണ്യരാണെങ്കിലും, സ്വന്തം വീട്ടിൽ അവർ പാചകം ചെയ്യാറില്ല. അത് പൂർണമായും വീട്ടിലെ സ്ത്രീകളുടെ ജോലിയാണ്. 

(ചിത്രം: സോഴ്സ്)

Follow Us:
Download App:
  • android
  • ios