Asianet News MalayalamAsianet News Malayalam

വരുമെന്നുറപ്പുള്ളവരെ കാത്തിരിക്കും പോലെയല്ല,   ഒരുറപ്പുമില്ലാത്തവരെ കാത്തിരിക്കുന്നത്...

താമസമെന്തേ, വരുവാന്‍..., വാസന്ത പഞ്ചമി നാളില്‍... രണ്ടു പാട്ടുകള്‍, രണ്ട് കാത്തിരിപ്പുകള്‍. രശ്മി ടി എന്‍ എഴുതുന്നു

listening two malayalam songs of longing by Reshmi TN
Author
Thiruvananthapuram, First Published Jun 4, 2021, 4:44 PM IST

ഇപ്പോള്‍ വരുമെന്ന് ഉറപ്പുള്ളവരെ കാത്തിരിക്കും പോലെയല്ല,  എവിടെ പോയെന്നോ എപ്പോള്‍ വരുമെന്നോ അറിയാത്തവരെ കാത്തിരിക്കുന്നത്. തീര്‍പ്പില്ലായ്മകളില്‍ പെട്ടുഴലുന്ന, തീരാത്ത കാത്തിരിപ്പുകളില്‍ പെട്ടവര്‍ ്'നിരാശയുടെ ദംശനമേറ്റ് എത്രയോ തവണ വിഷാദം തീണ്ടി മരിച്ചവരാണ്!'  അങ്ങനെ ഓര്‍ക്കുമ്പോള്‍, ഈ രണ്ട് ഗാനങ്ങളും തമ്മിലുള്ള ദൂരം പ്രതീക്ഷയും നിരാശയും തമ്മിലുള്ള അകലമാണ്. 'പൊട്ടാത്ത പൊന്നിന്‍ കിനാവുകളില്‍' നിന്നും 'പൊട്ടിത്തകര്‍ന്ന കിനാക്കളിലേക്കുള്ള' ദൂരം തന്നെയാണത്.

 

listening two malayalam songs of longing by Reshmi TN

 

ഒരു മരത്തിനു പിറകില്‍ ഒളിച്ചു നില്‍ക്കുന്നവരെ കാത്തു നില്‍ക്കും പോലെയല്ല, ഏതോ വനത്തില്‍ നഷ്ടപ്പെട്ടവരെ കാത്തുനില്‍ക്കല്‍. നിലനില്‍ക്കുന്ന ഒന്നിനെ പ്രതീക്ഷിക്കുന്നതിലെ സന്തോഷം എന്നത് നിലയറിയാത്ത ഒന്നിനെ പ്രതീക്ഷിക്കേണ്ടി വരുന്നു എന്നതിലെ നിരാശയെക്കാള്‍ മുകളിലാവില്ല. 

യാദൃശ്ചികമായാണ്' ഭാര്‍ഗവി നിലയ'ത്തിലെ രണ്ടു പാട്ടുകളിലൂടെ കടന്നു പോയത്. എക്കാലത്തെയും ക്ലാസിക് ആയ രണ്ടു പാട്ടുകള്‍. 

ഒന്ന് നായകന്‍ പാടുന്നു. അടുത്തത്  നായിക. 

ആദ്യത്തേത് സാക്ഷാല്‍, താമസമെന്തേ, വരുവാന്‍..., മറ്റേത്, വാസന്ത പഞ്ചമി നാളില്‍. 

രണ്ടും കാത്തിരിപ്പിനെ കുറിക്കുന്ന പാട്ടുകളാണ് എന്ന് പൊതുവായി പറയാമല്ലോ. 

 

 

ഇതിനു മുകളില്‍ ഒരു ഭാഷയിലും ഒരു പാട്ടില്ല, എന്ന് വിശേഷിപ്പിക്കപ്പെട്ട, 'താമസമെന്തേ വരുവാന്‍' എന്ന ഗാനം, അക്ഷാര്‍ത്ഥത്തില്‍ ബാബുരാജ് മാജിക് തന്നെയാണ്. 

വരുമെന്ന് ഉറപ്പുള്ള 'അവള്‍', വരാന്‍ താമസമെന്തേ എന്നാണ്. അനിശ്ചിതമായ ഒരു കാത്തിരിപ്പല്ല അത്. ഒരു മതിലിനപ്പുറം അവള്‍ എന്ന യാഥാര്‍ഥ്യം ഉണ്ട്. കണ്മുന്നില്‍ വരാന്‍ മാത്രമാണ് താമസം. ഹേമന്ത രാത്രിയുടെ പൊന്‍വിളക്ക് പൊലിയാറായിട്ടും, മാകന്ദ ശാഖകളില്‍ രാക്കിളികള്‍ മയങ്ങാറായിട്ടും അവള്‍ എത്തിയില്ല എന്ന് മാത്രം. 

തനിക്കുള്ളത്, തന്റെ മുന്നിലുള്ളത് എന്ന് ഉറപ്പുള്ള ഒന്നിനെ കാത്തിരിക്കുന്നതില്‍ തീര്‍പ്പുകളുടേതായ ഒരു ആശ്വാസം തീര്‍ച്ചയായും ഉണ്ട്. ആ ആശ്വാസത്തില്‍ ചുറ്റുപാടിലേക്കും നായകന്റെ മനസ് പായുന്നു. തളിര്‍ മരങ്ങളുടെ ഇളക്കം അവളുടെ തങ്കവളയുടെ കിലുക്കമാവുന്നു. പൂഞ്ചോലയുടെ പടവില്‍ അവളുടെ പാദസരക്കിലുക്കം അറിയുന്നു. ചുറ്റിലും പരക്കുന്ന പാല്‍ നിലാവില്‍ അവളുടെ സുന്ദര മന്ദഹാസം നിറയുന്നു. പാതിരാക്കാറ്റ് അവളുടെ പട്ടുറുമാലിന്റെ അലകളാവുന്നു. 

തന്നിലും പ്രകൃതിയിലും താന്‍ കാത്തിരിക്കുന്ന അവള്‍ നിറയുന്നതിന്റെ സന്തോഷം കൂടിയാണ് ഈ പാട്ടിനു ഇത്രമേല്‍ സ്വച്ഛമായ ഒരു ഭാവത്തെ കൂടി നല്‍കുന്നത് എന്ന് തോന്നുന്നു. 

 

 

എന്നാല്‍ രണ്ടാമത്തെ ഗാനത്തിലെത്തുമ്പോള്‍ ('വാസന്ത പഞ്ചമി നാളില്‍') വരാന്‍ താമസമെന്തേ എന്ന ചോദ്യത്തിന് പകരം വരുന്നില്ല എന്ന തിരിച്ചറിവാണ്. നായകന്റെ പാട്ടില്‍ കണ്ട മധുരമനോഹര കല്പനകള്‍ നായികയുടെ പാട്ടില്‍ കാണാന്‍ കഴിയാത്തത് ഒരു പക്ഷേ അതുകൊണ്ടാവാം. പ്രകൃതിയിലെ മൃദു മനോഹര ചലനങ്ങളായി എല്ലാം മാറ്റിയ അവള്‍ വന്നതില്‍ നിന്നും വ്യത്യസ്തമായി,  വരേണ്ടയാള്‍ മാത്രം വരാത്തതിലുള്ള നിരാശയായി ഈ ഗാനം മാറുന്നു. 

ചുറ്റുപാടുകളിലേക്ക് കണ്ണു പാഞ്ഞതില്‍ നിന്നും വ്യത്യസ്തമായി ഇവിടെ അവനവനില്‍ തന്നെ മനസ്സ് ഉടക്കി നില്‍ക്കുന്നു. 
കാത്തിരിപ്പിന്റെ സൗന്ദര്യം, അതിന്റെ തീര്‍ച്ചയില്ലായ്മയില്‍ നഷ്ടമാവുന്നതെങ്ങനെ എന്ന് കാണിക്കുന്നതാണ് ഈ രണ്ടു പാട്ടുകള്‍ തമ്മിലുള്ള തുടര്‍ച്ച. 

ആരുമാരും വരുന്നതില്ല എന്ന തിരിച്ചറിവില്‍  'ആത്മാവില്‍ 'സ്വപ്ന'വുമായി കാത്തിരിപ്പൂ ഞാന്‍' എന്ന് നായിക പാടുമ്പോള്‍....സ്വപ്നം എന്നതിന് പകരം അവിടെ ദുഃഖം എന്ന വാക്ക് അത്രമേല്‍ സാന്ദ്രതയോടെ ആദേശം ചെയ്യപ്പെടുന്നു. 

ഇപ്പോള്‍ വരുമെന്ന് ഉറപ്പുള്ളവരെ കാത്തിരിക്കും പോലെയല്ല,  എവിടെ പോയെന്നോ എപ്പോള്‍ വരുമെന്നോ അറിയാത്തവരെ കാത്തിരിക്കുന്നത്. തീര്‍പ്പില്ലായ്മകളില്‍ പെട്ടുഴലുന്ന, തീരാത്ത കാത്തിരിപ്പുകളില്‍ പെട്ടവര്‍ ്'നിരാശയുടെ ദംശനമേറ്റ് എത്രയോ തവണ വിഷാദം തീണ്ടി മരിച്ചവരാണ്!'

അങ്ങനെ ഓര്‍ക്കുമ്പോള്‍, ഈ രണ്ട് ഗാനങ്ങളും തമ്മിലുള്ള ദൂരം പ്രതീക്ഷയും നിരാശയും തമ്മിലുള്ള അകലമാണ്. 'പൊട്ടാത്ത പൊന്നിന്‍ കിനാവുകളില്‍' നിന്നും 'പൊട്ടിത്തകര്‍ന്ന കിനാക്കളിലേക്കുള്ള' ദൂരം തന്നെയാണത്. 

ഒരേ ജീവിതത്തിന്റെ  തന്നെ വ്യത്യസ്ത മുഖങ്ങള്‍!

സിനിമയുടെ ഭാഷയില്‍തന്നെ പറഞ്ഞാല്‍ 'നീയും ഞാനുമെന്ന യാഥാര്‍ഥ്യത്തില്‍ നിന്നും ഞാന്‍ മാത്രം അവശേഷിക്കാന്‍ പോകുന്നു' എന്നതിന്റെ വേദന!



Read moreഎക്കാലത്തെയും പ്രണയിനിയുടെ മുഖമായി ഈ പെണ്‍കുട്ടി മാറിയതെങ്ങനെയാണ്?

 

Follow Us:
Download App:
  • android
  • ios