Asianet News MalayalamAsianet News Malayalam

ഖസാക്കിലെ നാടകത്തറയല്ല, ഇത് ഉബു റോയി എന്ന പെരുംട്രോള്‍, കാണികളെ അമ്പരപ്പിക്കാന്‍ വീണ്ടും ദീപന്‍ ശിവരാമന്‍

'ഖസാക്കിന്റെ ഇതിഹാസം' എന്ന നാടകത്തിന്റെ സംവിധായകന്‍ ദീപന്‍ ശിവരാമനാണ് 127 വര്‍ഷം മുമ്പ് ആല്‍ഫ്രഡ് ജാരി എഴുതിയ ഈ ലോകപ്രശസ്ത നാടകം മലയാളത്തിലേക്ക് പറിച്ചുനടുന്നത്.-കെ. പി റഷീദ് എഴുതുന്നു

Malayalam adaptation of Alfred Jarry's Ubu Roi by Deepan Sivaraman to be performed in Thiruvananthapuram
Author
First Published Nov 18, 2023, 1:02 PM IST | Last Updated Nov 18, 2023, 1:12 PM IST

ഡൊണാള്‍ഡ് ട്രംപിനെ 'ട്രോളിക്കൊന്ന' വിഖ്യാത ഫ്രഞ്ച് നാടകം 'ഉബുറോയ്' മലയാളത്തിലും വരുന്നു. പുറത്തിറങ്ങി എട്ടു വര്‍ഷം കഴിഞ്ഞിട്ടും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്ന 'ഖസാക്കിന്റെ ഇതിഹാസം' എന്ന നാടകത്തിന്റെ സംവിധായകന്‍ ദീപന്‍ ശിവരാമനാണ് 127 വര്‍ഷം മുമ്പ് ആല്‍ഫ്രഡ് ജാരി എഴുതിയ ഈ ലോകപ്രശസ്ത നാടകം മലയാളത്തിലേക്ക് പറിച്ചുനടുന്നത്. കോവളത്തെ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ 19, 20 തീയതികളിലാണ് നാടക അവതരണം. പ്രമേയത്തില്‍ മാത്രമല്ല, കാഴ്ചയിലും അവതരണത്തിലും തിയറ്റര്‍ അനുഭവത്തിലും അടിമുടി വ്യത്യസ്തവും കാലികവുമായിരിക്കും നാടകമെന്ന് ദീപന്‍ ശിവരാമന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മലയാളത്തിലെ ഏറ്റവും പ്രശസ്തരായ അഭിനേതാക്കള്‍ അടങ്ങുന്ന ഓക്‌സിജന്‍ തിയറ്റര്‍ കമ്പനിയാണ് നാടകം യാഥാര്‍ത്ഥ്യമാക്കുന്നത്. കോവളത്തെ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജാണ് നിര്‍മാണം.

 

Malayalam adaptation of Alfred Jarry's Ubu Roi by Deepan Sivaraman to be performed in Thiruvananthapuram

ദീപന്‍ ശിവരാമന്‍ ഫോട്ടോ: ശംഭു വി എസ്
 

126 വര്‍ഷം മുമ്പാണ്. പാരീസിലെ പ്രശസ്തമായ തിയറ്ററില്‍ ഒരു നാടകം നടക്കുന്നു. അന്ന് 23 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ആല്‍ഫ്രഡ് ജാരി എന്ന ചെറുപ്പക്കാരന്‍ എഴുതിയ ഉബു റോയ് എന്ന നാടകം. അക്കാലത്തെ നടപ്പുരീതി അനുസരിച്ച്, അവധി ദിന ആലസ്യവും പാര്‍ട്ടി മൂഡുമായി ഒഴുകിയെത്തിയ കാണികള്‍ ആ നാടകം കണ്ടു തുടങ്ങുന്നു. എന്നാല്‍, നാടകം പാതിയാവും മുമ്പേ കാണികള്‍ ഇളകി. അന്നേവരെ കണ്ടുപരിചയമില്ലാത്ത പ്രമേയം. വിചിത്രമായ കഥ. അന്നത്തെ സങ്കല്‍പ്പ പ്രകാരം, സദാചാര വിരുദ്ധം, അശ്ലീലം, ഭരണകൂട വിരുദ്ധം. അന്നത്തെ ഫ്യൂഡല്‍ സാമൂഹ്യ ക്രമത്തെ തകര്‍ത്തെറിയുന്ന ഡയലാഗുകള്‍. സദസ്സിലൊരു വിഭാഗം ഇളകി മറിഞ്ഞു. അവര്‍ അരങ്ങ് കൈയേറി. തിയറ്ററില്‍ കലാപമുണ്ടായി. ആ നാടകത്തിന്റെ കഥ അങ്ങനെ കഴിഞ്ഞു. 

അതു കഴിഞ്ഞ് 11 വര്‍ഷത്തിനുശേഷം, 1907 നവംബര്‍ ഒന്നിന്, തന്റെ 34-ാം വയസ്സില്‍, നാടകകൃത്ത് ആല്‍ഫ്രഡ് ജാരി ജീവിതത്തോട് വിടപറഞ്ഞു.  കാലത്തിനു മുമ്പേ നടന്നൊരാള്‍ ആയതിനാല്‍ ആല്‍ഫ്രഡ് ജാരിക്ക് ജീവിച്ചിരിക്കുന്ന കാലത്ത് സാമൂഹ്യമായ അംഗീകാരങ്ങള്‍ ഒന്നും കിട്ടിയിരുന്നില്ല. അക്കാലത്തെ അവാങ് ഗാര്‍ദ് കലാകാരന്‍മാരും എഴുത്തുകാരുമെല്ലാം കള്‍ട്ട് ആയി കണ്ടിരുന്നുവെങ്കിലും, ഭൂരിപക്ഷം ആളുകളും അയാളെ അവഗണിച്ചു. 'ഉബു റോയ്' അടക്കം ആറു നാടകങ്ങളും പിന്നീട് പ്രശസ്തമായ 'ദ് സൂപ്പര്‍മെയില്‍' അടക്കം ഏഴ് നോവലുകളും വിവിധ ജനുസ്സുകളിലായി ആറ് കൃതികളും 34 വയസ്സിനുള്ളില്‍ എഴുതിത്തീര്‍ത്തുവെങ്കിലും അന്നത്തെ ഫ്രഞ്ച് സമൂഹം അയാളെ എഴുതിത്തള്ളുകയായിരുന്നു. ദാരിദ്ര്യവും കടുത്ത മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ഒക്കെയായി ആരോഗ്യം പറ്റെ തകര്‍ന്ന ആല്‍ഫ്രഡ് ജാരി ക്ഷയരോഗം പിടിപെട്ടാണ് തീരെ ചെറുപ്പത്തില്‍ മരിക്കുന്നത്.  

 

Malayalam adaptation of Alfred Jarry's Ubu Roi by Deepan Sivaraman to be performed in Thiruvananthapuram

ആല്‍ഫ്രഡ് ജാരി (Photo: Getty Images)

 

ആദ്യ വേദിയില്‍ അരുംകൊല ചെയ്യപ്പെട്ട 
ഒരു നാടകത്തിന്റെ വമ്പന്‍ തിരിച്ചുവരവ്

എന്നാല്‍, കഥ അവിടെ തീര്‍ന്നില്ല. ആല്‍ഫ്രഡ് ജാരി മരിച്ച് മൂന്ന് പതിറ്റാണ്ടിനുള്ളില്‍ കഥ മാറി. ആധുനികതയുടെ 'ചുവന്ന വാല്‍' സാഹിത്യത്തെയും ഇതര കലാമേഖലകളെയും ജീവിതദര്‍ശനങ്ങളെയും അടിമുടി മാറ്റിയതോടെ, ഉബു റോയ് അടക്കമുള്ള ആല്‍ഫ്രഡ് ജാരിയുടെ സൃഷ്ടികള്‍ പുതുഭാവുകത്വത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കപ്പെട്ടു. ദാദായിസത്തിന്റെയും അസംബന്ധ നാടകവേദിയുടെയും പ്രാരംഭം കുറിക്കുന്ന നാടകം എന്ന നിലയില്‍ ഉബുറോയ് പരിഗണിക്കപ്പെട്ടു. ആല്‍ഫ്രഡ് ജാരിയുടെ കൃതികളിലെ ദാര്‍ശനികതയും രാഷ്ട്രീയവും നവഭാവുകത്വവും ഗഹനമായി ചര്‍ച്ച ചെയ്യപ്പെട്ടു, പഠിക്കപ്പെട്ടു. 1836-ല്‍ ഉബുറോയ് പോളിഷ് ഭാഷയിലേക്ക് മൊഴിമാറ്റപ്പെട്ടു. അന്നുതൊട്ടിങ്ങോട്ട് രണ്ട് നൂറ്റാണ്ടുകളിലായി നിരവധി ഭാഷകളില്‍, നിരവധി കാലങ്ങളില്‍, നിരവധി രാജ്യങ്ങളില്‍, നിരവധി സങ്കേതങ്ങളില്‍ ആ നാടകം അരങ്ങേറി. അധികാരത്തിന്റെ അശ്‌ളീലമായ കോമാളിത്തത്തിനും അസംബന്ധങ്ങള്‍ക്കും എതിരായ ട്രോള്‍ ആയി ആ നാടകം മാറുകയും സവിശേഷമായ രാഷ്ട്രീയ സന്ദര്‍ഭങ്ങള്‍ അതിന്റെ സംവേദന മൂര്‍ച്ച കൂട്ടുകയും ചെയ്തു. ലോകരാഷ്ട്രീയത്തിന്റെ വിവരക്കേടുകള്‍ക്കും ഫാഷിസത്തിന്റെ അസംബന്ധങ്ങള്‍ക്കും നവവലതുപക്ഷത്തിന്റെ അക്രമോല്‍സുകമായ ഇടപെടലുകള്‍ക്കുമെതിരെ അനേകം കാലങ്ങളില്‍ കോമാളിച്ചിരിയും പുച്ഛക്കാഴ്ചയുമായി 'ഉബു റോയ്' നാടകം സംഭവിച്ചുകൊണ്ടിരുന്നു. 

 

Malayalam adaptation of Alfred Jarry's Ubu Roi by Deepan Sivaraman to be performed in Thiruvananthapuram


1966-ല്‍ നടന്ന ലണ്ടനിലെ റോയല്‍ കോര്‍ട്ട് തിയറ്ററില്‍ നടന്ന ഉബുറോയ് അവതരണം. (Photo by © Hulton-Deutsch Collection/CORBIS/Corbis via Getty Images)
 

വിവരക്കേടും ക്രൂരതയും ആര്‍ത്തിയും ഉന്‍മാദവും ആസക്തികളും ആധിപത്യമനോഭാവവും കൂടിക്കുഴഞ്ഞ ജന്‍മമാണ് നാടകത്തിലെ കേന്ദ്ര കഥാപാത്രമായ ഉബു. സ്വഭാവത്തില്‍ ഉബുവിനോട് കിടപിടിക്കുന്ന ഭാര്യയാണ്, അയാളെ അധികാരക്കസേര പിടിക്കാന്‍ പ്രേരിപ്പിക്കുന്നത്. സൈനിക മേധാവിയെ കൂട്ടുപിടിച്ച് രാജാവിനെയും കുടുംബങ്ങളെയും ഇല്ലാതാക്കി അധികാരം പിടിക്കാന്‍ അയാള്‍ തന്ത്രം മെനയുന്നു, അത് നടപ്പാക്കുന്നു. ഒരു മകനൊഴികെ രാജാവും കുടുംബാംഗങ്ങളും അട്ടിമറിയില്‍ കൊല്ലപ്പെടുന്നു. അധികാരം ഉബുവില്‍ എത്തുന്നു. പിന്നീട് അധികാരക്കസരേയില്‍ ഉബുവിന്റെ താണ്ഡവമായിരുന്നു. ജനവിരുദ്ധതയായിരുന്നു അയാളുടെ മുഖമുദ്ര. വിഡ്ഡിത്തങ്ങളും അസംബന്ധങ്ങളും അയാളെ നയിച്ചു. ജനങ്ങള്‍ക്ക് മേല്‍ അയാള്‍ വിചിത്രമായ നികുതികള്‍ ചുമത്തി. പ്രഭുക്കന്‍മാരെ കൊന്നൊടുക്കി സമ്പത്ത് കൈക്കലാക്കി. എതിര്‍പ്പുമായി വന്ന രാഷ്ട്രീയ എതിരാളികളെയും മാധ്യമങ്ങളെയും അക്കാദമിക്കുകളെയും കലാകാരന്‍മാരെയുമെല്ലാം അയാള്‍ അതിക്രൂരമായി കൈകാര്യം ചെയ്തു. കൊടും സാമ്പത്തിക പ്രതിസന്ധിയിലായ ഉബു ഒടുവില്‍ അയല്‍രാജ്യത്തിന് എതിരെ യുദ്ധംചെയ്യാനുള്ള ആയുധങ്ങള്‍ക്കായി ജനങ്ങള്‍ക്കു മുന്നില്‍ യാചിച്ചു നടക്കുന്നു. അതിനിടെ, കൊല്ലപ്പെട്ട പഴയ രാജാവിന്റെ മകന്‍ കര്‍ഷകരെ സംഘടിപ്പിച്ച് ഉബുവിനെ തുരത്തിയോടിക്കുന്നു. അധികാരത്തിന് എതിരായ ജനങ്ങളുടെ കലാപത്തിന്റെ ഫലപ്രാപ്തിയോടെ നാടകം അവസാനിക്കുന്നു. 

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരിക്കെ ഈ നാടകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അമേരിക്ക പോലൊരു രാജ്യത്ത് ട്രംപിനെ പോലൊരു ഭരണാധികാരി സാധ്യമാണെന്ന് പ്രവചിച്ച നാടകം എന്ന നിലയിലാണ് അന്നത് ചര്‍ച്ചയായത്. ട്രംപിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി അമേരിക്കയിലും പുറത്തും വിവിധ ഇടങ്ങളില്‍ ഈ നാടകം അവതരിപ്പിക്കപ്പെട്ടു. നാടകത്തിലെ കേന്ദ്ര കഥാപാത്രമായ ഉബുവിന് അന്ന് ട്രംപിന്റെ സ്വഭാവവും രൂപഭാവങ്ങളുമായിരുന്നു. ട്രംപിനെതിരെ രൂക്ഷമായ ട്രോള്‍ ആയി മാറിയ നാടകം എന്ന നിലയില്‍ ഓരോ അവതരണവും വലിയ വാര്‍ത്തയുമായി. ഏറ്റവുമൊടുവില്‍, മലയാളത്തില്‍, വരും ദിവസങ്ങളിലായി ആ നാടകം അരങ്ങേറുമ്പോള്‍, ആ അസാധാരണമായ ആ നാടകം പിന്നിട്ട യാത്രകള്‍ കൂടിയാണ് ഓര്‍മ്മിപ്പിക്കപ്പെടുന്നത്. 

 

Malayalam adaptation of Alfred Jarry's Ubu Roi by Deepan Sivaraman to be performed in Thiruvananthapuram

ഉബുറോയ് പോസ്റ്ററുകള്‍

മലയാളത്തിലേക്ക് എത്തുന്ന ഉബുറോയ്!

മലയാള നാടകവേദിയുടെ കാഴ്ചയും ആഘാതശേഷിയും അവതരണരീതിയും ഡിസൈനും അടിമുടി മാറ്റിമറിച്ച, ലോകമറിയുന്ന മലയാളി തിയറ്റര്‍ സംവിധായകനും സിനോഗ്രാഫറും അക്കാദമിക്കുമായ ദീപന്‍ ശിവരാമനാണ്, 126 വര്‍ഷം മുമ്പ് ആദ്യ അവതരണത്തില്‍ ചീറ്റിപ്പോവുകയും പിന്നീട് വന്‍ തിരിച്ചുവരവ് നടത്തുകയും ചെയ്ത ആ നാടകം മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. 12 വര്‍ഷം മുമ്പ് നാഷനല്‍ സ്‌കൂര്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ദീപന്‍ തന്നെ ഉബുറോയ് അവതരിപ്പിച്ചിരുന്നു. അന്നത് ഹിന്ദിയിലായിരുന്നു. അതില്‍നിന്നും ഏറെ മാറിയാണ് ദീപന്‍ ഇത്തവണ, മലയാളത്തിലേക്കും കേരളീയ പരിസരങ്ങളിലേക്കും ഈ വിഖ്യാതനാടകത്തെ മാറ്റിപ്പണിതത്. 

മലയാളത്തിലെ തലപ്പൊക്കമുള്ള നാടക അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും കലാകാരന്‍മാരുടെ കൂട്ടായ്മയായ ഓക്‌സിജന്‍ തിയറ്റര്‍ കമ്പനിയാണ് കലുഷമായ സമകാലീന രാഷ്ട്രീയ സാഹചര്യത്തിലേക്ക് സമര്‍ത്ഥമായി വിളക്കിയെടുത്ത ഉബുറോയ് എന്ന നാടകം അവതരിപ്പിക്കുന്നത്. തിരുവനന്തപുരം കോവളത്തെ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജില്‍, നവംബര്‍ 19, 20 തിയ്യതികളിലാണ് നാടകം അരങ്ങേറുന്നത്. വൈകിട്ട് ആറരയ്ക്ക് തുടങ്ങുന്ന നാടകത്തിന് രണ്ടേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്.  

 

Malayalam adaptation of Alfred Jarry's Ubu Roi by Deepan Sivaraman to be performed in Thiruvananthapuram

'ഖസാക്കിന്റെ ഇതിഹാസം' നാടകത്തില്‍നിന്നും
 

പുതിയ കാഴ്ച, പുതുഭാവുകത്വം, പുതിയ തിയറ്റര്‍ അനുഭവം 

2015-ല്‍ ആദ്യ പ്രദര്‍ശനം നടന്നശേഷം ഇപ്പോഴും നിറഞ്ഞ സദസ്സുകളില്‍ ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്ന 'ഖസാക്കിന്റെ ഇതിഹാസം' എന്ന നാടകമാണ് ദീപന്‍ ശിവരാമനെ മലയാളികള്‍ക്കിടയില്‍ സുപരിചതിനാക്കിയത്. ഒ വി വിജയന്റെ വിഖ്യാതമായ നോവലിനെ, അരങ്ങിന്റെ ഭാഷയിലേക്കും ലാവണ്യത്തിലേക്കും പറിച്ചുനടുക മാത്രമായിരുന്നില്ല, കേരളം അന്നേവരെ കാണാത്ത കാഴ്ചയുടെ വ്യത്യസ്തതയാല്‍ മലയാളിയെ അമ്പരപ്പിക്കുക കൂടിയായിരുന്നു ദീപന്‍. നോവലിലെ ഖസാക്ക് ആയിരുന്നില്ല, ആളുകള്‍ അരങ്ങില്‍ കണ്ടത്. അതുവരെ നോവലും അതിനെ ചൊല്ലിയുള്ള ചര്‍ച്ചകളും കറങ്ങിക്കൊണ്ടിരുന്ന രവി എന്ന കേന്ദ്രകഥാപാത്രം ആഖ്യാനകേന്ദ്രത്തില്‍നിന്നും മാറ്റിനടപ്പെട്ടു. 

അന്നേവരെ നോവല്‍ വായനയില്‍ അപ്രധാനമായി നിന്നിരുന്ന  ഖസാക്കിലെ മനുഷ്യരെ കൂടി അരങ്ങിലേക്ക് പുനരാനയിച്ചു, ദീപന്‍. കാസര്‍ക്കോട് തൃക്കരിപ്പൂരിലെ അനേകം സാധാരണ മനുഷ്യരെ കൂട്ടിച്ചേര്‍ത്താണ്, ദീപന്‍ അസാധാരണമായ ഈ നാടക അവതരണം സാധ്യമാക്കിയത്. മലയാള നാടകവേദിക്ക് അപരിചിതമായ വിധത്തില്‍ ആയിരക്കണക്കിന് കാണികളാണ് ഖസാക്കിന്റെ തിയറ്റര്‍ അനുഭവമറിയാന്‍ ഒഴുകിയെത്തിയത്. ഇക്കഴിഞ്ഞ ആഴ്ച പെരിന്തല്‍മണ്ണയില്‍ നടന്ന നാടകാവതരണത്തില്‍ പോലും ലിംഗപ്രായഭേദമന്യെ ആയിരങ്ങള്‍ നാടകം കാണാനെത്തിയിരുന്നു. 

 

Malayalam adaptation of Alfred Jarry's Ubu Roi by Deepan Sivaraman to be performed in Thiruvananthapuram

ദീപന്‍ ശിവരാമന്‍ ഫോട്ടോ: ശംഭു വി എസ്
 

പല കരകള്‍, പല വഴികള്‍, പല നാടക യാത്രകള്‍

കൊടകര സ്വദേശിയായ ദീപന്‍ 1997-ല്‍ തൃശൂര്‍ അരണാട്ടുകരയിലെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തിയറ്റര്‍ ആര്‍ട്‌സില്‍ ബിരുദമെടുത്തു. പിന്നീട്, പോണ്ടിച്ചേരി സെന്‍്രടല്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് തിയറ്റര്‍ ആന്റ് ഡ്രമാറ്റിക് ആര്‍ട്‌സില്‍ പി.ജിയും 2002-ല്‍ എം ജി സര്‍വകലാശാല കാമ്പസിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍നിന്ന് തിയറ്റര്‍ ആര്‍ട്‌സില്‍ എം ഫിലും നേടി. അതിനുശേഷം, 2004-ല്‍ ലണ്ടനിലെ സെന്‍ട്രല്‍ സെയിന്റ് മാര്‍ട്ടിന്‍സ് കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് ഡിസൈനില്‍നിന്ന് സീനോഗ്രാഫിയില്‍ എം എ നേടി. ലണ്ടനിലെ യൂനിവേഴ്‌സിറ്റി ഓഫ് ദ് ആര്‍ട്‌സിലെ വിംബിള്‍ഡണ്‍ കോളജ് ഓഫ് ആര്‍ട്‌സിലാണ് Spatial identities and visual language in Indian theatre എന്ന വിഷയത്തില്‍ പി എച്ച് ഡി ചെയ്തത്.  അതിനു ശേഷം, ലണ്ടനിലെ സെന്‍ട്രല്‍ സെയിന്റ് മാര്‍ട്ടിന്‍സ് കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് ഡിസൈന്‍, ഹൈദരാബാദ് സര്‍വകലാശാല, വെനീസിലെ ഇന്റര്‍നാഷനല്‍ സമ്മര്‍ അക്കാദമി ഫോര്‍ ക്രിയേറ്റീവ് ആര്‍ട്‌സ് ആന്റ് മീഡിയ, ലണ്ടനിലെ വിംബിള്‍ഡണ്‍ കോളജ് ഓഫ് ആര്‍ട്‌സ് എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ദില്ലി അംബേദ്കര്‍ സര്‍വകലാശാലയില്‍ പെര്‍ഫോമന്‍സ് സ്റ്റഡീസില്‍ അസോസിയേറ്റ് പ്രൊഫസറാണ്. 

ഖസാക്ക് മാത്രമല്ല, ദേശീയ അന്തര്‍ദേശീയ വേദികളില്‍ ഏറെ ചര്‍ച്ചയായ മറ്റ് നിരവധി നാടകങ്ങളും ദീപന്‍ ശിവരാമന്‍ ചെയ്തിട്ടുണ്ട്. 1998-ല്‍ ലോര്‍ഡ് ഓഫ് ഫ്‌ളൈസ് എന്ന നാടകവുമായി രംഗത്തു വന്ന ദീപന്‍ കമല (2002), ഡ്രീം ഓഫ് ഡെത്ത് (2004), ദ് സര്‍ക്കിള്‍ ഓഫ് ദ് സീസണ്‍സ് (2004), സ്‌പൈനല്‍ കോര്‍ഡ് (2009), പീര്‍ ഗിന്റ് (2010), ലിറ്റില്‍ പ്രിന്‍സ് (2013), പ്രൊജക്ട് നൊസ്റ്റാല്‍ജിയ (2014), ഇറ്റ്‌സ് കോള്‍ഡ് ഇന്‍ ഹിയര്‍ (2018),  ദ് കാബിനറ്റ് ഓഫ് ഡോ. കാലിഗരി (2015), നാഷനലിസം െപ്രാജക്ട് (2018), ഡാര്‍ക്ക് തിംഗ്‌സ് (2018) എന്നിവയാണ് അവ. ഇതു കൂടാതെ നിരവധി പ്രഗത്ഭ നാടക സംരംഭങ്ങളില്‍ സിനോഗ്രാഫറായും പ്രവര്‍ത്തിച്ചു. മുപ്പതോളം രാജ്യാന്തര ചലച്ചിത്രമേളകളില്‍ നാടകങ്ങള്‍ അവതരിപ്പിച്ച ദീപന്‍ ഈ വര്‍ഷം തൃശൂരില്‍ നടന്ന ഇറ്റ്‌ഫോക് ഇന്റര്‍നാഷനല്‍ തിയറ്റര്‍ ഫെസ്റ്റിവലിന്റെ ക്യൂറേറ്റര്‍ ആയിരുന്നു. ചാള്‍സ് വാലസ് ഇന്ത്യ ട്രസ്റ്റ് അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, തുടര്‍ച്ചയായ രണ്ടു വര്‍ഷം മഹിന്ദ്ര എക്‌സലന്‍സ് ഇന്‍ തിയറ്റര്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios