സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 2024 -ന്റെ തുടക്കത്തോടെ ഇവിടേക്ക് താമസക്കാർ എത്തിത്തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫ്ലോട്ടിം​ഗ് സിറ്റി ഇവിടുത്തെ സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണം ഏറ്റെടുക്കും.

രണ്ടായിരത്തിലേറെ വരുന്ന കൊച്ചുകൊച്ചു ദ്വീപുകളുടെ കൂട്ടം... അറബിക്കടലിലെ മനോഹരി -മാലിദ്വീപ്. ലോകമെമ്പാടുമുള്ള എത്രയോ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സ്വർ​ഗം. ഇപ്പോൾ ഒരുപടി കൂടി കടന്ന് ഒരു ഫ്ലോട്ടിം​ഗ് സിറ്റി നിർമ്മിക്കാനുള്ള പദ്ധതിയിലാണ് മാലിദ്വീപ്. തലസ്ഥാന നഗരമായ മാലിയിൽ നിന്നും വെറും 10 മിനിറ്റ് മാത്രം അകലെ സ്ഥിതി ചെയ്യുന്ന ടർക്കോയിസ് ലഗൂണിലായിരിക്കും നഗരം സജ്ജീകരിക്കുക. 2027 ഓടെ നിർമാണം പൂർത്തിയാകുമ്പോൾ ഈ ന​ഗരത്തിൽ 20,000 പേർക്ക് താമസിക്കാൻ കഴിയുമെന്നാണ് പറയുന്നത്.

ഇവിടെ താമസസൗകര്യത്തിനുള്ള വീടുകൾ മാത്രമായിരിക്കില്ല കാണുക. സാധാരണ നഗരത്തിലുണ്ടാവുന്ന സ്കൂളുകളും കടകളും അടക്കം എല്ലാ സൗകര്യങ്ങളും ഇവിടെയും കാണും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വീടുകൾക്കിടയിലൂടെ ഒരു കനാൽ ശ‍ൃംഖലയും കാണും. ല​ഗൂണിന്റെ രണ്ട് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഇവയെല്ലാം സജ്ജീകരിക്കുക. 

മാലിദ്വീപ് ഫ്ലോട്ടിംഗ് സിറ്റി എന്നാണ് പ്രസ്തുത പ്രോജക്റ്റിന്റെ പേര്. ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത് വാട്ടർസ്റ്റുഡിയോ ആണ്. പ്രോപ്പർട്ടി ഡെവലപ്പർമാരായ ഡച്ച് ഡോക്ക്‌ലാൻഡും മാലിദ്വീപ് സർക്കാരും തമ്മിലുള്ള സംയുക്ത സംരംഭമാണ് പ്രസ്തുത പദ്ധതി. 

സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 2024 -ന്റെ തുടക്കത്തോടെ ഇവിടേക്ക് താമസക്കാർ എത്തിത്തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫ്ലോട്ടിം​ഗ് സിറ്റി ഇവിടുത്തെ സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണം ഏറ്റെടുക്കും. ഫ്ലോട്ടിം​ഗ് സിറ്റിയുടെ അടിയിൽ കൃത്രിമ പവിഴപ്പുറ്റുകളും ഉണ്ടാക്കും. ഇത് പവിഴപ്പുറ്റുകളുടെ സ്വാഭാവിക വളർച്ചയെ ഉത്തേജിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

വാട്ടർസ്റ്റുഡിയോയുടെ സ്ഥാപകനായ കോയിൻ ഓൾത്തൂയിസ് വലിയ പ്രതീക്ഷയോടെയാണ് പദ്ധതിയെ കാണുന്നത്. ചെറിയ പണച്ചെലവിൽ വീടുകൾ നിർമ്മിക്കാനാവുമെന്നും ക്രിയാത്മകമായി ന​ഗരം മുന്നോട്ട് പോകുമെന്നുമാണ് ഓർത്തൂയിസ് പ്രതീക്ഷിക്കുന്നത്.