Asianet News MalayalamAsianet News Malayalam

30 വർഷം മുമ്പ് മരിച്ച രണ്ടുപേരെ വിവാഹം കഴിപ്പിച്ച് കുടുംബാം​ഗങ്ങൾ, പ്രേതവിവാഹം

മരിച്ചവരുടെ വിവാഹമായത് കൊണ്ട് തന്നെ ആകെ ശോകമൂകമാകും അന്തരീക്ഷം എന്ന് ധരിക്കരുതെന്നും അദ്ദേഹം പറയുന്നു. മറ്റേതൊരു വിവാഹത്തേയും പോലെ അത് സന്തോഷകരമാണ്. എല്ലാവരും തമാശകൾ പറഞ്ഞ് ചിരിച്ച് ഉല്ലസിച്ചാണ് അത് ആഘോഷിക്കുന്നതെന്ന് അരുൺ പറയുന്നു.

marriage of the dead in Karnataka
Author
Karnataka, First Published Jul 30, 2022, 10:58 AM IST

വിവാഹ സമയത്ത് നമ്മൾ പറയുന്ന ഒരു വാചകമാണ് മരണം വരെയും ഒന്നിച്ച് കഴിയുമെന്നത്. ആ ദാമ്പത്യം മരണത്തോടെ മാത്രമേ അവസാനിക്കൂ എന്നതാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. എന്നാൽ മരണത്തിന് ശേഷമാണ് വിവാഹം ചെയ്യുന്നതെങ്കിലോ? ജീവിച്ചിരിക്കുമ്പോൾ നടക്കുന്ന വിവാഹങ്ങളെ കുറിച്ച് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാൽ കർണാടകയിൽ മരണത്തിന് ശേഷവും ആളുകൾക്ക് വിവാഹിതരാകാം. മരണത്തിന് ശേഷം രണ്ട് പേർ തമ്മിൽ നടക്കുന്ന അത്തരം വിവാഹങ്ങളെ പ്രേത വിവാഹങ്ങൾ എന്നാണ് വിളിക്കുന്നത്. കേൾക്കുമ്പോൾ തീർത്തും വിചിത്രമായി തോന്നാം.

കഴിഞ്ഞ വ്യാഴാഴ്ചയും കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ അത്തരമൊരു വിവാഹം നടന്നു. ശോഭ, ചന്ദപ്പ എന്നിവരാണ് വിവാഹിതരായത്. അവർ മരണപ്പെട്ടിട്ട് 30 വർഷങ്ങൾ കഴിഞ്ഞു. അതേസമയം ഈ പ്രേത കല്യാണങ്ങൾക്കുള്ള ഒരു പ്രത്യേകത, ജനനസമയത്ത് മരിച്ചവർക്കാണ് ഈ വിവാഹം. എന്നാൽ എന്തിനാണ് ജനനസമയത്ത് മരിച്ചവർക്ക് ഇങ്ങനെ ഒരു വിവാഹം എന്ന് ചിന്തിക്കുന്നുണ്ടോ? മരിച്ചവരുടെ ആത്മാക്കളെ ബഹുമാനിക്കുന്നതിനുള്ള ഒരു മാർഗമായിട്ടാണ് ഈ വിവാഹങ്ങൾ കണക്കാക്കപ്പെടുന്നത്.  ശോഭയും, ചന്ദപ്പയും പ്രസവത്തിൽ മരിച്ച കുട്ടികളാണ്. ഇരുവരെയും വിവാഹം കഴിപ്പിക്കുന്നതിലൂടെ അവരുടെ ആത്മാക്കൾ സന്തോഷിക്കും എന്ന് ആളുകൾ വിശ്വസിക്കുന്നു.  

 

 

ഒരു യഥാർത്ഥ വിവാഹത്തിൽ കാണുന്ന എല്ലാ ചടങ്ങുകളും ഈ പ്രേത വിവാഹത്തിലും കാണും. മരിച്ച കുട്ടികളുടെ വിവാഹം നടത്തുന്നത് അവരുടെ വീട്ടുകാർ തന്നെയാണ്. വരന്റെ മാതാപിതാക്കളാണ് വധുവിന്റെ വീട്ടുകാർക്ക് പുടവ കൈമാറുന്നത്. സാധാരണ വിവാഹങ്ങളിൽ കാണുന്ന പോലെ വീഡിയോയും, ക്യാമറയും, സദ്യയും എല്ലാം ഇതിലും ഉണ്ടാകും. കൂടാതെ, വിവാഹാഘോഷയാത്രകളും ഉണ്ടാകും.  ഒരേയൊരു വ്യത്യാസം യഥാർത്ഥ വധൂ വരന്മാർക്ക് പകരം അവരുടെ പ്രതിമകളായിരിക്കും.  

ആനി അരുൺ എന്ന യൂട്യൂബറാണ് ഈ വിചിത്രമായ വിവാഹത്തിന്റെ വിശദാംശങ്ങൾ ട്വിറ്ററിൽ പങ്കു വച്ചത്. "ഞാൻ ഇന്ന് ഒരു വിവാഹത്തിൽ പങ്കെടുത്തു. എന്തുകൊണ്ടാണ് ഇത് ട്വീറ്റ് ചെയ്യാൻ കാരണമെന്ന് നിങ്ങൾ ചോദിച്ചേക്കാം. കാരണം ഇതിൽ വരൻ മരിച്ചു. വധുവും മരിച്ചു. ഏകദേശം 30 വർഷം മുമ്പ്. എന്നാൽ അവരുടെ വിവാഹം ഇന്നാണ്" ആനി അരുൺ ട്വീറ്റ് ചെയ്തു.  കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും, സംഭവം അത്ര സിമ്പിൾ അല്ല എന്നദ്ദേഹം പറയുന്നു. വരനേക്കാൾ വധുവിന് വയസ്സ് കൂടുതലായതിന്റെ പേരിൽ വരന്റെ കുടുംബം വധുവിനെ നിരസിച്ച ഒരു സംഭവം അടുത്തിടെ ഉണ്ടായി എന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.

മരിച്ചവരുടെ വിവാഹമായത് കൊണ്ട് തന്നെ ആകെ ശോകമൂകമാകും അന്തരീക്ഷം എന്ന് ധരിക്കരുതെന്നും അദ്ദേഹം പറയുന്നു. മറ്റേതൊരു വിവാഹത്തേയും പോലെ അത് സന്തോഷകരമാണ്. എല്ലാവരും തമാശകൾ പറഞ്ഞ് ചിരിച്ച് ഉല്ലസിച്ചാണ് അത് ആഘോഷിക്കുന്നതെന്ന് അരുൺ പറയുന്നു. ഒടുവിൽ വിവാഹശേഷം കുടുംബത്തിലെ എല്ലാവരും വന്ന് നവദമ്പതികളെ ആശീർവദിക്കുന്നു. അതേസമയം, കുട്ടികൾക്കും അവിവാഹിതർക്കും വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ അനുവാദമില്ല. 

Follow Us:
Download App:
  • android
  • ios