കടയിലുണ്ടായിരുന്ന സാധനങ്ങള്‍ എന്തെല്ലാമാണ് എന്ന് ഞാന്‍ കുറിച്ച് വയ്ക്കാറുണ്ട്. ചില ദിവസങ്ങളില്‍ പേയ്മെന്‍റ് ബോക്സ് പരിശോധിക്കുമ്പോള്‍ വച്ചിരിക്കുന്ന സാധനങ്ങളേക്കാള്‍ കൂടുതലാണ് ബോക്സിലുള്ള പണം എന്ന് കാണാം. 

ഇന്ന് നമ്മുടെ നാട്ടിലെ വലിയ സൂപ്പർ മാർക്കറ്റുകൾ മുതൽ ചെറിയ കടകളിൽ വരെ സിസിടിവി ക്യാമറകളുണ്ട് അല്ലേ? പറ്റിക്കുന്നവരും പറ്റിക്കപ്പെടുന്നവരും ധാരാളമായി ഉള്ളത് കൊണ്ടുതന്നെയാണ് ഇത്തരം ക്യാമറകൾ സ്ഥാപിക്കേണ്ടി വരുന്നത്. എന്നാൽ, സിസിടിവി പോയിട്ട് ഒരു കടക്കാരൻ പോലും ഇല്ലാത്ത കടകളുണ്ടാകുമോ? ഉണ്ടാകും എന്നല്ല, ഉണ്ട്. തികച്ചും വിശ്വാസത്തിന്റെ പേരിൽ നടന്നു പോകുന്നവയാണ് ഈ കടകൾ. എവിടെയാണ് എന്നല്ലേ? 

മിസോറാമിലെ സെലിംഗിലെ ഇടുങ്ങിയ മലയോര റോഡുകളിലൂടെ പോകുമ്പോള്‍, ദേശീയപാതയുടെ ഓരത്തായി നിരന്നു നില്‍ക്കുന്ന മുളകൊണ്ടുള്ള കുടിലുകൾ ഒരു സാധാരണ കാഴ്ചയാണ്. ഇത്തരം കുടിലിനകത്ത് പച്ചക്കറികളും, പഴങ്ങളും, ചെറുതും ഉണക്കിയിരിക്കുന്നതുമായ മീനും, കുടിവെള്ളവും എല്ലാം വിൽപനയ്ക്ക് വച്ചിരിക്കുന്നതായി കാണാം. എന്നാല്‍, അവിടെയൊന്നും നിങ്ങള്‍ക്കൊരു കടക്കാരനെ കണ്ടെത്താനാവില്ല. ഉടമകള്‍ ഇല്ലാതെ തുറന്നു വച്ചിരിക്കുന്ന കടകളാണിതെല്ലാം. 

പരമ്പരാഗതമായ ഒരു മിസോ സങ്കല്‍പത്തെ പിന്‍പറ്റിയുള്ളതാണ് ഈ ആളുകളിരിക്കാത്ത കടകളെല്ലാം. അതാണ് 'nghah lou dawr' ഇതിന്‍റെ അര്‍ത്ഥം 'കടക്കാരനിരിക്കാത്ത കടകള്‍' എന്നാണ്. ഗോത്രവര്‍ഗക്കാര്‍ ഈ പ്രദേശം ഭരിക്കുന്ന പഴയകാലം മുതലുണ്ടായിരുന്ന രീതിയാണ് അത്. ഇന്നാണെങ്കില്‍ കൃഷിക്ക് ഒരാളെ ജോലിക്ക് നിര്‍ത്തുക എന്നത് ചെലവുള്ള കാര്യമാണ്. അതുപോലെ തന്നെ വളരെ സാധാരണക്കാരായ, അന്നന്നത്തേത് കഴിയാൻ മാത്രം കിട്ടിപ്പോരുന്ന ഈ കൃഷിക്കാർക്ക് തങ്ങളുടെ കൃഷിയിൽ നിന്നും കിട്ടുന്ന ആദായങ്ങള്‍ വില്‍ക്കാനായി ഒരാളെ നിര്‍ത്തുക എന്നതും ചെലവേറിയ കാര്യം തന്നെയാണ്. അതുകൊണ്ട് ഇന്നും ആളുകളില്ലാത്ത കടകള്‍ തുറന്ന് വയ്ക്കുന്ന രീതി തന്നെ ഇവിടെയുള്ള ചില കര്‍ഷകര്‍ സ്വീകരിച്ചു പോരുന്നു. അതുപോലെ തന്നെ കൊവിഡ് -19 കൂടി വ്യാപിച്ചതോടെ ഈ രീതിക്ക് കൂടുതൽ പ്രാധാന്യമുണ്ടായി.

എല്ലാ ദിവസവും രാവിലെ കൃഷിസ്ഥലത്തേക്ക് പോകുന്നതിന് മുമ്പായി ഈ കടയുടമകൾ പച്ചക്കറികളും പഴങ്ങളും മുളകൊണ്ടുള്ള കുടിലില്‍ നിരത്തുന്നു. ഒരു കടയാക്കി രൂപമാറ്റം നടത്താന്‍ കഴിയുന്നതാണ് ഈ മുളങ്കുടിലുകള്‍. അതിന് പുറത്ത് സാധനങ്ങളുടെ പേരും വിലവിവരങ്ങളും എഴുതിയിരിക്കുന്ന ഒരു ബോര്‍ഡും വച്ചിട്ടുണ്ടാകും. സാധനമെടുത്താല്‍ പണം അതിനടുത്ത് വച്ചിരിക്കുന്ന പേയ്‍മെന്‍റ് ബോക്സില്‍ ഇടാം. ദിവസം മുഴുവനും ഇങ്ങനെ സാധനങ്ങളെടുക്കാനും പണം ബോക്സിലിടാനും കഴിയും. ഇനി അഥവാ ബാക്കി പൈസ വേണം എന്നുണ്ട് എന്ന് കരുതിക്കോ, എന്ത് ചെയ്യും? പണം ഇടുന്ന അതേ ബോക്സില്‍ നിന്നും തന്നെ ബാക്കി പണം നിങ്ങള്‍ക്ക് എടുക്കുകയും ചെയ്യാം. കൊള്ളാം അല്ലേ? അപ്പോഴും ആളുകള്‍ പറ്റിക്കില്ലേ എന്ന ചോദ്യം നമ്മുടെ മനസില്‍ ഉയര്‍ന്നു വരാം. അതേ, തികച്ചും വിശ്വാസത്തിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന കടകളാണ് ഇതെല്ലാം. കാലങ്ങളായി തങ്ങൾ തുടർന്നു പോരുന്ന ഈ സമ്പ്രദായത്തില്‍ ഇവിടെയുള്ള കടക്കാരനും അതുപോലെ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരും എല്ലാം ഒരുപോലെ അഭിമാനിക്കുന്നു. 

'കടയിലുണ്ടായിരുന്ന സാധനങ്ങള്‍ എന്തെല്ലാമാണ് എന്ന് ഞാന്‍ കുറിച്ച് വയ്ക്കാറുണ്ട്. ചില ദിവസങ്ങളില്‍ പേയ്മെന്‍റ് ബോക്സ് പരിശോധിക്കുമ്പോള്‍ വച്ചിരിക്കുന്ന സാധനങ്ങളേക്കാള്‍ കൂടുതലാണ് ബോക്സിലുള്ള പണം എന്ന് കാണാം. ആളുകള്‍ അധികം പണം ഇടുമ്പോഴാണ് അങ്ങനെ വരുന്നത്. നമ്മളോടുള്ള ബഹുമാനം കൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നത്', ഇവിടെയുള്ള ഒരു കടയുടമ പറയുന്നതായി ബെറ്റര്‍ ഇന്ത്യ എഴുതുന്നു. 

അതുപോലെ തന്നെ ഇവിടെ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഈ സംസ്‍കാരത്തെ കുറിച്ച് വളരെ പൊസീറ്റീവ് ആയിട്ടാണ് പറയാനുള്ളത്. 'ഇവിടെ ഇപ്പോഴും ഇങ്ങനെ പ്രവര്‍ത്തിക്കുന്ന കടകള്‍ ഉണ്ട് എന്നത് തികച്ചും അഭിമാനകരമാണ്. നാം അത്തരം കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാറുണ്ട്. ഇത് ഒരു മനോഹരമായ കാര്യമാണ്. അതില്‍ പങ്കാളിയാവുന്നതില്‍ സന്തോഷമാണ്' എന്നാണ് ഇവര്‍ പറയുന്നത്. നമ്മുടെ നാട്ടിലും കൊച്ചു കടകൾ നടത്തുന്നവർക്കും ചെറിയ കൃഷിയുള്ളവർക്കും ഒക്കെ ഈ മാർ​ഗം പരീക്ഷിക്കാവുന്നതാണ് അല്ലേ? എന്നാൽ, ഇത്രമാത്രം വിശ്വാസത്തിൽ കട തുറന്നുവച്ച് പോകുന്നതിന് ധൈര്യമുണ്ടാകുമോ എന്ന് സംശയമാണ്. അതുപോലെ തന്നെ, അങ്ങനെ തുറന്ന കടകളിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കപ്പെടില്ല എന്നും ഉറപ്പ് പറയാനാകണം.