Asianet News MalayalamAsianet News Malayalam

MT Vasudevan Nair Birthday 2022 : പുതുമലയാളത്തിന് വിത്തെറിഞ്ഞ ലിറ്റററി എഡിറ്റര്‍

ലിറ്റററി ജേണലിസം എന്ന വാക്ക് അധികമൊന്നും പ്രചാരത്തിലില്ലാത്ത അറുപതുകളില്‍, മുന്‍ഗാമിയായ എന്‍ വി കൃഷ്ണവാരിയരുടെ വഴിയേ ആ രംഗത്തെത്തിയ എം ടി മലയാളസാഹിത്യത്തില്‍ പിന്നീട് പൊട്ടിമുളച്ച് പന്തലിച്ച അനേകം ഗംഭീരവൃക്ഷങ്ങളുടെ വിത്തെറിഞ്ഞ എഡിറ്ററായിരുന്നു. പിന്നീട് പ്രശസ്തരായ എത്രയോ എഴുത്തുകാരെ അദ്ദേഹം കണ്ടെത്തി, വളര്‍ത്തി. ആളെ നോക്കാതെ സൃഷ്ടി മാത്രം നോക്കി. കുപ്പയിലെ മാണിക്യങ്ങള്‍ സ്വാഭാവികമായും പുറത്തുവന്നു. 

MT Vasudevan Nair Birthday 2022 MT as literary Editor and journalist by KP Rasheed
Author
Thiruvananthapuram, First Published Jul 15, 2022, 4:12 PM IST

സാഹിത്യത്തിന്റെ ഹൈവേകളില്‍നിന്നും വഴിതെറ്റി നടന്ന മനുഷ്യരെയും എളുപ്പം മനസ്സിലാക്കിയിരുന്നു എം ടി. എം.സുകുമാരന്റെ 'തിത്തുണ്ണി' എന്ന കഥ മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുന്നത് എം.ടിയാണ്. അന്ന് എം ടി അയച്ചുകൊടുത്ത അനുമോദനക്കുറിപ്പ് നഷ്ടപ്പെട്ട സങ്കടത്തെക്കുറിച്ച് പിന്നീട് സുകുമാരന്‍ എഴുതിയിട്ടുണ്ട്. മേതിലിനെയും എന്‍ എസ് മാധവനെയുമെല്ലാം തിരിച്ചറിഞ്ഞ എഡിറ്ററായിരുന്നു എം ടി.

 

MT Vasudevan Nair Birthday 2022 MT as literary Editor and journalist by KP Rasheed

 

എഴുപതുകളുടെ മധ്യത്തില്‍, ആദ്യമായൊരു നോവല്‍ എഴുതിപ്പൂര്‍ത്തിയാക്കിയപ്പോള്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള അതിനിട്ട പേര് മീസാന്‍ കല്ലുകള്‍ എന്നായിരുന്നു. പിന്നീടത്, മാതൃഭൂമിയിലേക്ക് അയക്കുമ്പോള്‍, അദ്ദേഹം മറ്റൊരു പേര് അതിനിട്ടു-കാരക്കാടന്‍ കുന്നുകള്‍. എന്നാല്‍, ആ നോവല്‍ മാതൃഭൂമിയില്‍  പ്രസിദ്ധീകരിച്ചു വന്നത് ഇതൊന്നുമല്ലാത്ത മറ്റൊരു പേരുമായാണ്- സ്മാരകശിലകള്‍! 

ആ പേരിട്ടത് അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്ന എം ടി വാസുദേവന്‍ നായരായിരുന്നു. അതൊരു വെറും പേരിടലായിരുന്നില്ല, ആ നോവലിന്റെ വളര്‍ച്ചയ്ക്ക് ആഴത്തിലുള്ള തറക്കല്ലിടല്‍ തന്നെയായിരുന്നു.

പുനത്തിന്റെ ആ നോവല്‍ കാരക്കാടന്‍ കുന്നുകള്‍ എന്ന പേരുമായി പുറത്തുവന്നിരുന്നെങ്കില്‍ എന്താവുമായിരുന്നു എന്നാലോചിച്ചുനോക്കൂ. അപ്പോഴറിയാം, മലയാളത്തിലെ ഏറ്റവും കാമ്പുള്ള ലിറ്ററി ജേണലിസ്റ്റ് എന്ന നിലയിലുള്ള എം ടിയുടെ ഗരിമ. സ്മാരകശിലകള്‍ മാത്രമല്ല, നമ്മളിന്നറിയുന്ന അനേകം നോവലുകളുടെയും ചെറുകഥകളുടെയും കവിതകളുടെയും പേരുകളും എം ടി ഇട്ടതായിരുന്നു. ആ പേരുകളാണ് ആ സാഹിത്യകൃതികളെ മുന്നോട്ടു നടക്കാന്‍ പ്രാപ്തമാക്കിയതെന്ന് ഇന്നു പരിശോധിക്കുമ്പോഴറിയാം.

പേരിടലില്‍ ഒതുങ്ങുന്നില്ല എം ടി എന്ന എഡിറ്ററുടെ മേന്‍മ. ലിറ്റററി ജേണലിസം എന്ന വാക്ക് അധികമൊന്നും പ്രചാരത്തിലില്ലാത്ത അറുപതുകളില്‍, മുന്‍ഗാമിയായ എന്‍ വി കൃഷ്ണവാരിയരുടെ വഴിയേ ആ രംഗത്തെത്തിയ എം ടി മലയാളസാഹിത്യത്തില്‍ പിന്നീട് പൊട്ടിമുളച്ച് പന്തലിച്ച അനേകം ഗംഭീരവൃക്ഷങ്ങളുടെ വിത്തെറിഞ്ഞ എഡിറ്ററായിരുന്നു. പിന്നീട് പ്രശസ്തരായ എത്രയോ എഴുത്തുകാരെ അദ്ദേഹം കണ്ടെത്തി, വളര്‍ത്തി. ആളെ നോക്കാതെ സൃഷ്ടി മാത്രം നോക്കി. കുപ്പയിലെ മാണിക്യങ്ങള്‍ സ്വാഭാവികമായും പുറത്തുവന്നു. പയറ്റിത്തെളിഞ്ഞ എഴുത്തുകാരന് സഹജമായ പരിചയസമ്പത്തും ലോകസാഹിത്യത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങളിലേക്ക് തുറന്നുവെച്ച കണ്ണുകളും അതിന് എംടിയെ സുസജ്ജമാക്കി. അതിനാലാണ്, എം മുകുന്ദന്‍ എം.ടിയെ 'ജീവിതത്തിന്റെ എഡിറ്റര്‍' എന്ന് വിശേഷിപ്പിക്കുന്നത്. ഭാഷയുടെ ശുദ്ധീകരണവും കൃതിയുടെ ദുര്‍മ്മേദസ് നീക്കം ചെയ്യലും മാത്രമല്ല എഡിറ്റിംഗ് ജോലി എന്നുകൂടി തെളിയിച്ച പത്രാധിപരാണ് എം.ടിയെന്നാണ് മുകുന്ദന്‍ എഴുതിയത്.

 

ഉജ്ജയിനി

ഇനി 'ഉജ്ജയിനി'യുടെ കഥ. കാളിദാസന്റെ ജീവിതത്തിന് മലയാള ഭാഷ നല്‍കുന്ന ഉജ്വലമായ അര്‍ച്ചന എന്ന് വിശേഷിപ്പിക്കാവുന്ന ആ ദീര്‍ഘകാവ്യാഖ്യായിക 1992 ഓഗസ്റ്റ് 27-നാണ് ഒഎന്‍വി പൂര്‍ത്തിയാക്കിയത്. ആദ്യ ഉജ്ജയിനി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാണ് പാതിയെഴുതിവെച്ച കാവ്യാഖ്യായിക ഒ എന്‍ വി പൂര്‍ത്തിയാക്കിയത്. തുഞ്ചന്‍ പറമ്പിലെ ഒരു പരിപാടിയിലാണ് ആ കവിത ആദ്യമായി പുറത്തുവരുന്നത്. ഉജ്ജയിനിയിലെ ഒരധ്യായമാണ് ഒ എന്‍ വി അന്ന് ചൊല്ലിയതും. അതു ചൊല്ലിക്കേട്ടതോടെ എം ടി എന്ന ത്രാധിപര്‍ അതിനുപിറകിലായി. അന്നുരാത്രി തന്നെ തിരൂരെ ഒരു ഹോട്ടല്‍മുറിയില്‍വച്ച് ഒഎന്‍വി ഉജ്ജയിനി പൂര്‍ണമായി എംടിക്കു ചൊല്ലിക്കൊടുത്തു. അപ്പോള്‍തന്നെ അതിന്റെ കയ്യെഴുത്തുപ്രതി വാങ്ങിയ എംടി അതിനു പിന്നാലെ, മാതൃഭൂമിയില്‍ ഗംഭീരമായി അത് പ്രസിദ്ധീകരിച്ചു. അവിടെത്തീര്‍ന്നില്ല, ഉജ്ജയിനി ആസ്പദമാക്കിയ ഒരു സിനിമയും എം ടി ആലോചിച്ചു.

കുട്ടികളുടെ എഡിറ്റര്‍

നല്ല എഴുത്തിലേക്ക് കണ്ണും കാതും തുറന്നുവെച്ച ഒരു പത്രാധിപരെയാണ് നാമിവിടെ കണ്ടത്. പേരെടുത്ത എഴുത്തുകാരുടെ കാര്യത്തില്‍ മാത്രമല്ല, ആരുമറിയാത്ത പുതുനാമ്പുകളുടെ കാര്യത്തിലുമുണ്ടായിരുന്നു എം ടി എന്ന എഡിറ്ററുടെ ശ്രദ്ധ. 1978 മെയ് 13-ന് കെ. എ ബീന എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കൂട്ടുകാരി മിഹ്റിന് എഴുതിയൊരു കത്തില്‍ എം ടിയെക്കുറിച്ച് പറയുന്നുണ്ട്. മെയ് 10-ന് തനിക്ക് എം ടി അയച്ച ഒരു കത്തിനെക്കുറിച്ചാണ് ആ കത്ത് ബീന എഴുതിയത്.


പ്രിയപ്പെട്ട ബീനയ്ക്ക്,
കത്തും യാത്രാവിവരണവും കിട്ടി.  യാത്രാവിവരണം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാം.  അതില്‍ ചേര്‍ക്കാന്‍ പറ്റുന്ന എല്ലാ ഫോട്ടോഗ്രാഫുകളും അയയ്ക്കുക.  അവയെല്ലാം പിന്നീട് തിരിച്ച് അയച്ചു തരുന്നതാണ്.  ധാരാളം ഫോട്ടോഗ്രാഫുകളുണ്ടെങ്കിലല്ലേ ലേഖനങ്ങള്‍ അച്ചടിച്ച് വരുമ്പോള്‍ കാണാന്‍ ഭംഗിയുണ്ടാവൂ. അപ്പോള്‍ കൂടുതലാളുകള്‍ വായിക്കുകയും ചെയ്യും.

സ്വന്തം.

എം.ടി.വാസുദേവന്‍നായര്‍

ഇതായിരുന്നു ആ കത്ത്. കൊച്ചുകുട്ടിയായിരുന്ന ബീനയുടെ യാത്രാവിവരണത്തിന്റെ സാഹിത്യപ്രധാന്യം മാത്രമല്ല എം ടി എന്ന എഡിറ്റര്‍ അവിടെ പരിഗണിച്ചത്. ഒരു കൊച്ചുകുട്ടി എഴുതുന്ന യാത്രാവിവരണം എന്ന വാര്‍ത്താ പ്രധാന്യവും ഒപ്പം, അങ്ങനെയൊന്ന് പ്രസിദ്ധീകരിക്കുമ്പോള്‍ ആ കുട്ടിയ്ക്ക് ലഭിച്ചേക്കാവുന്ന അളവറ്റ ഊര്‍ജവും പ്രോല്‍സാഹനവും കൂടിയാണ് എം ടി കണക്കാക്കിയത്. കുട്ടികളുടെ കാര്യം മാത്രമല്ല, ഇത്. സക്കറിയയുടെ ആദ്യകഥ മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എം ടി ആയിരുന്നു എഡിറ്റര്‍. ആ ചെറുപ്പക്കാരനെക്കുറിച്ച് ഒന്നുമറിയാതെയാണ് എംടി അത് തെരഞ്ഞെടുക്കുന്നത്. ഉരുളിക്കുന്നത്തുകാരന്‍ സക്കറിയ പിന്നീട് മലയാളസാഹിത്യത്തില്‍ വിതയ്ക്കാന്‍ പോവുന്ന മിന്നല്‍പ്പിണരുകളെക്കുറിച്ചുള്ള പ്രവചനാത്മകമായ തിരിച്ചറിവായിരിക്കണം എംടിയെ ആ തെരഞ്ഞടുപ്പിന് പ്രേരിപ്പിച്ചത്.

നിശ്ശബ്ദനായ ആശയ പ്രചാരകന്‍

ഇതിന് മറ്റൊരു വശംകൂടിയുണ്ട്. എം ടി അന്നും മലയാളത്തിലെ മുന്‍നിര എഴുത്തുകാരനാണ്. സാഹിത്യത്തിനെക്കുറിച്ചുള്ള സ്വന്തം ധാരണകളാണ് ഓരോ എഴുത്തുകാരനെയും മുന്നോട്ടുനയിക്കുന്നത്. ആ നിലയ്ക്ക്, എം ടി എഴുതുന്നത്, സാഹിത്യം എന്താണ് എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഭാവുകത്വത്തിലും അവബോധങ്ങളില്‍നിന്നും ഉണ്ടാവുന്ന എഴുത്തുകളാണ്. എന്നാല്‍, എഡിറ്റര്‍ എന്ന നിലയില്‍, അദ്ദേഹമൊരിക്കലും താന്‍ പിടിച്ച മുയലുകള്‍ക്കു പിറകെ പോയില്ല.

എംടിയന്‍ എഴുത്തുകളില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു, ആധുനികതയുടെ രുചിയും മണവുമുള്ള അന്നത്തെ ചെറുപ്പക്കാരുടെ എഴുത്തുകള്‍. ആ വ്യത്യസ്തത തിരിച്ചറിയുകയും അതിന്റെ സാധ്യതകളെ ഉള്‍ക്കൊള്ളുകയും ചെയ്താണ്, പുതിയ എഴുത്തുകളെയും എഴുത്തുകാരെയും എംടി സമീപിച്ചത്. എന്നാല്‍, ഒരു പ്രസ്ഥാനത്തിന്റെയും പതാകവാഹകനായി അദ്ദേഹം നിലയുറപ്പിച്ചില്ല. എഡിറ്റര്‍ എന്ന നിലയില്‍ അദ്ദേഹം ആധുനികതയെ മലയാള സാഹിത്യത്തില്‍ അടയാളപ്പെടുത്തിയത് ബോധപൂര്‍വ്വമായ പ്രസ്താവനകളിലൂടെ ആയിരുന്നില്ല, പുതിയ ജീവിതത്തിന്റെ തീയുള്ള എഴുത്തുകളുടെ തെരഞ്ഞെടുപ്പിലൂടെ ആയിരുന്നു.

'ആധാരശില' എന്ന ലേഖനത്തില്‍ സക്കറിയ അതിനെക്കുറിച്ച് എഴുതിയത് ഇതാണ്: 'എം.ടി എന്ന പത്രാധിപര്‍ എല്ലാ കരുത്തന്മാരായ പത്രാധിപരെയും പോലെ നിശബ്ദനായ ആശയപ്രചാരകനായിരുന്നു. അദ്ദേഹം ആധുനികതയെ വിവരിക്കാനോ ന്യായീകരിക്കാനോ തുനിഞ്ഞില്ല. തന്റെ പ്രസിദ്ധീകരണത്തില്‍ പ്രത്യക്ഷപ്പെട്ട കൃതികളിലൂടെയാണ് അദ്ദേഹം ആധുനികതയെ അങ്ങനെയൊരു പേരുവിളിക്കാതെ തന്നെ മലയാളികള്‍ക്ക് അനുഭവവേദ്യമാക്കിയത്.'

സാഹിത്യത്തിന്റെ ഹൈവേകളില്‍നിന്നും വഴിതെറ്റി നടന്ന മനുഷ്യരെയും എളുപ്പം മനസ്സിലാക്കിയിരുന്നു എം ടി. എം.സുകുമാരന്റെ 'തിത്തുണ്ണി' എന്ന കഥ മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുന്നത് എം.ടിയാണ്. അന്ന് എം ടി അയച്ചുകൊടുത്ത അനുമോദനക്കുറിപ്പ് നഷ്ടപ്പെട്ട സങ്കടത്തെക്കുറിച്ച് പിന്നീട് സുകുമാരന്‍ എഴുതിയിട്ടുണ്ട്. മേതിലിനെയും എന്‍ എസ് മാധവനെയുമെല്ലാം തിരിച്ചറിഞ്ഞ എഡിറ്ററായിരുന്നു എം ടി.

എന്നാല്‍, താന്‍ കണ്ടെത്തുകയോ വെളിച്ചത്തിലേക്ക് കൊണ്ടുവരികയോ ചെയ്ത എഴുത്തുകാരുടെ തലതൊട്ടപ്പനായി നിന്ന് വീരസ്യം പറയുന്ന എഡിറ്ററായിരുന്നില്ല ഒരിക്കലും അദ്ദേഹം. പുനത്തില്‍ കുഞ്ഞബ്ദുള്ള അതിനെക്കുറിച്ച് എഴുതിയത് കാണുക: ''എഴുത്തുകാരെക്കൊണ്ടും വായനക്കാരെക്കൊണ്ടും നിലനില്‍ക്കുന്ന ആളാണ് പത്രാധിപര്‍ എന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് വ്യത്യസ്തമായ ഉള്ളടക്കമുള്ള രചനകള്‍ വരുമ്പോള്‍ എം.ടി. അതിയായി ആഹ്ലാദിക്കും. നല്ലൊരു സംഭവം വരുന്നുണ്ട്, എം.ടി. ചിലപ്പോള്‍ പറയും. വായനക്കാര്‍ക്കും സന്തോഷമാകും. എം.ടി.യുടെ വലിയൊരു പ്രത്യേകതയായി എനിക്ക് തോന്നിയത്, പത്രാധിപര്‍ എന്ന നിലയിലുള്ള അവകാശവാദങ്ങള്‍ അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. ഞാന്‍ അയാളെ കൊണ്ടുവന്നു, ഇയാളെ കൊണ്ടുവന്നു. അങ്ങനെ രഹസ്യമായിപ്പോലും പറയുന്ന ആളല്ല എം.ടി.''

എംടി പലപ്പോഴായി പറഞ്ഞിരുന്നൊരു എഡിറ്റര്‍ കഥയുണ്ട്. തന്റെ മുന്നിലെത്തുന്ന കൈയെഴുത്തുപ്രതികളില്‍നിന്നും ശില്‍പ്പിയെപ്പോലെ അനേകം ശില്‍പ്പങ്ങള്‍ കൊത്തിയുണ്ടാക്കാന്‍ കഴിവുള്ള ഒരാളായിരുന്നു എംടിയുടെ മനസ്സിലെ ആ എഡിറ്റര്‍. അദ്ദേഹത്തിന്റെ അടുത്ത് ഒരിക്കല്‍ ഒരു എഴുത്തുകാരന്‍ വന്നു. മാനുസ്‌ക്രിപ്റ്റ് നല്‍കി. എഡിറ്ററുടെ കത്രികപ്പഴുത് നൂണ്ടു വന്നപ്പോള്‍ ആ നോവല്‍ രണ്ട് നോവല്ലകളും മൂന്ന് കഥകളും ആയി മാറിയത്രെ. എഴുത്തുകാരന്‍ കാണാത്തത് കാണിച്ചുകൊടുക്കാനുള്ള കണ്ണുകളാണ് ഒരു എഡിറ്റര്‍ക്ക് ഉണ്ടാവേണ്ടത് എന്നാണ് എംടി ആ കഥയിലൂടെ പലവട്ടം പറഞ്ഞത്.

Follow Us:
Download App:
  • android
  • ios