Asianet News MalayalamAsianet News Malayalam

നമ്മെ തളിര്‍പ്പിച്ച ആ പ്രണയഗാനങ്ങള്‍ക്കു പിന്നില്‍ ഒരു മനുഷ്യന്റെ മുറിവുകളായിരുന്നു!

അനേകം തലമുറകളില്‍ കാല്‍പ്പനികതയുടെ വസന്തം വിരിയിച്ച പ്രണയഗാനങ്ങളുടെ ചോരയും നീരുമായി നിന്ന ചില പ്രതിഭകള്‍ അനുഭവിച്ച പ്രണയമുറിവുകളെക്കുറിച്ചാണ് വിനോദ് കുമാര്‍ തള്ളശ്ശേരി എഴുതുന്ന ഈ പരമ്പര. ആദ്യം സാഹിര്‍ ലുധിയാന്‍വിയുടെ പ്രണയമുറിവുകള്‍. നാളെ ഒ പി നയ്യാറുടെ പ്രണയവും ജീവിതവും.
 

Music love and wounds tale of Sahir Ludhianvi
Author
First Published Nov 18, 2022, 6:29 PM IST

സ്വയം ഒരു പ്രണയിയായിട്ടും ജീവിതാവസാനം വരെ ഏകനായിരിക്കാനായിരുന്നു, സാഹിറിന്റെ നിയോഗം. സ്വന്തം രാവുകളില്‍ പരിമളം പരത്തിയ പൂക്കളൊക്കെ മറ്റാരുടെയോ ആരാമത്തിലാണ് വിരിഞ്ഞുനിന്നത്. ഒടുവില്‍ ഏകാന്തനായി തന്നെ സാഹിര്‍ ഈ ലോകം വിട്ടുപോയി.

 

Music love and wounds tale of Sahir Ludhianvi

 

മായക്കാഴ്ചകളുടെ കലയാണ് സിനിമ. ഇല്ലാത്തതെന്തോ അത് നമ്മളെ കാണിക്കുന്നു. അതാണ് സത്യമെന്ന് കാണികളെ വിശ്വസിപ്പിക്കുന്നു. ഏറ്റവും നന്നായി ഇല്ലാത്തതൊന്നിനെ ഉണ്ടെന്ന് വിശ്വസിപ്പിക്കുന്നവന്‍ നല്ല സിനിമക്കാരന്‍ ആവുന്നു. യഥാതഥമായ ആഖ്യാന രീതി പിന്തുടര്‍ന്നിട്ടുള്ള സിനിമയുടെ കാര്യത്തില്‍ പോലും സ്ഥിതി വ്യത്യസ്തമല്ല.  

മായക്കാഴ്ചകളുടെ പിന്നാലെ കാണികളെ നടത്തിക്കുന്ന സിനിമയ്ക്കുള്ളിലുള്ളവരും പലതരം മായ കാഴ്ചകള്‍ക്ക് പിറകെ പോയി സ്വയം നഷ്ടപ്പെട്ടിട്ടുണ്ട്. ചിലര്‍ സ്വയം നഷ്ടപ്പെട്ടപ്പോള്‍ ചിലര്‍ മറ്റുള്ളവര്‍ക്കുകൂടി നഷ്ടങ്ങളുണ്ടാക്കി കടന്നുപോയി. ഹിന്ദി സിനിമാ പിന്നണി രംഗത്തുണ്ടായിരുന്ന അത്തരം ചില നഷ്ടങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.  

ഹിന്ദി സിനിമയിലെ ഏക്കാലത്തേയും മികച്ച കവിയായിരുന്നു, സാഹിര്‍ ലുധിയാന്‍വി. ശരിയായ പേര് അബ്ദുള്‍ ഹയി. ഒരേസമയം പ്രണയിയും വിപ്ലവകാരിയും. മികച്ച പ്രണയ ഗാനങ്ങളെന്ന പോലെ തന്നെ മികച്ച വിപ്ലവഗാനങ്ങളും അദ്ദേഹം നമുക്ക് തന്നു.

''നീ ഹിന്ദുവാകേണ്ട മുസല്‍മാനുമാകേണ്ട
മനുഷ്യപുത്രനാണ് നീ മനുഷ്യനാവുക
ഈശ്വരന്‍ മനുഷ്യരെ മനുഷ്യരായ് പടച്ചു
നാമവരെ ഹിന്ദുവും മുസല്‍മാനുമായി തിരിച്ചു
പ്രകൃതി നമുക്കേകിയതൊരേയൊരു ഭൂമി
നാമതിനെ ഇന്ത്യയും ഇറാനുമായി പകുത്തു''

1959-ല്‍ പുറത്തുവന്ന 'ധൂല്‍ കാ ഫൂല്‍' എന്ന സിനിമയില്‍ സാഹിര്‍ എഴുതിയ വരികളാണിത്. ഇതിനുശേഷം ഏകദേശം പതിനഞ്ച് വര്‍ഷം കഴിഞ്ഞാണ് വയലാര്‍ 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു/മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു/മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി/മണ്ണ് പങ്കുവെച്ചു/മനസ്സു പങ്കുവെച്ചു' എന്നെഴുതിയത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സാഹിര്‍ കവിതയെഴുതിത്തുടങ്ങിയിരുന്നു.
 
''അന്നേരം അരുണാധരങ്ങളിലെ മന്ദസ്മിതം പോലെ
രാത്രിയുടെ വിള്ളലിലൂടെ പ്രഭാതം പൊട്ടിവിടരും''

ആദ്യ പ്രണയം 

ഈ വരികള്‍ സാഹിര്‍ എഴുതിയത് സ്‌കൂള്‍ മാഗസിനിലായിരുന്നു. ഒരേ സമയം പ്രണയിയും സ്വാതന്ത്ര്യദാഹിയും ആയിരുന്നു, അദ്ദേഹം എന്ന് ഈ വരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ലുധിയാനയിലെ കോളേജില്‍ പഠിക്കുമ്പോഴാണ് സാഹിറിന്റെ ആദ്യത്തെ ശക്തമായ പ്രണയം. (അതിനുമുമ്പ് തന്നെ മഹീന്ദര്‍ ചൗധരി എന്ന സഹപാഠിയുമായി ഹ്രസ്വമായ ഒരു ബന്ധം ഉണ്ടായിരുന്നു. പക്ഷേ അവള്‍ ക്ഷയരോഗം വന്ന് മരിച്ചു പോവുകയായിരുന്നു.) അപ്പോള്‍ തന്നെ കവിയും പ്രഭാഷകനും പത്രപ്രവര്‍ത്തകനും ഇതിനൊക്കെയപ്പുറം കമ്യൂണിസ്റ്റും ഒക്കെ ആയി പ്രശസ്തനായിരുന്നു, സാഹിര്‍. 

ഈശ്വര്‍ കൗര്‍ എന്ന പഞ്ചാബി കുടുംബത്തിലെ കുട്ടി സാഹിറിന്റെ പ്രഭാവത്തില്‍ അദ്ദേഹവുമായി പ്രണയത്തില്‍ വീഴുകയായിരുന്നു. ജന്മി കുടുംബത്തില്‍ പിറന്നവനെങ്കിലും പിതാവുമായി പിരിഞ്ഞ്, മാതാവിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന സാഹിര്‍ പരമദരിദ്രനായിരുന്നു. ഈശ്വര്‍ കൗറിന്റെ കുടുംബത്തിന്റെ വിലക്കുകള്‍ മറികടന്ന് അവളെ കാണാന്‍ രാത്രിയില്‍ ഹോസ്റ്റല്‍ മതില്‍ ചാടി കടന്ന സാഹിറിനെ കോളേജില്‍ നിന്ന് പുറത്താക്കുന്നു. ഒപ്പം പുറത്താക്കപ്പെട്ട ഈശ്വര്‍ വീട്ടുതടങ്കലിലാവുന്നു. ഒടുവില്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ സാഹിറിനും അമ്മയ്ക്കും ലുധിയാന വിടേണ്ടിയും വന്നു.  

 

Music love and wounds tale of Sahir Ludhianvi

അമൃതാ പ്രീതം
 

അമൃത

സാഹിറിന്റെ അടുത്ത പ്രണയം പ്രശസ്ത കവിയും കഥാകാരിയുമായിരുന്ന അമൃതാ പ്രീതവുമായിട്ടായിരുന്നു. കോളേജില്‍ ഒരുമിച്ച് പഠിക്കുമ്പോള്‍ തന്നെ അവര്‍ പരിചിതരായിരുന്നു, പ്രേമത്തോളം വളര്‍ന്ന പരിചയം. പക്ഷേ കോളേജ് വിട്ടതിനുശേഷം അവര്‍ നീണ്ട അഞ്ച് വര്‍ഷത്തിനുശേഷമാണ് കണ്ടുമുട്ടുന്നത്. അപ്പോഴേയ്ക്കും അമൃതയും കവി ആയി അംഗീകരിക്കപ്പെട്ടിരുന്നു. സാഹിറിന്റെ പ്രഭാവത്തില്‍ അനുരക്തയാവുകയായിരുന്നു, അവരും. 

സാഹിറുമായി അവര്‍ക്ക് ഭ്രാന്തമായ പ്രണയമായിരുന്നെന്നും സ്ഥിരം പുകവലിക്കുമായിരുന്ന സാഹിര്‍ വലിച്ച സിഗററ്റ് കുറ്റികളെടുത്ത് വലിക്കുമായിരുന്നു, അമൃതയെന്നും കെ.പി.എ. സമദ് എഴുതിയ സാഹിറിന്റെ ജീവചരിത്രമായ 'അക്ഷരങ്ങളുടെ ആഭിചാരകന്‍' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. അതുപോലെ,  അമൃത കുടിച്ചുവെച്ചുപോയ ചായക്കപ്പ് സാഹിര്‍ ഒന്ന് കഴുകുക പോലും ചെയ്യാതെ സൂക്ഷിച്ചിരുന്നു എന്ന് നീരജ് പാണ്ഡേ തന്റെ യൂട്യൂബ് പരിപാടിയില്‍ പറയുന്നുണ്ട്. പക്ഷേ, തനിക്ക് വേണ്ടി സ്വന്തം ജീവിതം തന്നെ ത്യജിച്ച അമ്മയ്ക്ക് അനിഷ്ടമുണ്ടാക്കുന്ന ഒന്നും ചെയ്യാന്‍ സാഹിര്‍ ഒരുക്കമായിരുന്നില്ല. അതിനാല്‍ ഉള്ളില്‍ നിറഞ്ഞ പ്രണയമുണ്ടായിട്ടും അവര്‍ക്ക് ഒരുമിക്കാനായില്ല.

 

Music love and wounds tale of Sahir Ludhianvi

സുധാ മല്‍ഹോത്ര

സുധാ മല്‍ഹോത്ര

സാഹിറിന്റെ അടുത്ത പ്രണയം സംഭവിച്ചു എന്ന് പറയപ്പെടുന്നത് ഗായിക സുധാ മല്‍ഹോത്രയുമായാണ്. അവര്‍ക്ക് സാഹിറുമായിട്ട് പതിനേഴ് വയസ്സ് ഇളപ്പമായിരുന്നു. നല്ല ഹിന്ദുസ്ഥാനി ഗായികയായിരുന്നു സുധാ മല്‍ഹോത്ര. 'ദീദി' എന്ന സിനിമയിലെ ഒരു പാട്ട് ഈണം നല്‍കി ആലപിച്ചത് അവരായിരുന്നു. സിനിമയിലെ മറ്റ് പാട്ടുകള്‍ ദത്താ നായക് ചെയ്തപ്പോള്‍ ഈ പാട്ട് മാത്രം അവര്‍ സ്വയം ഈണമിട്ട് പാടുകയായിരുന്നു. ആ പാട്ടിന്റെ വരികളുടെ പ്രത്യേകതയും അത് സ്വയം ഈണമിട്ട് പാടുവാന്‍ അവര്‍ തയ്യാറായതുമൊക്കെ അവര്‍ തമ്മില്‍ നിലനിന്നിരുന്ന അടുപ്പം കാരണമാണെന്നായിരുന്നു അക്കാലത്തെ ചര്‍ച്ചാവിഷയം.  

സിനിമയിലെ നായകന്‍ വിപ്ലവകാരിയാണ്. പ്രണയത്തേക്കാള്‍ തന്റെ വിപ്ലവപ്രവര്‍ത്തനത്തിന് പ്രാധാന്യം കൊടുക്കുന്ന അയാള്‍ കാമുകിയുമായി വിടപറയുമ്പോള്‍ അവര്‍ തമ്മിലുള്ള സംഭാഷണം പോലെയാണ് ആ പാട്ട്. പുരുഷശബ്ദം കൊടുത്തത് മുകേഷ്.

കാമുകി:

തും മുഝേ ഭൂല്‍ ഭി ജാവോ തൊ യെ ഹക് ഹേ തുംകോ
മേരി ബാത് ഔര്‍ ഹെ മൈനെ തൊ മൊഹബ്ബത് കീ ഹൈ

നിനക്കെന്നെ മറക്കാം, നിനക്കതിനവകാശമുണ്ട്
എന്റെ കാര്യം മറിച്ചാണ്, ഞാന്‍ പ്രണയിച്ചവളാണ്

കാമുകന്‍:

സിന്ദഗീ സിര്‍ഫ് മൊഹബ്ബത് നഹീ കുച് ഔര്‍ ഭി ഹൈ
സുല്ഫ് ഒ രുഖ്‌സാര്‍ കി ജന്നത് നഹീ, കുഛ് ഔര്‍ ഭി ഹൈ
ഭൂഖ് ഔര്‍ പ്യാസ് സെ മാരി ഹുയീ ഇസ് ദുനിയാ മൈ
ഇശ്ക് ഹീ എക് ഹകീകത് നഹീ കുഛ് ഔര്‍ ഭി ഹൈ
തും അഗര്‍ ആങ്ഖ് ചുരാവോ തൊ യെ ഹക് ഹേ തുംകോ
മൈ നേ തും സെ ഹീ നഹി, സബ്‌സെ മൊഹബ്ബത് കീ ഹൈ

ജീവിതം പ്രണയം മാത്രമല്ല, മറ്റുചിലതു കൂടിയാണ്
അളകവദനങ്ങളുടെ പറുദീസ മാത്രമല്ല, മറ്റുചിലതു കൂടിയാണ്
വിശപ്പും ദാഹവും കൊണ്ട് മനുഷ്യര്‍ മരിച്ചുവീഴുന്ന ഈ മണ്ണില്‍
പ്രണയം മാത്രമല്ല യാഥാര്‍ത്ഥ്യം, മറ്റുചിലതുകൂടിയാണ്
നീ മുഖം തിരിക്കുന്നുവെങ്കില്‍ നിനക്കതിനവകാശമുണ്ട്
ഞാന്‍ നിന്നെ മാത്രമല്ല, സര്‍വ്വരേയും സ്‌നേഹിക്കുന്നു.

 

 

ഈ വരികളില്‍ സാഹിറിന്റെ ഉള്ളിലെ പ്രണയിയാണോ അതോ വിപ്ലവകാരിയാണോ മുന്നിലെന്ന് പറയാന്‍ പ്രയാസം. പ്രേമം ഒരാളില്‍ ഒതുക്കിനിര്‍ത്താന്‍ കഴിയാതെ ലോകത്തിന് മുഴുവന്‍ പകര്‍ന്ന് നല്‍കാന്‍ തയ്യാറാവുന്നവനാണല്ലോ യഥാര്‍ത്ഥ വിപ്ലവകാരി.

വര്‍ഷങ്ങള്‍ക്കുശേഷം ഒരു വിരുന്നില്‍ വെച്ച് സാഹിര്‍ സുധയെ കണ്ടുമുട്ടുന്നു. സ്വന്തം നിയന്ത്രണം നഷ്ടപ്പെട്ട സാഹിര്‍ അമിതമായി മദ്യപിച്ച് ബഹളം വെയ്ക്കുന്നു. സുഹൃത്തായ ബി. ആര്‍. ചോപ്ര സാഹിറിനെ ഒരു വിധത്തില്‍ സമാധാനിപ്പിച്ച് ഉറങ്ങാന്‍ വിടുന്നു. പിറ്റേന്ന് കാലത്ത് സാഹിറിന്റെ മുറിയിലെത്തിയ ചോപ്ര കാണുന്നത് കട്ടിലിനരികില്‍ ഒരു കടലാസ് തുണ്ട്. അതില്‍ ഒരു കവിതയായിരുന്നു. വിഷയം പ്രണയനഷ്ടം.

 

 

ആ കവിതയാണ് ഈ പാട്ടായി 'ഗംറാഹ്' എന്ന സിനിമയില്‍ വന്നത്.

ചലോ എക് ബാര്‍ ഫിര്‍ സേ
അജ്‌നബി ബന്‍ ജായെ ഹം ദോനോം

വരൂ ഒരിക്കല്‍ കൂടി
നമുക്ക് അപരിചിതരായി തീരാം

അനുഭാവമൊന്നും നിന്നില്‍ നിന്ന്
ഞാന്‍ പ്രതീക്ഷിക്കുന്നില്ല
മറിച്ചൊരു രീതിയില്‍
എന്നെ നീ നോക്കേണ്ടതുമില്ല

ഹൃദയത്തുടിപ്പുകള്‍ വാക്കുകളില്‍
ഇടറാതെ ഞാന്‍ നോക്കാം
മനസ്സിലെ വടം വലി
കണ്ണില്‍ വെളിപ്പെടാതെ നീ നോക്കുക

വരൂ ഒരിക്കല്‍ കൂടി
നമുക്ക് അപരിചിതരായി തീരാം

നിന്നേയും എന്തോ സംഭ്രമം തടയുന്നുണ്ട്
മുന്നോട്ട് വരുന്നതില്‍ നിന്ന്
എന്നോടും ആളുകള്‍ പറയുന്നു
ഈ രൂപം എന്റേതല്ലെന്ന്

എനിക്ക് കൂട്ട് എന്നും പോലെ
ഇന്നലെയുടെ അവമതിയാണ്
നിന്നോടൊപ്പം കഴിഞ്ഞകാല
രാവുകളുടെ നിഴലുകളാണ്

വരൂ ഒരിക്കല്‍ കൂടി
നമുക്ക് അപരിചിതരായി തീരാം

അടുപ്പം രോഗമാകുമ്പോള്‍
അത് മറക്കുന്നതാണ് നല്ലത്
ബന്ധം ഭാരമാകുമ്പോള്‍
അവസാനിപ്പിക്കുന്നതാണ് ഭേദം

പരിസമാപ്തിയിലെത്തിക്കാന്‍
പ്രയാസമായ കഥയ്ക്ക്
മധുരമായ വഴിത്തിരിവ് നല്‍കി
ഉപേക്ഷിക്കുന്നതാണ് നല്ലത്

വരൂ ഒരിക്കല്‍ കൂടി
നമുക്ക് അപരിചിതരായി തീരാം

തന്റെ പ്രണയത്തിന്റെ അവശ്യമായ പരിണതി തന്നെയാണ് വരികളിലുള്ളതെന്ന് കാണാന്‍ കഴിയും. പാട്ടിന്റെ അവസാന ചരണം പ്രണയത്തിന്റെ അനിവാര്യമായ നഷ്ടവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന കവിയെ വരച്ചിടുന്നു. എന്നാല്‍ നീരജ് പാണ്ഡേ തന്റെ യൂട്യൂബ് പരിപാടിയില്‍ പറയുന്നത് ഈ കവിതയിലേയും നായിക അമൃതാ പ്രീതം തന്നെ ആണെന്നാണ്.

 

Music love and wounds tale of Sahir Ludhianvi

അമൃതാ പ്രീതവും സാഹിര്‍ ലുധിയാന്‍വിയും
 

നിറം പിടിപ്പിച്ച കഥകള്‍

കെ. പി. എ സമദ് എഴുതിയ സാഹിറിന്റെ ജീവചരിത്രം പറയുന്നത് ഏറെക്കുറെ ഇതിന് സമാനമായ കാര്യങ്ങളാണ്. സുധാ മല്‍ഹോത്രയുമായി സാഹിറിന് ഉണ്ടായിരുന്നു എന്ന് പറയപ്പെട്ട ബന്ധം സത്യത്തെക്കാളേറെ സിനിമാ പ്രസിദ്ധീകരണങ്ങളിലെ കെട്ടുകഥകളായിരുന്നു എന്നാണ്. ബ്ലിറ്റ്‌സ് അടക്കമുള്ള അക്കാലത്തെ പ്രസിദ്ധീകരണങ്ങള്‍ ഇത്തരം നിറം പിടിപ്പിച്ച കഥകള്‍ യാഥാര്‍ത്ഥ്യമെന്നോണം പ്രസിദ്ധീകരിച്ചു. സാഹിറിനെ കാണാന്‍ ബോംബേയിലേക്ക് പുറപ്പെട്ട അമൃത ഒരവസരത്തില്‍ ഇത്തരം ഒരു വാര്‍ത്ത വായിച്ച് തിരിച്ചുപോയതായും സമദ് തന്റെ പുസ്തകത്തില്‍ പറയുന്നു.

സാഹിറിന്റെ പ്രണയങ്ങളെ പറ്റി ലാഹോര്‍ ജീവിതകാലത്തെ സുഹൃത്തും പാകിസ്താനി കവിയും ഗാനരചയിതാവുമൊക്കെ ആയിരുന്ന അഹമദ് രാഹി പറഞ്ഞ കാര്യം പുസ്തകത്തിലുണ്ട്. അത് ഇങ്ങനെയാണ്, 'സാഹിര്‍ ജീവിതത്തില്‍ ഒരാളെ മാത്രമേ സ്‌നേഹിച്ചിരുന്നുള്ളു, തന്റെ മാതാവിനെ. പറയപ്പെടുന്ന പ്രണയങ്ങളെല്ലാം അമ്മയോടുള്ള സ്‌നേഹം നിറഞ്ഞൊഴുകുന്ന മനസ്സിന്റെ ചില കോണുകളിലെ ശൂന്യത നികത്താനുള്ള ശ്രമങ്ങള്‍ മാത്രമായിരുന്നു.'    

ഒരു കവിതയില്‍ സാഹിര്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്.

'തു കിസി ഔര്‍ കി ദാമന്‍ കി കലി ഹൈ ലേകിന്‍
മേരി രാതേംതേരി ഖുശ്ബു സെ ബസി രഹ്തി ഹൈ'

(ഇന്ന് നീ മറ്റൊരുവന്റെ ആരാമത്തിലെ മലരാണെങ്കിലും
എന്റെ രാവുകളില്‍ ഇന്നും നിന്റെ പരിമളം പരന്നൊഴുകുന്നു)

സ്വയം ഒരു പ്രണയിയായിട്ടും ജീവിതാവസാനം വരെ ഏകനായിരിക്കാനായിരുന്നു, സാഹിറിന്റെ നിയോഗം. സ്വന്തം രാവുകളില്‍ പരിമളം പരത്തിയ പൂക്കളൊക്കെ മറ്റാരുടെയോ ആരാമത്തിലാണ് വിരിഞ്ഞുനിന്നത്. ഒടുവില്‍ ഏകാന്തനായി തന്നെ സാഹിര്‍ ഈ ലോകം വിട്ടുപോയി.

 

(പാട്ടുകളുടേയും കവിതകളുടേയും പരിഭാഷയ്ക്ക് കെ. പി. എ. സമദിനോട് കടപ്പാട്.)

 

നാളെ ഒ പി നയ്യാരുടെ  പ്രണയവും ജീവിതവും.

Follow Us:
Download App:
  • android
  • ios